ചരിത്രത്തിൻ്റെ ഈ നിമിഷത്തിൽ കർത്താവ് നമ്മോടൊപ്പമുണ്ട്

കത്തോലിക്കാ സഭാ കൂട്ടായ്മയിലെ ഏറ്റവും വലിയ പൗരസ്ത്യ സഭയായ യുക്രെയ്ൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക് യുക്രെയ്നിലെ ജനങ്ങൾക്കു ഫെബ്രുവരി 24 നു എഴുതിയ ഹൃദയസ്പർശിയായ കത്ത്.

ദൈവത്തിനു പ്രിയപ്പെട്ട യുക്രെയ്ൻ നിവാസികളെ !

നമ്മുടെ രാജ്യം വീണ്ടും അപകടത്തിലാണ്!

വിശ്വാസവഞ്ചകനായ ശത്രു, സ്വന്തം പ്രതിബദ്ധതകളും ഉറപ്പുകളും അവഗണിച്ച്, അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാന മാനദണ്ഡങ്ങൾ പോലും അതിലംഘിച്ച്, ന്യായരഹിതനായ ആ കൈയ്യേറ്റക്കാരൻ, യുക്രെയ്നിലെ മണ്ണിൽ ചവിട്ടിയിരിക്കുന്നു. അവനോടൊപ്പം മരണവും നാശവും കൊണ്ടുവന്നിരിക്കുന്നു .

“രക്തത്തിന്റെ നാടുകൾ” എന്ന് ലോകം വിളിക്കുന്ന നമ്മുടെ യുക്രെയ്ൻ. സ്വന്തം ജനതയുടെ സ്വാതന്ത്ര്യത്തിനും വിമോചനത്തിനും വേണ്ടി രക്തസാക്ഷികളുടെയും പോരാളികളുടെയും രക്തം നിരവധി തവണ ചിന്തിയിട്ടുള്ള – നമ്മുടെ രാജ്യം , അതു നിലനിർത്താൻ അതിന്റെ അന്തസ്സ് സംരക്ഷിക്കാൻ ഇന്ന് നമ്മെ വിളിക്കുന്നു. ദൈവത്തിന്റെയും മാനവരാശിയുടെയും മുമ്പാകെ, നിലനിൽപ്പിനും അവളുടെ ഭാവി തിരഞ്ഞെടുക്കാനുള്ള അവകാശത്തിനും വേണ്ടി നമ്മളെ മാടി വിളിക്കുന്നു.

നമ്മുടെ നാടിനെയും നമ്മുടെ ജനങ്ങളെയും നമ്മുടെ രാജ്യത്തെയും നമുക്ക് പ്രിയപ്പെട്ട എല്ലാറ്റിനെയും – കുടുംബം, ഭാഷ, സംസ്കാരം, ചരിത്രം, ആത്മീയത – സംരക്ഷിക്കുക എന്നത് നമ്മുടെ സ്വാഭാവിക അവകാശവും പവിത്രമായ കടമയുമാണ്. ക്രിസ്തീയ സ്നേഹത്തോടെ എല്ലാ രാജ്യങ്ങളിലെയും ജനങ്ങളെ അവരുടെ ഉത്ഭവമോ, വിശ്വാസമോ ദേശീയതയോ മതപരമായ സ്വത്വമോ പരിഗണിക്കാതെ സ്നേഹിക്കുന്ന സമാധാനപരമായ രാഷ്ട്രമാണ് നമ്മുടേത്.

നമ്മൾ ആരെയും അതിക്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നില്ല, എന്നാൽ നമ്മുക്കു സ്വന്തമായവ ആർക്കെങ്കിലും നൽകാൻ നമുക്കു അവകാശമില്ല! ചരിത്രത്തിൻ്റെ ഈ സുപ്രാധാന നിമിഷത്തിൽ, സ്വാതന്ത്ര്യവും ഐക്യവും സ്വച്ഛതയും നിറഞ്ഞ യുക്രെയ്ൻ രാഷ്ട്രത്തിനായി നിലകൊള്ളാൻ നമ്മുടെ മനസ്സാക്ഷിയുടെ ശബ്ദം നമ്മെളെ എല്ലാവരെയും വിളിക്കുന്നു!

ലോകമഹായുദ്ധങ്ങൾ ആരംഭിച്ചർ പരാജയപ്പെട്ടു എന്നാണ് കഴിഞ്ഞ നൂറ്റാണ്ടിന്റെ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. യുദ്ധക്കൊതിയന്മാർ അവരുടെ സ്വന്തം രാജ്യങ്ങൾക്കും ജനങ്ങൾക്കും നാശവും തകർച്ചയും മാത്രമാണ് വരുത്തിയത്.

ചരിത്രത്തിൻ്റെ ഈ നിമിഷത്തിൽ കർത്താവ് നമ്മോടൊപ്പമുണ്ടെന്നു നമ്മൾ വിശ്വസിക്കുന്നു! ലോകത്തിന്റെ മുഴുവൻ്റെയും പ്രത്യേകിച്ച് ഓരോ വ്യക്തിയുടെയും വിധി തന്റെ കൈകളിൽ പിടിക്കുന്ന അവൻ, അന്യായമായ ആക്രമണത്തിനും കഷ്ടപ്പാടുകൾക്കും അടിമത്വത്തിനും ഇരകളായവരുടെ പക്ഷത്താണ്. എല്ലാ രാജ്യത്തിന്റെയും ചരിത്രത്തിൽ അവന്റെ വിശുദ്ധ നാമം പ്രഘോഷിക്കുന്നു. ലോകത്തിലെ ശക്തരെ അവരുടെ അഹങ്കാരത്തിൽ നിന്നും സര്‍വ്വശക്തരാണ് എന്ന മിഥ്യാധാരണകളിൽ നിന്നു മറിച്ചിടുന്നതും അട്ടിമറിക്കുന്നതും അവനാണ്. തിന്മയുടെയും മരണത്തിന്റെയും മേൽ വിജയം നൽകുന്നത് അവനാണ്. യുക്രെയ്നിന്റെ വിജയം മനുഷ്യന്റെ നീചത്വത്തിനും അഹങ്കാരത്തിനുമെതിരെയുള്ള ദൈവ ശക്തിയുടെ വിജയമായിരിക്കും. അതു അങ്ങനെ തന്നെയായിരുന്നു, അങ്ങനെതന്നെയാണ്, അങ്ങനെ തന്നെയായിരിക്കും!

നമ്മുടെ സഭയുടെ വിശുദ്ധ രക്തസാക്ഷികൾ എല്ലായ്‌പ്പോഴും അവരുടെ ജനങ്ങളോടൊപ്പം ഉണ്ടായിരിക്കും! മരണത്തിന് അധികാരമില്ലാത്ത,
ക്രിസ്തുവിന്റെ ശരീരമായി മരണത്തെയും ഉയിര്‍ത്തെഴുന്നേല്‍പ്പിനെയും അതിജീവിച്ച ഈ സഭയ്ക്കു ഉത്ഥിതനായ കർത്താവ് ദിനിപ്രോ നദിയിലെ ജലത്തിൽ സ്നാനം നൽകി.

അതിനുശേഷം, നമ്മുടെ ജനങ്ങളുടെയും സഭയുടെയും ചരിത്രവും അവരുടെ വിമോചന സമരങ്ങളുടെ ചരിത്രവും സുവിശേഷവത്കരണത്തിൻ്റെ ചരിത്രവും നമ്മുടെ സംസ്കാരത്തിലൂടെ പ്രകടമാകുന്ന അവന്റെ സത്യാത്മാവിന്റെ വെളിപ്പെടുത്തലുകളും എന്നും ഇഴചേർന്നു കിടക്കുന്നതാണ്. നാടകീയമായ ഈ നിമിഷത്തിൽ, നമ്മുടെ സഭ, ഒരു അമ്മയും അധ്യാപികയും എന്ന നിലയിൽ അവളുടെ മക്കളോടൊപ്പം ഉണ്ടായിരിക്കും, അവരെ സംരക്ഷിക്കുകയും ദൈവനാമത്തിൽ അവരെ ശുശ്രൂഷിക്കുകയും ചെയ്യും! ദൈവത്തിലാണ് നമ്മുടെ പ്രതീക്ഷ, നമ്മുടെ വിജയം അവനിൽ നിന്നാണ്!

ഇന്ന് നമ്മൾ ആഘോഷമായി പ്രഖ്യാപിക്കുന്നു: “നമ്മുടെ ആത്മാവും ശരീരവും നമ്മുടെ സ്വാതന്ത്ര്യത്തിനായി സമർപ്പണം ചെയ്യുന്നു! ഏകമനസ്സോടെ നമ്മൾ പ്രാർത്ഥിക്കുന്നു: “മഹോന്നതനും സർവ്വശക്തനുമായ കർത്താവേ, ഞങ്ങളുടെ പ്രിയപ്പെട്ട യുക്രെയ്നെ സംരക്ഷിക്കൂ!”

യുക്രെയ്ൻ ദേശത്തെ വിശുദ്ധരായ നീതിമാന്മാരേ, രക്തസാക്ഷികളെ, വന്ദകരേ, ദൈവമുമ്പാകെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുകയും മധ്യസ്ഥത വഹിക്കുകയും ചെയ്യണമേ

ദൈവത്തിന്റെ അനുഗ്രഹം നിങ്ങളുടെ മേൽ ഉണ്ടായിരിക്കട്ടെ!

~ സ്വിയാറ്റോസ്ലാവ് ~

കീവിലുള്ള ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ പാത്രിയാർക്കൽ കത്തീഡ്രലിൽ നിന്നു 2021 ഫെബ്രുവരി 24 നു നൽകപ്പെട്ടത്.

~ ഫാ. ജയ്സൺ കുന്നേൽ mcbs ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles