വിശ്വാസിയായി മാറിയ ഒരു കമ്മ്യൂണിസ്റ്റ് അഭിഭാഷകയുടെ അനുഭവക്കുറിപ്പ്

അന്തര്‍ദേശിയ മനുഷ്യാവകാശ പ്രവര്‍ത്തകയും, എഴുത്തുകാരിയും, അഭിഭാഷകയുമായ വെര്‍ജീനിയ പ്രൊഡന്റെ ‘സേവിംഗ് മൈ അസ്സസ്സിന്‍ ‘എന്ന പുസ്തകത്തിലെ ഒരു ഭാഗമാണിത്. കത്തോലിക്കാ വിശ്വാസത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന അവര്‍, സുവിശേഷ പ്രഭാഷണത്തിനും മാനുഷികമൂല്യ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ഒരേ സമയം ചിലവിടുന്ന വ്യക്തിയെന്ന നിലയില്‍ പ്രശസ്തയാണ്.

 

എല്ലാ മനുഷ്യരെയും പോലെ സത്യത്തിനും സ്വാതന്ത്യ്രത്തിനും മൂല്യബോധം കല്‍പ്പിക്കാന്‍ ആഗ്രഹിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു ഞാനും. എന്നാല്‍ കമ്മ്യൂണിസ്റ്റ് രാജ്യമായ റൊമാനിയയിലാണ് ഞാന്‍ ജനിച്ചു വീണത്. ജനങ്ങളുടെ ശബ്ദ ത്തെ നിക്കോളെ സെസ്‌ക്യൂവിന്റെ സര്‍വാധിപത്യഭരണം അടിച്ചമര്‍ത്തുകയും, ചവിട്ടിഞെരിക്കുകയും ഒക്കെ ചെയ്തിരുന്ന കാലഘട്ടം. സര്‍ക്കാരിനെതിരായുള്ള എന്തെങ്കിലും നീക്കത്തെയോ, സമരത്തെയോ, പിന്‍തുണയ്ക്കുന്നവര്‍ക്ക് പിറ്റേന്നുള്ള പ്രഭാതം കാണാന്‍ സാധിക്കില്ലെ ന്നറിഞ്ഞുകൊണ്ട് തന്നെ എല്ലാവരും നിശബ്ദരായി കഴിഞ്ഞു. സ്വയം പിറുപിറുത്തുകൊണ്ട് ജനങ്ങള്‍ ഓരോ ദിവസവും കഴിഞ്ഞുകൂടി. ഞാനും മറ്റുള്ളവരെ പോലെ നിശബ്ദത പാലിച്ചു.

നിയമം പഠിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. അങ്ങനെ ഞാന്‍ ഒരു അഭിഭാഷകയായി തീര്‍ന്നു. കമ്മ്യൂണിസ്റ്റ് നിയമങ്ങളും അനുശാ സനങ്ങളും പാലിച്ചുപോരുന്ന ഒരു ഓഫിസില്‍ എഴുത്തുകുത്ത് ജോലിക്കാരിയായി ഞാന്‍ നിയമിക്കപ്പെട്ടു. എന്റെ ആത്മവിശ്വാസത്തെയും, മൗലികതെയും അവര്‍ ഊതികെടു ത്തികൊണ്ടിരുന്നു. മൂല്യങ്ങള്‍ക്ക് വിലകല്പിക്കുന്ന ഒന്നും തന്നെ എന്റെ സ്ഥാപനത്തില്‍ ഉണ്ടായിരുന്നില്ല.

ഒരിക്കല്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഒരു കക്ഷി എന്റെയടുത്ത് വന്നു. ജോലിത്തിരക്കുകള്‍ മൂലം ഞാന്‍ ആ മനുഷ്യന്റെ കടലാസ് വൈകിപ്പിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ അയാള്‍ ഓരോ മാസവും പുഞ്ചിരിയോടെ, പ്രതീക്ഷയോടെ എന്റെയടുത്ത് വരാന്‍ തുടങ്ങി. അയാളുടെ സന്തോഷം നിറഞ്ഞ മുഖം എന്നെ അമ്പരിപ്പിച്ചു. എങ്ങനെ ആ മനുഷ്യന് ചിരിക്കാന്‍ കഴിയുന്നു? അയാള്‍ക്കേറെ ശത്രുത തോന്നേണ്ട ആളായിട്ടു പോലും അയാള്‍ എന്നോട് മാന്യമായി സംസാരിക്കുന്നു. അയാളുടെ പകുതി സന്തോഷം എനിക്ക് കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു.

ഒരു ദിവസം ഞാന്‍ ആ മനുഷ്യനോട് ചോദിച്ചു, ‘എങ്ങനെയാണ് താങ്കള്‍ക്ക് സന്തോഷവാനായി ഇരിക്കാന്‍ കഴിയുന്നത്?’

ഒരു ഉത്തരത്തിനു പകരമയാള്‍ എന്നോട് തിരിച്ച് ചോദിച്ചു, ‘മാഡം, പള്ളിയില്‍ പോകാറുണ്ടോ?

‘ഉണ്ടല്ലോ, ക്രിസ്മസിനും ഈസ്റ്ററിനും ഞാന്‍ പള്ളിയില്‍ പോകും, എന്തേ?’

‘അടുത്ത ഞായറാഴ്ച നമുക്ക് ഒരുമിച്ച് പള്ളിയില്‍ പോകാം, വരുമോ?’

ഞാന്‍ ഒന്നും മറുപടി കൊടുത്തില്ല. ഈശ്വര വിശ്വാസത്തെ എതിര്‍ക്കുന്ന ഒരു ഭരണകൂടത്തിലാണ് ഞാന്‍ ജീവിക്കുന്നത്. ആത്മീയ വിശ്വാസികളെ ചോദ്യം ചെയ്യുന്നവര്‍ എന്റെ ചുറ്റിനും ഉണ്ട്. അവരെ ഭയപ്പെടുന്ന ഞാനും, എങ്ങനെ പള്ളിയില്‍ പോകും? ജീവനെ ഭയന്നാണ് പല വിശ്വാസികളും വീട്ടില്‍ തന്നെയിരിക്കുന്നത്. ഞാനും ആ കൂട്ടത്തിലുള്ളതാണ്.
ഇങ്ങനെയൊക്കെ ഞാന്‍ ചിന്തി ച്ചുപോയെങ്കിലും അവസാനം ഞാന്‍ അയാളുടെ കൂടെ പള്ളിയില്‍ പോകാന്‍ തീരുമാനമെടുത്തു.
അവിടെവെച്ച് വായിക്കപ്പെട്ട ഒരു സുവിശേഷ ഭാഗം എന്നെ ഒരുപാട് സ്പര്‍ശിച്ചു. ‘ഞാന്‍ ആണ് വഴിയും സത്യവും ജീവനും’ (യോഹ 14:6) ആദ്യമായാണ് ഞാന്‍ ആ വചനം കേള്‍ക്കുന്നത്. ഒരാള്‍ എങ്ങനെയാണ് സ്വയം സത്യമാണെന്നു പറയുന്നത്? അത് എന്നെ ഇരുത്തി ചിന്തിപ്പിച്ചു. വൈദികന്‍ ബലിയര്‍പ്പിച്ചിരുന്നപ്പോള്‍ ഇതുവരെ ഇല്ലാതിരുന്ന ഒരു അനുഭവം എന്നിലേയ്ക്ക് കടന്നുവരുന്നതായി തോന്നി. പുഞ്ചിരിയോടെ ഞാന്‍ തുടര്‍ന്നുള്ള ദിവ്യബലിയില്‍ പങ്കുകൊണ്ടു.

കുര്‍ബാനയ്ക്ക് ശേഷം അയാള്‍ എന്റെയടുത്തേയ്ക്ക് കടന്നുവന്നു. ഞാന്‍ അയാളെ നോക്കി ചിരിച്ചു.

‘ഇപ്പോള്‍ മനസ്സിലായോ എങ്ങനയെയാണ് ഞാന്‍ സന്തോഷവാനായിരിക്കുന്നതെന്ന്?’ അയാള്‍ എന്നോട് പറഞ്ഞു.

ഇത്രയും കാലം ഞാന്‍ സത്യം അന്വേഷിക്കുകയായിരുന്നു. ഒരിട ത്തും എനിക്കത് കണ്ടെത്താന്‍ സാധിച്ചില്ല. എന്റെ വീട്ടില്‍, ചുറ്റുമു ള്ളവരില്‍, പഠനത്തില്‍, ഓഫിസില്‍ എന്നിങ്ങനെ എല്ലായിടത്തും നിരാശയായിരുന്നു. എന്നാല്‍ ഇന്ന് ഈ മനുഷ്യന്‍ എന്നെ അതിശയിപ്പിച്ചിരിക്കുന്നു. ഞാന്‍ സത്യത്തെ കണ്ടെത്തിയിരിക്കുന്നു. സക്രാരിയില്‍ വസിക്കുന്ന യേശുക്രിസ്തുവാണ്
ആ സത്യം. ഏറ്റവും വലിയ സത്യം അവിടുന്നാണ്. എന്റെ ദൈവത്തോടൊപ്പമായിരിക്കാന്‍, സന്തോഷിക്കാന്‍ എന്നെ സ്വാധീനിച്ച ആ മനുഷ്യനോട് ഞാന്‍ ഇന്നും നന്ദി പറയുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles