മതില്‍ വേണ്ട, പാലം പണിയാം!

രണ്ടു സഹോദരങ്ങള്‍. അവര്‍ക്ക് ഒരു ആത്മാവും രണ്ടു ശരീരവുമായിരുന്നു. അവര്‍ എല്ലാ കാര്യങ്ങളും പരസ്പരം ആലോചിച്ചു. എപ്പോഴും സഹകരിച്ചു പ്രവര്‍ത്തിച്ചു.അവരുടെ ഭാര്യമാരും മക്കളും അവരെപ്പോലെതന്നെ ഹൃദയൈക്യത്തില്‍ ജീവിച്ചു.

കൃഷിക്കാരായിരുന്നു അവര്‍. വിശാലമായ അവരുടെ പുരയിടങ്ങള്‍ അടുത്തടുത്താണ് സ്ഥിതി ചെയ്തിരുന്നത്. ഒരിക്കല്‍ ഒരു നിസാരകാര്യത്തിന്റെ പേരില്‍ അവര്‍ തമ്മില്‍ തെറ്റി. നാല്പതുവര്‍ഷത്തെ അവരുടെ ജീവിതത്തില്‍ ആദ്യമായി സംഭവിച്ച രസക്കേടായിരുന്നു അത്.

അവരുടെ പുരയിടങ്ങള്‍ തമ്മില്‍ വേര്‍തിരിച്ചിരുന്നത് ഒരു ചെറിയ അരുവിയായിരുന്നു.ആ അരുവിയുടെ മുകളിലുള്ള ചെറിയ തടിപ്പാലത്തിലൂടെയായിരുന്നു അവര്‍ അന്യോന്യം ഭവനസന്ദര്‍ശനം നടത്തിയിരുന്നത്.

അവര്‍ തമ്മില്‍ പിണങ്ങിയപ്പോള്‍ അനുജന്‍ ആ പാലമെടുത്ത് ദൂരെയെറിഞ്ഞു. ഇതുകണ്ട് കുപിതനായ ജേ്യഷ്ഠന്‍ തന്റെ ഭാര്യയോടും മക്കളോടും ആലോചിച്ചു. അനുജനെ ഒരു പാഠം പഠിപ്പിക്കണമെന്നായിരുന്നു അവരുടെ ഉപദേശം.അതിനു ഒരു വഴിയും അവര്‍ നിര്‍ദേശിച്ചു. അനുജന്റെ വീടും പുരയിടവും തങ്ങളുടെ ദൃഷ്ടിയില്‍നിന്ന് മറയുന്നതിനു പറ്റിയ രീതിയില്‍ പലകകൊണ്ട് ഒരു മതില്‍ തീര്‍ക്കുക-അതായിരുന്നു അവരുടെ നിര്‍ദേശം.

ജേ്യഷ്ഠനും കുടുംബാംഗങ്ങളും ഇക്കാര്യം ചര്‍ച്ചചെയ്തുകൊണ്ടിരിക്കുമ്പോള്‍ അവരുടെ വീട്ടില്‍ ഒരു ആശാരി വന്നു. എന്തെങ്കിലും ജോലിയുണ്ടോ എന്ന് അന്വേഷിച്ചുകൊണ്ടായിരുന്നു അയാളുടെ വരവ് .തേടിയവളളി കാലില്‍ ചുറ്റിയ അനുഭവം ജേ്യഷ്ഠന്‍ ഉടനെ മതില്‍ പണിയുന്ന കാര്യം ആശാരിയോടും പറഞ്ഞു.

ആശാരി സസന്തോഷം ജോലി ഏറ്റെടുക്കുകയും ചെയ്തു. എങ്കിലും മതില്‍ പണിയുന്നതിന്റെ കാരണം ആശാരി ആരാഞ്ഞു. അപ്പോള്‍ അയാള്‍ തന്റെ അനുജനുമായുളള വഴക്കിന്റെ കഥ പറഞ്ഞു. അനുജനെ ഒരു പാഠം പഠിപ്പിച്ചിട്ടേ താന്‍ അടങ്ങുകയുളളു എന്ന് അയാള്‍ ആശാരിയോടു പറഞ്ഞു.

ആശാരി ഒന്നു രണ്ടു സഹായികളെയും കൂട്ടി മതിലിനുളള പണി തുടങ്ങി. പണിയുടെ ഉത്തരവാദിത്വമെല്ലാം ആശാരിയെത്തന്നെ ഏല്പിച്ച് ജ്യേഷ്ഠനും കുടുംബാംഗങ്ങളും ഒരാഴ്ചത്തെ ഉല്ലാസയാത്രക്ക് പോയി. മതില്‍ പണിയുമ്പോള്‍ തങ്ങള്‍ സ്ഥലത്തുണ്ടാകാതിരിക്കുന്നതാണ് നല്ലതെന്ന് അവര്‍ കരുതി.

ഒരാഴ്ചകഴിഞ്ഞപ്പോള്‍ അയാളും കുടുംബാംഗങ്ങളും മടങ്ങിയെത്തി. അപ്പോഴേക്കും അവിടെ മതില്‍ ഉയര്‍ന്നിരുന്നില്ല. അതിനു പകരം മനോഹരമായ ഒരു തടിപ്പാലം തീര്‍ത്തിരിക്കുന്നതാണ് അവര്‍ കണ്ടത.്

ഏന്താണ് സംഭവിച്ചതെന്ന് അറിയാന്‍ അയാള്‍ ആശാരിയെ സമീപിച്ചു. ആശാരി കാര്യം വിശദീകരിച്ചു കൊടുക്കാന്‍ തുടങ്ങുമ്പോഴേയ്ക്കും അനുജന്‍ ആ പാലം കടന്ന് ജ്യേഷ്ഠനെ സമീപിച്ചു പറഞ്ഞു. ‘ഞാന്‍ ജ്യേഷ്ഠനെ ചീത്ത പറയുകയും അരുവിയിലെ പാലം തകര്‍ക്കുകയും ചെയ്തു. എന്നിട്ടും ജ്യേഷ്ഠന്‍ അതെല്ലാം ക്ഷമിച്ച് പുതിയൊരു പാലം തീര്‍ത്ത് നമ്മുടെ ബന്ധം പുനസ്ഥാപിക്കാനാണല്ലോ ശ്രമിച്ചത്. എനിക്ക് തെറ്റുപറ്റി എന്നോട് ക്ഷമിക്കു ‘ .
അപ്പോഴാണ് ആശാരി ചെയ്ത സേവനത്തിന്റെ മാഹാത്മ്യം ജ്യേഷ്ഠന് മനസിലായത്. അയാള്‍ ഉടനെ അനുജനെ ആലിംഗനം ചെയ്തു. അതിനുശേഷം അയാള്‍ ആശാരിക്ക് നന്ദി പറഞ്ഞു. അപ്പോഴേക്കും അനുജന്റെയും ജ്യേഷ്ഠന്റെയും കുടുംബാംഗങ്ങളും ഓടിയെത്തി . അവരുടെയിടയില്‍ നിലനിന്നിരുന്ന വെറുപ്പും വിദ്വേഷവുമെല്ലാം നിമിഷംകൊണ്ട് ആവിയായിപ്പോയി.

രണ്ടു വ്യക്തികള്‍ തമ്മില്‍ ഭിന്നതകള്‍ ഉണ്ടാകുബോള്‍ നാം അവരുടെ മധ്യേ മതില്‍ തീര്‍ക്കുവാനാണോ അതോ പാലം പണിയുവാനാണോ ശ്രമിക്കുന്നത് ?പിണങ്ങിയൂം കലഹിച്ചും നില്‍ക്കുന്ന വ്യക്തികളെ തമ്മില്‍ പരസ്പരം അടുപ്പിക്കുന്നതിനൊ കൂടുതല്‍ അകറ്റുന്നതിനോ നമുക്ക് സാധിക്കും എന്നതു നാം മറക്കേണ്ട.
ഈ കഥയിലെ ആശാരി ഒരൂ സാധാരണ ക്കാരനായിരുന്നില്ല. തന്നെ ജോലി ഏല്‍പ്പിച്ച ആളെ സഹായിക്കുവാനുള്ള വഴി ഒരു പാലം പണിതൂകൊണ്ടാണെന്ന് മനസിലാക്കുവാനുള്ള വിവേകം അയാള്‍ക്കുണ്ടായി.അതുകൊണ്ടാണ് അനുജനെയും ജ്യേഷ്ഠനെയും അകറ്റുന്ന മതില്‍ പണിയുന്നതിനു പകരം അവരെ അടുപ്പിക്കുവാനുളള പാലം പണിയാന്‍ അയാള്‍ തീരുമാനിച്ചത് .
ആരെങ്കിലും രണ്ടു വ്യക്തികള്‍ തമ്മില്‍ കലഹിക്കുന്നതുകണ്ടാല്‍ അതുവെറുതെ നോക്കിനില്‍ക്കാതെ അവരെ പരസ്പരം രമ്യപ്പെടുത്തുവാന്‍ നമ്മില്‍ ഏറെപ്പേര്‍ ശ്രമിക്കാറുണ്ടോ? നാം എന്തിനു മറ്റുളളവരുടെ കാര്യത്തില്‍ തലയിടുന്നു എന്നല്ലേ പലപ്പോഴും നമ്മുടെ ചിന്ത. എന്നാല്‍, നമ്മുടെ അവസരോചിതമായ ഇടപെടല്‍ വഴി അവരെ രമ്യപ്പെടുത്തുന്നതിനു നമുക്ക് സാധിക്കും എന്നതില്‍ സംശയം വേണ്ട .

വ്യക്തികള്‍ തമ്മില്‍ മാത്രമല്ല അഭിപ്രായഭിന്നതയും ഏറ്റുമുട്ടലുകളും ഉണ്ടാകാറുളളത്.
കുടുംബാംഗങ്ങള്‍ തമ്മിലും ഗ്രൂപ്പുകള്‍ തമ്മി ലും സമുദായങ്ങള്‍ തമ്മിലും രാജ്യങ്ങള്‍ തമ്മിലുമൊക്കെ പലപ്പോഴും അഭിപ്രായ ഭിന്നത കളും ഏറ്റുമുട്ടലുകളുമൊക്കെ ഉണ്ടാകാറുണ്ട്. ഇങ്ങനെയുളള അവസരങ്ങളില്‍ നമുക്ക് ആവശ്യമായിരിക്കുന്നത് പാലം പണിയുന്നവരെയാ ണ്, അല്ലാതെ മതില്‍ പണിയുന്നവരെയല്ല.

അഭിപ്രായഭിന്നതയുടെയും മറ്റു കാരണങ്ങളുടെയും പേരില്‍ വ്യക്തികള്‍ മതില്‍ പണിത് പരസ്പരം അകലാന്‍ തുടങ്ങുമ്പോള്‍ അവരെ നമുക്ക് നിരുത്സാഹപ്പെടുത്താം. അതോടൊപ്പം അവരെ പരസ്പരം അടുപ്പിക്കുന്നതിനായി അവരുടെ മധ്യേ നമുക്ക് പാലവും പണിയാം.

ഇനി, നാം തന്നെ വ്യക്തിതലത്തിലോ കുടുംബ തലത്തിലോ സമുദായികതലത്തിലോ ഒക്കെ മറ്റുളളവരുമായി അഭിപ്രായഭിന്നതകള്‍ക്ക് കാരണക്കാരായാല്‍ എത്രയും വേഗം ഭിന്നതകള്‍ പറഞ്ഞ് തീര്‍ത്ത് രമ്യപ്പെടുന്നതിനും അങ്ങനെ നമ്മുടെ സമൂഹത്തില്‍ സമാധാനം സ്ഥാപിക്കുന്നതിനും നമുക്ക് ശ്രമിക്കാം.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles