മുഖം ഓര്‍മിക്കാനാവാത്ത ഒരു കന്യാസ്ത്രീയുടെ ഓര്‍മയ്ക്ക്…

അഭിലാഷ് ഫ്രേസര്‍

അവര്‍ എല്ലാവര്‍ക്കും വേണ്ടി പൂക്കള്‍ ഉണ്ടാക്കുമായിരുന്നു, കടലാസും തുണിയുമുപയോഗിച്ച്…’സിസ്റ്റര്‍ ആര്‍നെറ്റിനെക്കുറിച്ചാണ് അമ്മ ഇങ്ങനെ പറഞ്ഞത്, അവരുടെ മരണവാര്‍ത്ത അറിഞ്ഞവേളയില്‍.സിസ്റ്റര്‍ ആര്‍നെറ്റിനെ ആദ്യമായി കാണുമ്പോള്‍ ഞാന്‍ ആശുപത്രിയില്‍ മരണം കാത്തു കിടക്കുകയായിരുന്നു. വൃക്കകളുടെ പ്രവര്‍ത്തനം നിലച്ച്, നിരന്തര ഡയാലിസിസിന്റെ ചരടില്‍ തൂങ്ങി…

ഡോക്ടര്‍മാര്‍ക്കുപോലും പ്രതീക്ഷയുണ്ടായിരുന്നില്ലത്രേ! മൃത്യൂഗന്ധമുള്ള സ്വപ്‌നങ്ങള്‍ക്കും അവ്യക്തമായ യാഥാര്‍ത്ഥ്യങ്ങള്‍ക്കുമിടയില്‍ ബോധമണ്ഡലം ഊയലാടിക്കൊണ്ടിരുന്ന ദിവസങ്ങളിലാണ് സിസ്റ്റര്‍ ആര്‍നെറ്റിനെ ഞാന്‍ ആദ്യമായി കാണുന്നത്. സെഡേറ്റീവുകളുടെ നീണ്ട മയക്കത്തില്‍നിന്ന് മെല്ലെയുണര്‍ന്നു തുടങ്ങിയ ഒരു സായാഹ്നത്തില്‍ (സായാഹ്നമാണെന്ന് ഞാന്‍ ഊഹിക്കുകയാണ്).അവര്‍ക്ക് പ്രായം അറുപതിനോടടുത്തുണ്ടാവണം. ഐശ്വര്യവും പ്രകാശവുമുള്ള മുഖം. ഞാനവരെ മുന്‍പേതെങ്കിലും തരത്തില്‍ പരിചയപ്പെട്ടതായി ഓര്‍ക്കുന്നില്ല… എന്നിട്ടും, അതീവ താത്പര്യത്തോടെ അവരെന്റെ കരം ഗ്രഹിച്ചിട്ട് പറഞ്ഞു: ‘കഴിഞ്ഞ ദിവസം ഞാനിവിടെ വരുമ്പോള്‍ നീ അബോധാവസ്ഥയിലായിരുന്നു. നിെന്നയേല്‍പിക്കാന്‍ നിന്റെ ഡാഡിയുടെ പക്കല്‍ ഞാനൊരു സമ്മാനവും കൂടെയൊരു കത്തും കൊടുത്തിരുന്നു. കിട്ടിയോ?’സമ്മാനം എന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ പിന്‍ ചെയ്തു വച്ചിട്ടുണ്ടായിരുന്നു – പച്ച നിറത്തിലുള്ള ഒരു വെന്തിങ്ങ!അവര്‍ തുടര്‍ന്നു: ‘ ഇത് പ്രത്യേകതയുള്ള ഒരു വെന്തിങ്ങയാണ്. എപ്പോഴും കൂടെ സൂക്ഷിക്കണം. നിനക്കൊരാപത്തും വരില്ല!’

മറ്റുള്ളവയില്‍നിന്ന് പച്ചനിറത്തിനെന്താണ് പ്രത്യേകതയെന്ന് ഞാന്‍ ചോദിച്ചില്ല. അവരുടെ മുഖഭാവം അത്രയ്ക്ക് പ്രത്യാശാഭരിതമായിരുന്നു. സന്ദര്‍ശകര്‍ക്ക് കര്‍ശനമായ നിയന്ത്രണം ഉണ്ടായിരുന്നതിനാല്‍ കൂടുതല്‍ നേരം ചെലവഴിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. യാത്ര പറയുമ്പോള്‍ അവര്‍ മൃദുസ്വരത്തില്‍ ഓര്‍മിപ്പിച്ചു: ‘ആ കത്ത് വായിക്കാന്‍ മറക്കരുത്…!’കത്ത് ഡാഡി എവിടയോ വച്ച് മറന്നിരുന്നു. ഏറെ തിരഞ്ഞിട്ടും കണ്ടുകിട്ടിയില്ല.പിന്നീട് കുറേ നാളത്തേക്ക് സിസ്റ്റര്‍ ആര്‍നെറ്റിനെ അങ്ങോട്ട് കണ്ടില്ല. അവരുടെ മഠത്തില്‍ നിന്നെത്തിയ കന്യാസ്ത്രീകളോട് ഞാനവരെക്കുറിച്ച് തിരക്കിക്കൊണ്ടിരുന്നു. എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് അറിയിക്കാന്‍ ചില കന്യാസ്ത്രീകളെ അവര്‍ പറഞ്ഞേല്‍പിച്ചു.മരണതീരത്തുനിന്ന് ഞാന്‍ സാവധാനം മടങ്ങിവന്നു. ജീവന്റെ പച്ചപ്പുകള്‍ തളിര്‍ക്കുന്നത് ഞാനറിഞ്ഞു. മരണത്തിന്റെ താഴ്‌വരയില്‍ പച്ചപ്പുല്‍മേടുകള്‍… അവിടെ പ്രതീക്ഷയുടെ ആട്ടിന്‍പറ്റങ്ങള്‍ മേഞ്ഞുനടന്നു… അങ്ങനെ ഒന്നു രണ്ടു മാസങ്ങള്‍ കടന്നുപോയി. 

ഒരു ദിവസം കേട്ടു, സിസ്റ്റര്‍ ആര്‍നെറ്റ് മസ്തിഷ്‌കാഘാതം വന്ന് തളര്‍ന്നുപോയി! ബോധവും ഓര്‍മ്മശക്തിയും പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. ഞാന്‍ കിടക്കുന്ന ആശുപത്രിയുടെ ഐ.സി.യു.വിലുണ്ട്. രണ്ടാഴ്ചയോളം അവര്‍ അവിടെ കിടന്നു. നഷ്ടപ്പെട്ടതൊന്നും വീണ്ടെടുക്കാനായില്ല. അവരെ അതേ അവസ്ഥയില്‍ത്തന്നെ മുറിയിലേക്കു മാറ്റി.

എന്റേതിനോട് അടുത്ത മുറിയിലാണ്. ഞാന്‍ പോയി കണ്ടു. ചലനശേഷി നഷ്ടപ്പെട്ട്, ട്യൂബിലൂടെ ജലാഹാരം മാത്രമായി, ക്ഷീണിച്ച്, അവര്‍… എന്നെ തിരിച്ചറിയാന്‍ കഴിഞ്ഞോ എന്നെനിക്കറിയില്ല. അവരുടെ മിഴികളില്‍ ഒരു നനവിന്റെ തിളക്കം എനിക്കു തോന്നിയതാണോ?ചികിത്സ കൊണ്ടിനി ഫലമില്ലെന്ന് വിധി വന്നതിനാല്‍ അവരെ മഠത്തിലേക്കു കൊണ്ടുപോയി. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഞാനും ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടു. ഡയാലിസിസ് ഇനി വീട്ടില്‍നിന്നു തുടരാം. 

ഒരിക്കല്‍ വളരെ ആകസ്മികമായി എന്റെ പഴയൊരു ഡയറിയില്‍നിന്ന് ഒരു വെളുത്ത കവര്‍ കിട്ടി. സിസ്റ്റര്‍ ആര്‍നെറ്റിന്റെ പഴയ കത്താണ്: ‘പ്രിയ അഭിലാഷ്, എനിക്ക വളരെ വിലപ്പെട്ട ഒന്നാണ് ഞാന്‍ നിന്നെ ഏല്‍പിക്കുന്നത്. ഈ പച്ച ഉത്തരീയം. അതെന്നും എനിക്കൊരു ശക്തിയായിരുന്നു. മരണകരമായ ഒരപകടത്തില്‍നിന്ന് അതെ എന്നെ സംരക്ഷിച്ചിട്ടുണ്ട്. നിന്നെയും രക്ഷിക്കും. ഇനിമുതല്‍ എന്റെ സുകൃതങ്ങളും ത്യാഗങ്ങളും നിനക്കുവേണ്ടിക്കൂടി… മാതാവ് നിന്നെ അനുഗ്രഹിക്കട്ടെ!’ കത്ത് മടക്കിവയ്ക്കുമ്പോള്‍ മിഴികളില്‍ നനവുണ്ടായിരുന്നു. ഹൃദയത്തില്‍ അനിര്‍വചനീയമായ ഒരനുഭൂതിയും…

പിറ്റേന്ന് രാവിലെ പത്രത്തിലെ ചരമക്കോളം നിവര്‍ത്തിപ്പിടിച്ച് അമ്മ എന്റെ മുറിയിലേക്ക് വന്നു പറഞ്ഞു: ‘മോനെ, സിസ്റ്റര്‍ ആര്‍നെറ്റ് മരിച്ചു! ഇന്നലെ…’എന്റെ മനസിലപ്പോള്‍ മരണത്തിന് കറുപ്പു നിറമായിരുന്നില്ല. ജീവന്റെ പച്ചനിറം! എന്നിട്ടും ഹൃദയം വിങ്ങി. സിസ്റ്ററുടെ കത്ത് അപ്പോഴും മേശപ്പുറത്ത് ഉണ്ടായിരുന്നു. ‘അമ്മേ, സിസ്റ്ററുടെ ജീവിതത്തെക്കുറിച്ച് അമ്മയ്‌ക്കെന്തങ്കിലും അറിയാമോ?’ ഞാന്‍ ചോദിച്ചു.

‘അവര്‍ സദാ സന്തോഷവതിയായിരുന്നു എന്നാണ് ആശുപത്രിയില്‍ കൂടെയുണ്ടായിരുന്ന കന്യാസ്ത്രീകള്‍ പറഞ്ഞത്. അവര്‍ എല്ലാവര്‍ക്കുംവേണ്ടി പൂക്കള്‍ ഉണ്ടാക്കുമായിരുന്നു. വര്‍ണക്കടലാസും തുണിയുമുപയോഗിച്ച്. സ്‌കൂളില്‍ വരുന്ന കുട്ടികള്‍ക്കും കോണ്‍വെന്റില്‍ വരുന്നവര്‍ക്കുമൊക്കെ അവ വിതരണം ചെയ്യുമായിരുന്നു!’

കടലാസുപൂക്കള്‍ക്ക് സുഗന്ധമുണ്ടാകുമെന്ന് ഞാന്‍ കേട്ടിട്ടില്ല. അവ താനേ വിടരാറുണ്ടോയെന്നുമറിയില്ല. എങ്കിലും, അപൂര്‍വം ചില അവസരങ്ങളില്‍ കടലാസുപൂക്കള്‍ക്ക് യഥാര്‍ത്ഥ പൂക്കളേക്കാള്‍ വിലയുള്ളതായി തോന്നാറുണ്ട്, അല്ലേ?

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles