ദരിദ്രയായ വിധവയും പ്രകടനപരതയിൽ മുങ്ങിയ നിയമജ്ഞരും!

“മറ്റുള്ളവർ കാണുന്നതിനായി തങ്ങൾക്ക് അധികമുള്ളതിൽ നിന്ന് നൽകുന്ന ധനികരും, ആരും കണാതെ, തനിക്കുള്ളതെല്ലാം സമർപ്പിക്കുന്ന ദരിദ്രയായ സ്ത്രീയും മാനുഷിക മനോഭാവത്തിൻറെ രണ്ട് പ്രതീകങ്ങൾ”, ഫ്രാൻസീസ് പാപ്പായുടെ ത്രികാലജപ സന്ദേശത്തിൽ നിന്ന്.

ജെറുലേം ദേവാലയത്തിൽ അരങ്ങേറുന്ന രണ്ടു സംഭവങ്ങൾ        

ഇന്നത്തെ ആരാധനക്രമത്തിലെ സുവിശേഷം വിവരിക്കുന്ന രംഗം നടക്കുന്നത് ജറുസലേം ദേവാലയത്തിനുള്ളിലാണ്. എല്ലാറ്റിലും പവിത്രമായ ഈ സ്ഥലത്ത് സംഭവിക്കുന്നതെല്ലാം യേശു നിരീക്ഷിക്കുന്നു, വീക്ഷിക്കുന്നു, ശ്രദ്ധിക്കപ്പെടുന്നതിനും അഭിവാദ്യം ചെയ്യപ്പെടുന്നതിനും ആദരിക്കപ്പെടുന്നതിനും ആദരണീയ സ്ഥാനം ലഭിക്കുന്നതിനുംനും വേണ്ടി അവിടെ ഉലാത്താൻ  നിയമജ്ഞർ എത്രമാത്രം  ഇഷ്ടപ്പെടുന്നുവെന്ന് കാണുകയും ചെയ്യുന്നു. “അവർ വിധവകളുടെ ഭവനങ്ങൾ വിഴുങ്ങുകയും ദീർഘനേരം പ്രാർത്ഥിക്കുന്നതായി നടിക്കുകയും ചെയ്യുന്നു” (മർക്കോസ് 12:40) എന്ന് യേശു കൂട്ടിച്ചേർക്കുന്നു. അതേ സമയംതന്നെ, മറ്റൊരു രംഗം യേശുവിൻറെ നയനങ്ങളിൽ പതിയുന്നു: ശക്തരാൽ ചൂഷണം ചെയ്യപ്പെട്ടവരിൽ ഒരാൾ ആയ ഒരു പാവപ്പെട്ട വിധവ, “അവൾക്ക് ഉപജീവനത്തിനുണ്ടായിരുന്ന വക മുഴുവനും” ദേവാലയ ഭണ്ഡാരത്തിൽ നിക്ഷേപിക്കുന്നു (വാക്യം 44). അങ്ങനെയാണ് സുവിശേഷം പറയുന്നത്, തനിക്ക് ജീവിക്കാനായി ഉണ്ടായിരുന്നതെല്ലാം അവൾ ഭണ്ഡാരത്തിലിട്ടു എന്ന്. സുവിശേഷം നമ്മെ ഈ കടുത്ത വൈരുദ്ധ്യത്തിനു മുന്നിൽ നിറുത്തുന്നു: മറ്റുള്ളവർ കാണുന്നതിനായി തങ്ങൾക്ക് അധികമുള്ളതിൽ നിന്ന് നൽകുന്ന ധനികരും, ആരും കണാതെ, തനിക്കുള്ളതെല്ലാം സമർപ്പിക്കുന്ന ദരിദ്രയായ ഒരു സ്ത്രീയും. മാനുഷിക മനോഭാവത്തിൻറെ രണ്ട് പ്രതീകങ്ങൾ.

ജാഗ്രതപുലർത്തുക

യേശു രണ്ടു രംഗങ്ങൾ കാണുന്നു. “നോക്കുക” എന്ന ഈ ക്രിയയാണ്  അവിടത്തെ പ്രബോധനത്തെ സംഗ്രഹിക്കുന്നത്: ആ നിയമജ്ഞരെപ്പോലെ, ഇരട്ടത്താപ്പോടെ വിശ്വാസം ജീവിക്കുന്നവരെപ്പോലെ  നാം ആകാതിരിക്കാൻ “നമ്മൾ സ്വയം സൂക്ഷിക്കണം”; നേരെമറിച്ച്, ആ വിധവയെ മാതൃകയാക്കുന്നതിനായി നമ്മൾ അവളെ “നോക്കണം”. നമുക്ക് ഇതെക്കുറിച്ചു ചിന്തിക്കാം: കപടനാട്യക്കാരെ സൂക്ഷിക്കുകയും, പാവപ്പെട്ട വിധവയെ നോക്കുകയും ചെയ്യുക.

അധികാര ദുർവിനിയോഗം ഒഴിവാക്കുക, ദ്വന്ദ ഭാവമുള്ളവരാകാതിരിക്കുക

സർവ്വോപരി, കപടവിശ്വാസികളെ സൂക്ഷിക്കുക, അതായത്, ജീവിതത്തെ പ്രകടനപരതയുടെയും ബാഹ്യരൂപത്തിൻറെയും ആരാധനയിലും സ്വന്തം പ്രതിച്ഛായയുടെ അതിശയോക്തിപരമായ പരിപാലനത്തിലും അധിഷ്ഠിതമാക്കാതിരിക്കാൻ നാം ശ്രദ്ധിക്കണം. കൂടാതെ, എല്ലാറ്റിനുമുപരിയായി, നമ്മുടെ താൽപ്പര്യങ്ങൾക്കായി വിശ്വാസത്തെ വളച്ചൊടിക്കാതിരിക്കാൻ സൂക്ഷിക്കണം. ആ ശാസ്‌ത്രിമാർ തങ്ങളുടെ പൊള്ളത്തരം ദൈവനാമം കൊണ്ട് മൂടുകയായിരുന്നു, അതിലും മോശമാണ്, സ്വന്തം കാര്യങ്ങൾക്കായി അധികാരം ദുരുപയോഗം ചെയ്യുകയും ദരിദ്രരെ ചൂഷണം ചെയ്യുകയും ചെയ്തുകൊണ്ട് മതത്തെ കരുവാക്കിയിരുന്നത്. ഇന്നും പലസ്ഥാനങ്ങളിലും പലയിടങ്ങളിലും നാം കാണുന്ന വൈദികമേധാവിത്വത്തിൻറെതായ ഇത്രയേറെ മോശമായ ആ മനോഭാവം നാം ഇവിടെ കാണുന്നു. ഇത് എളിയവർക്കു മേലാകലും, അവരെ ചൂഷണം ചെയ്യലും, എല്ലാം തികഞ്ഞവരാണെന്ന തോന്നലുമാണ്. ഇത് പൗരോഹിത്യാധിപത്യത്തിൻറെ തിന്മയാണ്. ഇത് എക്കാലത്തിനും എല്ലാവർക്കും, സഭയ്ക്കും സമൂഹത്തിനും ഒരു മുന്നറിയിപ്പാണ്: അതായത്, സ്വന്തം പദവിയെ മറ്റുള്ളവരെ തകർക്കാൻ ദുരുപയോഗിക്കരുത്, സ്വന്തം നേട്ടങ്ങൾക്കായി ഏറ്റം ദുർബ്ബലരെ ബലികൊടുക്കരുത്! വ്യർത്ഥതയിൽ നിപതിക്കാതിരിക്കാൻ ജാഗരൂകരായിരിക്കുക, അത് നമുക്ക് സത്ത നഷ്ടപ്പെടുകയും, നാം ബാഹ്യമായവയിൽ ഊന്നിനില്ക്കുകയും ഉപരിപ്ലവതയിൽ ജീവിക്കുകയും ചെയ്യാതിരിക്കേണ്ടതിനാണ്. നമുക്ക് സ്വയം ചോദിക്കാം, അത് നമുക്ക് ഗുണകരമാകും: നാം ആദരിക്കപ്പെടുന്നതിനും നമ്മുടെ സംതൃപ്തിയും ആഗ്രഹിച്ചുകൊണ്ടാണോ, അതോ ദൈവത്തിനും നമ്മുടെ അയൽക്കാരനും, പ്രത്യേകിച്ച്, ഏറ്റവും ദുർബ്ബലരായവർക്കും ഉള്ള ശുശ്രൂഷ ആയിട്ടാണോ നാം സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്? ഹൃദയത്തിൻറെ കള്ളത്തരത്തെ, കാപട്യത്തെ കുറിച്ച് നമുക്ക് ജാഗരൂഗരായിരിക്കാം, അത് ആത്മാവിൻറെ അപകടകരമായ ഒരു രോഗമാണ്. ആ പദം തന്നെ സൂചിപ്പിക്കുന്നതു പോലെ ഇത് ഒരു ഇരട്ട ചിന്തയാണ്, ഇരട്ട വിധിനിർണ്ണയമാണ്. “അധമമായ വിധിക്കലാണ്”, മറ്റൊരു ചിന്ത പുലർത്തുകയും  വേറൊരു രീതിയിൽ പ്രത്യക്ഷപ്പെടുകയും ചെയ്യലാണ്. രണ്ടു മുഖത്തോടുകൂടിയ ജനം, ആത്മാവിൻറെ ഇരട്ടത്താപ്പ്.

പണം എന്ന യജമാനെ സേവിക്കരുത് 

ഈ രോഗത്തിൽ നിന്ന് സൗഖ്യം പ്രാപിക്കുന്നതിന് ദരിദ്രയായ വിധവയെ നോക്കാൻ യേശു നമ്മെ ക്ഷണിക്കുന്നു. കാണിക്കയിടുന്നതിനായി ഈ സ്ത്രീ തനിക്കു ജീവിക്കാൻ ആകെയുണ്ടായിരുന്നു ചെറിയ തുക പോലും നഷ്ടപ്പെടുത്തിക്കൊണ്ട് വീട്ടിലേക്ക് തിരിച്ചു പോകേണ്ടിവരുന്ന ആ ചൂഷണത്തെ യേശു അപലപിക്കുന്നു. വിശുദ്ധമായതിനെ പണവുമായുള്ള കെട്ടുപാടിൽ നിന്ന് മോചിപ്പിക്കേണ്ടത്  എത്ര പ്രധാനമാണ്! നേരത്തെതന്നെ മറ്റൊരിടത്ത് യേശു ഇത് പറഞ്ഞിട്ടുണ്ട്: രണ്ട് യജമാനന്മാരെ സേവിക്കാൻ ഒരാൾക്ക് കഴിയില്ല. ഒന്നുകിൽ നീ ദൈവത്തെ സേവിക്കുക – അല്ലെങ്കിൽ “പിശാചിനെ”, എന്നാണ് യേശു പറയുകയെന്ന് നാം ചിന്തിക്കുന്നു, എന്നാൽ അങ്ങനെയല്ല – ഒന്നുകിൽ ദൈവത്തെയോ അല്ലെങ്കിൽ പണത്തെയോ എന്നാണ്. പണം ഒരു യജമാനനാണ്, നാം അവനെ സേവിക്കരുതെന്ന് യേശു പറയുന്നു.

ചില്ലിക്കാശുകൾ സമർപ്പിക്കുന്ന വിധവ, ഹൃദയംകൊണ്ടു നല്കുന്നവൾ

എന്നാൽ, അതേ സമയം, ഈ വിധവ തനിക്കുള്ളതെല്ലാം ഭണ്ഡാരത്തിൽ നിക്ഷേപിക്കുന്നതിനെ  യേശു പ്രശംസിക്കുന്നു. അവൾക്ക് ഇനി ഒന്നുമില്ല, പക്ഷേ അവൾ ദൈവത്തിൽ എല്ലാം കണ്ടെത്തുന്നു. തനിക്കാകെയുള്ള ആ അൽപ്പം  നഷ്ടപ്പെടുമെന്ന് അവൾ ഭയപ്പെടുന്നില്ല, കാരണം അവൾ ദൈവത്തിൻറെ സമൃദ്ധിയിൽ വിശ്വാസമർപ്പിക്കുന്നു. ദാനം ചെയ്യുന്നവൻറെ സന്തോഷം ദൈവത്തിൻറെ ഈ സമൃദ്ധി അനേകമടങ്ങായി വർദ്ധിപ്പിക്കുന്നു. ഇത് മറ്റൊരു വിധവയെ കുറിച്ചും നമ്മെ ചിന്തിപ്പിക്കുന്നു,  ഏലിയാ പ്രവാചകൻ കണ്ടുമുട്ടുന്ന വിധവ, അവൾക്കുണ്ടായിരുന്ന അവസാന മാവും അവസാനത്തെ എണ്ണയും ഉപയോഗിച്ച് ഒരു അപ്പമുണ്ടാക്കാൻ ഒരുങ്ങുകയായിരുന്നു; ഏലിയാ അവളോട് പറഞ്ഞു: “എനിക്ക് ഭക്ഷണം തരൂ” അവൾ കൊടുക്കുന്നു; മാവ് ഒരിക്കലും കുറയുന്നില്ല, ഒരു അത്ഭുതം (1 രാജാക്കന്മാർ 17: 9-16). കർത്താവ് എല്ലായ്പ്പോഴും, ആളുകളുടെ ഔദാര്യത്തിന് മുന്നിൽ, അതിനെ മറികടക്കുന്നു, അവിടന്ന് കൂടുതൽ ഉദാരനാണ്. പക്ഷേ അത് അവിടന്നാണ്, നമ്മുടെ അത്യാഗ്രഹമല്ല. ഇവിടെ, ഇതാ, യേശു അവളെ, ഈ സ്ത്രീയെ, വിശ്വാസത്തിൻറെ അദ്ധ്യാപികയായി നിർദ്ദേശിക്കുന്നു: അവൾ സ്വന്തം മനസ്സാക്ഷിയെ ശുദ്ധീകരിക്കാൻ ദേവാലയത്തിൽ പോകുന്നില്ല, മറ്റുള്ളവരെ കാണിക്കാനല്ല അവൾ പ്രാർത്ഥിക്കുന്നത്, അവൾ തൻറെ വിശ്വാസം പ്രദർശനവസ്തുവാക്കുന്നില്ല, മറിച്ച് അവളുടെ ഹൃദയം കൊണ്ട് നൽകുന്നു. ഉദാരമായി, സൗജന്യമായി നല്കുന്നു. അവളുടെ നാണയത്തുട്ടുകൾക്ക് സമ്പന്നരുടെ വലിയ സംഭവനകളേക്കാൾ മനോഹരമായ ശബ്ദമുണ്ട്, കാരണം അവ ആത്മാർത്ഥതയോടെ ദൈവത്തിന് സമർപ്പിച്ച ഒരു ജീവിതത്തെ, ബാഹ്യപ്രകടനത്തിൽ അല്ല, മറിച്ച് നിരുപാധികമായ ദൃഢവിശ്വാസത്തിൽ ജീവസുറ്റതായ ഒരു വിശ്വാസത്തെ ആവിഷ്ക്കരിക്കുന്നു. നമുക്ക്  അവളിൽ നിന്ന് പഠിക്കാ: ബാഹ്യ മോടികളില്ലാത്ത, എന്നാൽ ആത്മാർത്ഥമായ ഒരു വിശ്വാസം; ദൈവത്തോടും സഹോദരങ്ങളോടും ഉള്ള വിനയാന്വിത സ്‌നേഹത്താലുള്ള ഒരു വിശ്വാസം.

പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം

താഴ്മയുള്ളതും സുതാര്യവുമായ ഹൃദയത്തോടെ തൻറെ ജീവിതം മുഴുവൻ ദൈവത്തിനും അവിടത്തെ ജനത്തിനുമുള്ള ദാനമാക്കിമാറ്റിയ പരിശുദ്ധ കന്യകാമറിയത്തിലേക്ക് നമുക്കിപ്പോൾ തിരിയാം.

അഭിവാദ്യങ്ങൾ -എത്യോപിയയ്ക്കു വേണ്ടി അഭ്യർത്ഥനയും പ്രാർത്ഥനയും

ആശീർവാദാനന്തരം പാപ്പാ, ആഫ്രിക്കയുടെ കിഴക്കുഭാഗത്ത് ഒരു ഉപദ്വീപു പോലെ കാണപ്പെടുന്ന, “ആഫ്രിക്കയുടെ കൊമ്പ്” എന്നറിയപ്പെടുന്ന പ്രദേശത്തു നിന്ന്, വിശിഷ്യ, എത്യോപ്യയിൽ നിന്നെത്തുന്ന വാർത്തകളിൽ ആശങ്ക പ്രകടിപ്പിച്ചു. ആ പ്രദേശത്തെ പിടിച്ചുലച്ചിരിക്കുന്ന, ഒരു വർഷത്തിലേറെയായി തുടരുന്ന, സംഘർഷങ്ങൾ അനേകരുടെ ജീവൻ അപഹരിക്കുകയും ഗുരുതരമായ മാനവിക പ്രതിസന്ധികൾ ഉളവാക്കുകയും ചെയ്തിരിക്കയാണെന്ന് പാപ്പാ അനുസ്മരിക്കുന്നു. കഠിന പരീക്ഷണവിധേയരായ ആ ജനങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കാൻ എല്ലാവരേയും ക്ഷണിക്കുന്ന പാപ്പാ, സാഹോദര്യ സൗഹാർദ്ദവും സംഭാഷണത്തിൻറെ സമാധാനസരണിയും  പ്രബലപ്പെടണമെന്ന തൻറെ അഭ്യർത്ഥന നവീകരിക്കുകയും ചെയ്യുന്നു.

സിയറലെയോണിലെ ദുരന്തം

സിയറലെയോണിൻറെ തലസ്ഥാനമായ ഫ്രീടൗണിൻറെ പ്രാന്തപ്രദേശത്ത് വെള്ളിയാഴ്ച രാത്രി, നുറോളം പേരുടെ മരണത്തിനിടയാക്കിയ, ഇന്ധന വാഹന സ്‌ഫോടനത്തെ തുടർന്നുണ്ടായ തീപിടുത്തത്തിന് ഇരകളായവരെ പാപ്പാ പ്രത്യേകം അനുസ്മരിക്കുകയും തൻറെ പ്രാർത്ഥ ഉറപ്പുനൽകുകയും ചെയ്തു.

സ്പെയിനിലെ നവവാഴ്ത്തപ്പെട്ട നിണസാക്ഷികൾ

ശനിയാഴ്ച (09/11/21) സ്‌പെയിനിലെ മൻറേസയിൽ, കപ്പൂച്ചിൻ ഫ്രയേഴ്‌സ് മൈനർ സമൂഹാംഗങ്ങളായ ബെനേത്ത് ദ സാന്ത കൊളോമ ദെ ഗ്രമെനേത്ത് (Benet da Santa Coloma de Gramenet), യൊസേഫ് ഒറിയോൾ ദ ബർസെല്ലോണ (Josep Oriol da Barcellona.), ദൊമേനെക് ദ സാന്ത പെരേ ദെ റുയിദെബിത്തിയെസ് (Domènec da Sant Pere de Ruidebitllets) എന്നീ നിണസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത് പാപ്പാ അനുസ്മരിച്ചു.

സ്പെയിനിൽ കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായ മതപീഡനകാലത്ത് വധിക്കപ്പെട്ട ഇവർ സൗമ്യരും ധീരരുമായ ക്രിസ്തുസാക്ഷികാളാണെന്ന് കാണിച്ചുതരുന്നുവെന്ന് പാപ്പാ പറഞ്ഞു. അവരുടെ മാതൃക, സ്വന്തം വിളിയോട്, പരീക്ഷണവേളകളിലും, വിശ്വസ്തരായിരിക്കുന്നതിന് ഇന്നത്തെ ക്രൈസ്തവരെ സഹായിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles