യേശുവെന്ന സുഹൃത്ത്

ഫ്രണ്ട്ഷിപ്പ് എന്ന വാക്കിനെ ലോകം വല്ലാതെ ഇഷ്ടപ്പെടുന്നു. ഫ്രണ്ട്സ് നൽകുന്ന ഊർജ്ജവും, കരുത്തും, സാമീപ്യവും വല്ലാത്തൊരു ഫീലാണെന്ന് നമുക്കറിയാം. ജീവിതത്തിന്റെ ഡയറിയിൽ സൂക്ഷിക്കുന്ന ഏത് രഹസ്യങ്ങളിലൂടെ കടന്നുപോകാനും ഒരു സുഹൃത്തിന് കഴിയും. വീടിന്റെ ഹൃദയത്തിൽ നിന്നും ലഭിക്കാത്തതും, പറയാത്തതും, പങ്കുവയ്ക്കാത്തതും സുഹൃത്തിന്റെ ഹൃദയത്തിൽ നിന്നും സുലഭമായി ലഭിക്കും. ചെറുതും വലുതുമായ യാനപാത്രങ്ങളെ സുഹൃത്തിന്റെ നേരെ വിട്ടുകൊടുത്ത് ജീവിതത്തിന്റെ അഗാധ നിശബ്ദതകളെ വളരെ ശാന്തമായി തരണം ചെയ്യാനും അതിജീവിക്കാനും പലപ്പോഴും നമുക്ക് കഴിയുന്നത് സൗഹൃദത്തിന്റെ അങ്കികൾ നമ്മെ ആവരണം ചെയ്തതിന്റെ സുഖം അനുഭവിച്ചത് കൊണ്ടാകണം.

സുഹൃത്തുക്കളുള്ളവരും ഇല്ലാത്തവരും സൗഹൃദത്തെ കുറിച്ച് പങ്കു വയ്ക്കുന്നു. ജീവിതത്തിൽ ഒരു നല്ല സുഹൃത്തിനെ കിട്ടിയെങ്കിൽ അത് പോലൊരു ഭാഗ്യം ഈ ഭൂമിയിലുണ്ടാവില്ല. വെറുതെ നമ്മെ സ്നേഹിക്കുന്നവരും സ്നേഹിക്കാൻ വേണ്ടി നമ്മെ സ്നേഹിക്കുന്നവരുമുണ്ട്. നമ്മുടെ നിറം, ഗുണം, തൊഴിൽ, കഴിവ്, ധനം ഇവയൊന്നും നോക്കാതെ നമ്മുടെ ഹൃദയത്തിന്റെ മുഖം നോക്കി സ്നേഹിക്കുന്ന സുഹൃത്തുക്കളാണ് യഥാർത്ഥ സുഹൃത്തുക്കൾ എന്ന് നാം പറയും. നിർമ്മലമായ ശരീരബോധവും, മനസ്സും നല്ല സൗഹൃദത്തിന് ഏറ്റവും പ്രധാനപ്പെട്ടതാണ്. സ്വാതന്ത്ര്യത്തിന്റെ, വിശ്വാസത്തിന്റെ, വിശ്വസ്ഥതയുടെ വെള്ളപൂക്കൾ നിറഞ്ഞ വീഥിയിലൂടെ വേണം നല്ല ചങ്ങാതിമാർ തങ്ങളുടെ സൗഹൃദത്തെ ആഘോഷിക്കേണ്ടത്. ഈ ഭൂമിയിൽ ജീവിക്കുന്ന നമുക്ക് മനുഷ്യരെ ഫ്രണ്ട്സാക്കാൻ കഴിയും. എന്നാൽ നമുക്ക് ദൈവത്തെ ഫ്രണ്ടാക്കാൻ കഴിയുമോ? ദൈവത്തെ ചങ്ങാതിയാക്കാൻ കഴിയുമെന്നും, കഴിയണമെന്നും പാപ്പാ പറഞ്ഞു തരുന്നു.

എനിക്ക് നിങ്ങളെ പ്രണ്ട്സ് എന്ന് വിളിക്കാനിഷ്ടമെന്ന് പറഞ്ഞ ഈശോയെയാണ് നമ്മുടെ ചങ്ങാതിയാക്കാൻ പാപ്പാ പറയുന്നത്. ഈശോയെ ചങ്ങാതിയായി നമുക്ക് കണ്ടുമുട്ടാൻ കഴിഞ്ഞില്ലെങ്കിൽ ഒരു സൗഹൃദത്തിന്റെയും അഗാധതലവും അർത്ഥവും നമുക്ക് ഒരിക്കലും അറിയാൻ കഴിയുകയില്ലെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.

ഈശോ നല്ല ഒരു ചങ്ങാതിയായിരുന്നു അവന്റെ ശിഷ്യർക്ക്.  പന്ത്രണ്ട് പേരുടെയും ഉറ്റ സുഹൃത്തായിരുന്നു. ഈശോയ്ക്കും ഈ പന്ത്രണ്ട് പേരും വളരെ പ്രിയപ്പെട്ടവരായിരുന്നു. തന്റെ സുഹൃത്തുക്കളുടെ മുന്നിൽ ഈശോ സ്വയം ഒരു നദിയായി ഒഴുകി. അവരുടെ വിണ്ടു കീറിയ ജീവിത മേഖലകളിൽ അവൻ തന്റെ സൗഹൃദത്തിന്റെ സ്നേഹം ഒഴിച്ച് അവയെ നിറച്ചു. മറ്റുള്ളവരുടെ ആക്ഷേപ വാക്കുകളുടെ മുന്നിൽ അവരെ വിട്ടുകൊടുക്കാതെ സംരക്ഷിച്ച സുഹൃത്തായിരുന്നവൻ. വീണപ്പോഴും, ഇടറിയപ്പോഴും വിട്ടുപേക്ഷിക്കാത്ത സുഹൃത്ത്, അപ്പത്തിന് വേണ്ടിയും, അധികാരത്തിന് വേണ്ടിയും കൂട്ടുകാർ മുറവിളിച്ചപ്പോൾ അരയിൽ കച്ചകെട്ടി സൗഹൃദത്തിന്റെ കാൽപാദങ്ങൾ കഴുകി സൗഹൃദത്തിന് ഒരു പുതിയ മുഖം നൽകിയ സുഹൃത്തായിരുന്നു ഈശോ. തന്റെ തന്നെ കൂട്ട്കാരിൽ ഒരാൾ മുപ്പത് വെള്ളി നാണയത്തിന് തന്നെ ഒറ്റിക്കൊടുക്കുമെന്നറിഞ്ഞിട്ടും അയാൾക്കും തന്റെ അത്താഴ മേശയിൽ ഇരിക്കാൻ അവസരം നൽകിയ സുഹൃത്ത്‌, എപ്പോഴും കൂടെ കൊണ്ട് നടന്ന ചങ്ങാതി തന്നെ അറിയില്ല എന്ന് മൂന്ന് തവണ തള്ളി പറഞ്ഞിട്ടും വേദനയുടെ ചങ്കിൽ നിന്നും ചെറിയ ഒരു നോട്ടം കൊണ്ട് പോലും അയാളെ മുറിപ്പെടുത്താതെ തന്റെ സൗഹൃദത്തിന്റെ കണ്ണികൾ വിട്ട് പോകാതിരിക്കാൻ വീണ്ടും പ്രാതൽ ഒരുക്കി സ്നേഹിച്ച സുഹൃത്ത്. തള്ളി  പറഞ്ഞതിന്റെ പൊള്ളലേറ്റിട്ടും അങ്ങനെയായിരിക്കാൻ പാടില്ല എന്ന വാശിയോടെ തന്നെ അയാൾ സ്നേഹിക്കുന്നുവെന്ന് ആവർത്തിച്ച് പറയുവോളം അവസരം നൽകിയ സുഹൃത്തിനെ നമുക്ക് യേശുവിൽ കാണാൻ കഴിയും. അതും പോരാഞ്ഞിട്ട് തന്റെ ചങ്ങാതികൾ ആരും ഒറ്റയാകാൻ പാടില്ല എന്ന ആഗ്രഹത്തോടെ തന്റെ വാഗ്ദാനമായ ആത്മാവിനെ അവരുടെ മേലയച്ച് അവരെ ശക്തിപ്പെടുത്തി അവരുടെ പേരുകൾ ലോകമഖിലം അറിയിക്കുവാൻ തിരുമനസ്സായ സുഹൃത്ത്. ഈ സുഹൃത്തിനെ നാം സ്വന്തമാക്കണമെന്ന് പാപ്പാ ആഗ്രഹിക്കുന്നു. കാരണം ഈശോയുടെ സൗഹൃദം അനുഭവിച്ചറിഞ്ഞ ഒരാൾക്കും തന്റെ സുഹൃത്തിനെ സ്വന്തം ലാഭത്തിനായി വിനിയോഗിക്കാനോ, നോവിക്കാനോ, ചതിക്കാനോ കഴിയില്ല, മറിച്ച് യേശുവിനെപ്പോലെ സൗഹൃദത്തിന്റെ ആഴങ്ങളിൽ സ്വന്തം ജീവൻ പോലും അർപ്പിക്കാൻ മടികാണിക്കില്ല.

151. സൗഹൃദം ജീവിതത്തിന്റെ ഒരു സമ്മാനവും ദൈവത്തിൽ നിന്നുള്ള ഒരു കൃപയുമാണ് നമ്മുടെ സുഹൃത്തുക്കളിലൂടെ കർത്താവ് നമ്മെ നവീകരിക്കുകയും പക്വതയിലേക്ക് നയിക്കുകയും ചെയ്യുന്നു. പ്രയാസത്തിന്റെ സമയത്ത് നമ്മുടെ പക്ഷത്ത് നിൽക്കുന്ന വിശ്വസ്ഥരായ സുഹൃത്തുക്കൾ കർത്താവിന്റെ സ്നേഹത്തിന്റെ ഒരു പ്രതിഫലനമാണ്. നമ്മുടെ ജീവിതത്തിൽ അവിടുത്തെ പ്രശാന്തവും ആശ്വാസദായകവുമായ സാന്നിധ്യമാണ്. സൗഹൃദത്തിന്റെ അനുഭവം നമ്മെ പലതും പഠിപ്പിക്കുന്നു. കുറവുള്ളവരും ധാരണയുള്ളവരും മറ്റുള്ളവരെ പരിപാലിക്കുന്നവരുമായിരിക്കാ൯ നമ്മുടെ തന്നെ ആശ്വാസകരമായ ഒറ്റപ്പെടലിൽ നിന്ന് പുറത്തുവന്ന് നമ്മുടെ ജീവിതം മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ. ഇക്കാരണത്താൽ “വിശ്വസ്ഥ സുഹൃത്തിനോളം വിലപ്പെട്ട മറ്റൊന്നില്ല” (പ്രഭാ 6:15).


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles