ലിതര്‍ലന്‍ഡ് സമാധാന രാജ്ഞി ദൈവാലയം സീറോമലബാര്‍ സഭയ്ക്ക്
ലിവര്‍പൂള്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയ്ക്ക് ലിവര്‍പൂള്‍ അതിരൂപതയുടെ സ്‌നേഹസമ്മാനം ലിതര്‍ലന്‍ഡിലെ സമാധാന രാജ്ഞി ദൈവാലയം ഇനി സീറോ മലബാര്‍ സമൂഹത്തിന് സ്വന്തം.
മാര്‍ത്തോമാശ്ലീഹായുടെ വിശ്വാസപാരമ്പര്യം അഭംഗുരം കാത്തുസൂക്ഷിക്കുന്ന സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടനില്‍ വലിയ വിശ്വാസസാക്ഷ്യമാണ് നല്‍കികൊണ്ടിരിക്കുന്നത്. ആരാധനക്രമത്തിലും വിശ്വാസ പരിശീലനത്തിലുമുള്ള സീറോ മലബാര്‍ സഭാംഗങ്ങളുടെ സാന്നിധ്യം അനുകരണീയവുമാണെന്ന് ലിവര്‍പൂള്‍ ആര്‍ച്ച്ബിഷപ്പ് മാല്‍ക്കം മക്‌മെന്‍ അഭിപ്രായപ്പെട്ടു.
കത്തോലിക്കാസഭയിലെ ഒരു വ്യക്തിസഭയായ സീറോ മലബാര്‍ സഭയുടെ പാരമ്പര്യവും തനിമയും വരുംതലമുറയിലേക്കു പകര്‍ന്നു നല്‍കാന്‍ മാതാപിതാക്കള്‍ പ്രകടിപ്പിക്കുന്ന തീഷ്ണതയെയും അദ്ദേഹം ശ്ലാഘിച്ചു. ഇടവകകള്‍ പുനക്രമീകരിച്ചതിന്റെ ഫലമായി ഒഴിവുവന്ന ലിതര്‍ലന്‍ഡിലെ സമാധാന രാജ്ഞി ദൈവാലയം സൗജന്യമായാണ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയ്ക്ക് ലിവര്‍പൂള്‍ അതിരൂപത കൈമാറിയത്.
വിശ്വാസികളുടെ എണ്ണം കുറയുന്നതിനാല്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന ദൈവാലയങ്ങള്‍ മറ്റ് മത വിശ്വാസികള്‍ക്കോ വാണിജ്യ ആവശ്യങ്ങള്‍ക്കോ കൈമാറുകയായിരുന്നു പതിവ്. എന്നാല്‍, ഇപ്രകാരമുള്ള ദൈവാലയങ്ങള്‍ കുടിയേറിയെത്തിയ ക്രൈസ്തവസമൂഹങ്ങള്‍ക്ക് കൈമാറാനുള്ള തീരുമാനം ഈയിടെ കൈക്കൊള്ളുകയായിരുന്നു. ദൈവാലയങ്ങള്‍ ഒരു കാരണവശാലും വ്യവസായ സ്ഥാപനങ്ങള്‍ക്കോ മദ്യശാലകള്‍ക്കോ വിട്ടുകൊടുക്കരുതെന്ന്, സെന്റ് മേരീസ് കാത്തലിക് യൂണിവേഴ്‌സിറ്റി തിയോളജി വിഭാഗം പ്രൊഫസര്‍ സ്റ്റീഫന്‍ ബുള്ളിവന്‍ കുറച്ചുനാള്‍മുമ്പ് നടത്തിയ പ്രസ്ഥാവനയും ചര്‍ച്ചയായിരുന്നു. യൂറോപ്പില്‍ വിശ്വാസത്തിന്റെ പുതുവസന്തം സംഭവിക്കുമെന്നുതന്നെ ഉറപ്പിച്ചു പറഞ്ഞ പ്രൊഫസര്‍, അതിന് സൂചനയായി ചൂണ്ടിക്കാട്ടിയത് കുടിയേറ്റ സമൂഹത്തിലെ വിശ്വാസതീക്ഷ്ണതയാണ്.
ഇതര മതസ്ഥാപനങ്ങള്‍ക്കോ മദ്യശാലകള്‍ക്കോ ദൈവാലയങ്ങള്‍ കൊടുക്കുന്നതിനു പകരം ഇന്ത്യ, ഫിലിപ്പെന്‍സ്, പോളീഷ്, ഐറിഷ് അടക്കമുള്ള ഇതര കത്തോലിക്കാ വിഭാഗങ്ങള്‍ക്കായ് വിട്ടുകൊടുക്കണമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവെക്കുകയും ചെയ്തിരുന്നു. യൂറോപ്പിലെ സഭ ശ്രദ്ധാപൂര്‍വം ശ്രവിക്കുന്ന പ്രൊഫ. സ്റ്റീഫന്‍ ബുള്ളിവന്റെ വാക്കുകളും ലിവര്‍പൂള്‍ അതിരൂപതയെ സ്വാധീനിച്ചിട്ടുണ്ടെന്ന് വിലയിരുത്തലുകളുണ്ട്.
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത സ്ഥാപിതമായശേഷം സ്വന്തമാക്കിയ ആദ്യ ദൈവാലയം തിങ്ങി നിറഞ്ഞ വിശ്വാസീസമൂഹത്തെ സാക്ഷിയാക്കി ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലാണ് വിശ്വാസീസമൂഹത്തിന് സമര്‍പ്പിച്ചത്. ഫാ. ജിനോ അരീക്കാട്ട് എം.സി.ബി.എസിനെ ഇടവകയുടെ പ്രഥമ വികാരിയായും ബിഷപ്പ് നിയമിച്ചു. സീറോ മലബാര്‍ ആരാധനക്രമത്തിന് അനുയോജ്യമായ രീതിയില്‍ ദൈവാലയം നവീകരിച്ചശേഷമാണ് വിശ്വാസികള്‍ക്ക് സമര്‍പ്പിച്ചത്. ഇടവക പ്രഖ്യാപനത്തോട് അനുബന്ധിച്ച് അര്‍പ്പിച്ച ദിവ്യബലിയില്‍ മാര്‍ സ്രാമ്പിക്കല്‍ മുഖ്യകാര്‍മികനായിരുന്നു. ആര്‍ച്ച്ബിഷപ്പ് മാല്‍ക്കം മക്‌മെന്‍, ലിവര്‍പൂള്‍ അതിരൂപത സഹായമെത്രാന്‍ ടോം വില്യംസ്, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ വികാരി ജനറല്‍മാരായ ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍, റവ. ഡോ. മാത്യു ചൂരപൊയ്കയില്‍, ചാന്‍സിലര്‍ റവ. ഡോ. മാത്യു പിണക്കാട്ട്, പാസ്റ്ററല്‍ കോഡിനേറ്റര്‍ ഫാ. ടോണി പഴയകളം, ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ സെമിനാരി റെക്ടര്‍ ഫാ. വര്‍ഗീസ് പുത്തന്‍പുരക്കല്‍, ഫാ. മാര്‍ക് മാഡന്‍, പ്രെസ്റ്റന്‍ റീജ്യണ്‍ കോഡിനേറ്റര്‍ ഫാ. സജി തോട്ടത്തില്‍, ഫാ. ജിനോ അരീക്കാട്ട്, ഫാ. ഫാന്‍സ്വാ പത്തില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.