ആയുധവില്പന നടത്തുന്നവര്‍ ദൈവകോപം നേരിടുമെന്ന് ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: ലോകസമാധാനത്തെ പറ്റി ഘോരഘോരം പ്രസംഗിക്കുകയും എന്നാല്‍ ആയുധ വില്പന നടത്തുകയും ചെയ്യുന്ന നേതാക്കളെ ശക്തമായി വിമര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പാ. അവര്‍ ദൈവകോപം നേരിടുമെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു.
സിറിയയിലെ യുദ്ധത്തെ പറ്റി സംസാരിക്കുന്ന അവസരത്തിലാണ് പാപ്പാ തന്റെ നിലപാട് വ്യക്തമാക്കിയത്. ദൈവം അനാഥരുടെയും വിധവകളുടെയും നിലവിളി കേള്‍ക്കുന്നുണ്ട്. സമാധാനം പ്രസംഗിച്ചു കൊണ്ട് ആയുധക്കച്ചവടത്തില്‍ ഏര്‍പ്പെടുന്നവരുടെ നേരെ ദൈവകോപം ജ്വലിക്കും, പാപ്പാ പറഞ്ഞു.
‘അവര്‍ക്ക് ഭക്ഷണമില്ല, ആരോഗ്യപരിപാലന സൗകര്യങ്ങളില്ല, വിദ്യാലയങ്ങളില്ല, അനാഥരുടെയും വിധവകളുടെയും നിലവിളി ദൈവസന്നിധിയിലേക്ക് ഉയരുന്നു’ സിറിയയിലെ അവസ്ഥയെ കുറിച്ച് മാര്‍പാപ്പാ പറഞ്ഞു.
‘മനുഷ്യന്റെ ഹൃദയങ്ങള്‍ക്ക് മനുഷ്യത്വമില്ലാതായിരിക്കുന്നു. എന്നാല്‍ ദൈവത്തിന്റെ ഹൃദയം അങ്ങനെയല്ല. ദൈവത്തിന്റെ ആര്‍ദ്രതയെ കുറിച്ചും പിതൃതുല്യമായ കരുതലിനെ കുറിച്ചും ചിന്തിക്കുമ്പോള്‍ തന്നെ ഞാന്‍ അവിടുത്തെ കോപത്തെ കുറിച്ചും ബോധവാനാണ്. സമാധാനപാലകരെന്ന് നടിച്ച് ആയുധക്കച്ചവടം ചെയ്യുന്നവര്‍ക്കു നേരെ അതുയരും. കാപട്യം പാപമാണ്.’ പാപ്പാ പറഞ്ഞു.