വല്ല്യമ്മച്ചി പറഞ്ഞു: യൗസേപ്പ് പിതാവ് സുന്ദരനായിരുന്നു…!

എസ് എസ് എല്‍ സി പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലം. ഇടയ്ക്കിടെ വല്ല്യമ്മച്ചിയുടെ അടുക്കല്‍ പോവുക എന്നത് അന്നത്തെ ശീലങ്ങളിലൊന്നായിരുന്നു. വല്ല്യമ്മച്ചി സുഖമില്ലാതെ ഒരേ കിടപ്പാണ്. അധികം ആരും അടുത്ത് ചെല്ലുന്നത് ഇഷ്ടമില്ല. എന്നെ വലിയ ഇഷ്ടമായിരുന്നു താനും. രാത്രിയായല്‍ വല്ല്യമ്മച്ചിക്കുറക്കമില്ല. വല്ല്യമ്മച്ചിയുടെ കട്ടിലിനോട് ചേര്‍ന്നു കിടക്കുന്ന കട്ടിലില്‍ രാത്രി ആളനക്കം ഉണ്ടാകണമെന്നത് നിര്‍ബന്ധമായിരുന്നു. പലപ്പോഴും ഞാനായിരുന്നു ആ കട്ടിലില്‍.

ഉറക്കം വരാത്ത രാത്രികളില്‍ വല്ല്യമ്മച്ചി ഓരോന്നു സംസാരിച്ചു കൊണ്ടിരിക്കും. ചിലപ്പോള്‍ മരണത്തേക്കുറിച്ച് മറ്റു ചിലപ്പോള്‍ അമ്മച്ചിയുടെ പഴയകാലം അല്ലെങ്കില്‍ എന്റെ കുട്ടിക്കാലം അങ്ങനെ നീണ്ടുപോകും ഓരോ രാത്രിയിലും അമ്മച്ചിയുടെ വിശേഷംപറച്ചിലുകള്‍…

നല്ല മഴ പെയ്യുന്ന ഒരു രാത്രി. കറന്റില്ലാത്തതിനാല്‍ വല്ല്യമച്ചിയുടെ മുറിയുടെ അരികത്തായി ഒരു മെഴുതിരി കത്തിച്ചുവച്ചിട്ടുണ്ട്. അരണ്ട വെളിച്ചത്തില്‍ ഞങ്ങള്‍ക്ക് പരസ്പരം കാണാം.

‘കൊച്ചേ… നിനക്ക് എങ്ങനെുള്ള ആളെ വിവാഹം കഴിക്കാനാണിഷ്ടം…’വല്ലയമ്മച്ചിയുടെ ചേദ്യം കേട്ട് ഞാന്‍ അല്‍പമൊന്നു പതറി. വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടും പോലുമില്ലാത്താ പ്രായം. ‘എങ്ങനെയുള്ള ആള്‍’ എന്ന ചോദ്യത്തിന് ഞാന്‍ എന്ത് മറുപടി പറയാന്‍..?

ഞാന്‍ പറഞ്ഞു: ‘അതൊന്നും ഞാന്‍ ചിന്തിച്ചിട്ടില്ല അമ്മച്ചി’
അമ്മച്ചിയുടെ മറുപടിയും പെട്ടെന്നായിരുന്നു, ‘ഇനിമുതല്‍ നീ പ്രാര്‍ത്ഥിക്കണം വിശുദ്ധ യൗസേപ്പിതാവിനെപ്പോലൊരു ഭര്‍ത്താവിനെ കിട്ടാന്‍…’

യൗസേപ്പിതാവിനോട് വലിയ ഭക്തിയൊന്നും എനിക്ക് അക്കാലത്തുണ്ടായിരുന്നില്ല.

‘അതെന്താ വല്ല്യമ്മച്ചി യൗസേപ്പിതാവിനിത്ര പ്രത്യേകത’ അല്‍പം കുസൃതി നിറഞ്ഞതായിരുന്നു എന്റെ ചോദ്യം…

‘യൗസേപ്പിതാവ് നല്ല സുന്ദരനായിരുന്നു കൊച്ചേ…’ നിറഞ്ഞു ചിരിച്ചുകൊണ്ട് വല്ല്യമച്ചി പറഞ്ഞു. അന്നത്തെ വിശേഷം പറച്ചില്‍ അവിടം കൊണ്ടു തീര്‍ന്നു.

കുടുംബപ്രാര്‍ത്ഥനയ്ക്ക് ശേഷം യൗസേപ്പിതാവിനോടുള്ള ജപം ചൊല്ലാറുണ്ടെങ്കിലും അതിന്റെ ആഴവും അര്‍ത്ഥവും ഹൃദയത്തില്‍ ഗ്രഹിക്കാന്‍ എനിക്ക് അക്കാലത്ത് സാധിച്ചിരുന്നില്ല.

വല്ല്യമച്ചിയുടെ മരണത്തിനു ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ് യൗസേപ്പിതാവിനേപ്പൊലൊരു ഭര്‍ത്താവ് എന്ന അമ്മച്ചിയുടെ പ്രയോഗത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുന്നത് തന്നെ. അമ്മച്ചി പറഞ്ഞതു നൂറു ശതമാനം ശരിയായിരുന്നു. യൗസേപ്പ് പിതാവ് സുന്ദരനായിരുന്നു. എല്ലാ അര്‍ത്ഥത്തിലും. പൊരിയുന്ന വെയിലിലും കോച്ചുന്ന തണുപ്പിലും നഷ്ടപ്പെടാത്ത സൗന്ദര്യമായിരുന്നു വിശുദ്ധ യൗസേപ്പിതാവിന്റെ ജീവിതം. ആ ജീവിത സൗന്ദര്യത്തെക്കുറിച്ചായിരിക്കാം വല്ല്യമ്മച്ചി അന്നു ഒരുപക്ഷേ എന്നേ ഓര്‍മ്മപ്പെടുത്താന്‍ ശ്രമിച്ചത്.
വിവാഹം ചെയ്യാന്‍ നിശ്ചയിച്ചിരുന്ന പെണ്‍കുട്ടി വിവാഹത്തിനു മുമ്പേ ഗര്‍ഭം ധരിച്ചുവെന്ന് അറിയുന്ന യൗസേപ്പിതാവ്. മാനുഷിക പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ചിന്തിച്ചാല്‍ സമൂഹത്തിന്റെ മുമ്പില്‍ മറിയത്ത കളിയാക്കാനും നാണം കെടുത്താനും പറ്റിയ അവസരം. എന്നാല്‍ യൗസേപ്പിതാവ് ആ അവസരത്തെ മുതലെടുത്തില്ല. ‘ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു’ (മത്തായി 1.19). സ്വപ്‌നത്തില്‍ കര്‍ത്താവിന്റെ ദൂതന്‍ പ്രത്യക്ഷപ്പെട്ട് മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ട അവള്‍ ഗര്‍ഭം ധരിച്ചിരുക്കുന്നത് പരിശുദ്ധാത്മാവിനാലാണ് എന്നു പറഞ്ഞപ്പോള്‍ നിറഞ്ഞ മനസോെട ദൂതന്റെ വാക്കുള്‍ ഹൃദയത്തിലേറ്റുവാങ്ങുകയാണ് യൗസേപ്പിതാവ് ചെയ്തത്. ദൈവീക പദ്ധതിയോട് മറുത്തൊരു വാക്ക് പറയാത്ത നീതിമാന്‍.

പേരെഴുതിക്കാനായി മറിയത്തോടൊപ്പം ബെത്‌ലഹേമിലേക്ക് പോയ യൗസേപ്പിതാവ് കരുതലുള്ള ഭര്‍ത്താവായി മറിയത്തെ ചേര്‍ത്തുപിടിച്ചു നടന്നു. ആ ചേര്‍ത്തുപിടിക്കല്‍ മറിയത്തിന്റെ ജീവിതത്തിലെ വിലയ ബലവും ശക്തിയുമായിരുന്നു.

ഒന്നിനോടും വലിയ ആസക്തിയോ അത്യാഗ്രഹമോ യൗസേപ്പിതാവിന് ഉണ്ടായിരുന്നില്ല. സമ്പത്തിനോട് പോലും. മരപ്പണിക്കാരനായിരുന്ന യൗസേപ്പ് തന്റെ തൊഴിലിനു ലഭിക്കുന്ന കൂലികൊണ്ട് സംതൃപ്തനായിരുന്നു. ആകാശത്തിലെ പറവകളെയും വയലിലെ ലില്ലികളെയും പോലും ശ്രേഷ്ഠമായി സംരക്ഷിക്കുന്ന ദൈവപരിപാലനയില്‍ ഉറച്ചു വിശ്വസിച്ചവനായിരുന്നു യൗസേപ്പ്. ആ വിശ്വാസത്തില്‍ അധിഷ്ഠിതമായി ജീവിച്ചതിനാലാണ് കുറവുകളും കുറ്റങ്ങളും കണ്ടെത്താതെ അദ്ദേഹത്തിന് സംതൃപ്തിയില്‍ ജീവിക്കാനായതും; തൊഴിലാളികളുടെ മധ്യസ്ഥനായതും.

ദൈവത്തിന്റെ രക്ഷകര പദ്ധതിയില്‍ മടികൂടാതെ സഹകരിച്ച യൗസേപ്പിതാവ് ഉണ്ണീശോയ്ക്ക് ഏറ്റവും യോജിച്ച വളര്‍ത്തച്ഛന്‍ തന്നെയായിരുന്നു. ഉണ്ണീശോയെ ജീവാപയത്തില്‍ നിന്നും സംരക്ഷിക്കാന്‍ ത്യാഗങ്ങളും സഹനങ്ങളും ഏറ്റെടുക്കേണ്ടി വന്നിട്ടും എതിര്‍വാക്കു പറയാതെ ദൈവീകപദ്ധതികളോട് അനുരൂപനായി.

ഹേറോദേസ് ദൈവകുമാരനെ ഭീഷണിപ്പെടുത്തിയപ്പോള്‍ മറിയത്തേയും ശിശുവിനേയും കൂട്ടി ഈജിപ്തിലേക്കു പാലയനം ചെയ്തു. മാര്‍ഗമധ്യേ അഭിമുഖീകരിക്കേണ്ടി വന്ന അപകടങ്ങള്‍ നിരവധിയാണ്. ഈജിപ്തിലെ പ്രവാസകാലവും ദുരിതപൂര്‍ണമായിരുന്നു. അജ്ഞാതമായ സ്ഥലത്തും വിവേകപൂര്‍ണ്ണമായി പെരുമാറിയ യൗസേപ്പിതാവിന്റെ കരങ്ങളില്‍ മറിയവും ഉണ്ണിയേശുവും സുരക്ഷിതമായിരുന്നു. ഒരു ഭര്‍ത്താവ് എന്ന നിലയിലും അപ്പന്‍ എന്ന നിലയിലും തിരുകുടുംബത്തിന്റെ സംരക്ഷകനായിത്തീര്‍ന്നു അദ്ദേഹം. വിശുദ്ധ യൗസേപ്പിതാവിന്റെ സംരക്ഷണ അത്രമേല്‍ ആഴമേറിയതിനാലാണ് തിരുസഭയുടെ സംരക്ഷകനായും അദ്ദേഹത്തെ വണങ്ങുന്നത്.
പരാതിയും പരിഭവങ്ങളുമില്ലാതെ ദൈവീക പദ്ധതികളോട് അനുരൂപപ്പെട്ട വിശുദ്ധ യൗസേപ്പിതാവിന്റെ ജീവിതം സൗന്ദര്യപൂര്‍ണ്ണംതന്നെയാണ്. ആ സൗന്ദര്യത്തിന്റെ ശോഭ ഇന്നും ഓരോ കുടുംബത്തിനും സംരക്ഷണവലയം തീര്‍ക്കുന്നു. കുടുംബനാഥന്മാര്‍ സ്വീകരിക്കേണ്ട ഉത്തമമായ മാതൃകയും വിശുദ്ധ യൗസേപ്പുതന്നെ.

 

~ ലെമി തോമസ്‌ ~

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles