ക്യാന്‍സര്‍ ബാധിച്ച കുഞ്ഞുങ്ങളെ സമാശ്വസിപ്പിച്ച് ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍: പോളണ്ടില്‍ നിന്നുള്ള ക്യാന്‍സര്‍ ബാധിതരായ 62 കുഞ്ഞുങ്ങളെ ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില്‍ സ്വീകരിച്ചു. പോളണ്ടിലെ റോക്ടോ ക്യാന്‍സര്‍ സെന്ററിലെ പൈതങ്ങളെയാണ് പാപ്പാ സ്വീകരിച്ചത്.
‘നിങ്ങളുടെ ജീവിതയാത്ര ബുദ്ധിമുട്ടേറിയതാണെന്ന് അറിയാം. നിങ്ങള്‍ സുഖപ്പെടണം. അതത്ര എളുപ്പമല്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു,’ പാപ്പാ ഇറ്റാലിയന്‍ ഭാഷയില്‍ പറഞ്ഞത് ദ്വിഭാഷികള്‍ കുഞ്ഞുങ്ങള്‍ക്ക് വിശദീകരിച്ചു കൊടുത്തു.
അവരെ സഹായിക്കാനും പിന്തുണയ്ക്കാനും നല്ല മനസ്സുള്ള പലരും ഉള്ളകാര്യവും പാപ്പാ ഓര്‍മിപ്പിച്ചു. ജയിച്ചടക്കാനാവാത്ത ഒരു പ്രതിസന്ധിയും ജീവിതത്തിലില്ല എന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. നിരാശരാകരുത്! പാപ്പാ പറഞ്ഞു.
കാവല്‍ മാലാഖമാരുടെ സംരക്ഷണത്തിന് തങ്ങളെ തന്നെ സമര്‍പ്പിക്കാന്‍ പാപ്പാ അവരെ ആഹ്വാനം ചെയ്തു. ‘കാവല്‍മാലാഖമാരോട് സംസാരിക്കാന്‍ പരിശീലിക്കണം. അപ്പോള്‍ അവര്‍ നമ്മെ നയിക്കുകയും പ്രചോദിപ്പിക്കുകയും വിജയത്തിലേക്ക് എത്തിക്കുകയും ചെയ്യും’ പാപ്പാ വിശദീകരിച്ചു.