ദരിദ്രരുടെ രൂപത്തില്‍ വരുന്നത് ഈശോയാണെന്ന് നമുക്ക് തിരിച്ചറിവുണ്ടോ?
ദൈവം നമ്മുടെ അടുക്കൽ പറഞ്ഞയച്ചവരാണ് വേദനയിലും കഷ്ടപ്പാടിലും കഴിയുന്നവരും രോഗികളും ദരിദ്രരുമായ വരുമെല്ലാം എന്ന ചിന്ത പുലർത്തിയാൽ നാം അവരെ എത്ര. ബഹുമാനത്തോടെ സ്വീകരിക്കാതിരിക്കുകയില്ല.
എന്നാൽ യാഥാർത്ഥ്യം അതിലും ഉപരിയല്ലേ? ഈശോ തന്നെയല്ലേ അവരുടെ രൂപത്തിൽ വരുന്നതും സഹായം സ്വീകരിക്കുന്നതും? എൻ്റെ എറ്റം എളിയ ഈ സഹോദരങ്ങൾക്കു നിങ്ങൾ ചെയ്തപ്പോൾ എനിക്കു തന്നെയാണ് ചെയ്തത് എന്നാണല്ലോ ഈശോ പറഞ്ഞിട്ടുള്ളത്? ഈശോ പറഞ്ഞത് സത്യമല്ലാതിരിക്കുമോ?
വി. ഫ്രാൻസിസ് അസ്സീസിയുടെ ജീവിതത്തിലുണ്ടായ കരുണയുടെ അനുഭവം അദ്ദേഹത്തെ ആകെ മാറ്റി മറിച്ചു.
അദ്ദേഹം സുഹൃദ് സന്ദർശനങ്ങളും സൽക്കാരങ്ങളും അവസാനിപ്പിച്ച് സ്വഭവനത്തിൽ പാവങ്ങൾക്കു വേണ്ടി വിരുന്നു സൽക്കാരം നടത്താൻ തുടങ്ങി.
ഒരിക്കൽ അദ്ദേഹം റോം സന്ദർശിച്ച് പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ കബറിടം സന്ദർശിച്ച് പുറത്തിറങ്ങി. കയ്യിലുണ്ടായിരുന്ന പണം മുഴുവൻ ഭിക്ഷക്കാർക്ക് വിതരണം ചെയ്തു. അനേകം ഭിക്ഷാടകർ വന്നു ചേർന്നു കൊണ്ടിരുന്നു. തൻ്റെ കയ്യിൽ ഇനി ഒന്നുമില്ല എന്നു പറഞ്ഞിട്ടും അവർ പിരിഞ്ഞു പോയില്ല. അവസാനം ഫ്രാൻസിസ് തൻ്റെ വിലയേറിയ വസ്ത്രങ്ങൾ ഓരോന്നായി ആ യാചകർക്കു നൽകിക്കൊണ്ട് യാചകരിൽ ഒരുവൻ്റെ കീറിയ വസ്ത്രങ്ങൾ വാങ്ങി ധരിച്ചു.
അങ്ങനെ എല്ലാം തീർന്നപ്പോൾ അവൻ അവരിൽ ഒരുവനെപ്പോലെയായി. പിന്നെ ഭിക്ഷ യാചിച്ചു തുടങ്ങി. വിശപ്പു കലശലായപ്പോൾ ഒരു ഭിക്ഷക്കാരനു കിട്ടിയ ഭക്ഷണത്തിൽ പങ്കു ചേർന്നു. സ്നേഹം കരുണയായി നിറയുമ്പോൾ നമുക്കുള്ളവയുടെ മിച്ചം ഭിക്ഷക്കാർക്കു നൽകുകയല്ല. നമുക്കുള്ളതു മുഴുവൻ നൽകി അവരുടെ സ്ഥാനത്ത് ദാരിദ്രം ഏറ്റെടുക്കുകയാണ് ചെയ്യേണ്ടത്. അപ്പോൾ ദരിദ്രരുടെയും രോഗികളുടെയും സ്ഥാനത്തേക്ക് സ്വയം ഇറക്കി നിർത്താൻ തക്കവിധം എളിമയും കരുണയും നമ്മിൽ നിറയും.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.