രക്ഷകനെ തേടിയെത്തിയ ജ്ഞാനികള്‍ നല്‍കുന്ന സന്ദേശമെന്താണ്? (SUNDAY HOMILY)

~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.

തിരുപ്പിറവിക്കാലം ഒന്നാം ഞായര്‍ സുവിശേഷ സന്ദേശം

 

തങ്ങളുടെ ജ്യോതിശാസ്ത്രജ്ഞാനം ഉപയോഗിച്ച് ലോകരക്ഷകനെ കണ്ടെത്താന്‍ അസാധ്യ ശ്രമമാണ് കിഴക്കു നിന്നുള്ള ജ്ഞാനികള്‍ നടത്തിയത്. ഇക്കാര്യം അവര്‍ ജെറുസലേമിലെ രാജാവിനോടും പുരോഹിതരോടും ഗുരുക്കന്മാരോടും വെളിപ്പെടുത്തി. എന്നാല്‍, കുഞ്ഞിനെ കൊന്നുകളയാനാണ് രാജാവ് ശ്രമിച്ചത്. ഉണ്ണിയേശുവിനെ കണ്ട് ആരാധിച്ച് കാഴ്ചകള്‍ സമര്‍പ്പിച്ച ജ്ഞാനികള്‍ അനുഗ്രഹീതരായി. ഇന്ന് അവര്‍ വിശുദ്ധരായി വാഴ്ത്തപ്പെടുന്നു.

 

ഇന്നത്തെ സുവിശേഷ വായന
(മത്തായി 2. 1-12)

ജ്ഞാനികളുടെ സന്ദര്‍ശനം
“ഹേറോദേസ് രാജാവിന്റെ കാലത്ത് യൂദയായിലെ ബേത്‌ലെഹെമില്‍ യേശു ജനിച്ചപ്പോള്‍ പൗരസ്ത്യദേശത്തുനിന്നു ജ്ഞാനികള്‍ ജറുസലെമിലെത്തി. അവര്‍ അന്വേഷിച്ചു: എവിടെയാണ് യഹൂദന്‍മാരുടെ രാജാവായി ജനിച്ചവന്‍? ഞങ്ങള്‍ കിഴക്ക് അവന്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാന്‍ വന്നിരിക്കുകയാണ്. ഇതുകേട്ട് ഹേറോദേസ് രാജാവ് അസ്വസ്ഥനായി; അവനോടൊപ്പം ജറുസലെം മുഴുവനും. അവന്‍ പ്രധാനപുരോഹിതന്‍മാരെയും ജനത്തിന്റെയിടയിലെ നിയമജ്ഞരെയും വിളിച്ചുകൂട്ടി, ക്രിസ്തു എവിടെയാണ് ജനിക്കുന്നതെന്നു ചോദിച്ചു. അവര്‍ പറഞ്ഞു:യൂദയായിലെ ബേത്‌ലെഹെമില്‍. പ്രവാചകന്‍ എഴുതിയിരിക്കുന്നു: യൂദയായിലെ ബേത്‌ലെഹെമേ, നീയൂദയായിലെ പ്രമുഖ നഗരങ്ങളില്‍ ഒട്ടും താഴെയല്ല; എന്റെ ജനമായ ഇസ്രായേലിനെ നയിക്കാനുള്ളവന്‍ നിന്നില്‍ നിന്നാണ് ഉദ്ഭവിക്കുക. അപ്പോള്‍ ഹേറോദേസ് ആജ്ഞാനികളെ രഹസ്യമായി വിളിച്ച്, നക്ഷത്രം പ്രത്യക്ഷപ്പെട്ടതെപ്പോഴെന്നു സൂക്ഷ്മമായി ആകാംക്ഷയോടെ അന്വേഷിച്ചറിഞ്ഞു. അവന്‍ അവരെ ബേത്‌ലെഹെമിലേക്ക് അയച്ചുകൊണ്ടു പറഞ്ഞു: പോയി ശിശുവിനെപ്പറ്റി സൂക്ഷ്മമായി അന്വേഷിക്കുക; അവനെ കണ്ടുകഴിയുമ്പോള്‍ ഞാനും ചെന്ന് ആരാധിക്കേണ്ടതിന് എന്നെയും അറിയിക്കുക. രാജാവു പറഞ്ഞതുകേട്ടിട്ട് അവര്‍ പുറപ്പെട്ടു. കിഴക്കുകï നക്ഷത്രം അവര്‍ക്കുമുമ്പേ നീങ്ങിക്കൊണ്ടിരുന്നു. അതു ശിശു കിടക്കുന്ന സ്ഥലത്തിനു മുകളില്‍ വന്നുനിന്നു. നക്ഷത്രം കണ്ടപ്പോള്‍ അവര്‍ അത്യധികം സന്തോഷിച്ചു. അവര്‍ ഭവനത്തില്‍ പ്രവേശിച്ച് ശിശുവിനെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവനെ കുമ്പിട്ട് ആരാധിക്കുകയും ചെയ്തു. നിക്‌ഷേപപാത്രങ്ങള്‍ തുറന്ന് പൊന്നും കുന്തുരുക്കവും മീറയും കാഴ്ചയര്‍പ്പിച്ചു. ഹേറോദേസിന്റെ അടുത്തേക്കു മടങ്ങിപ്പോകരുതെന്ന് സ്വപ്നത്തില്‍ മുന്നറിയിപ്പു ലഭിച്ചതനുസരിച്ച് അവര്‍ മറ്റൊരു വഴിയേ സ്വദേശത്തേക്കു പോയി.”

 

വിചിന്തനം

പേര്‍ഷ്യാ സാമ്രാജ്യത്തിന്റെ ഭാഗമായ മേദിയാന്‍ വംശത്തില്‍ നിന്നുള്ളവരായിരുന്നു ജ്ഞാനികള്‍. അവര്‍ പേര്‍ഷ്യാ രാജാവിന്റെ ഉപദേശകരായി സേവനം ചെയ്തിരുന്നു. അവര്‍ ജ്ഞാനവും വിശുദ്ധിയും ഉള്ളവരായിരുന്നു.

അക്കാലത്തെ വിജ്ഞാനത്തില്‍ അഗ്രഗണ്യരായിരുന്നു, ഈ പൂജരാജാക്കന്മാര്‍. അവര്‍ ജ്യോതിശാസ്ത്രജ്ഞരും ഭാഗ്യം പറയുന്നവരും സ്വപ്‌നങ്ങള്‍ വ്യാഖാനിക്കുന്നവരും ആയിരുന്നു. എത്ര ജ്ഞാനികള്‍ വന്നുവെന്ന് ബൈബിള്‍ വ്യക്തമായി പറയുന്നില്ല. ഒരു പാരമ്പര്യം അനുസരിച്ച് 12 ജ്ഞാനികളാണ് എത്തിയത്. അവര്‍ സമര്‍പ്പിച്ച മൂന്നു ഉപഹാരങ്ങളെ കണക്കാക്കിയാണ് മൂന്നു പേരാണ് വന്നതെന്ന് ഇന്ന് പരക്കെ വിശ്വസിക്കപ്പെടുന്നത്. ഐതിഹ്യം അവര്‍ക്ക് പേരുകളും നല്‍കിയിട്ടുണ്ട്. മെല്‍ക്കിയോര്‍, ഗാസ്പര്‍, ബല്‍ത്താസര്‍.

പൂജരാജാക്കന്മാര്‍

അവര്‍ രാജാക്കന്മാരായിരുന്നു എന്ന് മത്തായി പറയുന്നില്ലെങ്കിലും പഴയ നിയമത്തിലെ പരാമര്‍ശങ്ങളാണ് അവര്‍ രാജക്കന്മാരിയിരുന്നു എന്ന് ശ്രുതി പരക്കാന്‍ കാരണമായത്. (സങ്കീര്‍. 72. 20-15: ഏശയ്യ. 60.6). പാശ്ചാത്യ പാരമ്പര്യം അനുസരിച്ച് ബല്‍ത്താസര്‍ ആറേബ്യയുടെയോ എത്യോപ്യയുടെയോ രാജാവും, മെല്‍ക്കിയോര്‍ പേര്‍ഷ്യയുടെ രാജാവും ഗാസ്പര്‍ ഇന്ത്യയുടെ രാജാവും ആയിരുന്നു. കിഴിക്കു നിന്നുള്ള എന്നു പറയുന്നതിന്റെ കാരണം, അറേബ്യ, പേര്‍ഷ്യ, മെസപ്പൊട്ടേമിയ എന്നീ സ്ഥലങ്ങള്‍ ജറുസലേമിന് കിഴക്കു ഭാഗത്തായിരുന്നതിനാലാവണം.

ജറുസലേമിലെ യഹൂദ നേതാക്കള്‍ തങ്ങളുടെ രാജാവിന്റെ ജനനം അറിയാതെ പോയത് ശ്രദ്ധേയമായ കാര്യമാണ്. വിജാതീയ ജ്യോതിശാസ്ത്രജ്ഞരില്‍ നിന്നാണ് അവര്‍ അക്കാര്യം അറിഞ്ഞത്. അവര്‍ പറഞ്ഞിട്ടു പോലും യഹൂദ വിദഗ്ദര്‍ ശിശുവിനെ ബെത്‌ലേഹമില്‍ ചെന്ന് അന്വേഷണം നടത്തിയില്ല!

ജ്ഞാനികള്‍ക്ക് വഴി കാട്ടിയ നക്ഷത്രം ആകാശത്തുള്ള ഒരു ഉല്‍ക്കയോ കൊള്ളിമീനോ ആയിരിക്കണം. ആധുനിക ജ്യോതിശാസ്ത്രജ്ഞന്മാരുടെ കണക്കു കൂട്ടലില്‍ അത് നക്ഷ്ത്രമായിരുന്നില്ല, മറിച്ച് ഇന്നത്തെ വ്യാഴ ഗ്രഹം ആയിരുന്നു. പുരാതന വിശ്വാസം അനുസരിച്ച്, ഒരു ഭരണകര്‍ത്താവിന്റെ ജനനം സംഭവിക്കുമ്പോള്‍ ആകാശത്ത് ഒരു നക്ഷ്ത്രം തെളിയും.

റോമാ ചക്രവര്‍ത്തിയില്‍ നിന്ന് യഹൂദരെ ഭരിക്കാന്‍ അധികാരം നേടിയെടുത്ത രാജാവാണ് ഹേറോദേസ്. ദാവീദിന്റെ വംശത്തില്‍ നിന്നുള്ളയാളല്ലാതിരുന്നതിനാലും ഒരു സങ്കരവംശത്തില്‍ പെട്ടവനും ആയിരുന്നതിനാല്‍ ഹേറോദേസിനെ അംഗീകരിക്കാന്‍ യഹൂദര്‍ മടിച്ചിരുന്നു. സ്വന്തം ഭാര്യയായ മരിയാംനേയെ വരെ വധിച്ച ക്രൂരനായിരുന്നു ഹേറോദേസ്. തന്റെ രാജാധികാരത്തിന് ഭീഷണിയായി തോന്നുന്നതെല്ലാം നശിപിക്കാന്‍ അയാള്‍ ഒരുക്കമായിരുന്നു. അതിനാലാണ് യഹൂദന്മാര്‍ക്കൊരു പുതിയ രാജാവ് ജനിച്ചിരിക്കുന്നു എന്നു കേട്ടപ്പോള്‍ അയാള്‍ അവനെ വധിക്കാന്‍ ആലോചിച്ചത്.

ജ്ഞാനികളുടെ സമ്മാനങ്ങള്‍

ജ്ഞാനികള്‍ നക്ഷത്രത്തെ പിന്‍തുടര്‍ന്ന് ബെത്‌ലെഹേമിലെത്തി ദിവ്യശിശുവിനെ കണ്ടു. പാരമ്പര്യം അനുസരിച്ച് പല പ്രായത്തിലുള്ളവരായിരുന്നു ജ്ഞാനികള്‍. തലനരച്ചു വെളുത്തു നീണ്ട താടിയുള്ള വയോധികന്‍ മെല്‍ക്കിയോര്‍. അദ്ദേഹം യേശുവിന്റെ രാജത്വത്തെ കുറിക്കുന്ന സ്വര്‍ണവുമായാണ് എത്തിയത്. ഗാസ്പര്‍ താടി ഇല്ലാത്ത യുവാവായിരുന്നു. യേശുവിന്റെ ദൈവത്വത്തെ ആരാധിക്കാനുള്ള കുന്തുരിക്കവുമായാണ് അയാള്‍ എത്തിയത്. ഇരുനിറമുള്ള മധ്യവയസ്‌കനായ ബല്‍ത്താസറിന് ചെറിയ താടിയുണ്ടായിരുന്നു. മിശിഹായ്ക്ക് മരണദ്രവ്യമായി സമര്‍പ്പിക്കാനുള്ള മീറയുമായാണ് അയാള്‍ എത്തിയത്.

സന്ദേശം

നിധി തേടി പോകുന്നവരെ പോലെയായിരുന്നു പൂജരാജാക്കന്മാരുടെ വരവ്. അവര്‍ തേടിയ നിധി ഭൗമികമായ അര്‍ത്ഥത്തിലുള്ള രാജാവ് അല്ലായിരുന്നു. മറിച്ച് ദിവ്യനും രക്ഷകനുമായ രാജാവായിരുന്നു. അദ്ദേഹത്തിന്റെ മഹിമ മനസ്സിലാക്കിയതു കൊണ്ടാണ് അത്രയും കഷ്ടതകള്‍ സഹിച്ച് അവര്‍ സാഹസികമായൊരു യാത്രയ്ക്ക് ഒരുങ്ങിയത്. നക്ഷത്രം രാത്രി കാലങ്ങളില്‍ മാത്രമേ ദൃശ്യമായിരുന്നുള്ളൂ. രാത്രി പോലും എപ്പോഴും ദൃശ്യമായിരുന്നില്ല താനും. എന്നിട്ടു പോലും അത്രയും ത്യാഗങ്ങള്‍ സഹിച്ച് അവര്‍ യേശുവാകുന്ന ലോക രക്ഷകനെ തേടി. ഞാനാകുന്നു വഴിയും സത്യവും ജീവനും എന്നരുളിച്ചെയ്ത ക്രിസ്തുവിനെ നമുക്ക് പൂര്‍ണഹൃദയത്തോടെ അന്വേഷിക്കാം, സര്‍വാത്മനാ പിന്‍ചെല്ലാം.

യഹൂദരുടെ രാജാവ് ജനിച്ചിരിക്കുന്നു എന്ന് കിഴക്കിന്റെ ജ്ഞാനികള്‍ വെളിപ്പെടുത്തിയിട്ടു പോലും രാജകീയ സദസ്സിലെ യഹൂദരായ ജ്ഞാനികളും പുരോഹിതരും അതിനോട് നിസംഗമായാണ് പ്രതികരിച്ചത്. അവര്‍ യേശുവിനെ തേടാന്‍ തയ്യാറാകുന്നില്ല. അവര്‍ ആഗ്രഹിച്ചത് രാജാവായ ഹേറോദേസിന്റെ പ്രീതിയാണ്. അയാളെ പിണക്കാന്‍ അവര്‍ തയ്യാറായില്ല. യേശുവിനോടും സഭയോടും നാം എത്രമാത്രം ശുഷ്‌കാന്തിയുള്ളവരാണെന്ന് നമുക്ക് ആത്മപരിശോധന ചെയ്യാം. ലോകത്തെ പ്രീതിപ്പെടുത്താന്‍ വേണ്ടി യേശുവിനെ പൂര്‍ണമനസ്സോടെ അനുഗമിക്കാന്‍ പലപ്പോഴും നമുക്ക് സാധിക്കാതെ വരുന്നുണ്ടോ എന്ന് ചിന്തിക്കാം.

ക്രിസ്മസ് സമ്മാനങ്ങള്‍ കൈമാറുന്നത് സാന്താ ക്ലോസാണെന്ന് പരക്കെ ധാരണയുണ്ടെങ്കിലും ക്രിസ്മസ് സമ്മാനം നല്‍കുന്ന പതിവ് യഥാര്‍ത്ഥത്തില്‍ ആരംഭിച്ചത് കിഴക്കിന്റെ ജ്ഞാനികളാണ്. പാവങ്ങളില്‍ യേശുവിനെ കണ്ടു കൊണ്ട് അവര്‍ക്കായി നല്ല മനസ്സോടെ നാം സമ്മാനങ്ങള്‍ നല്‍കുമ്പോള്‍ മാത്രമാണ് നമ്മുടെ സമ്മാനങ്ങള്‍ ദൈവ സന്നിധിയില്‍ പ്രീതികരമാകുന്നത്.

പ്രാര്‍ത്ഥന

പിതാവായ ദൈവമേ,

വളരെയേറെ പ്രയാസങ്ങളും വെല്ലുവിളികളും താണ്ടിയാണല്ലോ പൗരസ്ത്യ ദേശത്തെ ജ്ഞാനികള്‍ ബത്‌ലഹേമില്‍ ഭൂജാതനായ ഉണ്ണിയേശുവിനെ കാണാന്‍ എത്തിയത്. അവര്‍ക്ക് ഒരു നക്ഷത്രം വഴികാട്ടി. യേശുവിന് വേണ്ടി ജീവിക്കുമ്പോള്‍ ഞങ്ങളുടെ ജീവിതത്തില്‍ വരുന്ന തടസ്സങ്ങളും പ്രയാസങ്ങളും തരണം ചെയ്യാനും യേശുവില്‍ തന്നെ മനസ്സുറപ്പിച്ച് തീര്‍ത്ഥാടനം ചെയ്യുവാനുമുള്ള കൃപ ഞങ്ങള്‍ക്ക് നല്‍കിയരുളണമേ.

ആമ്മേന്‍


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles