ഈശോയുടെ രൂപത്തില്‍ വരുന്നത് ഭൂതമാണോ എന്നു വരെ സംശയിക്കുന്ന ഫൗസ്റ്റീന

നാവിന്റെ ദുരുപയോഗത്തെ കുറിച്ചും പരദൂഷണം കൊണ്ടുണ്ടാകുന്ന ദോഷങ്ങളെ കുറിച്ചുമാണ് ഫൗസ്റ്റീന കഴിഞ്ഞ ലക്കത്തില്‍ പറഞ്ഞത്. ഈ ലക്കത്തില്‍ തനിക്ക് പ്രത്യക്ഷപ്പെടുന്ന യേശു ഭൂതമാണോ എന്ന് സംശയിക്കുന്ന വിധത്തില്‍ സഹനത്തിലൂടെ കടന്നു പോകുന്ന ഫൗസ്റ്റീനയെയാണ് നാം കാണുന്നത്. തുടര്‍ന്ന് വായിക്കുക.
.
ഖണ്ഡിക – 122
അധികാരികളോടു തുറന്നു സംസാരിച്ചപ്പോൾ, അവരിൽ ഒരാൾ (മദർ മൈക്കിളോ, മദർ മേരി ജോസഫോ ആകാം) എന്റെ ആത്മാവിനെയും ദൈവം എനിക്കൊരുക്കിയിരിക്കുന്ന വഴികളെയും മനസ്സിലാക്കി. അവരുടെ ഉപദേശം അനുവർത്തിച്ചപ്പോൾ പൂർണ്ണതയിലേക്കു ഞാൻ വേഗം മുന്നേറി. എന്നാൽ, ഇത് അധികനാൾ നീണ്ടുനിന്നില്ല. കൂടുതൽ ആഴത്തിൽ തുറന്നു സംസാരിച്ചപ്പോൾ, ഞാൻ പ്രതീക്ഷിച്ച പ്രതികരണം ലഭിച്ചില്ല. (ഞാനുമായി ബന്ധപ്പെട്ട) ഈ കൃപകൾ അസംഭവ്യങ്ങളാണെന്ന് അധികാരികൾക്കു തോന്നിയതിനാൽ, അവരിൽനിന്നു കൂടുതൽ സഹായം ലഭിച്ചില്ല. ദൈവം ഇപ്രകാരം തന്റെ സൃഷ്ടികളുമായി ബന്ധപ്പെടാൻ സാധ്യതയില്ലെന്ന് അവർ എന്നോടു പറഞ്ഞു: “സഹോദരീ! ഇത് ഒരുതരം മായാദർശനമാണെന്നു ഞാൻ ഭയപ്പെടുന്നു. ഒരു വൈദികന്റെ ഉപദേശം ആരായുകയാണ് ഉചിതമെന്നു തോന്നുന്നു.” എന്നാൽ, കുമ്പസാരക്കാരന് എന്നെ മനസ്സിലാക്കാൻ സാധിച്ചില്ല. അദ്ദേഹം പറഞ്ഞു: “സഹോദരീ, പോയി ഇക്കാര്യങ്ങളെക്കുറിച്ച് അധികാരികളോടു സംസാരിക്കുക.”
അങ്ങനെ ഞാൻ അധികാരികളുടെ അടുത്തുനിന്നു കുമ്പസാരക്കാരന്റെ സമീപത്തേക്കും, അവിടെനിന്നു തിരിച്ച് അധികാരികളുടെ അടുത്തേക്കും അയയ്ക്കപ്പെട്ടു, ഒരാശ്വാസവും എനിക്കു ലഭിച്ചില്ല. ഈ ദൈവികകൃപകൾ എനിക്കു വലിയ സഹനമായി മാറി. ഒന്നിലധികം തവണ ഞാൻ കർത്താവിനോടു നേരിട്ട് ഇങ്ങനെ പറഞ്ഞു, “ഈശോയേ, എനിക്ക് അങ്ങയെ ഭയമാണ്; അതൊരു ഭൂതമാണോ?” ഈശോ എപ്പോഴും എന്നെ ധൈര്യപ്പെടുത്തിയിരുന്നു, എങ്കിലും എനിക്കു വിശ്വാസം തോന്നിയില്ല. ഞാൻ എത്രമാത്രം വിശ്വസിക്കാതിരുന്നുവോ, അത്രയ്ക്കധികമായി ഇതെല്ലാം ദൈവത്തിൽനിന്നു വരുന്നുവെന്നതിനു തെളിവുകൾ ഈശോ തന്നുകൊണ്ടിരുന്നു എന്നതു വളരെ വിസ്മയകരമാണ്.
ഖണ്ഡിക – 123
അധികാരികളിൽനിന്ന് ആശ്വാസം ലഭിക്കുന്നില്ലെന്ന് ഞാനറിഞ്ഞപ്പോൾ മുതൽ, ആന്തരികമായ കാര്യങ്ങളെക്കുറിച്ച് (അവരോട്) ഒന്നും സംസാരിക്കേണ്ടെന്നു ഞാൻ തീരുമാനിച്ചു. പുറമെ ഒരു നല്ല കന്യാസ്ത്രീയെപ്പോലെ എല്ലാക്കാര്യങ്ങളും എന്റെ അധികാരികളോടു പറഞ്ഞിരുന്നു, എന്നാൽ എന്റെ ആത്മീയ കാര്യങ്ങൾ കുമ്പസാരത്തിൽ മാത്രം ഞാൻ പങ്കുവച്ചു. പലകാരണങ്ങളാൽ ഒരു സ്ത്രീ ഇപ്രകാരമുള്ള രഹസ്യങ്ങൾ വിവേചിച്ചറിയാൻ വിളിക്കപ്പെട്ടിട്ടില്ല എന്നു ഞാൻ മനസ്സിലാക്കി. അങ്ങനെ ചെയ്തതുവഴി അനാവശ്യമായ സഹനത്തിന് ഞാൻ എന്നെത്തന്നെ വിട്ടുകൊടുത്തു.
വളരെനാളത്തേക്ക് ദുരാത്മാവു ബാധിച്ച ഒരു വ്യക്തിയായി എന്നെ പരിഗണിച്ച്, സഹതാപപൂർവ്വം കണ്ട് എന്നെക്കുറിച്ച് പല മുൻകരുതലുകളും എടുത്തു. സിസ്റ്റേഴ്സും എന്നെ ഇപ്രകാരമാണു വീക്ഷിക്കുന്നതെന്ന വിവരം എന്റെ ചെവിയിലുമെത്തി. എന്റെ ചുറ്റും ആകാശം അന്ധകാരാവൃതമായി. ഈ ദൈവകൃപകളെ ഞാൻ ഒഴിവാക്കാൻ തുടങ്ങി. എന്നാൽ, അങ്ങനെ ചെയ്യുക എന്റെ കഴിവിന് അപ്പുറമായിരുന്നു. ഇപ്രകാരമുള്ള ചിന്തയിൽ ഞാൻമുഴുകുമ്പോൾ, പെട്ടെന്ന് ബലമായി ദൈവത്തിൽ ഞാൻ നിമഗ്നമാക്കപ്പെടും. കർത്താവ് പൂർണമായും അവിടുത്തെ ആശയത്തിൽ എന്നെ സംരക്ഷിച്ചു.
ഖണ്ഡിക – 124
ആദ്യകാലങ്ങളിൽ എപ്പോഴും എന്റെ ആത്മാവ് അല്പം ഭയപ്പെട്ടിരുന്നു; എന്നാൽ, പിന്നീട് ഒരു പ്രത്യേക സമാധാനവും ശക്തിയും എനിക്കു കൈവന്നു.
ഖണ്ഡിക – 125
ഇതു വരെയുള്ളതെല്ലാം സഹനീയമായിരുന്നു. എന്നാൽ, കർത്താവ് ആ ഛായാചിത്രം വരയ്ക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ, അവർ എന്നെപ്പറ്റി പരസ്യമായി സംസാരിക്കാൻ തുടങ്ങി. എനിക്ക് ഉന്മാദമാണെന്നും ഞാനൊരു മായാദർശനക്കാരിയാണെന്നും മറ്റുമുള്ള ശ്രുതി ഉറക്കെ കേട്ടുതുടങ്ങി. ഒരു സിസ്റ്റർ ആത്മാർത്ഥമായി എന്നോടു സംസാരിച്ചു. സഹതാപപൂർവ്വം അവൾ പറഞ്ഞു, “സഹോദരീ, നിനക്കു ദർശനങ്ങൾ ലഭിക്കുന്നുണ്ടെന്നും, നീ ഒരു മായാദർശനക്കാരിയാണെന്നും അവർ പറയുന്നതു ഞാൻ കേട്ടു. എന്റെ സഹോദരീ, ഇക്കാര്യത്തിൽ നീ എതിർത്തു നിൽക്കുക.” അവൾ ഒരു ആത്മാർത്ഥതയുള്ള ആത്മാവായതിനാൽ അവൾ കേട്ട കാര്യം ആത്മാർത്ഥമായി എന്നോടു പറഞ്ഞതാണ്. എന്നാൽ എല്ലാദിവസവും ഇപ്രകാരമുള്ള കാര്യങ്ങൾ ഞാൻ കേൾക്കേണ്ടിവന്നു. അത് എത്രമാത്രം ബുദ്ധിമുട്ടിപ്പിക്കുന്നതായിരുന്നുവെന്നു ദൈവം മാത്രം അറിയുന്നു.
നമുക്കു പ്രാര്‍ത്ഥിക്കാം
ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)
വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ
(തുടരും)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.
