അന്നം
കൊഴുത്ത കാളക്കുട്ടിയെ കൊല്ലുക. നമുക്ക് ഭക്ഷിച്ചു ആഹ്‌ളാദിക്കാം. എന്റെ ഈ മകന്‍ മൃതനായിരുന്നു. അവനിതാ വീണ്ടും ജീവിക്കുന്നു. ഇപ്പോള്‍ വീണ്ടു കിട്ടിയിരിക്കുന്നു. അവര്‍ ആഹ്‌ളാദിക്കാന്‍ തുടങ്ങി. (ലൂക്കാ; 15:23 -24).
നോമ്പ് മടങ്ങി വരാനുള്ള കാലമാണ്. എല്ലാ സുകൃതങ്ങളുടെയും സുഗന്ധത്തിലേക്ക്. അതില്‍ നിശ്ചയമായും വീട്ടു മേശയുണ്ടാകണം. മാനസാന്തരത്തിന് വീട്ടു മേശയിലേക്കുള്ള മടക്കയാത്ര എന്നും അര്‍ത്ഥമുണ്ടെന്നു തോന്നുന്നു.
ഒറ്റയ്ക്ക് ആഹരിക്കേണ്ടതല്ല അന്നം. ഒരുമിച്ചു മനസുണ്ടെങ്കില്‍ ചാരത്തിരിക്കുന്നയാള്‍ക്ക് ഒരുപിടി വാരിക്കൊടുക്കണം. അങ്ങനെയാണ് തീന്‍ മേശ ഒരു വീടിനുള്ളിലെ ഏറ്റവും പാവനമായ ഇടമായി പരിണമിച്ചത്. ഒരുമിച്ചു പ്രാര്‍ഥിക്കുന്ന കുടുംബം നില നില്‍ക്കുന്നു എന്ന് പറയുന്നത് പോലെ ഒരുമിച്ചു ഭക്ഷിക്കുന്ന വീടും ഏതൊരു കാറ്റിനെയും കോളിനെയും അതിജീവിക്കുമെന്ന് തോന്നുന്നു.
ദൈവത്തെ പോലും രുചിച്ചറിയണമെന്ന സങ്കീര്‍ത്തനങ്ങള്‍ ആലപിക്കുന്നവരുടെ ഭൂമികയിലായിരുന്നു നസ്രത്തിലെ യേശുവിന്റെ വാഴ്‌വ്. നിന്റെ കുഞ്ഞുങ്ങള്‍ മേശയ്ക്കു ചുറ്റും ഒലിവു നാമ്പുകള്‍ പോലെയും നിന്റെ സഖി മുന്തിരി വള്ളിപോലെയും വ്യപരിക്കട്ടെയെന്ന പ്രസാദ സങ്കീര്‍ത്തനം തന്നോട് തന്നെ ആശംസിക്കാത്ത എതൊരാളുണ്ടാവും? അന്നം കൊണ്ട് ജീവിതത്തെ വിമലീകരിക്കാമെന്ന സുവിശേഷമാണ് ക്രിസ്തു അതിനോട് ചേര്‍ത്തു പാകപ്പെടുത്തിയത്. അതങ്ങനെയാണ്. ചുങ്കക്കാരോടും പാപികളോടുമൊപ്പം ഭക്ഷണത്തിനിരുന്നവന്‍ എന്നാണ് അവന്റെ കാലം അവനെ പരിഹസിച്ചത്. എന്നാല്‍ അതിനു ശേഷം അവര്‍ക്ക് എന്ത് സംഭവിച്ചെന്നു ആരും ആരാഞ്ഞില്ല. അത്തരം പന്തിഭോജനങ്ങള്‍ക്ക് ശേഷം അവര്‍ കുളിച്ചു കയറിയവരെ പോലെ നിര്‍മലരായി. ചുങ്കക്കാരന്‍ മത്തായിയുടെ മാനസാന്തരം ഒറ്റപ്പെട്ട കഥയല്ല. വിരുന്നുകളുടെ ശ്രേഷ്ടതയ്ക്ക് ഇണങ്ങിയ മട്ടില്‍ തങ്ങളെ തന്നെ ഔന്നത്യങ്ങളിലേക്ക് ഉയര്‍ത്തിയാണ് ഓരോരുത്തരും മേശ വിട്ടുപോയത്. ഒരു വിരുന്നിനു ശേഷം ഒരാളും ഒരിക്കലും പഴയ മനുഷ്യനല്ല. ഒരുമിച്ചു വിരുന്നുണ്ട ഒരാള്‍ക്ക് ഇടറാനുള്ള സാധ്യത തുലോം കുറവാണ്. ഇനി അഥവാ അങ്ങനെ സംഭവിച്ചാല്‍ അതിനെക്കാള്‍ കഠിനമായ ദുര്യോഗം വേറെയില്ല. അതുകൊണ്ടാണ് ക്രിസ്തു ഇങ്ങനെ വ്യസനിച്ചത്. എന്നോടൊപ്പം ഭക്ഷണത്തിനിരിക്കുന്ന ഒരാളുടെ ഹൃദയം എനിക്കെതിരെ കഠിനമാകുന്നത് ഞാന്‍ അറിയുന്നുണ്ട്. ദാവീദിന്റെ സങ്കീര്‍ത്തനം നാമോര്‍ക്കുന്നു.
ചങ്ക് തുറന്നു കാട്ടിയ ഒരത്താഴത്തിനു ശേഷവും എന്ത് കൊണ്ടാണ് യൂദാസിന്റെ ഹൃദയം കഠിനമായത്. അത്താഴത്തിനിടയില്‍ ഇറങ്ങി പോയ ഒരാള്‍ എന്നാണ് സുവിശേഷം അയാളെ രേഖപ്പെടുത്തുന്നത്. പുറത്തു ഇരുട്ടായിരുന്നുവെന്നൊരു വരി കൂടെയുണ്ട്. മേശയുടെ പ്രകാശത്തില്‍ നിന്ന് ഇറങ്ങി പോയവരെ കാത്തിരിക്കുന്ന ശിരോലിഖിതം അതായിരിക്കണം.- ഇരുട്ട്, കൊടിയ ഇരുട്ട്. ഒരാള്‍ ഇറങ്ങി പോയ ഒരിടം ഇനിയുള്ള എല്ലാ അത്താഴത്തിലും ശൂന്യമായി തന്നെ കിടക്കും.
വിരുന്നിനെ ഉപവാസത്തിന് തുല്യമായി പ്രതിഷ്ഠിക്കുക വഴി ഭക്ഷണ മേശയെ ക്രിസ്തു ദിവ്യമായ പ്രതലങ്ങളിലേക്ക് വാഴ്ത്തി വയ്ക്കുകയായിരുന്നു. സ്‌നേഹപൂര്‍വ്വം നന്ദിയോടെയും ആഹരിക്കാന്‍ അവിടന്ന് വിരുന്നുകാരെ ഓര്‍മിപ്പിക്കുന്നു. ഒരു കഥ പോലും അവിടന്ന് അതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. യാതൊരു വിധ യോഗ്യതകളും ഇല്ലാത്തവര്‍ക്ക് അന്‍പാര്‍ന്ന ഒരു യജമാനന്‍ വച്ച് വിളമ്പുന്ന വിരുന്ന്. വിരുന്നിന്റെ നേരം വന്നപ്പോഴാണ് അയാള്‍ അത് ശ്രദ്ധിച്ചത്, മേശയുടെ ശ്രേഷഠതയ്ക്ക് ഇണങ്ങാത്ത വസ്ത്രം ധരിച്ച ഒരാള്‍. ആദ്യകാല കയ്യെഴുത്ത് പ്രതികളില്‍ നിന്റെ വെള്ളയങ്കിക്കെന്തു പറ്റിയെന്നാണ് യജമാനന്റെ ചോദ്യം. അടിമുടി ഒരാളെ പൊതിഞ്ഞു നില്‍ക്കുന്ന സ്‌നേഹമാണ് ഈ വെള്ളയങ്കി. അതില്‍ ചെളി പുരണ്ടാല്‍ വിരുന്നു ശരീരത്തെ മാത്രമേ തൃപ്തിപ്പെടുത്തുകയുള്ളൂ. മേശയില്‍ ഇരിക്കുമ്പോഴും അയാളുടെ മനസ് ഖേദത്തിലും ക്ഷോഭത്തിലും പെട്ട് ഉഴലുകയാണ്.
ആദരപൂര്‍വ്വം ഓരോ വിഭവത്തെയും തൊടണമെന്നും അവിടുന്ന് ഓര്‍മ്മിപ്പിച്ചു. ഒരപ്പത്തുണ്ട് എടുക്കുമ്പോള്‍ പോലും കൃതജ്ഞതാ ഭരിതമായി അവിടുത്തെ ഹൃദയം എന്ന് പുതിയ നിയമം രേഖപ്പെടുത്തുന്നുണ്ട്. ദീര്‍ഘമായൊരു യാത്രയില്‍ ഒരിക്കല്‍ പോലും അവിടു ത്തെ തിരിച്ചറിയാത്ത രണ്ടു ശിഷ്യന്മാര്‍ അന്തിയില്‍ അവിടന്ന് അപ്പമെടുത്ത സവിശേഷ രീതി കണ്ടിട്ടാണ്, അത് ക്രിസ്തുവാണെന്ന് ഹര്‍ഷത്തോടെ വിളിച്ചു പറഞ്ഞത്. നല്ലൊരു ആതിഥേയന്‍ കൂടിയാണ് ക്രിസ്തു. സുവിശേഷം അവസാനിക്കുമ്പോള്‍ തീ കൂട്ടി അതില്‍ അപ്പവും മീനും ചുട്ടു അഗാധമായ കരുതലില്‍ നിന്ന് വേണം എന്തും വിളമ്പാനെന്നു അവിടുന്ന് മറ്റുള്ളവര്‍ക്ക് വേണ്ടി മേശ ഒരുക്കുന്ന എതൊരാളോടും മന്ത്രിക്കും.
ഒടുവില്‍ അങ്ങനെയും ഒരു ക്ഷണമുണ്ട്. സ്വയം അന്നമാകാന്‍. ഈ അപ്പം ഭക്ഷിക്കുമ്പോള്‍ ഒക്കെ നിങ്ങള്‍ എന്നെത്തന്നെയാണ് ഭക്ഷിക്കുന്നത്. ഈ ചഷകത്തില്‍ നിന്ന് കുടിക്കുമ്പോള്‍ എന്റെ തന്നെ രുധിരം. ഭക്ഷണത്തോടൊപ്പം നിലനില്‍ക്കുന്ന, ഭക്ഷണത്തെക്കാള്‍ രുചിയുള്ള സ്മൃതിയായി നിങ്ങളുടെ ഉറ്റവര്‍ നിങ്ങളെ കൊണ്ടാടട്ടെ, കുര്‍ബാന പോലെ. ഏതൊരമ്മയ്ക്കും അത് മനസിലാകും. ഒരായുസ്സ് മുഴുവന്‍ വിറകൂതിയും സ്വയം പുകഞ്ഞും അവള്‍ വിളമ്പിയ അത്താഴത്തെക്കാള്‍ അവളും നമ്മളും ഓര്‍മ്മിക്കാന്‍ പോകുന്നത് അവളെ തന്നെ ഭക്ഷിക്കാന്‍ തന്ന ആ ചെറിയ കാലമായിരിക്കില്ലേ? തിന്നിട്ടും തിന്നിട്ടും തീരാത്ത ഉരുളയെന്നു കുട്ടിക്കാലത്ത് നമ്മള്‍ പറഞ്ഞിരുന്ന ആ കടങ്കഥയുടെ ഉത്തരം. അവിടെയാണ് എന്റെ ജീവിതത്തിന്റെ സാഫല്യം. അന്നമായി നിന്റെ പ്രാണനില്‍ അലിയുമ്പോള്‍.
ഫാ. ബോബി ജോസ് കപ്പൂച്ചിന്‍