ആശയറ്റ വേളയില്‍ വി. യൗസേപ്പിതാവിന്റെ നിശ്ചയദാര്‍ഢ്യമുള്ള വിശ്വാസപ്രഖ്യാപനം എന്തായിരുന്നു എന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 77/100

വിശുദ്ധ ദമ്പതികള്‍ ബത്‌ലെഹേമില്‍ എത്തുമ്പോഴേക്കും നേരം വളരെയധികം വൈകിക്കഴിഞ്ഞിരുന്നു. പട്ടണത്തില്‍ എത്തിയ ഉടനെ അവര്‍ തങ്ങളെ വഴി നടത്തി സുരക്ഷിതരായി ലക്ഷ്യസ്ഥാനത്ത് എത്തിച്ച ദൈവത്തിനു നന്ദി പറഞ്ഞു. അതിശൈത്യവും ദീര്‍ഘയാത്രയുംകൊണ്ട് അവര്‍ വളരെ ക്ഷീണിതരായിത്തീര്‍ന്നിരുന്നു. ഭക്ഷണത്തിനും രാത്രി വിശ്രമത്തിനും പറ്റിയ ഒരു സങ്കേതം കണ്ടെത്തുവാന്‍ ജോസഫ് അന്വേഷണം തുടങ്ങി.

വിവിധ സ്ഥലങ്ങളില്‍നിന്നു വന്ന ധാരാളം ആളുകളെക്കൊണ്ട് പട്ടണത്തിലെ സത്രങ്ങള്‍ നിറഞ്ഞു കവിഞ്ഞിരുന്നു. ജോസഫ് പല വാതിലുകളും മുട്ടി നോക്കി. എവിടെയും അവര്‍ക്ക് ഒരു മുറിപോലും ലഭിച്ചില്ല. മറിയത്തിന്റെ ശാരീരികാവസ്ഥ അടിയന്തിരമായ വിശ്രമം ആവശ്യപ്പെടുന്നുണ്ടായിരുന്നു. അതു ജോസഫിനെ കൂടുതല്‍ അസ്വസ്ഥമാക്കുകയും ചെയ്തിരുന്നു. എവിടെയെങ്കിലും ഒരു മുറി സംഘടിപ്പിക്കാന്‍ പിന്നെയും പല ലോഡ്ജുകളും അവന്‍ സമീപിച്ചു. എന്നാല്‍ ഒരിടത്തും ഒഴിവുണ്ടായിരുന്നില്ല. ആകുലതയും ഉല്‍ക്കണ്ഠയും വര്‍ദ്ധിച്ചുകൊണ്ടിരുന്നെങ്കിലും വീണ്ടും വീണ്ടും അവന്റെ അന്വേഷണം തുടര്‍ന്നുകൊണ്ടിരുന്നു. പൂര്‍ണ്ണഗര്‍ഭിണിയായ ഒരു സ്ത്രീയോടുള്ള പരിഗണനപോലും കാണിക്കാതെയുള്ള ബെത്‌ലേഹേം നഗരവാസികളുടെ തിരസ്‌കരണവും അവഗണനയും ജോസഫിനെയും മറിയത്തെയും ഒരുപോലെ ദുഃഖിപ്പിക്കുകയും വിഷമത്തിലാക്കുകയും ചെയ്തു.

എല്ലാവരുടെയും ഭാഗത്തുനിന്ന് തുടര്‍ച്ചയായ അവഗണനകള്‍ കണ്ടപ്പോള്‍ എല്ലാ പ്രകാരത്തിലും തങ്ങള്‍ തിരസ്‌കരിക്കപ്പെട്ടിരിക്കുകയാണെന്ന് ജോസഫിന് ഏറെക്കുറെ ബോദ്ധ്യമായി. ദുഃഖഭാരം അവന്റെ ഹൃദയത്തില്‍ തളംകെട്ടാന്‍ തുടങ്ങി. അതിശൈത്യത്താല്‍ അവര്‍ തണുത്തുവിറയ്ക്ക്ാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. അപ്പോഴും നിഷ്ഫലമായ തന്റെ അന്വേഷണം ജോസഫ് തുടര്‍ന്നുകൊണ്ടിരുന്നു. ചുരുക്കത്തില്‍ ഒരു സങ്കേതസ്ഥലവും അവര്‍ കണ്ടെത്തിയില്ല. ജോസഫിന്റെ ദുഃഖം സഹിക്കാവുന്നതിനപ്പുറം എത്തിക്കഴിഞ്ഞു. അവന്‍ മറിയത്തിന്റെ മുമ്പില്‍ തന്റെ വിഷമങ്ങള്‍ തുറന്നു പറഞ്ഞു. അവള്‍ തന്റെ പ്രിയപ്പെട്ട ഭര്‍ത്താവിനെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു. ദൈവം തന്റെ ജ്ഞാനത്താല്‍ തയ്യാറാക്കിയിരിക്കുന്ന പദ്ധതിയനുസരിച്ചാണ് ഈ കഷ്ടപ്പാടുകള്‍ അനുവദിച്ചിരിക്കുന്നത്. അപ്പോള്‍ നിറകണ്ണുകളോടെ ജോസഫ് പറഞ്ഞു: ‘മറിയം, എന്റെ ഹൃദയം വേദനകൊണ്ട് പിടയുകയാണ്; ദാവീദിന്റെ നഗരത്തില്‍ പ്രപഞ്ഞസ്രഷ്ടാവായ ദൈവത്തിന് എവിടെയും ഒരഭയസ്ഥാനം ലഭിക്കാതെ വരുമോ? എല്ലാ വാതികുകളും അവന്റെ മുമ്പില്‍ അടയ്ക്കപ്പെടുമോ?’

ജോസഫിന്റെ ചിന്ത മറ്റൊരു വഴിക്കു തിരിഞ്ഞു. ബത്‌ലഹേമില്‍ സ്വന്തക്കാരും ബന്ധുക്കളും ഉണ്ടല്ലോ. അവരെ സമീപിച്ചാല്‍ ചുരുങ്ങിയപക്ഷം ഗര്‍ഭിണിയായ തന്റെ ഭാര്യയെക്കെങ്കിലും ഒരു മുറി തരപ്പെടുത്തി തരാതിരിക്കല്ല എന്ന് അവന്‍ പ്രതീക്ഷിച്ചു. മറിയം അതിന് അഭിപ്രായമൊന്നും പറഞ്ഞില്ല. ജോസഫിന്റെ അന്വേഷണത്തിന് അവള്‍ തടസ്സം നിന്നില്ല. ദൈവഹിതം നിറവേറണമല്ലോ.

ഓരോ വാതിലുകളും അവന്‍ മുട്ടിനോക്കി. നിഷേധങ്ങളും തിരസ്‌കരണങ്ങളും തന്നെയായിരുന്നു എവിടെയും നേരിട്ടത്. അന്യരെപ്പോലെ സ്വന്തക്കാരും അനുകമ്പയില്ലാത്തവിധം പെരുമാറുകയാണുണ്ടായത്. ചിലര്‍ അവരെ അപമാനിക്കുകയും നാടുതെണ്ടികളായി കരുതുകയും ചെയ്തു. മറ്റു ചിലര്‍ അവരെ അസമയത്തു വീടുകളില്‍ ഒളിഞ്ഞുനോക്കാന്‍ നടക്കുന്നവരായി കരുതി ആട്ടിയോടിച്ചു. ജോസഫും മറിയവും സത്യത്തില്‍ വിവരിക്കാനാവാത്തവിധം വിഷമിച്ചു. എങ്കിലും അജയ്യമായ ദീര്‍ഘക്ഷമയും സഹനശക്തിയും പ്രകടമാക്കി പിടിച്ചു നില്‍ക്കുകയും ചെയ്തു. അടക്കാനാവാത്ത സങ്കടത്തോടെ ജോസഫ് ഇത്ര ദാരുണമായ സാഹചര്യത്തില്‍ ആവശ്യമായ സഹായം ചെയ്തു തരാന്‍ തിരുക്കുമാരനോട് അപേക്ഷിക്കുക എന്ന് മറിയത്തോടു പറഞ്ഞു. ഏതാണ്ട് രാത്രി വന്ന് അവരെ മൂടിക്കഴിഞ്ഞിരുന്നു. മറിയത്തെയുംകൊണ്ട് എന്തു ചെയ്യണമെന്ന് ജോസഫിന് യാതൊരുവിധ ഊഹവുമില്ലായിരുന്നു; അപരിചിതമായ സ്ഥലത്ത് ഗര്‍ഭിണിയായ മറിയത്തിന് എവിടെ അഭയം നല്കാനാകുമെന്ന് അവന് ഒരു നിശ്ചയവുമില്ലായിരുന്നു. മറിയം വീണ്ടും ജോസഫിനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു; ‘ദൈവം തന്റെ നിത്യതയില്‍ കല്പിച്ചിരിക്കുന്നതെന്തെന്ന് മനസ്സിലാക്കുന്നതിനുവേണ്ടി ആയിരിക്കാം ഒരുപക്ഷേ ഈ പരീക്ഷണങ്ങളും ഏറ്റം നിന്ദ്യമായ തിരസ്‌കരണങ്ങളും അനുവദിക്കുന്നത്’ – അവള്‍ പറഞ്ഞു.

അവസാനം ജോസഫ് എല്ലാം അതിജീവിക്കുകയും ബോധ്യപ്പെടുകയും ചെയ്തു. നടന്നതെല്ലാം ദൈവഹിതപ്രകാരമെന്ന് അംഗീകരിച്ചു. ‘നാനാനാട്ടില്‍നിന്നു വന്ന സകല ജനങ്ങള്‍ക്കും താമസ സൗകര്യം ലഭിച്ചു; നമുക്കുമാത്രം കാരുണ്യത്തിന്റെ പേരില്‍പ്പോലും ഒരിടവും ലഭിച്ചില്ല, ആരും നമ്മളെ പരിഗണിച്ചതുമില്ല. ഇങ്ങനെ വന്നുഭവിക്കുമെന്ന് ആരെങ്കിലും വിചാരിച്ചിരുന്നോ? എന്റെ ഭാര്യേ, അതികഠിനമായ തണുപ്പുള്ള രാത്രിയില്‍ ഇത്രയും ദയനീയമായ അവസ്ഥയില്‍ നിന്നെ കാണുമ്പോള്‍ ഞാന്‍ അനുഭവിക്കുന്ന മനോവേദന എത്രയധികമാണെന്നറിയാമോ? അതിനു നമ്മള്‍ വിധേയപ്പെടണമെന്നു നമ്മുടെ ദൈവം നിശ്ചയിച്ചിരിക്കുന്നു എങ്കില്‍ പിന്നെ നമ്മളും അത് അംഗീകരിച്ചേ പറ്റു.’ ആശയറ്റുപോകുന്ന വേളയില്‍ ജോസഫിന്റെ നിശ്ചയദാര്‍ഢ്യമുള്ള വിശ്വാസപ്രഖ്യാപനമായിരുന്നു അത്.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles