കുറവുകളുണ്ടെങ്കിലും സഭയെ പരിശുദ്ധാത്മാവ് ഒന്നിപ്പിക്കുന്നു: ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: സഭയ്ക്ക് പരിമിതികളും പാപങ്ങളും വിവാദങ്ങളും എല്ലാമുണ്ട്. എങ്കിലും പരിശുദ്ധാത്മാവ് സഭയെ ഒന്നിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യുന്നു എന്ന് ഫ്രാന്‍സിസ് പാപ്പാ. വത്തിക്കാന്‍ സ്‌ക്വയറില്‍ സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്.
പരിശുദ്ധാത്മാവ് ഐക്യത്തിന്റെ സ്രഷ്ടാവാണ്. അനുരഞ്ജനത്തിന്റെ ശില്പിയാണ്. വിശ്വാസികളുടെ സമൂഹത്തെ ഒരു ശരീരത്തിന്റെ വിവിധ അവയവങ്ങള്‍ പോലെ പരിശുദ്ധാത്മാവ് ഒന്നിപ്പിക്കുന്നു, മനുഷ്യസഹജമായ സഭയുടെ കുറവുകള്‍ക്കും പാപങ്ങള്‍ക്കും വിവാദങ്ങള്‍ക്കും അപ്പുറം ആത്മാവ് സഭയെ വളര്‍ത്തുന്നു, പാപ്പാ പറഞ്ഞു.
പെന്തക്കുസ്താ ദിവസത്തെ പരിശുദ്ധാത്മാവിന്റെ ആഗമനം വിവരിക്കുന്ന അപ്പോസ്തല പ്രവര്‍ത്തനഭാഗമാണ് പാപ്പാ വിചിന്തനത്തിനായി തെരഞ്ഞെടുത്തത്.
പെന്തക്കുസ്താ ദിനത്തില്‍ സഭ നിര്‍മിക്കപ്പെട്ട പാറയായ പത്രോസാണ് സംസാരിക്കുന്നത്. യേശുവിനെ നിഷേധിക്കുക പോലും ചെയ്ത ദുര്‍ബലനായ പത്രോസിന്റെ വാക്കുകള്‍ പരിശുദ്ധാത്മാവ് വന്ന് നിറഞ്ഞപ്പോള്‍ അഗ്നി ചിതറുന്നതായി മാറി. ശക്തി ധരിക്കുകയും മാനസാന്തരങ്ങള്‍ ഉളവാക്കും വിധം ഫലദായകമാകുകയും ചെയ്തു, പാപ്പാ വിശദീകരിച്ചു.
ലോകത്തിന്റെ കാഴ്ചപ്പാടില്‍ ദുര്‍ബലരായവരെയാണ് ദൈവം തെരഞ്ഞെടുക്കുന്നത്. അത് ശക്തരെ ലജ്ജിപ്പിക്കുന്നതിന് വേണ്ടിയാണ്. തിരു സഭ തീയില്‍ നിന്ന് ജനിച്ചതാണ്. പെന്തക്കുസ്താ ദിനത്തില്‍ ആ തീ ജ്വലിച്ചു. ഉത്ഥിതനായ ക്രിസ്തുവിനെ ലോകത്തിന് മുഴുവന്‍ വെളിപ്പെടുത്തി, പാപ്പാ പറഞ്ഞു.