ജീവിതത്തിന്റെ അവസാന നിമിഷം വരെ ദൈവകരുണ നമ്മടൊപ്പമുണ്ട്: ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: മറ്റുള്ളവരെ വിധിക്കുകയോ നിന്ദിക്കുകയോ ചെയ്യാതെ അവരോട് ക്ഷമിച്ചു കൊണ്ട് സ്വര്‍ഗസ്ഥനായ പിതാവിന്റെ കരുണയെ അനുകരിക്കാന്‍ ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തു. കാസാ സാന്താ മാര്‍ത്താ ദേവാലയത്തിലെ ദിവ്യബലി മധ്യേ സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്.
‘ദൈവകാരുണ്യം മഹത്തായ കാര്യമാണ്. വളരെ വലിയ കാര്യമാണ്. അത് ഒരിക്കലും നാം വിസ്മരിക്കരുത്. ചില മനുഷ്യര്‍ പറയാറുണ്ട്: ഞാന്‍ വളരെ മോശം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഞാന്‍ നരകത്തില്‍ സ്ഥലം വാങ്ങിയവനാണ്. എനിക്ക് ഇനി പിന്‍തിരിയാനാവില്ല. അവര്‍ അങ്ങനെ പറയുന്നത് അവര്‍ക്ക് ദൈവകാരുണ്യത്തെ കുറിച്ച് അറിവില്ലാത്തതു കൊണ്ടാണ്.’
തുടര്‍ന്ന് വി. ജോണ്‍ മേരി വിയാനിയുടെ ജീവിതത്തിലെ സംഭവം അദ്ദേഹം പറഞ്ഞു. ഒരിക്കല്‍ ഒരു വിധവ അദ്ദേഹത്തിന്റെ അടുക്കല്‍ കുമ്പസാരിക്കാന്‍ വേണ്ടി പോയി. നദയില്‍ ചാടി ആത്മഹത്യ ചെയ്ത ആളാണ് അവരുടെ ഭര്‍ത്താവ്. അദ്ദേഹം മാരകപാപം ചെയ്തു നരകത്തില്‍ പോയിട്ടുണ്ടാകും എന്നു പറഞ്ഞ് വിധവ വിലപിച്ചു. എന്നാല്‍ വിയാനി പറഞ്ഞ മറുപടി ഇതായിരുന്നു, മകളേ, പാലത്തിനും നദിക്കും ഇടയില്‍ ദൈവത്തിന്റെ കാരുണ്യമുണ്ട്!
അതേ, അവസാനം വരെ ദൈവകാരുണ്യം നമ്മുടെ കൂടെയുണ്ട്. അവസാന നിമിഷം വരെ! അത് ഓര്‍മിക്കണം, പാപ്പാ പറഞ്ഞു.