ഫിലിപ്പീന്‍സിലെ കറുത്ത നസ്രായന്‍ ശില്പം

16-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ബ്‌ളാക്ക് നസറായന്‍ എന്നറിയപ്പെടുന്ന യേശുക്രിസ്തുവിന്റെ ഇരുണ്ടനിറത്തിലുള്ള രൂപം ഫിലിപ്പീന്‍സിലെ കത്തോലിക്കാവിശ്വാസികളുടെ അചഞ്ചലമായ വിശ്വാസത്തിന്റെ പ്രതീകമാണ്. ഒരാള്‍ വലിപ്പമുളളതും, കാല്‍വരിയാത്രയെ അനുസ്മരിപ്പിക്കുന്നതുമായ ഈ രൂപം ഒട്ടേറെ അത്ഭുത രോഗസൗഖ്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നു. ഒരു മെക്‌സിക്കന്‍ ശില്‍പി കറുത്ത മെസ്‌ക്കൈറ്റ് മരത്തില്‍ കൊത്തിയെടുത്ത ഈ രൂപം കടുംതവിട്ടുനിറത്തിലുള്ള സ്വര്‍ണ്ണനൂലിഴകളടങ്ങിയ ചിത്രതുന്നലുകളുളള വെല്‍വറ്റ് മേലാട കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്.

ബ്ലാക്ക് നസറായന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത് മനിലയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന കിയാപ്പൊ ദേവാലയത്തിലാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് മനില സ്വത ന്ത്രമാക്കപ്പെട്ടപ്പോള്‍ കിയാപ്പൊ ദേവാലയം അഗ്നിക്കിരയായി എങ്കിലും ക്രിസ്തുവിന്റെ രൂപം കേടുപാടുകളൊന്നും കൂടാതെ നിലകൊണ്ടു. 1933ല്‍ ഈ ദേവാലയം പുനര്‍നിര്‍മ്മിച്ചു. ദേവാലയത്തിന്റെ മുന്‍ഭാഗവും ഇരുപുറവുമുള്ള താഴികകുടങ്ങളും ബാരോകിയന്‍ ശില്പകലാവൈഭവം വെളിപ്പെടുത്തുന്നു.

1607ല്‍ ഒരു കൂട്ടം അഗസ്റ്റീനിയന്‍ സന്ന്യാസിമാര്‍ മെക്‌സിക്കോയില്‍ നിന്നും മനില സന്ദര്‍ശനത്തിനെത്തുകയുണ്ടായി. ഒരു കാല്‍മുട്ട് മടക്കിയ നിലയില്‍ വലിയ മരകുരിശുമേന്തിനില്‍ക്കുന്ന യേശുവിന്റെ ഈ രൂപം അവര്‍ കൂടെ കൊണ്ടുവന്നു. 1606ല്‍ ലുണീറ്റയിലെ സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍ സ്ഥാപിച്ച പ്രതിമ രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം സമീപത്തുള്ള ഒരു വലിയ ദേവാലയത്തിലേയ്ക്കു മാറ്റി. ഒന്നരനൂറ്റാണ്ടിനുശേഷം 1767ല്‍ കിയാപ്പൊ ദേവാലയത്തിലേക്ക് വീണ്ടും ഈ രൂപം മാറ്റി പ്രതിഷ്ഠിച്ചു. ഇതിന്റെ നാനൂറാം വാര്‍ഷികാഘോഷം 2006ല്‍ നടത്തുകയുണ്ടാ യി. നൂറ്റാണ്ടുകളെയും, പ്രകൃതിദുരന്തങ്ങളെ യും അതിജീവിച്ച ഈ രൂപത്തെ വലയം ചെയ്യുന്ന അതീന്ദ്രിയശക്തിയില്‍ വിശ്വാസമര്‍പ്പിച്ച് അനേകം തീര്‍ത്ഥാടകര്‍ ഇവിടെ എത്തിച്ചേരുന്നു. എല്ലാ വര്‍ഷവും ജനുവരി ഒന്‍പതിന് ആരംഭിക്കുന്ന ബ്‌ളാക്ക് നസറായന്റെ വാര്‍ഷികതിരുന്നാളാഘോഷങ്ങളില്‍ പങ്കെടുക്കുവാനായി ദശലക്ഷകണക്കിന് ഭക്തര്‍ ഇവിടെ സമ്മേളിക്കുന്നു.

മനിലയിലെ തെരുവോരങ്ങള്‍ നിശ്ചലമാക്കുന്ന, ഏകദേശം പത്തുദശലക്ഷം ഭക്തജനങ്ങള്‍ അണിനിരക്കുന്ന ”ട്രാന്‍സ്ലാസിയോ ണ്‍” എന്ന വിശ്വാസ പ്രദക്ഷിണം വിശ്വപ്രസിദ്ധമാണ്. കാല്‍വരിമലയിലേക്കുള്ള ക്രിസ്തുവിന്റെ കുരിശുംവഹിച്ചുകൊണ്ടുള്ള യാത്രയെ ഓര്‍മ്മപ്പെടുത്തുംവിധം നഗ്നപാദരായി കടുംതവിട്ടുകലര്‍ന്ന ചുവപ്പുനിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് വിശ്വാസികള്‍ രൂപത്തെ അനുധാവനം ചെയ്യുന്നു. പ്രദക്ഷിണത്തിന് രണ്ട് ദിവസങ്ങള്‍ക്കുമുന്‍പ് ദേവാലയത്തില്‍നിന്നും രൂപം എടുക്കപ്പെടുന്നു. വൈകുന്നേരത്തെ ദിവ്യബലിക്കുശേഷം ലുണീറ്റയിലെ ക്വിരീനൊ ഗ്രാന്‍ഡ്സ്റ്റാന്‍ഡില്‍ നിന്നും ആരംഭിക്കുന്ന പ്രദക്ഷിണം നാലരമൈലോളം ദൂരം താണ്ടി തിരിച്ച് കിയാപ്പൊ ദേവാലയത്തില്‍ എത്തിചേരുന്നു. രൂപത്തെ ഒന്നു സ്പര്‍ശിക്കുവാനായി വിശ്വാസികള്‍ സഹിക്കുന്ന ത്യാഗത്തിന് കണക്കില്ല. കഠിനമായ ചൂടും, വെയിലും, വിശപ്പും, ദാഹവും, തിക്കും തിരക്കും, അതിലൂടെയുണ്ടാകുന്ന മുറിവുകളും വകവയ്ക്കാതെ മണിക്കൂറുകളോളം നീണ്ട നിരയില്‍ വിശ്വാസികള്‍ തങ്ങളുടെ ഊഴവും കാത്തുനില്‍ക്കുന്നു. പ്രദക്ഷിണവേളയില്‍ രൂപത്തിലേക്ക് തങ്ങളുടെ തൂവാലകള്‍ എറിയുന്നത് വിശ്വാസികളുടെ ഒരാചാരമാണ്. ആ തൂവാലകൊണ്ട് രോഗികളെ സ്പര്‍ശിച്ചാല്‍ സൗഖ്യം പ്രാപിക്കുമെന്ന് അവര്‍ ഉറച്ച് വിശ്വാസിക്കുന്നു.

ഫിലിപ്പൈനിലെ കത്തോലിക്കാവിശ്വാസികളുടെ ആദ്ധ്യാത്മികജീവിതം അര്‍ത്ഥപൂര്‍ണ്ണമാക്കാനും, യേശുക്രിസ്തുവിലുള്ള വിശ്വാസം ആഴപ്പെടുത്തുവാനും കിയാപ്പൊ ദേവാലയം വര്‍ഷിച്ച അനുഗ്രഹങ്ങള്‍ കണക്കിലെടുത്ത് വി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പ്രസ്തുത ദേവാലയത്തിന് മൈനര്‍ ബസിലിക്ക എന്ന പദവി നല്‍കി ആദരിക്കുകയുണ്ടായി. അത്ഭുതരോഗസൗഖ്യങ്ങളുടെ ഒരു കലവറയാണ് ഭക്തര്‍ക്കായി ഈ ദേവാലയം ഒരുക്കിവച്ചിരിക്കുന്നത്. ഏഴ് വയസ്സുകാരിയായ ബാലികയുടെ കഴുത്തിലെ അര്‍ബുദം നീങ്ങുവാനായി അവളുടെ അമ്മ ഏല്ലാ ദിവസവും ദേവാലയവാതി ല്‍ക്കല്‍ മുതല്‍ അള്‍ത്താരവരെ മുട്ടിന്‍മേല്‍ നിരങ്ങിവന്ന് പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി ആ ബാലിക സുഖംപ്രാപിച്ചു. യേശുക്രിസ്തുവിന്റെ ഈ രൂപത്തില്‍ തൊടുവിച്ച തൂവാല പല അത്ഭുതരോഗശമനങ്ങള്‍ക്കും ഹേതുവായിട്ടുണ്ട്.

ബ്‌ളാക്ക് നസറായന്റെ രൂപം പ്രതിഷ്ഠിച്ചിരിക്കുന്ന കിയാപ്പൊ ദേവാലയം എപ്പോഴും സജീവമാണ്. പ്രഭാതം മുതല്‍ പ്രദോഷം വരെ ഭക്തജനങ്ങള്‍ ദേവാലയസന്ദര്‍ശനത്തിനെത്തു ന്നു. പകല്‍വേളകളില്‍ ദിവ്യബലിയും സൗഖ്യശുശ്രൂഷകളും നടത്തപ്പെടുന്ന ഈ ദേവാലയം രാത്രിയില്‍ ഭവനരഹിതര്‍ക്ക് ഒരാശ്രയമാണ്. പിറ്റേന്ന് പ്രഭാതത്തില്‍ ദേവാലയം വൃത്തിയാക്കിയശേഷം സന്ദര്‍ശകര്‍ക്കും, ഭക്തര്‍ക്കുമായി തുറന്നുകൊടുക്കുന്നു. ബ്‌ളാക്ക് നസറായനോടുള്ള ഭക്തി ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നതായി ദേവാലയ റെക്ടറായ ഫാ. ജോസെ ഇഗ്നാസിയൊ സാക്ഷ്യപ്പെടുത്തുന്നു. ക്രൈസ്തവവിശ്വാസിയായ ഓരോ തീര്‍ത്ഥാടകനും അവശ്യം സന്ദര്‍ശിച്ചിരിക്കേണ്ട ദേവാലയങ്ങളില്‍ ഒന്നാണ് ബ്‌ളാക്ക് നസറായന്റെ രൂപത്തിന് ആതിഥ്യമരുളുന്ന കിയാപ്പൊ ദേവാലയം.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles