പേപ്പസിയുടെ ആറ് വർഷം; ലോകം ശ്രദ്ധിച്ച ഏഴ് നടപടികൾ

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പയെ ലോകത്തിന് പ്രിയങ്കരനാക്കിയത് അദ്ദേഹം സ്വീകരിച്ച സമാനകളില്ലാത്ത നിലപാടുകളാണ്. ഒന്നും രണ്ടുമല്ല, നിരവധി ഉദാഹരണങ്ങൾ അക്കൂട്ടത്തിലുണ്ട്. പേപ്പസിയുടെ ഏഴാം വർഷത്തിലേക്ക് ഫ്രാൻസിസ് പാപ്പ പ്രവേശിക്കുമ്പോൾ, അതിൽനിന്ന് വളരേയേറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ ഏഴു പേപ്പൽ നടപടികൾ അടുത്തറിയാം.
നടപടി ഒന്ന്: കൊട്ടാരം വേണ്ട, ‘മൊബീലും’
പ്രാർത്ഥനയഭ്യർത്ഥിച്ച് വിശ്വാസികൾക്കുമുമ്പിൽ തലകുനിച്ചപ്പോൾമാത്രമല്ല, ഫ്രാൻസിസ് പാപ്പ കൈക്കൊണ്ട ആദ്യ തീരുമാനമറിഞ്ഞപ്പോഴും ലോകം അമ്പരന്നു: പാപ്പയ്ക്ക് താമസിക്കാൻ വത്തിക്കാൻ കൊട്ടാരം വേണ്ട; പൊതുദർശനവേളയിൽ സഞ്ചരിക്കാൻ വെടിയുണ്ടയെ തോൽപ്പിക്കുന്ന പാപ്പ മൊബീലും ആവശ്യമില്ല. ഫ്രാൻസിസ് പാപ്പയെ ലോകം മുഴുവൻ ശ്രദ്ധിക്കാനുള്ള കാരണങ്ങളിലൊന്നായാണ് ഇതിനെ മാധ്യമങ്ങൾ നിരീക്ഷിക്കുന്നത്. ബുള്ളറ്റ് പ്രൂഫ് പാപ്പാ മൊബീൽ ഉപയോഗത്തിന് അധികം പഴക്കമില്ലെങ്കിലും വത്തിക്കാൻ കൊട്ടാരം വസതിയായി ഉപയോഗിക്കുന്ന പേപ്പൽ പാരമ്പര്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
വത്തിക്കാൻ കൊട്ടാരത്തിന് ഒരു വിളിപ്പാടകലെ സ്ഥിതിചെയ്യുന്ന വത്തിക്കാനിലെ അതിഥിമന്ദിരമായ സാന്താ മാർത്താഭവനത്തിലാണ് ഫ്രാൻസിസ് പാപ്പയുടെ താമസം. പൊതുസന്ദർശനം തുറന്ന ജീപ്പിലും. 1981ൽ അലി ആഗ്ക നടത്തിയ കൊലപാതകശ്രമംവരെ ജോൺപോൾ രണ്ടാമൻ പാപ്പയുെ തുറന്ന ജീപ്പാണ് ഉപയോഗിച്ചിരുന്നത്. വിശ്വാസി- പാപ്പ അടുപ്പത്തിന് തടസമായിരുന്ന ചില്ലുകൂടിന്റെ കനം വേണ്ടന്നുവെച്ച പാപ്പാ നടപടിയിലൂടെ പാപ്പയിലേക്ക് ജനം കൂടുതൽ അടുത്തു.
അഞ്ചുനില സാന്താമാർത്ത മന്ദിരമാണു വത്തിക്കാനിലെ അതിഥിമന്ദിരം. രണ്ടു മുറികളുള്ള 105 സ്യൂട്ടുകളും 26 സിംഗിൾ റൂമുകളുമാണ് ഇവിടെയുള്ളത്. പകുതിയോളം മുറികളിൽ സ്ഥിരം താമസക്കാരാണ്. സിറ്റിംഗ് റൂം, കിടപ്പുമുറി, ബാത്ത് റൂം തുടങ്ങിയ സൗകര്യങ്ങളാണ് സ്യൂട്ടുകളിലുള്ളത്. ടെലിഫോൺ, ഇന്റർനെറ്റ്, ടിവി എന്നിവയുമുണ്ട്. യോഗം ചേരുന്നതിനു വിശാലമായ ഹാൾ, പൊതു ഭോജനശാല, ചാപ്പലുകൾ എന്നിവയും മന്ദിരത്തിന്റെ സവിശേഷതയാണ്.
നടപടി രണ്ട്: ’12 ശിഷ്യ’രിൽ വനിതകളും
പെസഹാ ആചരണവുമായി ബന്ധപ്പെട്ട കാലുകഴുകൾ ശുശ്രൂഷയായിരുന്നു മാധ്യമങ്ങൾ ചർച്ചചെയ്ത ഫ്രാൻസിസ് പാപ്പയുടെ മറ്റൊരു പൊതുപരിപാടി. വത്തിക്കാനിലെ പരമ്പരാഗതമായ ആചാരങ്ങളെ മറികടന്നായിരുന്നു, പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടശേഷമുള്ള ആദ്യത്തെ പെസഹാ ആചരണമധ്യേ അദ്ദേഹം കാർമികത്വം വഹിച്ച കാലുകഴുകൽ ശുശ്രൂഷകൾ.
കാലുകഴുകൾ ശുശ്രൂഷയ്ക്ക് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്കുപകരം റോമിലെ കാസൽ മർമോ ദുർഗുണ പരിഹാര പാ~ശാല പാപ്പ തിരഞ്ഞെടുത്തു എന്നതുമാത്രമല്ല, കാലുകഴുകാൻ തിരഞ്ഞെടുത്ത 12 പേരിൽ രണ്ടു വനിതകൾ ഉൾപ്പെട്ടു എന്നതും ശ്രദ്ധേയമായി. പതിനാലിനും 21നുംമധ്യേ പ്രായമുള്ളവരുടെ കാലുകളാണ് പാപ്പ കഴുകുകയും ചുംബിക്കുകയും ചെയ്തത്. സ്ത്രീകളിൽ ഒരാൾ സെർബിയൻ മുസ്ലീം തടവുകാരിയും മറ്റൊരാൾ ഇറ്റാലിയൻ കത്തോലിക്കാ യുവതിയുമായിരുന്നു.
റോമൻ കത്തോലിക്കാസഭയുടെ ചരിത്രത്തിൽ ആദ്യത്തെ സംഭവമായിരുന്നു ഇത്. 12 ശിഷ്യൻമാർക്ക് ക്രിസ്തു കാലുകഴുകി കൊടുത്തതിന്റെ സ്മരണയ്ക്കാണ് ഈ ചടങ്ങ് നടത്തുന്നത്. ശിഷ്യഗണത്തിൽ സ്ത്രീകൾ ഇല്ലാതിരുന്നതിനാൽ ഇവരെ ഉൾപ്പെടുത്തുക പതിവില്ലായിരുന്നു. ഇതിനാണ് ഫ്രാൻസിസ് പാപ്പ മാറ്റം വരുത്തിയത്. അർജന്റീനയിലെ ബുവനസ് ഐരിസിൽ ആർച്ച്ബിഷപ്പായിരിക്കുമ്പോഴും പെസഹാശുശ്രൂഷയ്ക്ക് അദ്ദേഹം തിരഞ്ഞെടുത്തിരുന്നത് ജയിലോ ആശുപത്രിയോ വൃദ്ധഭവനമോ ആയിരുന്നു. (തുടർന്ന് ഇങ്ങോട്ടുള്ള വത്തിക്കാനിലെ പെസഹാ ആചരണങ്ങളും ഇപ്രകാരം സവിശേഷതകൾ നിറഞ്ഞതായിരുന്നു)
നടപടി മൂന്ന്: ബിഷപ്പിന് സസ്‌പെൻഷൻ
ഫ്രാൻസിസ് പാപ്പയുടെ പേപ്പസിയുടെ ആദ്യനാളുകളിൽത്തന്നെ അതുവരെ കേൾക്കാത്ത ഒരു വാർത്തയും ലോകം ശ്രവിച്ചു: ആർഭാഢ ജീവിതം നയിച്ച ഒരു രൂപതാധ്യക്ഷനെ പാപ്പ സസ്‌പെൻഡ് ചെയ്തു. ജർമനിയിലെ ലിംബുർഗ് രൂപതാധ്യക്ഷനായിരുന്ന ബിഷപ്പ് ഫ്രാൻസ് പീറ്ററിനായിരുന്നു ആ ദുര്യോഗം. അരമന പുനർനിർമാണമാണ് ഇതിന് കാരണമായത്. 42.7 മില്യൺ ഡോളറാണ് അതിനായി അദ്ദേഹം ചെലവിട്ടത്. ചാപ്പൽ നിർമിക്കാനും കോൺഫറൻസ് മേശയ്ക്കും വേറെയും കോടികൾ. അതിലേറെ ഭീകരമായിരുന്നു ബാത്ത് റൂം നിർമാണം. 4,95000 ഡോളർ അതിനായി ചെലവഴിച്ചത്രേ.
സംഘാടകൻ, പ്രസംഗകൻ എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നെങ്കിലും മറ്റ് യാതൊരു സ്വഭാവദൂഷ്യവുമില്ലാതിരുന്നിട്ടും, ലോകത്തിന് വിപരീതസാക്ഷ്യം നൽകിയ 53കാരൻ ബിഷപ്പിനെ പുറത്താക്കാൻ ഫ്രാൻസിസ് പാപ്പ രണ്ടാമതൊന്ന് ആലോചിച്ചില്ല എന്നതാണ് ശ്രദ്ധേയം. ദാരിദ്രാരൂപിയിൽ ജീവിക്കാനും ദൂർത്തിനെതിരെ ശബ്ദമുയർത്താനുംമാത്രമല്ല, ആഡംബരജീവിതം നയിക്കുന്ന സഭാധികൃതർക്കെതിരെ നടപടി കൈക്കൊള്ളാനും താൻ പ്രതിജ്ഞാബദ്ധനാണെന്ന് തെളിയിക്കുകയായിരുന്നു പാപ്പ. സഭ ദരിദ്രർക്കുവേണ്ടിയാകണമെന്നു മാത്രമല്ല സഭതന്നെ ദരിദ്രയാകണമെന്നാണല്ലോ ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനം!
നടപടി നാല്: ‘വിനിഷ്യോ സംഭവം’
സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ പൊതുസന്ദർശനവേളയിൽ, വിശ്വാസികൾക്കിടയിലേക്കിറങ്ങാനും രോഗികൾക്കുവേണ്ടി പ്രാർത്ഥിക്കാനും പാപ്പ കാട്ടുന്ന താൽപ്പര്യം മുമ്പേ പ്രശസ്തമാണ്. എന്നാൽ, ഈ താൽപ്പര്യത്തിന്റെ സത്യസന്ധത ലോകത്തോട് പ്രഖ്യാപിക്കുന്നതായിരുന്നു ‘വിനിഷ്യോ സംഭവം’. റിവ വിനിഷ്യോ എന്ന ഇറ്റാലിയൻ യുവാവിനെ ആരും മറന്നിട്ടുണ്ടാവില്ല. ശരീരമാസകലം നിറഞ്ഞുനിൽക്കുന്ന മുഴകളാൽ രണ്ടാമതൊന്നുകൂടി നോക്കാൻ പലരും ഭയന്നിരുന്ന വിനിഷ്യോ റിവയെ പാപ്പ ചുംബിക്കുന്ന ഫോട്ടോയും വീഡിയോയും ഇപ്പോഴും സോഷ്യൽ നെറ്റ്‌വർക്കിംഗിൽ സജീവമാണ്. ലോകമെമ്പാടുമുള്ള മുഖ്യധാരാ മാധ്യമങ്ങൾ പ്രാധാന്യത്തോടെ ആ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. സൗന്ദര്യത്തിനുപിന്നാലെ പായുന്ന ലോകത്തിനുള്ള പാപ്പയുടെ ശക്തമായ താക്കീതായാണ് ക്രൈസ്തവചൈതന്യമുള്ള ചില മാധ്യമങ്ങൾ സംഭവത്തെ ചൂണ്ടിക്കാട്ടിയത്.
