മംഗളവാര്‍ത്ത മൂന്നാം ഞായര്‍: സുവിശേഷ സന്ദേശം

~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.

 

രക്ഷാകര ചരിത്രത്തില്‍ പുതിയൊരു അധ്യായം എഴുതിച്ചേര്‍ത്ത സംഭവമാണ് സ്‌നാപക യോഹന്നാന്റെ ജനനം. കുട്ടികളില്ലാതിരുന്ന എലിസബത്തിനെ അപശകുനമായി കണ്ടിരുന്നവര്‍ അതോടെ അവളുടെ സന്തോഷത്തില്‍ പങ്കുചേരാനെത്തി. എട്ടാം ദിനത്തില്‍ യഹൂദമതാചാരമനുസരിച്ച് കുഞ്ഞിനെ പരിച്ഛേദനം ചെയ്തു. മാലാഖയുടെ ആജ്ഞയനുസരിച്ച് കുഞ്ഞിന് യോഹന്നാന്‍ എന്ന് പേരിട്ടപ്പോള്‍ ഒന്‍പതുമാസമായി ഊമയയായിരുന്ന സഖറിയായുടെ നാവിന് സംസാരശേഷി തിരിച്ചു കിട്ടി. അദ്ദേഹം ദൈവത്തെ വാഴ്ത്തി സ്്തുതിച്ചു.

തിരുവചനഭാഗം ലൂക്ക 1: 57 – 66)

യോഹന്നാനെ എലിസബത്ത് അത്ഭുതകരമായാണ് ഗര്‍ഭം ധരിച്ചത്. മറിയം എലിസബത്തിനെ സന്ദര്‍ശിച്ചപ്പോള്‍ ഗര്‍ഭസ്ഥനായ യോഹന്നാന്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു. ക്രിസ്മസിന് ആറ് മാസം മുമ്പ് ജൂണ്‍ 24 നാണ് സഭ യോഹന്നാന്റെ ജനനത്തിരുനാള്‍ ആഘോഷിക്കുന്നത്.

യോഹന്നാന്‍ ജനിക്കുകയും സഖറിയായുടെ സംസാരശേഷി വീണ്ടുകിട്ടുകയും ചെയ്തതോടെ അയല്‍ക്കാരെല്ലാം എലിസബത്തിന്റെ ഭവനത്തിലെത്തി അവരുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു. അതു വരെ അവര്‍ കരുതിയിരുന്നത് എലിസബത്തിന് കുഞ്ഞുങ്ങളില്ലാതിരുന്നത് അവരെ ദൈവം ശിക്ഷിച്ചതു കൊണ്ടാണെന്നാണ്. ‘നിങ്ങള്‍ക്ക് സന്തോഷമുണ്ടാകും. അനേകര്‍ അവന്റെ ജനനത്തില്‍ ആഹ്ലാദിക്കും’ (ലൂക്ക 1: 14) എന്ന് ദൈവദൂതന്‍ ഗബ്രിയേല്‍ പ്രവചിച്ചതനുസരിച്ചാണ് ഈ സന്തോഷം അവരുടെ ജീവിതത്തില്‍ സമാഗതമായത്.

എട്ടാം ദിവസവും പരിച്ഛേദനവും

ബൈബിളിന്റെ സംഖ്യാശാസ്ത്രം അനുസരിച്ച് എട്ടാം ദിനം പുനര്‍സൃഷ്ടിയുടെ അടയാളമാണ്. ആറ് ദിവസം കൊണ്ട് സൃഷ്ടി പൂര്‍ത്തിയാക്കിയ ദൈവം ഏഴാം ദിവസം വിശ്രമിച്ചു. പരിച്ഛേദനം വഴി അബ്രഹാമുമായി ദൈവം ഉണ്ടാക്കിയ ഉടമ്പടി രക്ഷയുടെ പുതിയ ആരംഭമായിരുന്നു. അതിനാല്‍ എട്ടാം ദിവസമാണ് പരിച്ഛേദനത്തിനായി നിശ്ചയിച്ചിരുന്നത്.

എട്ടാം ദിനം പരിച്ഛേദനം ചെയ്യണം എന്നത് ദൈവനിശ്ചയമായിരുന്നു. നവജാതശിശു ഒരാഴ്ച മുഴുവന്‍ ജീവിക്കുകയും സാബത്ത് ആചരിക്കുകയും ചെയ്യും എന്നതാണ് ഒരു പ്രധാന കാരണം. അതായത് കുഞ്ഞ് സാബത്തിന്റെ വിശുദ്ധി അനുഭവിച്ചിട്ടുണ്ടാകും. അപ്പോള്‍ അതിന് ദൈവവുമായുള്ള ഉടമ്പടിയില്‍ പ്രവേശിക്കുകയും യഹൂദജനതയുടെ ഭാഗമാകുകയും ചെയ്യാം.

ആധുനിക ദൈവശാസ്ത്രം അനുസരിച്ചുള്ള മറ്റൊരു കാരണം ഇതാണ്. ജനനശേഷം എട്ടാം ദിനമാണ് മുറിവുകളില്‍ രക്തം കട്ടപിടിക്കുന്നതിന് ഏറ്റവും യോജിച്ച ദിനം. അപ്പോള്‍ പരിച്ഛേദനം ചെയ്ത ഭാഗം പൊറുക്കാന്‍ എളുപ്പമാണ്.

യോഹന്നാന്‍ എന്ന പേരിടല്‍

ആണ്‍കുഞ്ഞുങ്ങള്‍ക്ക് പേരിട്ടിരുന്നത് ജനനത്തിന്റെ അടുത്ത ദിവസങ്ങളിലോ പരിച്ഛേദനത്തിന്റെ സമയത്തോ ആണ്. പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജനിച്ച് 30 ദിവസങ്ങള്‍ക്കുള്ളില്‍ എപ്പോള്‍ വേണമെങ്കിലും പേരിടാം. യഹൂദാചാരമനുസരിച്ച്, സാധാരണയായി അപ്പൂപ്പന്റെ പേരാണ് ആണ്‍കുഞ്ഞുങ്ങള്‍ക്ക് ഇട്ടിരുന്നത്. വളരെ വിരളമായി പിതാവിന്റെ പേരും.

ബൈബിളിന്റെ കാലഘട്ടത്തില്‍ ഒരു വ്യക്തിയുടെ പേരിന് വളരെ പ്രാധാന്യം ഉണ്ടായിരുന്നു. അത് അയാളുടെ വ്യക്തിത്വത്തിന്റെ സത്തയും ജനനത്തില്‍ ദൈവത്തിനുള്ള പങ്കും സ്വഭാവവും ഭാവിയിലെ ദൗത്യവും ശാരീരിക പ്രത്യേകതയും എല്ലാം സൂചിപ്പിക്കുന്നതായിരുന്നു. ഉദാഹരണത്തിന് ആദം എന്നാല്‍ മനുഷന്‍, ചുവപ്പ് (ഭൂമിയുടെ നിറം) എന്നെല്ലാമാണ് അര്‍ത്ഥം. (ഉല്‍. 2: 7), നോഹ എന്നാല്‍ സമാശ്വാസം. (ഉല്‍ 5: 29), അബ്രാഹം എന്നാല്‍ ജനത (ഉല്‍ 17: 5), മോശ എന്നാല്‍ വെള്ളത്തില്‍ നിന്ന് എടുക്കപ്പെട്ടന്‍ (പുറ. 2: 10), ദാവീദ് എന്നാല്‍ പ്രിയപ്പെട്ടവന്‍ (1 സാമു. 13: 14), യേശു എന്നാല്‍ രക്ഷകന്‍ (മത്താ. 1: 21).

അവന്റെ പേര് യോഹന്നാന്‍ എന്നായിരിക്കും

ബൈബിള്‍ പാരമ്പര്യത്തില്‍ പിതാവിനോ മാതാവിനോ കുഞ്ഞിന് പേരിടാം. ലെയായും റാഹേലും പേരിടുന്നത് നാം കാണുന്നു (ഉല്‍ 29: 31- 30: 24). സഖറിയായ്ക്ക് സംസാരശേഷി ഇല്ലാതിരുന്നതിനാല്‍ കുഞ്ഞിന് പേരിടാന്‍ പുരോഹിതരും ബന്ധുക്കളും എലിസബത്തിനോട് ആവശ്യപ്പെടുന്നു. അവന് യോഹന്നാന്‍ എന്ന് പേരിടണം എന്നു ദൈവാത്മാവ് അവളോട് പറഞ്ഞിരുന്നു. അല്ലെങ്കില്‍ മറിയമോ സഖറിയയോ നേരത്തെ എഴുതി കൊടുത്തതോ ആവാം,

യോഹന്നാന്‍ എന്ന പേരില്‍ അവരുടെ മുന്‍തലമുറയില്‍ ആരുമില്ലായിരുന്നതിനാല്‍ അയല്‍ക്കാര്‍ സഖറിയായുടെ അഭിപ്രായം കൂടി ആരായുന്നു. അവര്‍ ആംഗ്യഭാഷയിലാണ് ചോദിക്കുന്നത്.

ഒരു ഫലകം കൊണ്ടു വരാന്‍ സഖറിയാ ആവശ്യപ്പെട്ടു. അദ്ദേഹം അതില്‍ ‘യോഹന്നാന്‍’ എന്ന് എഴുതി. ഗബ്രിയേല്‍ മാലാഖ വഴി ആ പേര് സഖറിയായ്ക്ക് വെളിപ്പെടുത്തിയിരുന്നു.

പെട്ടെന്ന് സഖറിയായുടെ സംസാരശേഷി വീണ്ടുകിട്ടി. നാവ് സ്വതന്ത്രമായി. യോഹന്നാന്റെ പേരിനെ സംബന്ധിച്ചുള്ള ദൈവകല്പന അനുസരിച്ച മാത്രയില്‍ സഖറിയായുടെ നാവ് സ്വതന്ത്രമായി. ദൈവത്തെ സ്തുതിച്ചു കൊണ്ടാണ് സഖറിയാ പ്രതികരിച്ചത്.

ഇതെല്ലാം കണ്ട് അവരുടെ അയല്‍ക്കാര്‍ ഭയചകിതരായി. ഈ കാര്യങ്ങള്‍ യൂദയാ മുഴുവനും ചര്‍ച്ചയായി. ഈ ഭയം എന്നു പറയുന്നത് ദൈവഭയമാണ്. ബൈബിള്‍ അനുസരിച്ച്, ദൈവഭയം എന്ന വാക്കിന്റെ അര്‍ത്ഥം, ‘ദൈവത്തോടുള്ള ആദരവ്, അനുസരണ, അച്ചടക്കം, ആരാധന’ എന്നെല്ലാമാണ്. ഈ സംഭവങ്ങളെല്ലാം കണ്ട ജനത്തിന്റെ വിശ്വാസം വര്‍ദ്ധിച്ചു. ജനന സമയത്തു തന്നെ യോഹന്നാന്‍ പ്രശസ്തനായി തീര്‍ന്നു.

ഈ കുഞ്ഞ് ആരായി തീരും എന്ന് അവര്‍ പരസ്പരം പറഞ്ഞു. ദൈവത്തിന്റെ കരം അവനോട് കൂടെ ഉണ്ടായിരുന്നു.

ദൈവത്തിന്റെ കരം എന്നത് ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ടവരിലൂടെ വെളിപ്പെടുന്ന ദൈവികശക്തിയും പരിപാലനും കരുതലും കൃപയും എല്ലാമാണ്. യോഹന്നാന്റെ കാര്യത്തില്‍, ദൈവകരം അദ്ദേഹത്തെ വലിയ പ്രവാചകനായി ഉയര്‍ത്തി. കര്‍ത്താവിന് വഴി ഒരുക്കാന്‍ എത്തിയ ഏലിയായുടെ രണ്ടാം വരവായി അദ്ദേഹം വാഴ്ത്തപ്പെട്ടു (മലാക്കി 3: 23 – 24/ 4: 5-6).

സന്ദേശം

മറ്റുള്ളവരോടൊത്ത് സന്തോഷിക്കുക

എലിസബത്തിന് കുഞ്ഞ് ജനിച്ചപ്പോള്‍ അയല്‍ക്കാരും ബന്ധിക്കളും അവളുടെ സന്തോഷത്തില്‍ പങ്കചേരാനെത്തി. അതു പോലെ മറ്റുള്ളവര്‍ക്ക് അനുഗ്രഹങ്ങളും നേട്ടങ്ങളും ലഭിക്കുമ്പോള്‍ അവരുടെ സന്തോഷത്തില്‍ നമ്മളും പങ്കുചേരണം. ദൈവത്തെ സ്തുതിക്കണം.

ജ്ഞാനസ്‌നാന ദിവസം

പഴയ നിയമത്തിലെ പരിച്ഛേദനം ജ്ഞാനസ്‌നാനത്തിന് വഴിമാറി. കുഞ്ഞ് ജനിച്ചതിന് ശേഷം കഴിയുന്നത്ര വേഗം അതിന് ജ്ഞാനസ്‌നാനം നല്‍കണം എന്ന് കാനോന്‍ നിയമം പറയുന്നു. (867:1) എന്നാല്‍ ഇന്ന് പല മാതാപിതാക്കളും ജ്ഞാനസ്‌നാനം നീട്ടിവയ്ക്കുക പതിവായിരിക്കുന്നു. ജ്ഞാനസ്‌നാനം ദൈവം നല്‍കുന്ന അനുഗ്രഹമാണെന്ന് മനസ്സിലാക്കി എത്രയും വേഗം അത് നടത്തുവാന്‍ ഉത്സാഹിക്കണം.

കുഞ്ഞിന്റെ പേരിടല്‍

തോന്നും പോലെ പേരിടുന്നതാണ് ഇന്നത്തെ രീതി. ക്രിസ്തീയതയ്ക്ക് ചേരാത്ത പേരുകള്‍ നല്‍കരുതെന്ന് കാനന്‍ നിയമം പറയുന്നു. (855).

സ്വര്‍ഗീയ മധ്യസ്ഥനില്‍ നിന്ന് പഠിക്കുക

തങ്ങളുടെ സ്വര്‍ഗീയ മധ്യസ്ഥയില്‍ നിന്നോ മധ്യസ്ഥനില്‍ നിന്നോ പഠിക്കുവാനും അവരെ കുറിച്ച് കൂടുതല്‍ അറിയുവാനും അവരുടെ മാധ്യസ്ഥം അപേക്ഷിക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കണം.

കുട്ടികളുടെ വിശ്വാസപരിശീലനം

കുട്ടികള്‍ മാതാപിതാക്കളുടെ സ്വകാര്യസ്വത്തല്ല. ദൈവത്തിനും ദേശത്തിനും അവരുടെ മേല്‍ അവകാശമുണ്ട്. ദൈവനിയമത്തിനും രാഷ്ട്രനിയമത്തിനും അനുസരിച്ച് അവര്‍ക്ക് പരിശീലനം നല്‍കണം.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles