കുട്ടികളുടെ മുന്നിൽ രക്ഷിതാക്കൾ വഴക്കടിക്കരുത്: ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: മാതാപിതാക്കൾ വഴക്കുകൂടുന്നത് മനസിലാക്കാനാവുന്ന കാര്യമാണെങ്കിലും കുട്ടികൾക്കു മുന്നിൽവച്ചു പാടില്ലെന്ന് ഫ്രാൻസിസ് മാർപാപ്പ. സിസ്റ്റൈൻ ചാപ്പലിൽ 27 നവജാതശിശുക്കളെ മാമോദീസ മുക്കിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞുങ്ങളെ വിശ്വാസത്തിൽ ഉറപ്പിക്കുകയെന്ന ഗൗരവമായ ഉത്തരവാദിത്വത്തിലേക്കാണു മാതാപിതാക്കൾ കടന്നിരിക്കുന്നത്. കുടുംബങ്ങളിലാണ് ഇതാരംഭിക്കുന്നത്. ഭാര്യയും ഭർത്താവും വഴക്കിടുന്നത് സാധാരണകാര്യമാണ്. അങ്ങനെ സംഭവിച്ചില്ലെങ്കിലാണ് അസ്വാഭാവികത. എന്നാൽ കുട്ടികൾ വഴക്ക് കാണാനോ കേൾക്കാനോ പാടില്ല. തുടർന്ന് സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടത്തിയ ത്രികാലജപപ്രാർഥനയിലും കുഞ്ഞുങ്ങളെ വിശ്വാസത്തിൽ ഉറപ്പിച്ചുവളർത്തേണ്ടതിന്റെ പ്രാധാന്യം മാർപാപ്പ ഓർമിപ്പിച്ചു.