നടപടി അഞ്ച്: വത്തിക്കാൻ കൂരിയാ നവീകരണം
സമൂഹത്തിലെ സ്വജനപക്ഷപാതത്തിനും ദൂർത്തിനും അഴിമതിക്കുമെതിരെ ശബ്ദമുയർത്തുന്ന ഫ്രാൻസിസ് പാപ്പയിൽനിന്നുണ്ടായ ഏറ്റവും ശ്രദ്ധേയമായ നടപടി- വത്തിക്കാൻ കൂരിയ നവീകരിക്കാൻ കർദിനാൾ സമിതിയെ നിയമിച്ച ഫ്രാൻസിസ് പാപ്പയുടെ തീരുമാനത്തെ അപ്രകാരമാണ് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. കൂരിയാ നവീകരണത്തിലൂടെ രണ്ടാം വത്തിക്കാൻ സൂന്നഹദോസിനുശേഷമുള്ള വൻ കുതിപ്പിലേക്ക് തിരുസഭ നീങ്ങുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
കാലാനുസൃതമായ മാറ്റങ്ങൾ നടക്കാത്തതിനാലാവണം കൂരിയയുമായി ബന്ധപ്പെട്ട് പല ആരോപണങ്ങളും സമീപകാലത്ത് ഉയർന്നിരുന്നു. ഇവ പരിഹരിക്കാനും തന്റെ പുതിയ ഭരണശൈലിക്ക് ഒത്തവിധം ഒരു ടീമിനെ വാർത്തെടുക്കാനും മാറ്റങ്ങൾ അനിവാര്യമാണെന്ന ബോധ്യമാകാം ഫ്രാൻസിസ് പാപ്പയെ ഈ തീരുമാനത്തിന് പ്രേരിപ്പിച്ചത്. ഏതായാലും സഭയിൽ ഒരു പുത്തനുണർവിന്റെ കേളികൊട്ടായി ഈ തീരുമാനത്തെ കാണാം.
നടപടി ആറ്: വാക്കും പ്രവൃത്തിയും ഒന്നുതന്നെ
അഭയാർത്ഥികളായിരുന്ന മൂന്ന് ഇസ്ലാം കുടുംബങ്ങളെ സിറിയയിൽനിന്ന് വത്തിക്കാനിലേക്ക് കൂട്ടിക്കൊണ്ടുവന്ന പേപ്പൽ നടപടി അത്ഭുതത്തോടെയാണ് ലോകം വീക്ഷിച്ചത്. കുടിയേറ്റക്കാരെ സംരക്ഷിക്കണമെന്ന തന്റെ ആഹ്വാനം വെറും വാക്കല്ലെന്ന് വ്യക്തമാക്കുകകൂടിയായിരുന്നു പാപ്പ. അതുപോലെ, അഭയാർത്ഥികളോടും കുടിയേറ്റക്കാരോടും കരുണാപൂർവം പെരുമാറണമെന്ന ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകൾക്ക് മാധ്യമശ്രദ്ധ നേടിക്കൊടുത്ത ഒന്നായിരുന്ന ലംബേദൂസ് ദ്വീപിൽ നടത്തിയ സന്ദർശനം. സർവം നഷ്ടമായി അതിജീവനത്തിനായി കേഴുന്ന അഭയാർത്ഥി കളോടുള്ള പാപ്പയുടെ കരുതൽ വെളിപ്പെടുത്തുന്നതായിരുന്നു. യൂറോപ്പിലേക്കുള്ള കുടിയേറ്റത്തിന്റെ ഇടത്താവളമായ ഈ ഇറ്റാലിയൻ ദ്വീപ് സന്ദർശനം.
മുൻകാലത്ത് ഇറ്റലിയിൽനിന്ന് അർജന്റീനയിലേക്ക് കുടിയിറങ്ങിയ കുടുംബത്തിൽ ജനിച്ച ഫ്രാൻസിസ് പാപ്പ, മനുഷ്യരെല്ലാം അഭയാർത്ഥികളാണെന്ന സത്യം പറയാതെപറഞ്ഞു അതിലൂടെ. കടുത്ത ദാരിദ്ര്യവും പട്ടിണിയും മൂലം യൂറോപ്പിലേക്കു കടക്കാൻ ആഫ്രിക്കയിൽനിന്നും പശ്ചിമേഷ്യയിൽനിന്നും ദിനംപ്രതി നിരവധി അഭയാർഥികളാണു ബോട്ടുകളിലും ചെറിയ കപ്പലുകളിലും ലംബേദൂസയിലെത്തുന്നത്.
നടപടി ഏഴ്: കർദിനാൾ ‘ഡിസ്മിസ്ഡ്’
സഭാധികാരികളിൽനിന്ന് കുട്ടികൾ നേരിടുന്ന ലൈംഗീക പീഡനങ്ങൾക്ക് അറുതിവരുത്താൻ ഫ്രാൻസിസ് പാപ്പയുടെ നേതൃത്വത്തിൽ ദേശീയ മെത്രാൻ സമിതി അധ്യക്ഷന്മാർ വത്തിക്കാനിൽ സമ്മേളിക്കുന്നു! സംശയത്തോടെയും അമ്പരപ്പോടെയും ലോകം ഉൾക്കൊണ്ട പ്രസ്തുത വാർത്ത ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ യാഥാർത്ഥ്യമായപ്പോൾ സഭയിൽ പിറന്നത് പുതിയ ചരിത്രമാണ്. ഫ്രാൻസിസ് പാപ്പ കളമൊരുക്കിയ ആ ചരിത്രപ്പിറവിയുടെ അനന്തരഫലമായി പ്രസ്തുത വിഷയത്തിൽ ‘വിപ്ലവാത്മകമായ’ മാറ്റങ്ങൾ സഭയിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലോകം.
സഭാധികാരികളിൽനിന്ന് ഉണ്ടാകുന്ന ലൈംഗിക അതിക്രമങ്ങൾ മറച്ചുവെക്കാതെ ഗൗരവപൂർവം കൈകാര്യം ചെയ്യണം എന്ന് പറയുന്ന ഫ്രാൻസിസ് പാപ്പയുടെ വാക്കുകളിലെ ആത്മാർത്ഥത സംശയിക്കേണ്ടെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. ബാലപീഡനത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ അമേരിക്കൻ കർദിനാൾ തിയഡോർ മെക്കറിക്കിനെ ആദ്യം കർദിനാൾ സംഘത്തിൽനിന്നും പിന്നീട് പൗരോഹിത്യശുശ്രൂഷയിൽനിന്നുതന്നെയും പുറത്താക്കിയ ഫ്രാൻസിസ് പാപ്പയുടെ നടപടി പ്രസ്തുത നിരീക്ഷണത്തിന് ബലം പകരുകയുംചെയ്തു. സമ്മിറ്റ് ആരംഭിക്കുന്നതിന് ദിനങ്ങൾക്കുമുമ്പായിരുന്നു ഈ നടപടി എന്നതും ശ്രദ്ധേയമായി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles