അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവവും സംരക്ഷണ പ്രാര്‍ത്ഥനയും – Day 18/30

(അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവ പരമ്പര
Day 18/30 – തുടരുന്നു)
കമ്പാനിയാ ദേശത്താകമാനം ക്ഷാമം പടർന്നുപിടിച്ചു. വിശപ്പിനാഹാരമില്ലാതെ ജനങ്ങൾ പട്ടിണിയിലായി. ഗോതമ്പോ മറ്റു ധാന്യങ്ങളോ കിട്ടാതായി, ഭക്ഷ്യക്ഷാമത്തിന്റെ വിനകളിൽനിന്ന് ബനഡിക്ടിന്റെ ആശ്രമവും ഒഴിവാക്കപ്പെട്ടില്ല. അപ്പം മിക്കവാറും തീർന്നുകഴിഞ്ഞു. ഭക്ഷണമേശയിൽ വയ്ക്കാൻ അഞ്ച് അപ്പം മാത്രം. സന്യാസികൾ മനസിടിഞ്ഞവരായി കാണപ്പെട്ടു. ദൈവപരിപാലനയിലുള്ള വിശ്വാസക്കുറവിനെ ശാസിച്ചെങ്കിലും ബനഡിക്ട് അവരെ സാന്ത്വനിപ്പിക്കുകയും ചെയ്തു. ഇന്ന് അല്പം കുറഞ്ഞുപോയെങ്കിൽ നാളെ സുഭിക്ഷതയുണ്ടാകും.
പിറ്റേന്നു രാവിലെ വാതിൽ തുറന്ന് സഹോദരൻ വാതില്ലക്കൽ ധാന്യച്ചാക്കുകൾ കണ്ട് ആശ്ചര്യപ്പെട്ടു. ഇരുന്നുറുപറ ഗോതമ്പുമാവു നിറച്ച ചാക്കുകൾ. അവ അവിടെ എത്തിച്ചതാരെന്ന് കണ്ടുപിടിക്കാ നായില്ല. ഇല്ലായ്മയുടെ നടുവിലും വൈവപരിപാലന പിന്തുടരുമെന്ന് ഈ സംഭവം അവരെ പഠിപ്പിച്ചു. അവർ ദൈവത്തിനു നന്ദിയർപ്പിച്ചു.
“ഉത്‌കണ്‌ഠമൂലം ആയുസ്‌സിന്‍െറ ദൈര്‍ഘ്യം ഒരു മുഴമെങ്കിലും കൂട്ടാന്‍ നിങ്ങളിലാര്‍ക്കെങ്കിലും സാധിക്കുമോ?” (വി. മത്തായി 6:27) ഇല്ല എന്ന് തന്നെയാണ് ഉത്തരം.
നമ്മുടെ ഉൽകണ്ഠകളെല്ലാം ദൂരെയകറ്റി ദൈവപിതാവിൽ ആശ്രയിച്ച് ജീവിതത്തിൽ മുന്നേറാനാണ് ഈശോ ആഗ്രഹിക്കുന്നത്. അവിടുന്ന് പറയുന്നു: “നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെനീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും.” (വി. മത്തായി 6:33) അങ്ങനെ പ്രത്യാശയാൽ നിരാശയെ ദൂരെയകറ്റാൻ നമ്മുക്ക് പരിശ്രമിക്കാം, ആ പുണ്യത്തിനായി പ്രാർത്ഥിക്കാം.
പ്രാർത്ഥന
പ്രപഞ്ചനിയന്താവായ ദൈവമേ, അവിടുന്ന് ദയാലുവും വിശ്വസ്‌തനും ക്‌ഷമാശീലനുമാണ്. അവിടുന്ന് എല്ലാറ്റിനെയും കൃപയോടെ പരിപാലിക്കുന്നു. (ജ്‌ഞാനം 15 : 1)
ഈശോനാഥാ, ഞങ്ങളുടെ ജീവിതത്തിലെ ദുരിതങ്ങളും വേദനകളുമെല്ലാം അങ്ങേ തൃക്കരങ്ങളിലേക്ക് സമർപ്പിക്കുന്നു. പ്രശ്നങ്ങളിലും പ്രതിസന്ധികളും മറ്റും ഞങ്ങളെ കീഴടക്കാൻ ശ്രമിക്കുമ്പോൾ ദൈവപരിപാലനയിലാശ്രയിക്കുവാനും അതിനെ തരണം ചെയ്യുവാനും വേണ്ട പ്രത്യാശ ഞങ്ങളുടെമേൽ കരുണയാൽ വർഷിക്കണമേ. വിശുദ്ധ ബനഡിക്ടിനെ പോലെ അവിടുത്തെ രാജ്യവും നീതിയും അന്വേഷിച്ചുകൊണ്ട് സ്വർഗ്ഗത്തെ ലക്ഷ്യമാക്കി മുന്നേറുവാൻ ഞങ്ങളെയും അനുഗ്രഹിക്കണമേ.
ആമ്മേൻ.
വിശുദ്ധ ബെനഡിക്ടിനോടുള്ള സംരക്ഷണ പ്രാർത്ഥന
അനുഗ്രഹദായകനും കാരുണ്യവാനുമായ ദൈവമേ, പരിശുദ്ധമായ താപസ ജീവിതം നയിച്ച് അങ്ങയെ മഹത്വപ്പെടുത്തിയ വിശുദ്ധ ബെനഡിക്ടിനെ ആത്മീയ വരങ്ങളാൽ അനുഗ്രഹിച്ച അങ്ങയുടെ കാരുണ്യത്തെ ഞാൻ വാഴ്ത്തുന്നു. അങ്ങയുടെ പ്രിയപുത്രനായ ഈശോമിശിഹായുടെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും മഹത്വവും ശക്തിയും അറിഞ്ഞു കുരിശിന്റെ ശക്തിയാൽ പിശാചുക്കളെ ബഹിഷ്കരിക്കുകയും പൈശാചിക ബാധകളിൽ നിന്ന് അനേകരെ മോചിപ്പിക്കുകയും ചെയ്ത വിശുദ്ധ ബെനഡിക്ടിന്റെ യോഗ്യതകളും പ്രാർഥനകളും പരിഗണിച്ച് ശത്രുക്കളുടെ എല്ലാ ആക്രമണങ്ങളിൽ നിന്നും പിശാചിന്റെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. പ്രത്യേകമായി ഇപ്പോൾ ഞങ്ങളുടെ ജീവിതത്തെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പൈശാചിക പീഡകളിൽ നിന്നും ശത്രുദോഷങ്ങളിൽ നിന്നും തിന്മയുടെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും മോചനം ലഭിക്കുവാനുള്ള കൃപ വിശുദ്ധന്റെ മദ്ധ്യസ്ഥതയാൽ ഞങ്ങൾക്ക് നൽകണമേ. അതുവഴി ഞങ്ങൾ തിന്മയുടെ എല്ലാ ശക്തികളിലും നിന്ന് മോചനം പ്രാപിച്ച് അങ്ങേക്കും അങ്ങയുടെ പ്രിയപുത്രനും പരിശുദ്ധാത്മാവിനും സ്തുതിയും സ്തോത്രവും സമർപ്പിക്കുവാൻ ഇടയാവുകയും ചെയ്യട്ടെ. ആമേൻ
1സ്വർഗ്ഗ.1നന്മ. 1ത്രിത്വ
വിശുദ്ധ ബെനഡിക്‌ടേ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമെ
