നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 1/62

അദ്ധ്യായം 1
ജോസഫിന്റെ കുടുംബം, വംശം;
ജനനസമയത്തിനുമുമ്പു നടന്ന അത്ഭുതം
ദൈവമായ കര്‍ത്താവ് വിശുദ്ധ ജോസഫിനെ തന്റെ ഏകജാതന്റെ മാതാവായ പരിശുദ്ധ മറിയത്തിന്റെ ഭര്‍ത്താവായിരിക്കുവാന്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു. അതിനാല്‍, അവളുടെ നിരവധിയായ സവിശേഷതകള്‍; ജനനസ്ഥലം, വംശപരമ്പര എന്നിവയിലും, എല്ലാറ്റിലും ഉപരിയായി കൃപാവരങ്ങളുടെയും സുകൃതങ്ങളുടെയും നിറവിലും അവര്‍ തമ്മില്‍ സാമ്യവും സാദൃശ്യവുമുണ്ടായിരിക്കണമെന്ന് അവിടുന്ന് ആഗ്രഹിച്ചു. വിശുദ്ധ ജോസഫിന്റെ മനസ്സിനു രൂപം നല്കാന് അവിടുന്ന് ആഗ്രഹിച്ചപ്പോള്‍ ദൈവമാതാവിന്റെ ഉത്തമഭര്ത്താവാകാന് വേണ്ട എല്ലാ ഗുണഗണങ്ങളും മുന്‍കൂട്ടി കണ്ടിരുന്നു എന്നതാണ് സത്യം.
ജോസഫിന്റെ പിതാവിന്റെ പേര് ‘യാക്കോബ്’ എന്നും മാതാവിന്റെ പേര് ‘റാഹേല്‍’ എന്നും ആയിരുന്നു. യാക്കോബിന്റെ ജന്മദേശം നസ്രത്തും റാഹേലിന്റേത് ബെത്ലഹേമും ആയിരുന്നു. വിവാഹാനന്തരം അവര്‍ നസ്രത്തില്‍ താമസമാക്കി. ദാവീദിന്റെ വംശത്തിലും ഗോത്രത്തിലും പിറന്ന് അവര്‍ ഇരുവരും വിശുദ്ധജീവിതം നയിക്കുന്നതില്‍ ശ്രഷ്ഠരായിരുന്നു; കുലമഹിമകൊണ്ടെന്നപോലെതന്നെ സുകൃതങ്ങളുടെ കാര്യത്തിലും കുലീനരായിരുന്നു.
അവരുടെ ദാമ്പത്യജീവിതം ഒരു നിശ്ചിതകാലത്തേക്ക് വന്ധ്യമായിരിക്കണമെന്ന് സഷ്ടാവായ ദൈവം നിശ്ചയിച്ചിരുന്നു. എന്തെന്നാല്‍ ഭക്തിയിലും വിശ്വാസത്തിലും പ്രാര്‍ത്ഥിച്ച് ഒരുങ്ങിയശേഷം അനുഗൃഹീതനായ ഒരു പുത്രനെ അവര്‍ക്കു നല്‍കണമെന്ന് അവിടുന്ന് ആഗ്രഹിച്ചിരുന്നു. പുത്രസാഫല്യത്തിനായി അവര്‍ ജറുസലേം ദൈവാലയത്തില്‍ നിരവധി നേര്ച്ചകാഴ്ചകള് അര്‍പ്പിക്കുകയും ചെയ്തു. ദൈവത്തിന്റെ മുമ്പില്‍ എന്നപോലെ അവര്‍ ദരിദ്രര്‍ക്കും ഉദാരമായി ദാനധര്‍മ്മങ്ങള്‍ കൊടുത്തിരുന്നു. ഒരു കുഞ്ഞിനെ ദൈവം കനിഞ്ഞനുഗ്രഹിച്ചു നല്‍കുന്നതിന് അവര്‍ അനേകം തവണ ജറുസലേം ദൈവാലയത്തില്‍ തീര്‍ത്ഥാടനം നടത്തി. ഏറെ താമസിയാതെ കര്‍ത്താവ് അവരുടെ കണ്ണീരിനും യാചനയ്ക്കും ഉത്തരമരുളിക്കൊണ്ട് സമാശ്വാസം പ്രദാനം ചെയ്തു.
അവരുടെ തീര്ത്ഥാടനവേളയിലോരിക്കല് ദേവാലയത്തില്‍ കണ്ണീരോടെ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ജോസഫിന്റെ മാതാവിന് വളരെ ശക്തമായ ഒരു ആന്തരികപ്രചോദനം ഉണ്ടായി. ദൈവം അവരുടെ യാചന ശ്രവിച്ചിരിക്കുന്നുവെന്നും അവള്‍ക്ക് സമാശ്വാസം പ്രാധാനം ചെയ്തിരിക്കുന്നുവെന്നും ശക്തവും വ്യക്തവുമായ ഒരു ബോധ്യം ഉളവായി. അത് ദൈവത്തിന്റെ ഇടപെടലായിരുന്നു എന്ന് പിന്നീടു തിരിച്ചറിഞ്ഞു. നസ്രതില് തിരിച്ചെത്തി താമസിയാതെ തന്നെ അവള് ജോസഫിനെ ഗര്‍ഭം ധരിച്ചു. ആ സമയത്ത് വസതിയുടെ നേരെ മുകളില്‍ അസാധാരണ ശോഭയില്‍ വെട്ടത്തില്‍ മൂന്ന് നക്ഷത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു. പ്രകാശധോരണിയില് ഒന്ന് മറ്റൊന്നിനെ അതിശയിക്കും വിധം വളരെ വിസ്മയജനകമായിരുന്നു ആ കാഴ്ച. ജനിക്കാന്‍ പോകുന്ന ശിശു (ജോസഫ്) ഭൂമിയില്‍ പരിശുദ്ധ ത്രീത്വത്തിന്റെ മഹത്വം സ്ഥാപിക്കാന്‍ നിശ്ചയിക്കപ്പെട്ടവനും തിരുക്കുടുമ്പത്തിന്റെ തലവനാകാന്‍ തെരഞ്ഞെടുക്കപ്പെട്ടവനാണെന്നതിന്റെ മഹത്തായ വെളിപ്പെടുത്തലായിരുന്നു അത്. എങ്കിലും കുട്ടിയെ സംബന്ധിച്ച് സവിശേഷമായ നിയോഗങ്ങള്‍ മറ്റുള്ളവരില്‍ നിന്നും രഹസ്യമായി സൂക്ഷിക്കേണ്ടത്തിനാല് ദൈവം തന്റെ പദ്ധതികള്‍ രഹസ്യമാക്കിവച്ചു.
ശിശു അമ്മയുടെ ഉദരത്തില്‍ അവളുടെ ഹൃദയത്തിനു തൊട്ടു കീഴെ വളര്‍ന്നുവരികയാണ്; അത് അവളില്‍ വലിയ സമാശ്വാസമാണ് ഉളവാക്കിയത്. അവള് പൂര്‍വ്വാധികം ശക്തിയോടെ സുകൃതങ്ങള്‍ അഭ്യസിക്കുകയും സല്കൃത്യങ്ങള് പ്രവര്‍ത്തിക്കുകയും ചെയ്തു. ജോസഫിന് ശാരീരികപോഷണം മാത്രമല്ല, അമ്മയുടെ സുകൃതങ്ങള്വഴിയുള്ള ആത്മീയനിറവും ലഭിച്ചുകൊണ്ടിരുന്നു. മാതാപിതാക്കളുടെ ആനന്ദം വീണ്ടും വര്‍ദ്ധിക്കാന്‍ കാരണമായ ഒരു സംഭവമുണ്ടായി; ഒരു ദിവസം ദൈവത്തിന്റെ മാലാഖ പ്രത്യക്ഷപ്പെട്ട് ജനിക്കാനിരിക്കുന്ന ശിശുവിനെ സംബന്ധിച്ച ചില വിശുദ്ധ രഹസ്യങ്ങള്‍ അവര്‍ക്കു വെളിപ്പെടുത്തി. അവര്‍ ഇരുവരോടും സ്വപ്നത്തിലാണ് മാലാഖ സംസാരിച്ചത്. അമ്മയ്ക്ക് നല്കിയ വെളിപ്പെടുത്തലില്‍, അവളുടെ ഹൃദയത്തിനു തൊട്ടുതാഴെ കഴിയുന്ന ശിശു വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന മിശിഹായെ കാണുവാനും അവനോടോത്ത് ജീവിക്കാനുള്ള ഭാഗ്യം സിദ്ധിച്ചവനാണ് എന്നാണ്. അവനെ നിതാന്ത ശ്രദ്ധയോടും ദീര്‍ഘവീക്ഷണത്തോടുംകൂടി വളര്‍ത്തുവാനുള്ള ഉത്തരവാദിത്വമാണ് ദൈവം അവരുടെമേല്‍ വെച്ചിരിക്കുന്നത്. അവള് അവനെ ”ജോസഫ്” എന്ന് വിളിക്കണം. ദൈവത്തിന്റെ മുമ്പില്‍ അവന് ഒരു മഹദ്വ്യക്തിയായിരിക്കും. ഇതാണ് ജോസഫിന്റെ മാതാവിന് മാലാഖ വെളിപ്പെടുത്തിയത്.
ജോസഫിന്റെ പിതാവിനും ഒരേ സന്ദേശംതന്നെയാണ് മാലാഖ വെളിപ്പെടുത്തിയത്. എന്നാല്‍, അവന്റെ അപ്പനും അമ്മയ്ക്കും ”രാജകീയമായ ഈ രഹസ്യം മറ്റാരോടും അവരുടെ ശിശുവിനോടുപോലും പറയാന്‍ അനുവാദം ഉണ്ടായിരുന്നില്ല. അവരുടെ ആത്മീയോല്‍ക്കര്‍ഷത്തിനും സമാശ്വാസത്തിനും അവര്‍ക്കു തമ്മില്‍ത്തമ്മില്‍ അക്കാര്യം ചര്‍ച്ച ചെയ്യാന്‍ അനുവാദമുണ്ടായിരുന്നു. തങ്ങളെ ഭരമേല്പിച്ചിരിക്കുന്ന കര്‍ത്തവ്യങ്ങള്‍ അതിന്റെ പൂര്‍ണ്ണതയിലും ഐക്യത്തിലും നിര്വ്വഹിക്കുന്നതിനുവേണ്ടിയായിരുന്നു അത്. വിശുദ്ധ ലിഖിതങ്ങളില്‍ നിഷ്കര്‍ഷിക്കുന്നതുപോലെ അവര്‍ കുട്ടിയെ വളര്‍ത്തുകയും പരിശീലിപ്പിക്കുകയും ചെയ്യേണ്ടിയിരുന്നു.
അതീവരഹസ്യമായി അവര്‍ക്കു ലഭിച്ച സ്വപ്നത്തിലെ സന്ദേശത്തില്‍ കുട്ടിയുടെ മാതാപിതാക്കന്മാര് അതിയായി ആനന്ദിച്ചു. സ്വപ്നത്തെക്കുറിച്ച് അവര്‍ പരസ്പരം സംസാരിച്ചപ്പോള്‍ ഇരുവര്‍ക്കും ഒരേ ദര്‍ശനംതന്നെയാണ് ലഭിച്ചതെന്ന് മനസ്സിലായി. തങ്ങളെ സമൃദ്ധമായി അനുഗ്രഹിച്ച കര്‍ത്താവിനെ അവര്‍ അകമഴിഞ്ഞു സ്തുതിക്കുകയും നന്ദി പറയുകയും ചെയ്തു. ആത്മീയമായി ഉണര്‍ന്ന് ധീരമായി സല്കൃത്യങ്ങള് ചെയ്യുവാന്‍ അത് അവര്‍ക്ക് പ്രചോദനം നല്‍കുകയും ചെയ്തു. വളരെ വിവേകത്തോടും ജ്ഞാനത്തോടുംകൂടി അവര്‍ തങ്ങള്‍ക്കു ലഭിച്ച സന്ദേശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയും മാലാഖ പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ വീഴ്ചവരുത്താതെ നിറവേറ്റുകയും ചെയ്തുപോന്നു.
ജോസഫിന്റെ അനുഗൃഹീതയായ മാതാവ് പ്രാര്‍ത്ഥനയിലും ഉപവാസത്തിലും ദൈവത്തെ സ്തുതിച്ചും സമയം ചെലവഴിക്കുകയും ഭാഗ്യവാനായ കുഞ്ഞിനെ ഗര്‍ഭം ധരിക്കുവാന്‍ തന്നെ തിരഞ്ഞെടുത്തതിനെപ്രതി നിരന്തരം കര്‍ത്താവിനു നന്ദി പറയുകയും ചെയ്തുകൊണ്ടിരുന്നു. ദാനധര്‍മ്മങ്ങളിലും അവള് കൈയയച്ചു സഹായം ചെയ്തു കര്‍ത്താവിനെ പ്രസാദിപ്പിച്ചുപോന്നു. ദൈവം വാഗ്ദാനം ചെയ്ത സൗഭാഗ്യം നിറവേറുന്നതുവരെ അവളെ സുരക്ഷിതമായി കാത്തുപാലിക്കണമെന്നും ആ സൗഭാഗ്യദിനം കാണുവാന്‍ വിശുദ്ധ സ്വര്‍ഗ്ഗത്തില്‍നിന്ന് അവളെ കടാക്ഷിക്കണമെന്നും നിര്ഭാഗ്യവതികളായ അമ്മമാരുടെ അനുഭവം പോലെ കണ്ണീരിലും വിലാപത്തിലും ആ ദിനം അവസാനിക്കാന്‍ ഇടയാക്കരുതേ എന്നും നിരന്തരം അവള് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. അവളുടെ ഓരോ യാചനകളുടെയും പ്രാര്‍ത്ഥനകളുടെയും അവസാനം വലിയ സാന്ത്വനവും സമാധാനവുമാണ് അനുഭവപ്പെട്ടിരുന്നത്. എന്തെന്നാല്‍, അവളുടെ ഓരോ വാക്കിനും ദൈവം പ്രത്യുത്തരം നല്‍കിയിരുന്നു. ദൈവത്തിന്റെ കാരുണ്യത്തിനും ഔദാര്യത്തിനും അവള് നന്ദി പറഞ്ഞു.
ജോസഫിന്റെ പിതാവും അതേ അരൂപിയില്ത്തന്നെയാണ് നയിക്കപ്പെട്ടിരുന്നത്. തന്റെ ഭാര്യയ്ക്കു ലഭിച്ച കൃപയെപ്രതി അദ്ദേഹം വലിയ സന്തോഷവാനായിരുന്നു; ഹൃദയം നിറഞ്ഞ ആനന്ദത്തിലും ആത്മാവിന്റെ പ്രകാശത്തിലും അവള് തന്റെ കുഞ്ഞിനെ ഉദരത്തില്‍ വഹിക്കുന്നതിനെയോര്ത്ത് അവന് തന്റെ ഭാര്യയോടു ചേര്‍ന്നു കര്‍ത്താവിനു നന്ദി പറഞ്ഞു.
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.
(തുടരും)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.