ലാഭക്കൊതി ഉപേക്ഷിച്ച് ഒന്നാകുക : മാർപാപ്പ

വത്തിക്കാൻ സിറ്റി: ലോകത്തിനു ലാഭക്കൊതി മാത്രമാണുള്ളതെന്നു ഫ്രാൻസിസ് മാർപാപ്പ. ലോകത്തിന് ഐക്യം നഷ്ടപ്പെട്ടുവെന്നും സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പുതുവത്സര ദിവ്യബലി മധ്യേ നൽകിയ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. ഭിന്നതയും വിദ്വേഷവും നിറഞ്ഞ ലോകത്തിന്റെ ദുസ്ഥിതി നീക്കാൻ അമ്മമാരുടെ സ്നേഹത്തിനു മാത്രമേ കഴിയൂ. ഇത്രയധികം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന ലോകത്തിൽ അതിനേക്കാൾ വലിയ അകൽച്ച നിലനിൽക്കുന്നു. എത്ര വലിയ ഏകാന്തതയാണു മനുഷ്യൻ അനുഭവിക്കുന്നത്. അമ്മയുടെ കണ്ണുകളോടെ ഭാവിയിലേക്കു നോക്കുന്ന ഒരു ലോകമാണു നമുക്കു വേണ്ടത്. അല്ലാത്ത ലോകം ലാഭം മാത്രം മാത്രമായിരിക്കും പരിഗണിക്കുക. മറ്റുള്ളവരെ സ്വന്തം കുഞ്ഞുങ്ങളായി കാണാൻ ആ ലോകത്തിനു കഴിയില്ല. ആ ലോകം പണമുണ്ടാക്കും. പക്ഷേ എല്ലാവർക്കും വേണ്ടിയല്ല. വൈജാത്യത്തേക്കാൾ പ്രധാനം ഐക്യമാണ്. വിശ്വാസത്തിലുള്ള വിസ്മയം സഭാമക്കൾക്കു നഷ്ടപ്പെട്ടാൽ, സഭ ഭൂതകാലത്തെ സുന്ദര കാഴ്ചബംഗ്ലാവു മാത്രമായി മാറും. ജീവിത പ്രശ്നങ്ങളിൽ കുരുങ്ങിക്കിടക്കുന്പോൾ ദൈവമാതാവിന്റെ സഹായം തേടണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.