സഭാരഹസ്യത്തിൽ ആരാധനക്രമത്തിന്റെ സ്ഥാനം എന്താണ്?

Sacrosanctum Concilium

ദൈവാരാധനയെക്കുറിച്ചുള്ള കോൺസ്റ്റിറ്റ്യൂഷൻ

ദൈവദാസന്മാരുടെ ദാസനായ പോൾ മെത്രാൻ, അതിപരിശുദ്ധസൂനഹദോസിലെ പിതാക്കന്മാരോടുചേർന്ന് സത്യത്തിന്റെ നിത്യസ്മാരകമായി

ഖണ്ഡിക – 1
പ്രാരംഭം

ഈ അതിപരിശുദ്ധ സൂനഹദോസ് ലക്ഷ്യംവയ്ക്കുന്ന കാര്യങ്ങൾ ഇവയാണ്: വിശ്വാസികളുടെയിടയിൽ ക്രിസ്തീയജീവിതം ഉത്തരോത്തരം പരിപോഷിപ്പിക്കുക, വ്യതിചലന വിധേയമായിരിക്കുന്ന സമ്പ്രദായങ്ങൾ ആധുനിക കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്ക് കൂടുതൽ അനുരൂപമാക്കുക; മിശിഹായിൽ വിശ്വസിക്കുന്ന എല്ലാവരുടെയും ഐക്യത്തിന് അനുരൂപമായവയെല്ലാം സംരക്ഷിക്കുക; എല്ലാവരെയും സഭയുടെ മടിത്തട്ടിൽ വിളിച്ചുകൂട്ടുന്നതിന് ഉപകരിക്കുന്നവയെല്ലാം ശക്തിപ്പെടുത്തുക. കൂടാതെ, പ്രത്യേകമായ കാരണത്താൽ ആരാധനകമറ നവീകരിക്കുന്നതിലും പരിപോഷിപ്പിക്കുന്നതിലും ശ്രദ്ധപതിക്കാൻ കടമയുണ്ടെന്നും ഈ സൂനഹദോസ് മനസ്സിലാക്കുന്നു.

ഖണ്ഡിക – 2
സഭാരഹസ്യത്തിൽ ആരാധനക്രമത്തിന്റെ സ്ഥാനം

കാരണം, “നമ്മുടെ പരിത്രാണകർമം പ്രാവർത്തികമാക്കുന്ന” ആരാധനക്രമം വഴിയാണ്, പ്രത്യേകിച്ച് പരിശുദ്ധകുർബാനവഴിയാണ് വിശ്വാസികൾ മിശിഹായുടെ രഹസ്യവും സഭയുടെ യഥാർത്ഥ സ്വഭാവവും ജീവിതത്തിൽ പ്രകടിപ്പിക്കുകയും മറ്റുള്ളവർക്കു വെളിപ്പെടുത്തുകയും ചെയ്യുന്നത്. മാനുഷികവും അതേസമയം ദൈവികവും ദൃശ്യവും അദൃശ്യവുമായവയാൽ ധന്യയും പ്രവർത്തനത്തിൽ ഊർജസ്വലയും ധ്യാനനിഷ്ഠയിൽ നിർവൃത്തയും ലോകത്തിൽ സന്നിഹിതയും എങ്കിലും പ്രവാസിനിയും ആയിരിക്കുകയെന്നതാണ് സഭയുടെ സ്വഭാവം. അങ്ങനെ, അവളിൽ മാനുഷികമായവ, ദൈവികമായവയിലേക്കും ദൃശ്യമായവ, അദൃശ്യമായവയിലേക്കും പ്രവർത്തനോന്മുഖമായവ ധ്യാനാത്മകതയിലേക്കും ഇപ്പോഴുള്ളവ നാം പ്രതീക്ഷിക്കുന്ന ഭാവിനഗരത്തിലേക്കും ലക്ഷ്യം വച്ചും അവയ്ക്കു വിധേയമാക്കപ്പെട്ടുമിരിക്കുന്നു.” അതുവഴി, മിശിഹായുടെ പൂർണതയുടെ തികവുവരെ ആരാധനക്രമം സഭയ്ക്കുള്ളിലുള്ളവരെ കർത്താവിന്റെ പരിശുദ്ധാലയവും ആത്മാവിൽ ദൈവത്തിന്റെ അധിവാസവുമായി” അനുദിനം രൂപവത്കരിക്കുകയും അതോടൊപ്പം വിസ്മയനീയമാംവിധം അവരുടെ കഴിവുകൾ മിശിഹായെ പ്രഘോഷിക്കുന്നതിനുവേണ്ടി ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അങ്ങനെ, പുറത്തുള്ളവർക്ക് സഭ ജനതകൾക്കുവേണ്ടി ഉയർത്തപ്പെട്ട അടയാളമാകാനും” അതിന്റെ കീഴിൽ ചിതറിക്കിടക്കുന്ന ദൈവമക്കൾ ഒരു തൊഴുത്തും ഒരു ഇടയനും ആകാനും വേണ്ടിയാണിത്.’ 

ഖണ്ഡിക – 3
ആരാധനക്രമം സംബന്ധിച്ച താത്ത്വികബോധനം

അതിനാൽ, ഈ അതിപരിശുദ്ധസൂനഹദോസ് ആരാധനക്രമത്തിന്റെ പരിപോഷണവും നവീകരണവും സംബന്ധിച്ച് താഴെവരുന്ന തത്ത്വങ്ങൾ ശ്രദ്ധാവിഷയമാക്കണമെന്നും പ്രായോഗിക നിയമങ്ങൾ നിർണയിക്കണമെന്നും നിശ്ചയിക്കുന്നു. ഈ തത്ത്വങ്ങളിലും നിയമങ്ങളിലും ചിലതെല്ലാം റോമൻറീത്തിനെയും മറ്റെല്ലാ റീത്തുകളെയും ബാധിക്കുന്നതും ബാധിക്കേണ്ടതുമാണെങ്കിലും തുടർന്നുവരുന്ന പ്രായോഗിക നിയമങ്ങൾ, സ്വാഭാവികമായി മറ്റു റീത്തുകളെയും ബാധിക്കുന്ന കാര്യങ്ങൾ പരാമർശിക്കുമ്പോളൊഴിച്ച്, റോമൻറീത്തിനെമാത്രം ബാധിക്കുന്നവയാണെന്നു മനസ്സിലാക്കണം.

ഖണ്ഡിക – 4
നിയമപരമായി അംഗീകൃതറീത്തുകളുടെ ശ്രേഷ്ഠത

ഈ അതിപരിശുദ്ധസൂനഹദോസ് പാരമ്പര്യം വിശ്വസ്തുതാപൂർവം അനുസരിച്ചുകൊണ്ട് നിയമപരമായി അംഗീകൃതമായ എല്ലാ റീത്തുകളെയും തുല്യമായ അവകാശവും ബഹുമാനവുമുള്ളവയായി പരിശുദ്ധസഭാമാതാവ് പരിഗണിക്കുന്നെന്നും ഭാവിയിൽ ഇവയെ സംരക്ഷിക്കാനും സർവഥാ, പരിപോഷിപ്പിക്കാനും ആഗ്രഹിക്കുന്നെന്നും ആവശ്യമുള്ളിടത്ത് ശരിയായ പാരമ്പര്യത്തിന്റെ ചൈതന്യത്തിനനുസരിച്ച് പ്രശദ്ധം സമഗ്രപുനഃപരിശോധന ചെയ്യാനും ആധുനിക സാഹചര്യങ്ങൾക്കും ആവശ്യങ്ങൾക്കുമനുസരിച്ച് പുതുശക്തി പകരാനും അഭിലഷിക്കുമെന്നും പ്രഖ്യാപിക്കുന്നു.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles