സെഹിയോന്‍ മാളികയുടെ ഇന്നത്തെ സ്ഥിതിയെ കുറിച്ചറിയാമോ?

ബ്രദര്‍ ഡൊമിനിക് പി.ഡി.
ചീഫ് എഡിറ്റര്‍,
ഫിലാഡല്‍ഫിയ, യു.എസ്.എ.

പെന്തക്കൂസ്തയും സെഹിയോന്‍ മാളികയും – 2/2

പഴയ നിയമത്തില്‍ കാണുന്ന സീയോന്‍ മല ജറുസലേം ദേവാലയം  ഉണ്ടായിരുന്ന മോറിയമല തന്നെയാണ്. അവിടെയാണ് ദാവീദ് കര്‍ത്താവിന് ആലയം സ്ഥാപിക്കാനുള്ള വാഗ്ദാന പേടകം സ്ഥാപിക്കുന്നത്.  പിന്നീട് അവിടെ തന്നെയാണ് സോളമന്‍ രാജാവ് ജറുസലേം ദേവാലയം നിര്‍മ്മിക്കുന്നത്. എന്നാല്‍ അഉ 70 ന്റെ ജറുസലേം ദേവാലയം തകര്‍ക്കപ്പെട്ടതോടുകൂടി സീയോന്‍ മലയുടെ പ്രാധാന്യം നഷ്ടപ്പെട്ടു. അതിന്റെ സ്ഥാനം ക്രൈസ്തവരെ സംബന്ധിച്ചു ഈശോ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച സെനക്കിള്‍ ഉള്‍പ്പെടുന്ന മല സിയോന്‍ മല ഏറ്റെടുത്തു.

നാലാം നൂറ്റാണ്ടില്‍ സിയോന്‍ മലയില്‍ ഹാഗിയ സിയോന്‍ (Hagia Sion)എന്ന പേരില്‍ ഒരു ദേവാലയം നിര്‍മ്മിക്കപ്പെട്ടു. വളരെ വലിയ ദേവാലയമായിരുന്ന ഈ ബസലിക്കയില്‍ ഈശോയുടെ വിശുദ്ധ കുര്‍ബാന സ്ഥാപനത്തെ അനുസ്മരിപ്പിച്ച് സെനക്കിളിന്റെയും, പരിശുദ്ധ അമ്മയുടെ നിത്യ ഉറക്കത്തിന്റെയും ചാപ്പലുകള്‍ ഉണ്ടായിരുന്നു. സെനക്കിള്‍  രണ്ട് നിലകളിലായാണ് പണിതത്. താഴത്തെ നിലയില്‍ യേശു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതിനെ അനുസ്മരിക്കുന്ന ചാപ്പലായിരുന്നു  ഉണ്ടായിരുന്നത്. മുകളിലത്തെ നിലയില്‍ വിശുദ്ധ കുര്‍ബാന സ്ഥാപനവും പരിശുദ്ധാത്മാവിന്റെ ആഗമനവും അനുസ്മരിപ്പിക്കുന്ന ചാപ്പല്‍. താഴത്തെ ചാപ്പലിന്റെ ഒരു ഭാഗത്ത് വിശുദ്ധ സ്‌തെഫാനോസിന്റെ കല്ലറയുടെ അനുസ്മരണം ഉണ്ടായിരുന്നു. ഹാഗിയ സീയോന്‍ ബസലിക്ക ഏഴാം നൂറ്റാണ്ടില്‍ പേര്‍ഷ്യക്കാര്‍ തകര്‍ത്തുകളഞ്ഞു. പിന്നീട് ജറുസലേമിന്റെ പാത്രയര്‍ക്കീസ് ആയിരുന്ന മൊഘസ്തൂസ് ആ ദേവാലയം പുതുക്കി നിര്‍മ്മിച്ചു.

പിന്നീട് 1009 ല്‍ മുസ്ലീം ആക്രമണത്തില്‍ വീണ്ടും തകര്‍ക്കപ്പെട്ട ഹാഗയ സീയോന്‍ പള്ളി കുരിശു യുദ്ധക്കാര്‍ പുതുക്കി നിര്‍മ്മിച്ചു. അവര്‍ നിര്‍മ്മിച്ച ദേവാലയം ‘സെഹിയോന്‍ മലയിലെ പരി. കന്യകാമറിയത്തിന്റെ ബസലിക്ക'(Santa Maria in Mount Sion)എന്ന പേരിലായിരുന്നു അറിയപ്പെട്ടത്. ഈ പള്ളി സംരക്ഷിച്ചിരുന്നത് അഗസ്തീനിയന്‍ സന്യാസികളായിരുന്നു. അവരുടെ താമസത്തിനു വേണ്ടി ഒരു ആശ്രമവും ദേവാലയത്തോട് ചേര്‍ന്ന് കുരിശുയുദ്ധക്കാര്‍ തയ്യാറാക്കിയിരുന്നു.

1219 ല്‍ ഈജിപ്ത് രാജാവിന്റെ നിര്‍ദ്ദേശമനുസരിച്ച് ഈ ബസലിക്ക തകര്‍ത്തു കളഞ്ഞു. മാര്‍പ്പാപ്പയുടെ നിര്‍ദ്ദേശമനുസരിച്ച് വിശുദ്ധനാട് സംരക്ഷിക്കാന്‍ ഇവിടെ എത്തിയ ഫ്രാന്‍സിസ്‌കന്‍ സന്യാസിമാര്‍  സിയോന്‍ മലയില്‍ താമസിച്ചുകൊണ്ട് ഈ സ്ഥലത്തിന്റെ സംരക്ഷണം ഏറ്റെടുത്തു. ഫ്രാന്‍സിസ്‌കന്‍ സുപ്പീരിയര്‍ ആയിരുന്ന ഫാദര്‍ റോജര്‍ ഫാരന്‍ സിയോന്‍ മലയിലെ സെനക്കിള്‍ ഉണ്ടായിരുന്ന സ്ഥലം ഏറ്റെടുക്കുകയും വളരെ കഷ്ടപ്പാടുകള്‍ സഹിച്ച് അവിടെ ദൈവലയം നിര്‍മ്മിക്കുകയും സംരക്ഷിക്കുകയും ചെയ്തു പോന്നു. വളരെക്കാലം ഫ്രാന്‍സിസ്‌കന്‍ സന്യാസിമാര്‍ക്ക് മുസ്ലീം ഭരണാധികാരികളില്‍ നിന്ന് വളരെയധികം പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വന്നു. 1336 ല്‍ ഫ്രാന്‍സിസ്‌കന്‍ വൈദികര്‍ വിശുദ്ധ നാടിന്റെ സംരക്ഷണം ഏറ്റെടുക്കുകയും ‘വിശുദ്ധ നാടിന്റെ സംരക്ഷകര്‍’ (Custodian of the Holy Land) എന്ന സ്ഥാനപ്പേര് മാര്‍പ്പാപ്പയില്‍ നിന്ന് സ്വീകരിക്കുകയും ചെയ്തു. വിശുദ്ധനാടിന്റെ സംരക്ഷകരായ ഫ്രാന്‍സിസ്‌കന്‍ വൈദികരുടെ തലവനായ കസ്‌തോസ് ‘സിയോന്‍ മലയുടെ സംരക്ഷകന്‍’ (Guardian of the Mount Sion) എന്നാണ് ഇന്നും അറിയപ്പെടുന്നത്.

ദാവീദിന്റെ കല്ലറയുടെ അനുസ്മരണം ഉണ്ടായിരുന്നതിനാല്‍ സെനക്കിള്‍ പിടിച്ചെടുക്കാന്‍ യഹൂദര്‍ എപ്പോഴും ശ്രമിച്ചിരുന്നു. അങ്ങനെ 1429ല്‍ ഫ്രാന്‍സിസ്‌കന്‍ വൈദികരെ പുറത്താക്കിക്കൊണ്ട് സെനക്കിളിന്റെ താഴത്തെ നിലയിലുള്ള ദേവാലയം അവര്‍ പിടിച്ചെടുക്കുകയും  അവര്‍ ദാവീദിന്റെ കല്ലറയുടെ അനുസ്മരണം പുനരാരംഭിക്കുകയും  ചെയ്തു. 15ാം നൂറ്റാണ്ടില്‍ ദാവീദിന്റെ കല്ലറയുണ്ടായിരുന്ന സ്ഥലത്തെ ചാപ്പല്‍ ഫ്രാന്‍സിസ്‌കന്‍ സന്യാസിമാര്‍ക്ക് പരിപൂര്‍ണ്ണമായി നഷ്ടപ്പെട്ടു. 1517ല്‍ പാലസ്തീന്റെ നിയന്ത്രണം ഓട്ടോമന്‍ തുര്‍ക്കികള്‍ ഏറ്റെടുത്തപ്പോള്‍ ഫ്രാന്‍സിസ്‌കന്‍ സന്യാസിമാരുടെ അവസ്ഥ കൂടുതല്‍ മോശമായി. സിയോന്‍ മലയില്‍ നിന്ന് അവര്‍ പുറത്താക്കപ്പെടുകയും ഇപ്പോള്‍ സെന്റ് സേവ്യേഴ്‌സ് മൊണാസ്ട്രി എന്നറിയപ്പെടുന്ന അന്നത്തെ ജോര്‍ജ്ജിയന്‍ മൊണാസ്ട്രിയിലേക്ക് 1560 ല്‍ സ്ഥാനം മാറേണ്ടതായി വരികയും ചെയ്തു. പിന്നീട് നൂറ്റാണ്ടുകള്‍ക്ക് ശേഷം 1936 ല്‍ ഫ്രാന്‍സിസ്‌കന്‍ വൈദികര്‍ സെനക്കിളിനോട് ചേര്‍ന്നുള്ള അവിടെ താമസം തുടങ്ങി. അവിടെ അവര്‍ നിര്‍മ്മിച്ച ദേവാലയം അദ് ചെനാക്കുളം(Ad Cenaculam) എന്ന പേരിലാണ് അറിയപ്പെടുന്നത്.

1898 ല്‍ സെനക്കിളിന്റെ നേരെ മുന്നിലുണ്ടായിരുന്ന ആദ്യത്തെ ഹാഗിയ സിയോന്‍ ദേവാലയത്തിന്റെ അവശിഷ്ടങ്ങള്‍ ഉണ്ടായിരുന്ന ഒരു ഭാഗം തുര്‍ക്കി സുല്‍ത്താനായിരുന്ന അബ്ദുള്‍ ഹമീദ് ജര്‍മ്മന്‍ ചക്രവര്‍ത്തിയായ വില്യം രണ്ടാമന് സമ്മാനമായി നല്‍കി. വില്യം രണ്ടാമന്‍ അത്  കൊളോണ്‍ രൂപതയെ ഏല്‍പ്പിക്കുകയും കൊളോണ്‍ രൂപത അത് ബെനഡിക്ടന്‍ സന്യാസിമാര്‍ക്ക് കൈമാറുകയും ചെയ്തു. 1926 ല്‍ നിര്‍മ്മിക്കപ്പെട്ട ആ ദേവാലയം മറിയത്തിന്റെ നിത്യ ഉറക്കത്തിന്റെ ദേവാലയം (Dormito) എന്ന പേരിലാണ് അറിയപ്പെടുന്നത്. 1951 ല്‍ ആശ്രമം പരിശുദ്ധ സംഹാസനത്തിന്റെ നേരിട്ടുള്ള അധികാരത്തിലേക്ക് ഉയര്‍ത്തപ്പെട്ടു.

ഇന്ന് സെനക്കിള്‍ ഇസ്രയേല്‍ ഗവണ്‍മെന്റ് കൈവശം വച്ചിരിക്കുന്ന  ഒരു സ്ഥലമാണ്. ക്രൈസ്തവര്‍ക്ക് അവിടെ സന്ദര്‍ശനം നടത്താന്‍ മാത്രമേ അനുവാദമുള്ളു. പ്രാര്‍ത്ഥനയ്ക്കായി കത്തോലിക്കര്‍ക്ക് സെനക്കിള്‍ വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം വിട്ടുകൊടുക്കാറുണ്ട്. പെസഹാ വ്യാഴാഴ്ച കാല്‍ കഴുകല്‍ ശുശ്രുഷയ്ക്ക് വേണ്ടിയും പെന്തകുസ്ത ദിനത്തില്‍ പ്രാര്‍ത്ഥനയ്ക്കായും. അതു പോലെ വര്‍ഷത്തിലൊരിക്കല്‍ ജനുവരി മാസത്തില്‍ സഭൈക്യ വാരത്തില്‍ എല്ലാ ക്രൈസ്തവര്‍ക്കും ഇവിടെ പ്രാര്‍ത്ഥന നടത്താന്‍ അനുവാദമുണ്ട്. ലോകത്തിലെ മറ്റെല്ലാ ദേവാലയങ്ങളുടെയും മാതൃദേവാലയമായ സെനക്കിളില്‍ പ്രാര്‍ത്ഥിക്കുക ഹൃദ്യമായ
അനുഭവമാണ്.

പ്രാര്‍ത്ഥന:
പെന്തകുസ്ത ദിനത്തില്‍ അവിടുത്തെ വാഗ്ദാനമായ പരിശുദ്ധാത്മാവിനെ ശിഷ്യന്മാര്‍ക്ക് നല്‍കിയ കര്‍ത്താവേ, അങ്ങയുടെ പരിശുദ്ധാത്മാവിനെ ഞങ്ങളിലേക്കും വര്‍ഷിക്കേണമേ. അങ്ങനെ ഞങ്ങള്‍ നവസൃഷ്ടികളായി മാറട്ടെ. അങ്ങേ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ട ലോകത്തിന്റെ പ്രകാശവും ഭൂമിയുടെ ഉപ്പുമായി ഞങ്ങള്‍ രൂപാന്തരപ്പെടട്ടെ. ആമേന്‍

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles