ഭയത്തിന്റെ നിഴലില്‍ താങ്ങായ് ദൈവം

മനുഷ്യന്റെ ബുദ്ധിയും കഴിവും പരാജയപ്പെടുന്നിടത്ത് ദൈവത്തെ കുറിച്ചുള്ള ഓര്‍മ തെളിഞ്ഞു വരും. ഒരിക്കല്‍ മറന്നു പോയ, അവഗണിച്ചു കടന്നു പോയ ദൈവ സങ്കല്പം ഇന്ന് യാഥാര്‍ത്ഥ്യമായി തീരും. മനുഷ്യപ്രയത്‌നങ്ങളും നേട്ടങ്ങളും പരാജയപ്പെടുന്നിടത്താണ് ദൈവം ഉദയം ചെയ്യുന്നത്.

ഇന്ന് ലോകവ്യാപകമായി മനുഷ്യജീവിതത്തെ ദുരിതത്തിലാഴ്ത്തിയിരിക്കുന്ന കൊറോണ രോഗം നമുക്ക് മുന്നില്‍ വെല്ലുവിളിയായി ഉയര്‍ന്നു നില്‍ക്കുമ്പോള്‍ ദൈവമേ, കാത്തു കൊള്ളണേ! എന്ന വിലാപം ഓരോ മനുഷ്യന്റെ ഹൃദയത്തില്‍ നിന്നും ഓരു തേങ്ങലായി ഉയരുന്നു. മനുഷ്യന്‍ ഹാ എത്ര നിസാരന്‍! എല്ലാം പിടിച്ചടക്കി വിജയകിരീടം അണിഞ്ഞു നില്‍ക്കുമ്പോള്‍ എല്ലാം തകര്‍ന്നു താഴെ വീഴുന്ന മനുഷ്യന്റെ പതനം ഏറെ വേദനാകരമാണ്. എളിമപ്പെടുക, പ്രാര്‍ത്ഥിക്കുക. അതേ നമുക്ക് ചെയ്യാനുള്ളൂ. പുതിയ വഴികള്‍ തേടി ജീവിതം മുന്നോട്ട് നയിക്കാനും ജീവിതം എന്ന ദൈവത്തിന്റെ ദാനം തുടര്‍ന്നു കൊണ്ടു പോകാനും പരിശ്രമിക്കുക. അത് മാത്രമാണ് നമുക്ക് ചെയ്യാന്‍ കഴിയുന്നത്.

മനുഷ്യന്റെ പരിമിതികള്‍ക്കപ്പുറം ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടെന്ന സത്യമാണ് ബൈബിള്‍ നമുക്ക് നല്‍കുന്ന പ്രത്യാശ. ജോബിന്റെ പുസ്തകത്തില്‍ പറയുന്നു. ‘അവിടുന്ന് നശിപ്പിച്ചാല്‍ ആര്‍ക്കും പുനരുദ്ധരിക്കാന്‍ കഴിയുകയില്ല. അവിടുന്ന് ബന്ധിച്ചാല്‍ ആര്‍ക്കും മോചിപ്പിക്കാന്‍ കഴിയുകയില്ല’ (ജോബ് 12 – 14). ഏശയ്യാ പ്രവാചകന്‍ പറയുന്നു: ‘അവന്‍ തുറന്നാല്‍ ആരും അടയ്ക്കുകയോ അവന്‍ അടച്ചാല്‍ ആരും തുറക്കുകയോ ഇല്ല’ (ഏശയ്യ 22: 22). വെളിപാട് പുസ്തകത്തില്‍ പറയുന്നു: പരിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോല്‍ കൈവശമുള്ളവനും മറ്റാര്‍ക്കും അടയ്ക്കാനാവാത്ത വിധം തുറക്കുന്നവനും മറ്റാര്‍ക്കും തുറക്കാനാവാത്ത വിധം അടയ്്ക്കുന്നവനുമായവന്‍ പറയുന്നു: ‘നിന്റെ പ്രവൃത്തികള്‍ ഞാനറിയുന്നു. ഇതാ നിന്റെ മുന്നില്‍ ആര്‍ക്കും പൂട്ടാന്‍ കഴിയാത്ത വിധം തുറന്നു കിടക്കുന്ന ഒരു വാതില്‍ ഞാന്‍ സ്ഥാപിച്ചിരിക്കുന്നു. നിന്റെ ശക്തി പരിമിതമാണ്. എങ്കിലും നീ എന്റെ വചനം കാത്തു. എന്റെ നാമം നിഷേധിച്ചതുമില്ല (വെളി 3: 7 – 8).

‘സകല ഭൂവാസികളെയും പരിശോധിക്കാനായി ലോകത്തില്‍ ഉണ്ടാകാനിരിക്കുന്ന പരീക്ഷണങ്ങളുടെ സമയത്ത് ഞാന്‍ നിന്നെ സംരക്ഷിക്കുകയും ചെയ്യും. എന്തെന്നാല്‍ പരീക്ഷകളില്‍ ഉറച്ചു നില്‍ക്കണം എന്ന എന്റെ വചനം നീ കാത്തു’ (വെളി. 3: 10). സങ്കീര്‍ത്തനം 127 ല്‍ പറയുന്നു: കര്‍ത്താവ് ഭവനം പണിയുന്നില്ലെങ്കില്‍ പണിക്കാരുടെ അധ്വാനം വ്യര്‍ത്ഥമാണ്. കര്‍ത്താവ് നഗരം കാക്കുന്നില്ലെങ്കില്‍ കാവല്‍ക്കാര്‍ ഉണര്‍ന്നിരിക്കുന്നതും വ്യര്‍ത്ഥം. അതിരാവിലെ എഴുന്നേല്‍ക്കുന്നതും വളരെ വൈകി കിടക്കാന്‍ പോകുന്നതും കഠിനപ്രയത്‌നം ചെയ്ത് ഉപജീവിക്കുന്നതും വ്യര്‍ത്ഥമാണ്. എന്നാല്‍ തന്റെ പ്രിയപ്പെട്ടവര്‍ ഉറങ്ങുമ്പോള്‍ കര്‍ത്താവ് അവര്‍ക്ക് വേണ്ടതു നല്‍കുന്നു. (സങ്കീര്‍ 127: 1 – 3).

ജീവിതം എന്ന മഹാസാഗരത്തില്‍ മനുഷ്യന്‍ ഒരു കണിക മാത്രമാണ്. സ്വയം കണ്ടെത്തുന്ന ഈ തുരുത്തില്‍ നമ്മള്‍ എപ്പോഴും ഏകരാണ്. ഈ ഏകാന്തതയിലാണ് നമ്മള്‍ ദൈവത്തെ കണ്ടുമുട്ടുന്നത്. നന്മതിന്മകള്‍ക്കപ്പുറം ദൈവത്തിന്റെ കരുണയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക. അതു മാത്രമാണ് നമ്മുടെ രക്ഷ. രക്ഷകനായ യേശു നല്‍കുന്ന പ്രത്യാശ നമ്മെ നയിക്കട്ടെ. പ്രഭാഷകന്റെ പുസ്തകത്തില്‍ ദൈവജനത്തിന്റെ പിതാവായ അബ്രഹാമിനെ പറ്റി പറയുന്നു: പരീക്ഷിക്കപ്പെട്ടപ്പോള്‍ അവന്‍ വിശ്വസ്തത തെളിയിച്ചു. അതിനാല്‍, അവന്റെ സന്തതി വഴി ജനതകള്‍ അനുഗ്രഹിക്കപ്പെടുമെന്ന് കര്‍ത്താവ് അവനോട് ശപഥം ചെയ്തു’ (പ്രഭാ. 44: 20 -21).

~ കെ ടി പൈലി ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles