പരിശുദ്ധ അമ്മയും സഭയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പറയുന്നതെന്ത്?
അധ്യായം എട്ട്
ദൈവമാതാവായ ഭാഗ്യപ്പെട്ട കന്യകാമറിയം മിശിഹാരഹസ്യത്തിലും സഭാരഹസ്യത്തിലും
52
ആമുഖം
കരുണാപൂർണനും അനന്തജ്ഞാനിയുമായ ദൈവം ലോകരക്ഷ പൂർത്തിയാക്കാൻ ഇച്ഛിച്ചുകൊണ്ട് “കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്റെ പുത്രനെ അയച്ചു. അവൻ നിയമത്തിന് അധീനനായ സ്ത്രീയിൽ നിന്നു ജനിച്ചു… അങ്ങനെ നമ്മെ പുത്രന്മാരായി ദത്തെടുക്കേണ്ടതിന്” (ഗലാ 4:4,5). “അവൻ മനുഷ്യരായ നമുക്കുവേണ്ടിയും നമ്മുടെ
രക്ഷയ്ക്കുവേണ്ടിയും സ്വർഗത്തിൽനിന്നിറങ്ങി പരിശുദ്ധാത്മാവാൽ കന്യകാമറിയത്തിൽ
നിന്നു ശരീരമെടുത്തു.” രക്ഷയുടെ ഈ ദിവ്യരഹസ്യം നമുക്കു വെളിപ്പെടുത്താൻ വേണ്ടിയും കർത്താവ് തന്റെ ശരീരമായി സ്ഥാപിച്ചതും വിശ്വാസികൾ ശിരസ്സായ മിശിഹായോട് ഒട്ടിച്ചേർന്ന് അവിടത്തെ സകല വിശുദ്ധരോടും സംസർഗം പുലർത്തുന്നതുമായ തിരുസഭയിൽ അതു തുടരാൻവേണ്ടിയും “സർവോപരി നിത്യകന്യകയും ദൈവമാതാവും നമ്മുടെ കർത്താവീശോമിശിഹായുടെ അമ്മയുമായ” മറിയത്തിന്റെ ഓർമ വണങ്ങുന്നത് അവശ്യാവശ്യകമാണ്.
53
മറിയവും സഭയും
മാലാഖ സന്ദേശം നല്കിയപ്പോൾ ഹൃദയത്തിലും ശരീരത്തിലും ദൈവവചനം സ്വീകരിക്കുകയും ദൈവികജീവൻ ലോകത്തിൽ സംവഹിക്കുകയും ചെയ്ത കന്യകാമറിയം യഥാർത്ഥത്തിൽ ദൈവത്തിന്റെയും രക്ഷകന്റെയും മാതാവായി അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നു. തന്റെ പുത്രന്റെ യോഗ്യതകൾ പരിഗണിച്ച് സവിശേഷമായ രീതിയിൽ അവൾ രക്ഷിക്കപ്പെടുകയും അവിടത്തോടു ഗാഢവും അവിഭാജ്യവുമായ ബന്ധത്താൽ സംയോജിപ്പിക്കപ്പെടുകയും തദനുസൃതമായി സമ്പന്നയാക്കപ്പെടുകയും ചെയ്തിരിക്കുന്നു. അതിനാൽത്തന്നെ, പിതാവിന്റെ വത്സലപുത്രിയും പരിശുദ്ധാത്മാവിന്റെ പൂജ്യപേടകവും എന്ന നിലയ്ക്ക് അതിവിശിഷ്ടമായ പ്രസാദവരദാനത്താൽ മറ്റെല്ലാ ഭൗമിക, സ്വർഗീയസൃഷ്ടികളെയും അവൾ ബഹുദൂരം അതിശയിക്കുന്നു. അതോടൊപ്പം, രക്ഷിക്കപ്പെടേണ്ട മറ്റെല്ലാ മനുഷ്യരോടുമൊത്ത് ആദാമിന്റെ സന്തതിപരമ്പരയോടു ചേർന്നവളായും കാണപ്പെടുന്നു: “അതേ, (മിശിഹായുടെ) അവയവങ്ങളുടെ അമ്മ. കാരണം, സഭയിൽ, സഭയുടെ ശിരസ്സിന്റെ അവയവങ്ങളായ വിശ്വാസികൾ ജന്മംകൊള്ളുന്നതിന് സ്നേഹത്തിൽ അവൾ സഹകരിക്കുന്നു.” തന്നിമിത്തം, അതിവിശിഷ്ടയും സർവഥാ, അനന്വോത്കൃഷ്ടയുമായ സഭാംഗവും വിശ്വാസത്തിലും സ്നേഹത്തിലും സഭയുടെ പ്രതിരൂപവും അതിവിശിഷ്ടമാതൃകയുമായി പരിശുദ്ധാത്മാവാൽ പ്രബോധിപ്പിക്കപ്പെടുന്ന കത്തോലിക്കാസഭ അവളെ ആദരിക്കുകയും പുത്രിക്കുചേർന്ന ഭക്തിനിറഞ്ഞ സ്നേഹത്തോടെ വത്സലമാതാവിനെയെന്നപോലെ അവളെ ബഹുമാനിക്കുകയും ചെയ്യുന്നു.
54
കൗൺസിലിന്റെ ഉദ്ദേശ്യം
അതുകൊണ്ട് ഈ പരിശുദ്ധ സൂനഹദോസ്, ദിവ്യരക്ഷകൻ തന്റെ രക്ഷാകർമം നിർവഹിക്കുന്ന സഭയെക്കുറിച്ചുള്ള പ്രബോധനം വിശദീകരിക്കുന്നതോടെ മനുഷ്യാവതാരം ചെയ്ത വചനത്തിന്റെയും ഭൗതികശരീരത്തിന്റെയും രഹസ്യത്തിൽ ഭാഗ്യവതിയായ പരിശുദ്ധ കന്യകയുടെ സ്ഥാനവും മിശിഹായുടെ അമ്മയും മനുഷ്യരുടെ പ്രത്യേകിച്ച് വിശ്വാസികളുടെ അമ്മയുമായ ദൈവമാതാവിനോട് രക്ഷിതരായവരുടെ കടമയും വ്യക്തമായി വിശദീകരിക്കാൻ ആഗ്രഹിക്കുന്നു. എന്നാലും മറിയത്തെക്കുറിച്ചുള്ള സമ്പൂർണമായ പ്രബോധനം അവതരിപ്പിക്കാനോ ദൈവശാസ്ത്രജ്ഞരുടെ ജോലിവഴി ഇതുവരെ പൂർണമായി വിശദീകരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ അപഗ്രഥിക്കാനോ ആഗ്രഹിക്കുന്നില്ല, അതുകൊണ്ട്, വിശുദ്ധസഭയിൽ മിശിഹാ കഴിഞ്ഞാൽ സർവോന്നതസ്ഥാനം അലങ്കരിക്കുന്നവളും നമുക്ക് ഏറ്റവും സമീപസ്ഥയുമായ അവളെപ്പറ്റി വിവിധ കത്തോലിക്കാ പഠന കേന്ദ്രങ്ങൾ സ്വതന്ത്രമായി മുന്നോട്ടുവയ്ക്കുന്ന അഭിപ്രായങ്ങൾ അതതു വിഷയങ്ങളിൽ വച്ചുപുലർത്താവുന്നതാണ്.
(തുടരും)

