ഔഷധ ഗുണമുള്ള വാക്കും നോക്കും

പണ്ട് പണ്ട് പുണ്യബലന്‍ എന്നൊരു രാജാവ് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ രാജ്യത്തിന്റെ പേരാകട്ടെ പുണ്യവതി എന്നും. യുദ്ധത്തില്‍ അജയ്യനായിരുന്നു അദ്ദേഹം. സ്വന്തം ശക്തിയാല്‍ എണ്‍പതിനായിരം നഗരങ്ങളാണ് അദ്ദേഹം കീഴടക്കിയത്. കീഴടക്കിയ എല്ലാ രാജ്യങ്ങളും നഗരങ്ങളുമൊന്നും അദ്ദേഹം കൊള്ളയടിച്ചില്ല. എന്ന് മാത്രമല്ല, എല്ലായിടത്തും ജനക്ഷേമം ഉറപ്പ് വരുത്തി. ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി കോട്ടകളും കൊത്തളങ്ങളും പണിതു. അവരുടെ ഉല്ലാസത്തിന് വേണ്ടി പാര്‍ക്കുകളും പൂന്തോപ്പുകളും നിര്‍മിച്ചു. ജനങ്ങളുടെ സന്തോഷവും സംതൃപ്തിയുമായിരുന്നു രാജാവിന്റെ ലക്ഷ്യം.
ഒരിക്കല്‍ രാജാവ് രഥ യാത്ര ചെയ്യുമ്പോള്‍ ഒരു പാവപ്പെട്ട മനുഷ്യന്‍ മരിക്കാറായി വഴിയില്‍ കിടക്കുന്നത് കണ്ടു. രാജാവ് കാര്യം തിരക്കി. ആരും സഹായത്തിനില്ലാത്ത ഒരുവനായിരുന്നു അയാള്‍. അയാളെ ചികിത്സിക്കാന്‍ വൈദ്യന്മാര്‍ ആരും മുന്നോട്ട് വന്നതുമില്ല. രോഗിക്ക് ചികിത്സ കിട്ടാതെ പോകുന്ന ഭരണം സത്ഭരണം അല്ല, അങ്ങനെയുള്ള രാജ്യം ക്ഷേമ രാജ്യവുമല്ല – രാജാവ് സ്വയം പറഞ്ഞു. അദ്ദേഹം ഉടനെ തന്നെ ഔഷധ ശാലകള്‍ നിര്‍മ്മിക്കുവാനും ആശുപത്രികള്‍ സ്ഥാപിക്കുവാനും ആജ്ഞാപിച്ചു. രോഗികളെ ശുശ്രൂഷിക്കുവാന്‍ വൈദ്യന്മാരെയും നിയോഗിച്ചു. അന്ന് രാജാവ് പുറപ്പെടുവിച്ച കല്പന ഇപ്രകാരമായി രുന്നു.

”ശുശ്രൂഷകരാണ് ഒന്നാമത്തെ മരുന്ന്, മരുന്നിനു രണ്ടാമത്തെ പ്രാധാന്യമേ ഉള്ളു. നല്ല ശുശ്രൂഷകര്‍ ഉണ്ടാകണം. രോഗിക്ക് മരുന്നാകുന്ന ശുശ്രൂഷകന്മാര്‍ ഉണ്ടാകണം.”
”ധര്‍മോപദേശം കൊണ്ട് രോഗിയുടെ ചൂട് കുറക്കണം. ചൂട് കൊണ്ട് തണുപ്പ് കുറക്കണം. തണ്ണീര് കൊണ്ട് ദാഹം തീര്‍ക്കണം. ഇഷ്ടപ്പെട്ടതും മിതവുമായ ആഹാരവും കൊണ്ട് ക്ഷീണം മാറ്റണം. സ്‌നേഹ വാക്കുകള്‍ കൊണ്ട് ദുഃഖം ദുരീകരിക്കണം. കളി തമാശകള്‍ കൊണ്ട് മനസിന്റെ കൊണ്ട് മനസിന്റെമടുപ്പ് മാറ്റണം. ഇതൊക്കെയാണ് ഒരു രോഗിക്ക് മരുന്നിനെക്കാള്‍ വലുത്. ആയ തിനാല്‍ വൈദ്യന്മാരെ നിങ്ങള്‍ രോഗിയുടെ മനസിനെയും ശരീരത്തെയും ഒപ്പം ചികിത്സിക്കുക. വാക്ക് ഏറ്റവും നല്ല മരുന്നാണ്. രോഗി യോട് നല്ല വാക്കുകള്‍ പറയുക. ഇപ്പോഴും സന്തോഷമുള്ളവനാണ് നല്ല വൈദ്യന്‍.’

പുണ്യബലന്റെ കഥ തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. അദ്ദേഹം തന്റെ കല്പനയില്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ച് അല്പം ചിന്തിക്കാം.
ശുശ്രൂഷകന്‍ ആണ് ഒന്നാമത്തെ മരുന്ന്. മരുന്നിനു രണ്ടാമത്തെ പ്രാധാന്യമേ ഉള്ളു എന്നാണ് അദ്ദേഹം പറഞ്ഞത്. ശരിയല്ലേ ഈ നിരീക്ഷണം? ഒരു പക്ഷെ ചില മാരക രോഗങ്ങളുടെ കാര്യത്തില്‍ മരുന്നിനു മുന്‍ തൂക്കമുണ്ട് എന്നത് ശരി തന്നെ. അത് പോലെ ചില രോഗങ്ങളുടെ കാര്യത്തില്‍ മരുന്നില്ലാതെ രോ ഗം മാറുകയുമില്ല. എന്നാല്‍ മരുന്ന് പോലെ തന്നെ ശുശ്രൂഷിക്കുന്ന രീതിയും പ്രധാന പ്പെട്ടത് അല്ലേ?
നമ്മുടെ പല രോഗങ്ങളും ശാരീരികം മാത്രമല്ലല്ലോ, അവയില്‍ പലതും നമ്മുടെ വൈകാരിക ജീവിതവുമായി ബന്ധപ്പെട്ടതാണെന്ന് അല്ലേ ആധുനിക വൈദ്യ ശാസ്ത്രം പറയുന്നത്. എങ്കില്‍ രോഗിക്ക് മരുന്ന് കൊടുക്കുന്നത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് രോഗിയെ പരിച്ചരിക്കുന്നവരുടെ മനോഭാവവും പെരുമാറ്റ രീതിയും.
വാക്ക് ഏറ്റവും നല്ല മരുന്നാണ്.രോഗിയോട് നല്ല വാക്കുകള്‍ ആരായുക എന്ന രാജാവിന്റെ കല്പന ശ്രദ്ധിക്കുക. ഡോക്ടര്‍ രോഗിയെ താല്പര്യപൂര്‍വ്വം പരിശോധിക്കുകയും രോഗിയോട് മധുരമായി സംസാരിക്കുകയും ചെയ്താല്‍ രോഗിയുടെ അസുഖവും അസ്വസ്ഥതയും അപ്പോള്‍ തന്നെ പകുതി എങ്കിലും കുറയില്ലേ?
എന്നാല്‍ രോഗിയെ താല്പര്യപൂര്‍വ്വം പരിശോധിക്കുന്നതും രോഗിയുമായി സംസാരത്തില്‍ ഏര്‍പ്പെടുന്നതും ഒക്കെ എന്തോ കുറവായിട്ടല്ലേ ഈ രംഗത്തുള്ള പലരും കരുതുന്നത്? രോഗികളോട് സംസാരിക്കുന്ന അധികം ഡോക്ടര്‍മാരെ നാം കാണാറില്ല. രോഗിയെ പരിശോധിച്ചതിനു ശേഷം രോഗത്തെ കുറിച്ച് രോഗിയോടോ അല്ലെങ്കില്‍ അയാളുടെ തന്നെ ബന്ധുക്കളോടോ സംസാരിക്കാന്‍ നമ്മുടെ എത്ര ഡോക്ടര്‍മാര്‍ ശ്രമിക്കും? രോഗത്തിനുള്ള ചികിത്സ മരുന്ന് മാത്രമാണെന്ന തെറ്റായ ധാരണയല്ലേ ഈ സ്ഥിതി വിശേഷത്തിനു കാരണം?

അമേരിക്കയിലും മറ്റു വിദേശ രാജ്യങ്ങളിലും ജോലി ചെയ്യുന്ന ഇന്ത്യന്‍ ഡോക്ടര്‍മാരെ കുറിച്ച് അവിടത്തെ ജനങ്ങളുടെ ഇടയില്‍ നല്ല മതിപ്പാണ്. അതിന്റെ ഒരു പ്രധാന കാരണം അവര്‍ രോഗികളോട് ഏറ്റവും സ്‌നേഹത്തോടെ പെരുമാറുന്നു എന്നതാണ്. രോഗികളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി പറയുവാനും അവരുടെ സംശയങ്ങള്‍ തീര്‍ത്തു കൊടുക്കുവാനും ഇന്ത്യന്‍ ഡോക്ടര്‍മാര്‍ തയ്യാറാവുന്നത് അവരെ കുറിച്ചുള്ള മതിപ്പ് വര്‍ദ്ധിപ്പിക്കുവാന്‍ കാര ണമായിട്ടുണ്ട് എന്നുള്ളതില്‍ സംശയമില്ല.

ഇനി രാജാവിന്റെ കഥയിലേക്ക് മടങ്ങി വരട്ടെ. രോഗികളുടെ കഷ്ടപ്പാടില്‍ ദയ തോന്നിയ പുണ്യബലന്‍ അവരുടെ പരി പാലനത്തിനായി തനിക്കു സാധിക്കുന്നതെല്ലാം ചെയ്തു. അവ സാനം മറ്റൊരാള്‍ക്ക് കാഴ്ച നല്‍കുന്നതിനായി തന്റെ രണ്ടു കണ്ണുകളും വരെ ദാനം ചെയ്യുവാന്‍ അദ്ദേഹം തയ്യാറായി. രാജാവ് ചെയ്തത് പോലെ ചെയ്യണമെന്നു ആരും നമ്മോടു ആവശ്യപ്പെടില്ല. അങ്ങനെ പ്രതീക്ഷിക്കുകയു മില്ല. എന്നാല്‍ രോഗികളോടും വേദന അനുഭവിക്കുന്നവരോടും കാരുണ്യ പൂര്‍വ്വം പെരുമാറണമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. അങ്ങനെ ചെയ്യുവാന്‍ നമുക്ക് ബാധ്യതയുണ്ട്.

ഇതേ കുറിച്ച് സംശയമുണ്ടെങ്കില്‍ നാം ഒരു തീരാരോഗത്തിന് അടിമയായി എന്ന് വിഭാവനം ചെയ്തു നോക്കു. അപ്പോളറിയാം നമ്മുടെ ചിന്താഗതിക്ക് എത്ര വേഗമാണ് മാറ്റം സംഭവി ക്കുന്നതെന്ന്. രോഗികളോടും വേദന അനുഭവിക്കുന്നവരോടും കരുണ കാണിക്കുവാന്‍ നമുക്കൊരു രോഗമോ ദുഖമോ ഉണ്ടാകുന്നത് വരെ കാത്തിരിക്കണ്ട. അവരുടെ വേദന അറിയാനും അവരെ ആശ്വസിപ്പിക്കാനും എത്രയും വേഗം നമുക്ക് തയ്യാറാകാം. അങ്ങനെ നമ്മുടെ ജീവിതം വഴി മറ്റുള്ളവരുടെ ജീവിതത്തിലേക്ക് അല്പം എങ്കിലും ആശ്വാസവും സന്തോഷവും കൊണ്ട് വരാന്‍ നമുക്ക് ശ്രമിക്കാം.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles