ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഒമ്പതാം തീയതി

ആര്‍ക്കും വേല ചെയ്യാന്‍ പാടില്ലാത്ത രാത്രികാലം അടുത്തു വരും എന്ന് ഈശോ അരുളിച്ചെയ്തിരിക്കുന്നു. ഈ വാക്യത്തിന്‍റെ അര്‍ത്ഥം വേദപാരംഗതന്മാരുടെ അഭിപ്രായ പ്രകാരം മരണശേഷം ആര്‍ക്കുംപുണ്യം ചെയ്യാന്‍ പാടില്ല എന്നാണ്. ജീവിച്ചിരിക്കുമ്പോള്‍ മാത്രമേ മനുഷ്യനു സല്‍കൃത്യങ്ങള്‍ ചെയ്യാന്‍ സാധിക്കയുള്ളൂ. അതുകൊണ്ട് ത്യാഗ പ്രവര്‍ത്തികളും” പുണ്യപ്രവര്‍ത്തികള്‍ ഇപ്പോഴാണ് നാം ഉത്സാഹപൂര്‍വ്വം ചെയ്യേണ്ടത്.

പൂര്‍വ്വയൗസേപ്പ് സ്പര്‍ദ്ധകലുഷരായ സഹോദരന്മാരാല്‍ അടിമയായി വില്‍ക്കപ്പെട്ടു. ഒടുവില്‍ ഫറവോന്‍ രാജാവിന്‍റെ കല്‍പനപ്രകാരം തന്‍റെമേല്‍ അന്യായമായി ആരോപിച്ച കുറ്റംമൂലം കാരാഗൃഹത്തില്‍ കിടക്കുമ്പോള്‍ സഹാവാസിയും ഫറവോന്‍റെ ഉദ്യോഗസ്ഥനുമായ ഒരാള്‍ക്ക് ഒരു വലിയ സഹായം ചെയ്തു കൊടുത്തു. അതിന്‍റെ ശേഷം അയാള്‍ക്ക് നല്ലകാലം വരുമ്പോള്‍ തന്‍റെ കാര്യം പറഞ്ഞു. എങ്കിലും ശുഭസ്ഥിതിയിലെക്കെത്തിയപ്പോള്‍ അയാള്‍ യൗസേപ്പിനെ വിസ്മരിക്കയാണുണ്ടായത്. ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളുടെ സ്ഥിതിയും മിക്കവാറും ഇങ്ങനെയാണ്.

മക്കള്‍ മാതാപിതാക്കന്മാരെയും, മാതാപിതാക്കന്മാര്‍ മക്കളെയും സ്നേഹിതന്മാര്‍ സ്നേഹിതന്മാരെയും, ഉപകൃത്യന്‍ ഉപകാരിയെയും മറന്ന് അവരുടെ ആത്മാക്കളുടെ സങ്കടങ്ങളെ കുറയ്ക്കുന്നതിനു ഒന്നും ചെയ്യാതെ പോകുന്നത് സാധാരണമാണല്ലോ. വല്ലതും ചെയ്‌താല്‍ തന്നെയും അതേറ്റവും തുച്ഛമായിരിക്കും. മരിച്ചവര്‍ ശുദ്ധീകരണ സ്ഥലത്തില്‍ ദുസ്സഹമായ വേദനകളെ അനുഭവിക്കുമ്പോള്‍ അവരുടെ മക്കളും ബന്ധുക്കളും ദിഗ്വാസികള്‍, സ്നേഹിതന്മാര്‍ മുതലായവരും ഇവരുടെ സ്വത്തുക്കളെ യഥേഷ്ടം ചെലവഴിച്ച് സന്തോഷചിത്തരായി നടക്കുന്നു.

ആകയാല്‍ ക്രിസ്ത്യാനികളേ! നിങ്ങളെ സംബന്ധിച്ചവര്‍ക്ക് സഹായം ചെയ്യാതെ അവരെ മറന്നു കളയാമോ? അവരെ മറന്നു കളയുന്നത് വലിയ നീചത്വവും കാഠിന്യവുമെന്നു നിങ്ങള്‍ക്കു തോന്നുന്നില്ലേ? ഇനിയെങ്കിലും നിങ്ങളുടെ പ്രവര്‍ത്തികളെല്ലാം അവര്‍ക്കാശ്വാസമായിരിപ്പാന്‍ തക്കപോലെ ശുദ്ധ നിയോഗത്തോടു കൂടി ചെയ്ത് ഈ ആത്മാക്കള്‍ക്ക്‌ വേണ്ടി കാഴ്ചവച്ചു കൊള്ളുവിന്‍.

ജപം
നിത്യനായ സര്‍വ്വേശ്വരാ! ശുദ്ധീകരണ സ്ഥലത്തില്‍ കിടക്കുന്ന അങ്ങേ ദാസന്മാരുടെ ആത്മാക്കളുടെ മേല്‍ അങ്ങേ കൃപയെ ധാരാളമായി വര്‍ഷിക്കണമേ. ജ്ഞാനസ്നാനം വഴിയായി അങ്ങേ തിരുപുത്രന്‍റെ മരണഫലം അനുഭവിപ്പാനിടയായ ഇവര്‍ താമസം കൂടാതെ അങ്ങയെ അഭിമുഖമായി ദര്‍ശിക്കുന്നതിനിട വരുത്തിയരുളണമെന്ന് കര്‍ത്താവേ! ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സൂചന

(മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക)

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles