നമുക്ക് ആശ്രയിക്കാന്‍ സ്വര്‍ഗത്തില്‍ ഒരമ്മയുണ്ട്

നമ്മുടെ ജീവിതത്തില്‍ വേദനകളും ബുദ്ധിമുട്ടുകളും ഒക്കെ വരുമ്പോള്‍ നമ്മള്‍ ഓടിയെത്തുന്നത് നമ്മുടെ അമ്മമാരുടെ അടുത്താണ് അല്ലേ… അമ്മ നമ്മെ ചേര്‍ത്ത് നിര്‍ത്തി ആശ്വസിപ്പിക്കുമ്പോള്‍ കിട്ടുന്ന ഒരു ധൈര്യം ഉണ്ട്. സ്വര്‍ഗത്തിലും നമുക്ക് ഓടിയെത്തി ആശ്രയിക്കാന്‍ ഒരു അമ്മയുണ്ട്, നമ്മുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി നിരന്തരം നമുക്കായി വാദിക്കുന്ന ഒരു അമ്മ, ഈശോ കാല്‍വരി കുരിശില്‍ വച്ച് ‘ഇതാ നിന്റെ അമ്മ’ എന്ന് പറഞ്ഞു കൊണ്ട് നമ്മുക്കായി നല്കിയ നമ്മുടെ അമ്മ…നസ്രായന്റെ അമ്മ നമ്മുടെ സ്വന്തം അമ്മ. ദൂതന്‍ അവ ളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ! (ലൂക്കാ 1 : 28).

ദൈവപിതാവ് രക്ഷാകരപദ്ധതി വാഗ്ദാനം ചെയ്തപ്പോള്‍ തന്നെ പരിശുദ്ധ മറിയത്തെ രക്ഷകന്റെ അമ്മയായി തിരഞ്ഞെടുത്തു.. ഉത്ഭവപാപം പോലും ഇല്ലാതെ കറകളഞ്ഞ സ്ത്രീയായി തന്റെ ഏകജാതനെ ഉദരത്തില്‍ വഹിക്കുന്ന വാഗ്ദാനപേടകമായി കന്യകാ മറിയത്തെ അവിടുന്ന് ഒരുക്കി..
ആദ്യ ഹവ്വ അനുസരണക്കേടിലൂടെ പറുദീസ നഷ്ടപ്പെടുത്തി മരണത്തെ ഭൂമിയിലേയ്ക്ക് കൊണ്ടുവന്നപ്പോള്‍ രണ്ടാം ഹവ്വായായ പരിശുദ്ധ അമ്മ ദൈവീകപദ്ധതിയോട് പൂര്‍ണ്ണ ഹൃദയത്തോടെ, സന്തോഷത്തോടെ ,ആമേന്‍ പറഞ്ഞുകൊണ്ട്, അനുസരണത്തിലൂടെ നിത്യജീവന്റെ ഉവയായ തിരുക്കുമാരനെ ഉദരത്തില്‍ വഹിക്കുന്ന സക്രാരിയായി മാറി…

ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. (ലൂക്കാ 1 : 30)
നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം. (ലൂക്കാ 1 : 31)

അമ്മയിലെ എളിമയും അഗാധമായ ദൈവസ്‌നേഹവും അമ്മയെ ദൈവകൃപയ്ക്കു പാത്രമാക്കി….മംഗളവാര്‍ത്ത അറിഞ്ഞ നിമിഷം മുതല്‍ ലോകരക്ഷകനെന്ന നിധി, പരിശുദ്ധ കുര്‍ബാനയാകുന്ന നിധി അമ്മ ഹൃദയത്തോട് ചേര്‍ത്ത് വച്ചു. ദൂതന്‍ മറുപടി പറഞ്ഞു: പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും. (ലൂക്കാ 1 : 35)

നിരവധിയായ പരിഹാസങ്ങളിലൂടെയും അപമാനങ്ങളിലൂടെയും കടന്നു പോയപ്പോഴും ‘എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കും’ എന്ന് പറഞ്ഞു കര്‍ത്താവില്‍ ആനന്ദിക്കാന്‍ പരിശുദ്ധ അമ്മയെ സഹായിച്ചത് ദൈവപിതാവിന്റെ കരുതലിലും സ്‌നേഹത്തിലുമുളള വിശ്വാസമാണ്… പരിശുദ്ധ അമ്മയെ പോലെ കണ്ണും പൂട്ടി ദൈവപിതാവിനെ വിശ്വസിച്ചാല്‍ നമ്മുടെ ജീവിതത്തിലും ദൈവമഹത്വം ദര്‍ശിക്കാം…
ദൈവകുമാരന്റെ അമ്മയായിട്ടു കൂടി ഈശോയെ ഉദരത്തില്‍ സ്വീകരിച്ചതു മുതല്‍ കാല്‍വരി കുരിശടിയോളം ആ അമ്മ സഹിച്ച വേദനയും നിന്ദനവും നമ്മുടെ ജീവിതത്തിലെ കൊച്ചുകൊച്ചു സഹനങ്ങളെ വച്ച് നോക്കുമ്പോള്‍ എത്ര വലുതാണ്…..

പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ എലിസബത്ത് പുണ്യവതിയും, ആട്ടിടയന്മാരും, രാജാക്കന്മാരും ലോകരക്ഷകനെ തിരിച്ചറിഞ്ഞപ്പോഴും താന്‍ ലോകരക്ഷകന്റെ അമ്മയാണ് എന്നതില്‍ തെല്ലും അഹങ്കരിക്കാതെ, അനുസരണയോടെ ദൈവീക രഹസ്യങ്ങളെ പരിശുദ്ധ അമ്മ ഹൃദയത്തില്‍ സൂക്ഷിച്ചു..

ശിമയോനിലൂടെ ‘നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചു കയറും’ എന്ന് ദൈവഹിതത്തെപ്പറ്റി അറിയിപ്പുണ്ടായപ്പോഴും തന്റെ മകന്‍ പീഡകളേറ്റ് പരിശുദ്ധ കുര്‍ബാനയായി മാറുന്നത് വരെ സ്വര്‍ഗ്ഗത്തോട് ചേര്‍ന്ന് ദൈവീക പദ്ധതി എത്രയും പെട്ടെന്ന് നിറവേറ്റപ്പെടാനായി പ്രാര്‍ത്ഥിച്ച പരിശുദ്ധ അമ്മയുടെ മനസ്സില്‍ നാം ഓരോരുത്തരുടേയും രക്ഷയായിരുന്നു…

സ്വന്തം മകന്‍ കണ്‍മുന്നില്‍ വച്ച് കഠിനമായ പീഡകള്‍ ഏറ്റുവാങ്ങുന്നത് കണ്ടപ്പോഴും കുരിശില്‍ മൂന്ന് ആണികളില്‍ ജീവന്‍ വെടിയുന്നത് കണ്ടപ്പോഴും ആ അമ്മ സഹിച്ചത് നമ്മുടെ ഓരോരുത്തരുടെയും രക്ഷയെ ഓര്‍ത്താണ്…അമ്മയുടെ കയ്യില്‍ പിടിച്ചു നടക്കുന്ന ഓരോരുത്തരെയും അമ്മ കാല്‍വരി കുരിശിന്‍ ചുവട്ടിലേയ്ക് എത്തിക്കുന്നു.

അമ്മയോട് ചേര്‍ന്ന് നിന്നുകൊണ്ട് പ്രാര്‍ത്ഥിക്കുമ്പോള്‍, എലിസബത്തില്‍ നിറഞ്ഞ പരിശുദ്ധാത്മ അഭിഷേകം, പന്തകുസ്താ നാളില്‍ ശ്ലീഹന്മാരില്‍ നിറഞ്ഞ പരിശുദ്ധാത്മ അഭിഷേകം നമ്മിലും നിറയും.അമ്മയുടെ കൈ പിടിച്ചു കുരിശിന്‍ ചുവട്ടിലേയ്ക് കടന്നു വരാം… കുരിശില്‍ നിന്നും ഒഴുകുന്ന അനന്തമായ കൃപ അനുഭവിക്കാം.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles