സിബിസിഐ ലെയ്റ്റി കൗണ്‍സിലിന് ദേശീയതലത്തില്‍ വിപുലമായ കര്‍മ്മപദ്ധതികള്‍

ബാംഗ്ലൂര്‍: ദേശീയതലത്തില്‍ സിബിസിഐ ലെയ്റ്റി കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനുള്ള കര്‍മ്മപരിപാടികളും പ്രവര്‍ത്തനപദ്ധതികളും ബാംഗ്ലൂരില്‍ ചേര്‍ന്ന സിബിസിഐ 34-ാം പ്ലീനറി സമ്മേളനത്തില്‍ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റിയന്‍ അവതരിപ്പിച്ചു. സംവാദം-സത്യത്തിലേയ്ക്കും ഉപവിയിലേയ്ക്കുമുള്ള പാത എന്ന മുഖ്യവിഷയത്തെ കേന്ദ്രീകരിച്ച് ദേശീയതലത്തില്‍ വിശ്വാസിസമൂഹത്തിന്റെ കൂട്ടായ്മ ശക്തിപ്പെടുത്തുമെന്ന് കര്‍മ്മപരിപാടികളില്‍ ചൂണ്ടിക്കാട്ടുന്നു.

ദേശീയ റീജണല്‍ തലങ്ങളില്‍ സഭയിലെ അല്മായ നേതാക്കള്‍ക്കുവേണ്ടിയുള്ള നേതൃത്വ പഠനശിബിരങ്ങള്‍ സംഘടിപ്പിക്കും. സഭാപരവും ദേശീയ സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലും നേരിടുന്ന വിവിധ വിഷയങ്ങളില്‍ ആഴത്തിലുള്ള പഠനങ്ങള്‍ക്കും തുടര്‍നിലപാടുകള്‍ക്കും ലെയ്റ്റി കൗണ്‍സില്‍ നേതൃത്വം നല്‍കും. ദേശീയതലം മുതല്‍ ഫാമിലി യൂണിറ്റുകള്‍ അഥവാ ബേസിക് ക്രിസ്ത്യന്‍ കമ്യൂണിറ്റി വരെ ബന്ധപ്പെടുന്ന നെറ്റ്‌വര്‍ക്കിന് രൂപം നല്‍കും. വിവിധ റീജിയണുകള്‍, രൂപതകള്‍, ഫൊറോനകള്‍, ഇടവകകള്‍ എന്നിവ ഈ നെറ്റ്‌വര്‍ക്കിന്റെ കണ്ണിയായിരിക്കും.

ഇന്ത്യയിലെ കത്തോലിക്കാ സഭയിലെ മൂന്നു വിഭാഗങ്ങളിലെയും അല്മായ പ്രസ്ഥാനങ്ങളുടെ ദേശീയതലത്തില്‍ ഏകീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും. വിവിധ ക്രൈസ്തവ വിഭാഗങ്ങളിലെ അല്മായ പ്രസ്ഥാനങ്ങളുമായി സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങളും ലെയ്റ്റി കൗണ്‍സില്‍ ലക്ഷ്യമിടുന്നു. ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തില്‍ കൂടുതല്‍ ഐക്യവുംസ്വരുമയും ഊട്ടിയുറപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കേണ്ടത് അടിയന്തരമാണെന്ന് ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
ഭാരതത്തിലെ ലാറ്റിന്‍, സീറോ മലബാര്‍, സീറോ മലങ്കര സഭകളിലെ അല്മായ കമ്മീഷനുകള്‍, കത്തോലിക്കാ കോണ്‍ഗ്രസ്, മലങ്കര കാത്തലിക് അസോസിയേഷന്‍, ലാറ്റിന്‍ സഭയിലെ വിവിധ സംഘടനകള്‍, ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ എന്നിവ നടത്തുന്ന സഭാസേവനങ്ങളെ റിപ്പോര്‍ട്ടില്‍ പ്രശംസിച്ചു.

ഇതിനോടകം വിവിധ കത്തോലിക്കാ സഭാസമൂഹങ്ങളില്‍ തുടക്കമിട്ടിരിക്കുന്ന ലോയേഴ്‌സ് ഫോറം, മെഡിക്കല്‍ ഫോറം, ഹിസ്റ്ററി ആന്റ് റിസര്‍ച്ച് ഫോറം, സോഷ്യല്‍ ആന്റ് ചാരിറ്റി ഫോറം, എഡ്യുക്കേഷണലിസ്റ്റസ്് ഫോറം, സയന്‍സ് ആന്റ് ടെക്‌നോളജി ഫോറം, പ്രെഫഷണല്‍സ് ഫോറം, ഫാര്‍മേഴ്‌സ് ഫോറം, മീഡിയ ഫോറം, എന്റര്‍പ്രണേഴ്‌സ് ഫോറം എന്നീ അല്മായ ഫോറങ്ങളുടെ പ്രവര്‍ത്തനം ദേശീയതലത്തില്‍ വ്യാപിപ്പിക്കും. രാജ്യത്ത് വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അതിപ്രഗത്ഭരായ അല്മായരെ ഉള്‍പ്പെടുത്തി നാഷണല്‍ തിങ്ക്-താങ്ക് ടീമിനും ലെയ്റ്റി കൗണ്‍സില്‍ രൂപം നല്‍കും.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ ക്രൈസ്തവ വിവേചനവും റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു. ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിലെ ബഹുഭൂരിപക്ഷവും മലയോരങ്ങളിലും ഗ്രാമീണമേഖലകളിലുമുള്ള കര്‍ഷകരും, തീരദേശങ്ങളില്‍ മത്‌സ്യബന്ധനം ഉപജീവനമാക്കിയിരിക്കുന്നവരുമാണ്. കാര്‍ഷികമേഖല അതിരൂക്ഷമായ പ്രതിസന്ധിയെ നേരിടുമ്പോള്‍ സംഘടിതമായ നീക്കങ്ങള്‍ അനിവാര്യമാണ്. കേരളം, തമിഴ്‌നാട്, കര്‍ണ്ണാടകം എന്നീ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും കത്തോലിക്കാസഭ നേതൃത്വം കൊടുക്കുന്നതുമായ ഇന്ത്യന്‍ ഫാര്‍മേഴ്‌സ് മൂവ്‌മെന്റി (ഇന്‍ഫാം)ന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യവ്യാപകമാക്കണമെന്നും പ്രവര്‍ത്തനപദ്ധതികളില്‍ നിര്‍ദ്ദേശിച്ചു. ഔദ്യോഗിക ജോലികളില്‍ നിന്ന് റിട്ടയര്‍ ചെയ്തിരിക്കുന്നവരുടെ വൈദഗ്ദ്ധ്യവും പ്രവര്‍ത്തിപരിചയവും സഭയുടെ വിവിധ തലങ്ങളില്‍ ഉപയോഗപ്രദമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും സമര്‍പ്പിച്ചു.

ഇന്ത്യയിലെ 174 കത്തോലിക്കാരൂപതകളെ പ്രതിനിധാനം ചെയ്യുന്ന 14 റീജിയണല്‍ കൗണ്‍സിലുകളിലെ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിമാരുടെ സമ്മേളനം വിളിച്ചുചേര്‍ത്ത് പ്രവര്‍ത്തനപരിപാടികള്‍ നടപ്പിലാക്കുമെന്ന് വി.സി.സെബാസ്റ്റ്യന്‍ അറിയിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles