വിമാനയാത്രയില്‍ പോലും പാപ്പായ്ക്ക് ലാളിത്യം
അബുദാബി: സമാധാനത്തിനും സൗഹൃദത്തിനും ലാളിത്യത്തിനും മാതൃകയായി മാർപാപ്പയുടെ വിമാനയാത്രകൾ. സ്വന്തമായി വിമാനം ഇല്ലാത്ത മാർപാപ്പയും സംഘവും ഇറ്റലിയുടെ അലിറ്റാലിയ വിമാനം ചാർട്ടർ ചെയ്താണ് വിദേശത്തേക്കു പോകുന്നത്. എന്നാൽ, റോമിലേക്കുള്ള മടക്കയാത്ര അതതു രാജ്യങ്ങളുടെ വിമാനത്തിലാണ്.
അനേക ദശകങ്ങളായി മാർപാപ്പയ്ക്കു മാത്രം സ്വന്തം വിമാനമില്ല. മാർപാപ്പയ്ക്കു സൗജന്യമായി വിമാനം നൽകാൻ ചില വിദേശരാജ്യത്തലവന്മാരും വൻ ബിസിനസുകാരും തയാറാണെങ്കിലും അതു സ്വീകരിക്കാൻ മാർപാപ്പമാർ തയാറായിട്ടില്ല. പകരം ഇറ്റലിയുടെ വിമാനം വാടകയ്ക്കെടുത്താണ് യാത്ര.
യുഎഇ സന്ദർശനത്തിനായി അലിറ്റാലിയ വിമാനത്തിൽ എത്തിയ മാർപാപ്പ ഇനി എത്തിഹാദിന്റെ വിമാനത്തിലാണ് മടക്കം. 2017 നവംബറിൽ മ്യാൻമറിൽ എത്തിയപ്പോൾ ആ രാജ്യത്തിന്റെ വിമാനത്തിലും തുടർന്ന് ബംഗ്ലാദേശിലേക്ക് തിരിച്ച് റോമിലേക്ക് മടങ്ങിയത് ബംഗ്ലാദേശിന്റെ വിമാനത്തിലുമാണ്.
വിമാന യാത്രകളിൽ സുരക്ഷാഭടന്മാരെപ്പോലും മാറ്റിനിർത്തി സാധാരണ യാത്രക്കാരനെ പോലെ വിമാനത്തിൽ എല്ലാവരുമായി പരിചയപ്പെടാനും ഫ്രാൻസിസ് മാർപാപ്പ മറക്കാറില്ല. ഇന്ത്യൻ രാഷ്ട്രപതിയും പ്രധാനമന്ത്രിയും മറ്റും മാധ്യമപ്രവർത്തകരുമായി വിമാനത്തിൽ സംസാരിക്കുന്പോഴും എസ്പിജി സുരക്ഷ ഉണ്ട്. എന്നാൽ, ഫ്രാൻസിസ് മാർപാപ്പ ഒരു സുരക്ഷാഭടന്റെ പോലും അകന്പടിയില്ലാതെയാണ് മാധ്യമപ്രവർത്തകരും വിമാന ജീവനക്കാരുമായും മറ്റും സംസാരിക്കുന്നത്.