യുവജനങ്ങള്‍ക്ക് നല്ല മാര്‍ഗദര്‍ശികള്‍ ഉണ്ടാവണം: കര്‍ദിനാൾ മാർ ആലഞ്ചേരി
വത്തിക്കാൻ സിറ്റി: ആധുനിക ലോകത്തിന്റെ ദുര്‍ഘടമായ സാഹചര്യങ്ങളില്‍ ജീവിതം നയിക്കുന്ന യുവജനങ്ങള്‍ക്ക് അവരുടെ ജീവിത അന്തസുകളും, ഉദ്യോഗങ്ങളും തെരഞ്ഞെടുക്കുന്നതിന് പ്രഗല്ഭരായ മാര്‍ഗദര്‍ശികളുടെ സഹായം ആവശ്യമാണെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. റോമിൽ യുവജനങ്ങൾക്കായുള്ള സിനഡില്‍ സംസാരിക്കുകയായിരുന്നു മാർ ആലഞ്ചേരി.
ദൈവവിളികള്‍ തെരഞ്ഞെടുക്കാനും, അതിനനുസരിച്ചുള്ള ജീവിതം പരിശീലിപ്പിക്കാനും പ്രബോധകരെയും, ആത്മീയ ഗുരുക്കന്മാരെയും പ്രയോജനപ്പെടുത്തുന്ന പതിവ് സഭയിലുണ്ട്. അതു കൂടാതെ മനഃശാസ്ത്രത്തിലും, സാങ്കേതിക വിദ്യകളിലും അവഗാഹം നേടിയ മാര്‍ഗദര്‍ശികളെയും ഇന്ന് ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആദിമസഭയില്‍ ഗ്രീക്കുകാരുടെ വിധവകള്‍ക്ക് ഭക്ഷണം എത്തിച്ചുകൊടുക്കുന്നതിന് സഭ ഡീക്കന്മാരെ നിയോഗിച്ചതായി അപ്പസ്തോല പ്രവര്‍ത്തനത്തില്‍ പറയുന്നുണ്ട്. അതുപോലെ പരിശുദ്ധാത്മാവ് സഭയിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് ചിലരെ പ്രവാചകന്മാരായും അധ്യാപകരായും, ആദ്ഭുതപ്രവര്ത്തകരായും രോഗശാന്തി വരമുള്ളവരായും, ഉപദേശകരായും, ഭാഷാവരത്തില്‍ സംസാരിക്കുന്നവരായും ഒക്കെ നിയോഗിക്കുന്നു എന്ന് പൗലോസ് ശ്ലീഹായും പറയുന്നുണ്ട്.
ഇപ്രകാരം ആധുനികസഭയില്‍ വിവേകവും വിശുദ്ധിയുമുള്ള ആളുകളെ വിവിധ ശുശ്രൂഷകള്‍ക്കായി നിയോഗിച്ചാല്‍ ജീവിതത്തിലെ വിവിധ ആവശ്യങ്ങള്‍ക്കായി നട്ടംതിരിയുന്ന യുവതീയുവാക്കന്മാര്ക്ക് അതു സഹായകമാവും. ഇത്തരത്തിലുള്ള മാര്‍ഗദര്‍ശനങ്ങള്‍ സമൂഹത്തിലെ പൊതുസേവനങ്ങള്‍ വിശിഷ്യ രാഷ്ട്രീയ-സാമ്പത്തിക-സാംസ്കാരിക രംഗങ്ങളിലെ സേവനങ്ങള്‍ക്കായി, വളരുന്ന തലമുറയെ പരിശീലിപ്പിക്കാന്‍ ഉപകരിക്കുമെന്നു കര്‍ദിനാള്‍ പറഞ്ഞു.
യുവജനങ്ങളുടെ സഭയിലെയും സമൂഹത്തിലെയും സേവനങ്ങള്‍ക്ക് അവരെ ഒരുക്കാനും, അവര്‍ക്ക് പങ്കാളിത്തം നൽകാനുമുള്ള പ്രായോഗിക മാര്‍ഗങ്ങളെക്കുറിച്ചാണ് സിനഡംഗങ്ങള് സംസാരിക്കുന്നത്.
യുവജനങ്ങളോട് അഭിപ്രായങ്ങള്‍ ആരായുന്ന യുവജനസമിതികള് എല്ലാ രൂപതയിലും ഉണ്ടാകണമെന്ന അഭിപ്രായം ശക്തമായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. സഭയുടെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കുമായി മാറ്റി വയ്ക്കണമെന്നും പല അംഗങ്ങളും അഭിപ്രായപ്പെട്ടു. ഇതിനകം ഇന്ത്യയില്‍ നിന്നുള്ള എല്ലാ പ്രതിനിധികളും സിനഡില്‍ സംസാരിച്ചു കഴിഞ്ഞു. ആര്‍ച്ച്ബിഷപ് ഡോ. ജോണ്‍ ബറ്വ, ബിഷപ്പുമാരായ ഡോ. ഹെന്‍ട്രി ഡിസൂസ, മാർ ജോസഫ് പാംപ്ലാനി, മാർ ജോസഫ് പണ്ടാരശേരി എന്നിവരാണ് ഈ അഭിപ്രായങ്ങള്‍ അവതരിപ്പിച്ചത്.
ഒഷീഷയിലെ കാണ്ഡമലില്‍ സഭയ്ക്കുണ്ടായ പീഡനങ്ങളെക്കുറിച്ച് ആര്‍ച്ച്ബിഷപ് ഡോ. ജോണ്‍ ബറ്വ സിനഡംഗങ്ങള്‍ക്ക് വിശദീകരിച്ച് കൊടുത്തു. യുവജനങ്ങളും മുതിര്‍ന്ന തലമുറയും ഒന്നുചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാഹചര്യങ്ങള്‍ സൃഷ്ടിക്കണമെന്നു മാർ ജോസഫ് പാംപ്ലാനി നിർദേശിച്ചു.
സീറോമലബാര്‍ സഭയിലെ യുവജന പ്രേഷിതത്വത്തിന്റെ വിവിധ വശങ്ങളെ പരാമര്‍ശിച്ച് മാർ ജോസഫ് പണ്ടാരശേരി, മെത്രാന്മാര് യുവജനങ്ങളെ പൊതുസമ്മേളനങ്ങളില്‍ അഭിസംബോധന ചെയ്യുന്നതുകൂടാതെ ചെറിയ ചെറിയ ഗ്രൂപ്പുകളില്‍ അവരോട് ആശയവിനിമയം നടത്തുന്നതും നല്ലതായിരിക്കുമെന്ന് പ്രത്യേകം എടുത്തു പറഞ്ഞു. 10 ദിവസങ്ങള്‍ കൂടി ബാക്കിയുള്ള സിനഡില്‍ അവതരിപ്പിച്ച എല്ലാ ആശയങ്ങളും സമാഹരിച്ച് ഒരു പൊതുപ്രബന്ധം തയാറാക്കുന്നതിന് ഡ്രാഫ്റ്റിംഗ് കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു. 28ന് ഫ്രാന്‍സിസ് പാപ്പായുടെ പ്രധാനകാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയോടുകൂടി സിനഡ് സമാപിക്കും.