ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം:പതിനൊന്നാം തീയതി

കഴിഞ്ഞ ദിവസത്തെ ധ്യാനങ്ങളില്‍ ശുദ്ധീകരണ സ്ഥലം ഉണ്ടെന്നും അതില്‍ എണ്ണമില്ലാത്ത ആത്മാക്കള്‍ പീഡകള്‍ അനുഭവിക്കുന്നുവെന്നും ധ്യാനിച്ചുവല്ലോ. ഇപ്പോള്‍ ഈ ആത്മാക്കളെ സഹായിക്കുന്നതില്‍ നാം കാണിക്കേണ്ട തീക്ഷ്ണതയെ പറ്റി വിവരിക്കേണ്ടിയിരിക്കുന്നു. മനുഷ്യന്‍റെ സമ്പാദ്യത്തെ രണ്ടായി തരം തിരിക്കാം. ആത്മീയവും ലൗകികവും. ലൗകിക സമ്പത്ത് മനുഷ്യന് സ്വന്തമായിരിക്കയാല്‍ അതിനെ യഥേഷ്ടം ചെലവഴിക്കാന്‍ അവന് അധികാരമുള്ളതു പോലെ അവന്‍റെ ആത്മീയ സമ്പത്തുക്കളേയും സ്വേച്ഛാനുസരണം കൈകാര്യം ചെയ്യുവാന്‍ അവനധികാരമുള്ളതാകുന്നു.

ഒരുവന് സ്വന്തം ധനത്തെ തന്റെ ആവശ്യത്തിനും പുറമേ അന്യര്‍ക്കു വേണ്ടിയും ചെലവിടാമല്ലോ. അതുപോലെ തന്നെ ആത്മീയ സമ്പത്തിനെയും തനിക്കുവേണ്ടി തന്നെ നിക്ഷേപിക്കുവാന്‍ ന്യായമുള്ളതു പോലെ മറ്റുള്ളവര്‍ക്കും കൊടുക്കാവുന്നതാണ്. അതായത് ഒരാള്‍ ഒരു രാജാവിന് ഒരു വലിയ ഉപകാരം ചെയ്തു എന്നിരിക്കട്ടെ. ആ രാജാവ് പാരിതോഷികമായി അവന് ഏതെങ്കിലും സമ്മാനം കൊടുക്കുവാന്‍ പോകുന്ന സമയത്തില്‍ ഈ മനുഷ്യന്‍ രാജാവിനോട് ‘എനിക്കു തരുവാന്‍ പോകുന്ന ഈ സമ്മാനം എന്‍റെ സ്നേഹിതനു കൊടുക്കണമെന്ന്’ അപേക്ഷിച്ചാല്‍ അവന്‍റെ അപേക്ഷ രാജാവ് അംഗീകരിക്കുമല്ലോ.

അപ്രകാരം തന്നെ പ്രാര്‍ത്ഥന, ദാനധര്‍മ്മം, മുതലായ പുണ്യങ്ങളാല്‍ ഒരുത്തന്‍ സമ്പാദിച്ചിട്ടുള്ള ആത്മീയ നിക്ഷേപങ്ങളെ ദൈവേച്ഛ പോലെ ജീവനോടുകൂടി ഇരിക്കുന്നവര്‍ക്കോ മരിച്ചവര്‍ക്കോ വേണ്ടി വിനിയോഗിക്കാവുന്നതാണ്‌. ആകയാല്‍ മോക്ഷഭാഗ്യത്തിനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു തുണയും സഹായവും ചെയ്യാന്‍ നാം പ്രാപ്തരായിത്തീര്‍ന്നിരിക്കുന്നത് തന്നെ ദൈവത്തിന്‍റെ ഒരു മഹാ അനുഗ്രഹമായി കരുതേണ്ടതാണ്. ആകയാല്‍ ആത്മാക്കള്‍ക്കു വേണ്ടിയുള്ള നിങ്ങളുടെ സല്‍കൃത്യങ്ങള്‍ നല്ല ഭക്തിയോടും വിശുദ്ധിയോടും കൂടെ ചെയ്യുക.

ജപം
സര്‍വ്വശക്തനായ ദൈവമേ, അങ്ങ് ലോകരക്ഷയ്ക്ക് വേണ്ടി മധ്യാഹ്ന സമയത്തില്‍ സ്ലീവായില്‍ തൂങ്ങി ഞങ്ങളുടെ പാപങ്ങള്‍ക്കു പരിഹാരമായി അങ്ങേ വിലമതിയാത്ത തിരുരക്തം ചിന്തിയല്ലോ. അങ്ങേ അറുതിയില്ലാത്ത ഈ ദയയെക്കുറിച്ച് മോക്ഷരാജ്യത്തില്‍ പ്രവേശിച്ചു അങ്ങയെ പുകഴ്ത്തി സ്തുതിക്കുവാന്‍ തക്കവണ്ണം അടിയങ്ങള്‍ക്കു അനുഗ്രഹം ചെയ്തരുളണമെന്ന് ഏറ്റവും എളിമയോടുകൂടെ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.

സൂചന

(മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക)

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles