ക്രിസ്തുവില്‍ മറഞ്ഞിരിക്കുന്നവര്‍

കത്തോലിക്ക തിരുസഭ എന്നു പറയുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയും സഭയിലെ ഹയരാര്‍ക്കിയുമൊക്കെയാണ്. എന്നാല്‍ അവ മാത്രമല്ല യഥാര്‍ത്ഥ സഭ. മറഞ്ഞിരിക്കുന്ന ഒരു വലിയ വിഭാഗം മനുഷ്യര്‍ സഭയിലുണ്ട്. തങ്ങളുടെ സഹനങ്ങളും നിശബ്ദമായ പ്രാര്‍ത്ഥനകളും കൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മറഞ്ഞിരുന്ന് സഭയെ ശക്തിപ്പെടുത്തുന്നവര്‍.

വി. കൊച്ചുത്രേസ്യയുടെ ആത്മ കഥയില്‍ ഒരു കാര്യം വിവരിക്കുന്നുണ്ട്. വലിയ പ്രേഷിത തീക്ഷണതയള്ള ആളായിരുന്നു, ലിസ്യുവിലെ വി. കൊച്ചു ത്രേസ്യ. ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കാനും, യേശുവിനെ പ്രതി രക്തസാക്ഷിയാകാനുമെല്ലാം അവള്‍ ആഗ്രഹിച്ചു. എന്നാല്‍ വൈകാതെ അവള്‍ തിരിച്ചറിഞ്ഞു, ഒരു കര്‍മലീത്താ മഠത്തിന്റെ ആവൃതിക്കുള്ളില്‍ മറഞ്ഞിരുന്ന് തന്റെ ചെറിയ സഹനങ്ങളിലൂടെയും ത്യാഗങ്ങളിലൂടെയും ക്രിസ്തുവിന് മഹത്വം നല്‍കുകയാണ് തന്റെ ദൈവവിളി എന്ന്. ആ ദൈവവിളിക്ക് വലിയ വില ദൈവം നല്‍കി. വിശുദ്ധയുടെ സഹനങ്ങളിലൂടെ അനേകായിരങ്ങള്‍ ക്രിസ്തുവിന്റെ സ്‌നേഹം തിരിച്ചറിഞ്ഞു ദൈവത്തിലേക്ക് മടങ്ങി വന്നു.

വി. കൊച്ചുത്രേസ്യയെ പോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് തങ്ങളുടെ ഏകാന്തതയും സഹനങ്ങളും യേശുവിനായി സമര്‍പ്പിക്കുകയും ആത്മാക്കളുടെ രക്ഷയ്ക്കായി യേശുവിന്റെ സഹനങ്ങളില്‍ പങ്കാളികളാകുകയും ചെയ്യുന്നവര്‍ അനേകരുണ്ട്. ലോക സുഖങ്ങളെല്ലാം ഉപേക്ഷിച്ച് മിണ്ടാ മഠങ്ങളുടെ മറവില്‍ ത്യാഗ നിര്‍ഭരമായ ജീവിതം നയിക്കുന്നവരില്‍ ഇവരുണ്ട്. മാറാ രോഗത്തിന്റെ വേദനകള്‍ പരാതിയില്ലാതെ സഹിച്ചു കൊണ്ട് ആത്മാക്കളുടെ രക്ഷയ്ക്കായി ജീവിതം ഉഴിഞ്ഞു വച്ചവരിലും ഈ ചൈതന്യമുണ്ട്.

യേശുവിന്റെ നാമത്തില്‍ ഏറ്റെടുക്കുന്ന സഹനങ്ങള്‍ പാഴായി പോകുന്നില്ല എന്നതാണ് രക്ഷാകര സഹനങ്ങളുടെ രഹസ്യം. ഓരോ നിശബ്ദ സഹനവും യേശുവിന്റെ പീഢകളോട് ചേര്‍ത്തു വയ്ക്കുകയാണ്. ഇതു പോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് യേശുവിനോടൊത്ത് സഹിക്കുന്ന മനുഷ്യര്‍ അനേകരുണ്ട്. അവരുടെ ത്യാഗങ്ങളും പ്രാര്‍ത്ഥനകളുമാണ് കത്തോലിക്കാ സഭയുടെ ശക്തി. വി ഫൗസ്റ്റീനയ്ക്ക് ഈശോ നല്‍കിയ സന്ദേശത്തില്‍ ഇത്തരം ആത്മാക്കളെ കുറിച്ച് പറയുന്നുണ്ട്.

ഈ നോമ്പുകാലത്ത് ക്രിസ്തുവില്‍ മറഞ്ഞിരുന്ന് തങ്ങളുടെ സഹനങ്ങളെ രക്ഷാകരമാക്കുന്ന മനുഷ്യരെ ഓര്‍ക്കാം. അവരുടെ സഹനങ്ങളില്‍ ദൈവകൃപ വന്നു നിറയുന്നതിനും ശക്തി ലഭിക്കുന്നതിനു വേണ്ടിയും അവരുടെ സഹനങ്ങള്‍ അനേകര്‍ക്ക് മാനസാന്തരത്തിന് കാരണമാകുന്നതിനും വേണ്ടിയും പ്രാര്‍ത്ഥിക്കാം.


യേശുവില്‍ സ്‌നേഹപൂര്‍വ്വം,

ബ്രദര്‍ ഡൊമിനിക് പി.ഡി.
ഫിലാഡല്‍ഫിയ,
ചീഫ് എഡിറ്റര്‍,

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles