ഐക്യമാണ് ക്രിസ്തീയ സമൂഹത്തിന്റെ ഡിഎന്‍എ
വത്തിക്കാന്‍ സിറ്റി: ക്രിസ്തീയ സമൂഹത്തിന്റെ അടിസ്ഥാന സവിശേഷത വൈവിധ്യത്തിലുള്ള ഐക്യമാണെന്ന് ഫ്രാന്‍സിസ് പാപ്പാ. ഈ ഐക്യം നല്‍കുന്ന സ്വാതന്ത്ര്യം ക്രിസ്തുവിന് സാക്ഷ്യം നല്‍കാന്‍ നമ്മെ പ്രാപ്തരാക്കുന്നു, പാപ്പാ പറഞ്ഞു.
യൂദാസ് സ്‌കറിയോത്തയ്ക്കു പകരം മത്തിയാസിനെ തെരഞ്ഞെടുക്കുമ്പോള്‍ അപ്പോസ്തലന്മാര്‍ വീണ്ടും ഐക്യപ്പെടുകയാണ്. ഈ സന്ദര്‍ഭം വിശദമാക്കുന്നത് എപ്രകാരമാണ് ക്രിസ്ത്യന്‍ സമൂഹം ഐക്യപ്പെടുന്നതെന്നും അവനവനില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതെന്നും ആണ്, പാപ്പാ വിശദമാക്കി.
നമ്മളും ഉത്ഥിതന് സാക്ഷ്യം വഹിക്കുന്നതിന്റെ സൗന്ദര്യം കണ്ടെത്തണം. സ്വാര്‍ത്ഥമായ മനോഭാവത്തില്‍ നിന്ന് മോചനം നേടണം.
യേശുവിന്റെ പീഡാനുഭവത്തിനും മരണത്തിനും ഉത്ഥാനത്തിനും സ്വര്‍ഗാരോഹണത്തിനും ശേഷം ശിഷ്യന്മാര്‍ സെഹിയോന്‍ ഊട്ടുശാലയില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുമ്പോള്‍ യൂദാസിന്റെ ശൂന്യത നികത്താന്‍ ആഗ്രഹിക്കുന്നു. അവര്‍ക്കിടയിലുള്ള സംസര്‍ഗവും പങ്കുവയ്ക്കലുമാണ് ഇത് സൂചിപ്പിക്കുന്നത്, വിഭാഗീയത മാറി വീണ്ടും ഐക്യമുണ്ടാകുന്നു, പാപ്പാ വ്യക്തമാക്കി.