ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തിയൊന്നാം തീയതി

ഒരു ക്രിസ്ത്യാനി മരിച്ചാല്‍ അവന്‍റെ മൃതശരീരത്തിനു യോഗ്യമായ സംസ്ക്കാരവും ആത്മാവിനു നിത്യസമാധാനവും നല്‍കേണ്ടത് നമ്മുടെ കടമയാണ്. ഒരു ക്രിസ്ത്യാനിയുടെ ശരീരം ജ്ഞാനസ്നാനത്താല്‍ ആശീര്‍വദിക്കപ്പെട്ടതും, സ്ഥൈര്യലേപനം വഴിയായി റൂഹാദക്കുദാശയുടെ മുദ്രയാല്‍ അങ്കിതവും ദിവ്യകാരുണ്യമായ വിശുദ്ധ കുര്‍ബാനയാല്‍ പോഷിതവും ആത്മാവോടൊന്നിച്ചു എന്നന്നേയ്ക്കും മോക്ഷത്തില്‍ വാഴുവാന്‍ നിയുക്തവുമായിരിക്കയാല്‍ ഈ ശരീരത്തെ തക്ക ബഹുമാനാചാരങ്ങളോടും ഭക്തിയോടും കൂടി സംസ്ക്കരിക്കണമെന്ന് തിരുസ്സഭ കല്‍പ്പിച്ചിരിക്കുന്നു. അതുകൊണ്ട് ആത്മാവ് പിരിഞ്ഞുപോകുന്ന സമയത്തില്‍ കുളിപ്പിക്കുമ്പോഴോ കുഴിയില്‍ വയ്ക്കുമ്പോഴോ ആകട്ടെ വിജാതിയര്‍ ചെയ്യുന്നതുപോലെ മൃതശരീരത്തിന് അനുയോജ്യമല്ലാത്ത പ്രവര്‍ത്തികള്‍ യാതൊന്നും ചെയ്യരുത്.

മരിച്ചയാളിന്‍റെ ആത്മാവിനുവേണ്ടി സല്‍ക്കര്‍മ്മങ്ങള്‍ താമസം കൂടാതെയും കുറവില്ലാതെയും ചെയ്യണം. ചില ക്രിസ്ത്യാനികള്‍ തങ്ങള്‍ക്കുള്ളവര്‍ മരിച്ചാലുടനെ ഈ ആത്മാക്കളെക്കുറിച്ച് പ്രാര്‍ത്ഥിക്കുകയും ദൈവഭക്തിയുള്ള പലരെക്കൊണ്ടും ഭിക്ഷക്കാരെക്കൊണ്ടും പ്രാര്‍ത്ഥിപ്പിക്കുകയും ദിവ്യപൂജ ചെയ്യിക്കുകയും മറ്റു പലവിധ മനോഗുണ പ്രവര്‍ത്തികള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ ഓരോരുത്തരും ചെയ്യുന്നത് വലിയ പുണ്യവും, ആത്മാക്കള്‍ക്ക് വലിയ ആശ്വാസവുമാണ്. എന്നാല്‍ മറ്റു ചില ക്രിസ്ത്യാനികള്‍ ആത്മാക്കളുടെ അവസ്ഥയെ പറ്റി ഒന്നും ചിന്തിക്കാതെ മുന്നോട്ട് പോകുന്നു. അതിനാല്‍ നിങ്ങളെ സംബന്ധിച്ചുള്ളവരുടെ ആത്മാക്കള്‍ക്കു വേണ്ടി കഴിയുന്നതും വേഗം ഉപകാര സഹായങ്ങള്‍ ചെയ്യണം.

പ്രാര്‍ത്ഥനകള്‍, ദാനധര്‍മ്മം, വിശുദ്ധ ബലി ഇവയാണ് പ്രധാന സല്‍ക്കര്‍മ്മങ്ങള്‍. ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്ക് വേണ്ടി തിരുസഭയുടെ നാമത്തില്‍ ചെയ്യുന്ന സല്‍ക്രിയകളും ദൈവ തിരുമുമ്പാകെ അപേക്ഷയുടെ വിധത്തില്‍ ഏറെ ഉപകരിക്കുന്നു. എന്നാല്‍ ക്രിസ്ത്യാനികള്‍ സ്വയം ചെയ്യുന്ന പുണ്യ പ്രവര്‍ത്തികളും, ചൊല്ലുന്ന പ്രാര്‍ത്ഥനകളും, നല്‍കുന്ന ദാനങ്ങളും ശുദ്ധീകരണ സ്ഥലത്തില്‍ കിടക്കുന്ന ആത്മാക്കള്‍ക്കു വേണ്ടി ലഭിക്കുന്ന ദണ്ഡവിമോചനങ്ങളും മറ്റു പാപപരിഹാരത്തിന്‍റെയോ അപേക്ഷയുടെയോ വിധത്തില്‍ ഉപകരിക്കണമെങ്കില്‍ അവ ചെയ്യുന്നവന്‍റെ ആത്മാവില്‍ ദൈവേഷ്ടപ്രസാദം ഉണ്ടായിരിക്കണം.

ജപം
കൃപാസ്വരൂപിയായിരിക്കുന്ന സര്‍വ്വേശ്വരാ! ഈ ദേശത്തുള്ള സിമിത്തേരികളില്‍ അടക്കപ്പെട്ടിരിക്കുന്ന സകലരുടെയും ആത്മാക്കളെ കൃപയോടെ തൃക്കണ്‍‍പാര്‍ത്ത്, അവരുടെ പാപങ്ങള്‍ പൊറുത്ത്, ശുദ്ധീകരിക്കുന്ന വിലങ്ങിടത്തില്‍ നിന്ന്‍ അവരെ രക്ഷിച്ച് അങ്ങേപ്പക്കല്‍ ചേര്‍ത്തു കൊള്ളണമേ. ആമ്മേന്‍.

സൂചന

(മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക)

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles