ദിവ്യകാരുണ്യ ശക്തിയാൽ ഒരു സൈന്യത്തെ കീഴടക്കിയ അസ്സീസിയിലെ വി. ക്ലാര

അസ്സീസിയിലെ ഒരു കുലീന കുടുംബത്തിൽ 1193 ൽ വി. ക്ലാര ജനിച്ചു. അവൾ ജനിക്കുന്നതിനു മുമ്പേ അവൾ ലോകത്തിൽ ദൈവത്തിന്റെ പ്രകാശമായിത്തീരും എന്ന ഒരു അടയാളം ക്ലാരയുടെ അമ്മയ്ക്കു ലഭിച്ചിരുന്നു. ചെറു പ്രായത്തിൽ തന്നെ ദൈവീക കാര്യങ്ങളോടുള്ള ഭക്തി, തീക്ഷ്ണമായ പ്രാർത്ഥന, ദിവ്യകാരുണ്യ ഭക്തി , പാവങ്ങളോടുള്ള അനുകമ്പ ഇവയിൽ ക്ലാര മുൻപന്തിയിലായിരുന്നു. ക്ലാരയ്ക്കു പന്ത്രണ്ടു വയസ്സായിരിക്കേ ഒരു നോമ്പുകാലത്തു വി. ഫ്രാൻസീസ് വഴിക്കവലയിൽ നിന്നു പ്രസംഗിക്കുന്നതു അവൾ കേട്ടു. ദൈവത്തിനായി സമർപ്പിക്കാൻ അന്നവൾ സ്വയം തീരുമാനിച്ചു . പിറ്റേ ദിവസം രാത്രി വി. ഫ്രാൻസീസിനേയും, അവന്റെ സഹോദരന്മാരെയും കാണാൻ അവർ താമസിച്ചിരുന്ന പള്ളിയിൽ ക്ലാര പോവുകയും ഫ്രാൻസിസിനെപ്പോലെ ക്രിസ്തുവിനെ അനുകരിക്കണമെന്നു ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ഫ്രാൻസിസ് അവളെ സ്വീകരിക്കും സഭാ വസ്ത്രം നൽകുകയും ,ഒരു ബനഡിക്ടൻ മഠത്തിലേക്കു പറഞ്ഞു വിടുകയും ചെയ്തു. അധികം വൈകാതെ അവളുടെ ഇളയ സഹോദരി ആഗ്നസും ക്ലാരയുടെ വഴി പിൻതുടർന്നു. വിട്ടു കാരിൽ നിന്നു ശക്തമായ എതിർപ്പുണ്ടായി. എങ്കിലും ഫ്രാൻസ്സിക്കൻ വഴിയിൽ നിന്നു ആർക്കും അവളെ പിൻതിരിപ്പിക്കാൻ കഴിഞ്ഞില്ല. ഇരുപത്തി രണ്ടാം വയസ്സിൽ ഫ്രാൻസിസ് ക്ലാരയെ ആശ്രമത്തിൻ്റെ സുപ്പീരിയറാക്കി. മരണം വരെ 42 വർഷം അവൾ ആശ്രമ ശ്രേഷ്ഠയായിരുന്നു.

അക്കാലത്തു വിപ്ലവകരമായ ജീവിതമാണ് ക്ലാരയും സഹോദരിമാരും നയിച്ചിരുന്നത്. പാദരക്ഷകൾ അണിയാതെ ,ഭിക്ഷ യാചിച്ചു, ചാക്കു വസ്ത്രം ധരിച്ച്, യാതൊന്നും സ്വന്തമക്കാതെ, ദൈവത്തിൽ മാത്രം ആശ്രയം വച്ചുള്ള ജീവിതം.ധാരാളം യുവതികൾ സർവ്വതു ഉപേക്ഷിച്ചു ക്ലാരയുടെ ദരിദ്ര കുപ്പായം അണിയാൻ സന്നദ്ധരായി. പാവപ്പെട്ട ക്ലാരമാർ എന്നറിയപ്പെട്ടിരുന്ന ക്ലാര സമുഹം ഇറ്റലിയിൽ മുഴുവനും പിന്നീട് ലോകം മുഴുവനും വളർന്നു.

ക്ലാരയുടെ വിശുദ്ധിയും മാതൃകാ ജീവിതവും മാർപാപ്പയുടെ കാതുകളിലുമെത്തി അതിനാലാണ് 1253 അവളുടെ മരണക്കിടയിൽ നാലാം അലക്സാണ്ടർ പാപ്പ നേരിട്ടു വരുകയും അവൾക്കു പാപമോചനം നൽകുകയും ചെയ്തത്. മരണ ദിവസം തന്നെ ക്ലാരയെ വിശുദ്ധയായി പ്രഖ്യാപിക്കാൻ തയ്യാറായതാണ് മാർപാപ്പ, കർദ്ദിനാളുമാരുടെ ഉപദേശം മൂലം രണ്ടു അതു രണ്ടു വർഷം താമസിച്ചു.

ക്ലാരയുടെ ജീവിതകാലത്തു സംഭവിച്ച പല അത്ഭുതങ്ങളും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ അവളുടെ ആശ്രമമായ സാൻ ഡാമിയാനോയും അസ്സീസി നഗരത്തെയും വിശുദ്ധ കുർബാനയാൽ രക്ഷിച്ച സംഭവം പ്രശസ്തമാണ്. തോമസോ ഡാ ചെലാനോ എഴുതിയ കന്യക വിശുദ്ധ ക്ലാരയുടെ ചരിത്രം എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.
രാജാവിൻ്റെ ഉത്തരവിനാൽ സറാസെൻ റെജിമെൻ്റസിലെ പടയാളികൾ സാൻ ഡാമിയാനോ (San Damiano ) ആശ്രമവും അസ്സീസി നഗരവും വളഞ്ഞു. പട്ടണത്തെ പിടിച്ചെടുക്കുക ആയിരുന്നു അവരുടെ ലക്ഷ്യം. അസ്സിസി നഗരത്തിൽ നിലയുറപ്പിച്ച ശത്രുസൈന്യം നഗരകവാടം ആക്രമിക്കുകയും ക്ലാരയും സഹോദരിമാരും വസിച്ചിരുന്ന സാൻ ഡാമിയാനോ ആശ്രമത്തിലേക്കു അതിക്രമിച്ചു കടന്നു. കന്യകമാർ താമസിക്കുന്ന ആവൃതിയിലും അവർ പ്രവേശിച്ചു. ഭയചകിതരായ സഹസന്യാസികൾ അലറിക്കരഞ്ഞുകൊണ്ടു ആശ്രമാധി പയായ ക്ലാരയുടെ സമീപത്തെത്തി.

“ധൈര്യശാലിയായ ക്ലാര ശത്രുക്കളുടെ മുമ്പിൽ അല്പം പോലും പതറാതെ വിശുദ്ധ കുർബാന അടക്കം ചെയ്തിരിക്കുന്ന പൂജ്യ സക്രാരിക്കു മുമ്പിലെത്തി. . വിശുദ്ധ കുർബാനയുടെ മുമ്പിൽ സാഷ്ടാംഗം പ്രണമിച്ച അവൾ നിറ കണ്ണുകളോടെ ഈശോയോടു ഇപ്രകാരം സംസാരിച്ചു. ” എൻ്റെ നാഥാ ഇതു കാണുക, എതിർക്കാൻ കഴിയാത്ത, ആരെയാണോ നിന്നോടുള്ള സ്നേഹത്തെ പ്രതി ഞാൻ പഠിപ്പിച്ചത് ആ പാവപ്പെട്ട ഈ ദാസികളെ വിജാതിയരുടെ കൈകളിൽ ഏൽപ്പിക്കുകയാണോ?
എൻ്റെ നാഥാ, എനിക്കു തന്നെ രക്ഷിക്കാൻ സാധിക്കാത്ത നിൻ്റെ ഈ ദാസികളെ സംരക്ഷിക്കണമേ.”പൊടുന്നനേ സക്രാരിയിൽ നിന്നു ഒരു ശിശുവിൻ്റേതുപോലുള്ള ഒരു ശബ്ദം അവളുടെ കാതുകളിൽ മന്ത്രിച്ചു.
“ഞാൻ നിങ്ങളെ എപ്പോഴും സംരക്ഷിക്കും.”
എൻ്റെ നാഥാ നീ തിരുമനസ്സാകുന്നുവെങ്കിൽ നിൻ്റെ സ്നേഹത്താൽ നിലനിൽക്കുന്ന ഈ നഗരത്തെയും സംരക്ഷിക്കണമേ ക്ലാര ഈശോയോടു പറഞ്ഞു. “നഗരം പലതരത്തിലുള്ള പ്രതിസന്ധികളിലുടെ കടന്നുപോകുവെങ്കിലും ഞാനതിനെ സംരക്ഷിക്കും” ഈശോ മറുപടി നൽകി.
വിശുദ്ധ കുർബാനയുടെ മുമ്പിൽ നിന്നു എണീറ്റ ക്ലാരയുടെ മുഖം കണ്ണീരിൽ കുതിർന്നിങ്കെലും സഹ സന്യാസിനിമാരെ ആശ്വസിപ്പിച്ചു കൊണ്ടു അവൾ പറഞ്ഞു: “പ്രിയ പുത്രിമാരെ ഞാൻ നിങ്ങൾക്കു ഉറപ്പു നൽകുന്നു നിങ്ങൾക്ക് ഒരിക്കലും തിന്മ വരുകയില്ല. യേശുവിൻ മാത്രം പ്രത്യാശ അർപ്പിക്കുക.”
വിശുദ്ധ കുർബാനയുടെ മുമ്പിൽ നിന്നു എണീറ്റ ക്ലാരയുടെ ധൈര്യം കണ്ട ശത്രു സൈന്യം അക്ഷരാർത്ഥത്തിൽ വിറങ്ങലിച്ചു. ആരോടാണോ ക്ലാര പ്രാർത്ഥിച്ചത് ആജീവനുള്ള ശക്തിക്കു മുമ്പിൽ അവർ കീഴടങ്ങി. വിശുദ്ധ കുർബാനയോടുള്ള ഭക്തി മരണം വരെ നിലനിർത്തിയ ക്ലാര മരണക്കിടയിൽ ഇപ്രകാരം പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നു.
“ക്രിസ്തീയ ആത്മാവേ ഭയം കൂടാതെ മുന്നോട്ടു പോവുക, കാരണം നിന്റെ യാത്രയ്ക്കു നല്ലൊരു വഴികാട്ടി നിനക്കുണ്ട്. ഭയം കൂടാതെ മുന്നോട്ടു പോവുക നിന്നെ സൃഷ്ടിച്ചവൻ നിന്നെ വിശുദ്ധീകരിക്കുകയും എപ്പോഴും നിന്നെ സംരക്ഷിക്കുകയും അമ്മയെപ്പോലെ നിന്നെ സ്നേഹിക്കുകയും ചെയ്യുന്നു.” വിശുദ്ധ കുർബാനയുടെ ശക്തി മനസ്സിലാക്കി ജീവിതത്തിൽ ധൈര്യശാലികളാകാം

~ ഫാ. ജയ്സൺ കുന്നേൽ mcbs ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles