സ്വപ്നങ്ങൾ സാക്ഷാത്കരിക്കൂ… യുവജനങ്ങളോടു ഫ്രാൻസിസ് മാർപാപ്പ
പാനമ സിറ്റി: യുവജനങ്ങൾ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പരിശ്രമിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. പാനമ സിറ്റിയിൽ ആറു ദിവസം നീണ്ട ലോക യുവജന സമ്മേളനത്തിനു പരിസമാപ്തി കുറിച്ച് മെട്രോ പാർക്കിലെ തുറന്ന വേദിയിൽ അർപ്പിച്ച ദിവ്യബലി മധ്യേ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
പ്രിയപ്പെട്ട യുവാക്കാളെ നിങ്ങൾ നാളെയുടെയല്ല ഇന്നിന്റെ ഭാവിയാണെന്ന് മാർപാപ്പ പറഞ്ഞത് ആവശത്തോടെ യുവാക്കൾ ശ്രമിച്ചു. ഏഴുലക്ഷം പേർ ദിവ്യബലിയിൽ സംബന്ധിച്ചു. കൊളംബിയ, കോസ്റ്റാറിക്ക, എൽസാൽവദോർ, ഗ്വാട്ടിമാല, ഹൊണ്ടൂറാസ്, പാനമ എന്നീ രാജ്യങ്ങളിലെ പ്രസിഡന്റുമാരും അവിടങ്ങളിൽനിന്നുള്ള നിരവധി തീർഥാടകരും ദിവ്യബലിയിൽ സംബന്ധിച്ചെന്നു വത്തിക്കാൻ അറിയിച്ചു.
ഇന്ത്യ ഉൾപ്പെടെ 155 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിന് ഇതോടെ പരിസമാപ്തിയായി. അടുത്ത സമ്മേളനം 2022ൽ പോർച്ചുഗീസ് തലസ്ഥാനമായ ലിസ്ബണിൽ നടക്കുമെന്ന് വത്തിക്കാൻ ലെയ്റ്റി ഓഫീസ് മേധാവി കർദിനാൾ കെവിൻ ഫാരൽ അറിയിച്ചു. പോർട്ടുഗലിൽനിന്നുള്ള യുവാക്കൾ തങ്ങളുടെ രാജ്യത്തിന്റെ കൊടി വീശി പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു.
ശനിയാഴ്ച പാനമ സിറ്റിയിലെ സാന്താ മരിയ ലാ ആന്റ്വിഗ്വ ബസിലിക്കയിൽ മാർപാപ്പ ദിവ്യബലി അർപ്പിച്ചു.ബസിലിക്കയിലെ നവീകരിച്ച അൾത്താര ആശീർവദിച്ച മാർപാപ്പ അടുത്തിടെ വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെട്ട എൽസാൽവദോർ ആർച്ച്ബിഷപ് ഓസ്കർ റൊമേറോയുടേത് അടക്കം മൂന്നു പേരുടെ തിരുശേഷിപ്പുകൾ അൾത്താരയിൽ വണക്കത്തിനു പ്രതിഷ്ഠിച്ചു.
ശനിയാഴ്ച വൈകിട്ട് സംഗമ വേദിയിൽ എത്തിയ മാർപാപ്പ യുവജനങ്ങൾക്കൊപ്പം ജാഗരണപ്രാർഥനയ്ക്കു നേതൃത്വം നല്കി. ഏഴു ലക്ഷം യുവജനങ്ങൾ പങ്കെടുത്തു.
ഇന്റർനെറ്റും മൊബൈൽ ഫോണും സൃഷ്ടിക്കുന്ന പ്രലോഭനത്തിനെതിരേ യുവാക്കൾ ജാഗ്രത പുലർത്തണമെന്ന് മാർപാപ്പ ഉപദേശിച്ചു. ക്ലൗഡിൽനിന്ന് ഡൗൺലോഡ് ചെയ്യേണ്ട ഒന്നല്ല ജീവിതം. പുതിയതായി കണ്ടുപിടിക്കേണ്ട ആപ്പുമല്ല ജീവിതം. യുവാക്കൾ സമൂഹത്തിലെ ജീവിതത്തിൽ മുഴുകണം.
സമാപന ദിവ്യബലിക്കു ശേഷം മാർപാപ്പ ഗുഡ് സമരിറ്റൻ പുനരധിവാസ കേന്ദ്രത്തിലെത്തി എച്ച്ഐവി ബാധിതർക്ക് ആശ്വാസം പകർന്നു. തുടർന്ന് 26,000ത്തോളം വരുന്ന യുവജനസംഗമ വോളണ്ടിയർമാരുമായി കൂടിക്കാഴ്ച നടത്തിയശേഷം മാർപാപ്പ വത്തിക്കാനിലേക്ക് മടങ്ങി.