ഫൗസ്റ്റീന വലിയ ആത്മീയ ശൂന്യത അനുഭവിച്ചത് എന്തിനായിരുന്നു?

അന്ധകാരങ്ങളും പ്രലോഭനങ്ങളും

77
എന്റെ മനസ്സു പ്രത്യേകമായ വിധത്തില്‍ പ്രകാശമറ്റതായി. ഒരു സത്യവും എനിക്കു വ്യക്തമല്ലായിരുന്നു. ദൈവത്തെപ്പറ്റി ആളുകള്‍ സംസാരിക്കുമ്പോള്‍ എന്റെ ഹൃദയം പാറപോലെ കഠിനമായി അനുഭവപ്പെട്ടു. അവിടുത്തോടുള്ള സ്‌നേഹത്തിന്റെ ഒരു കണികപോലും അത് എന്നില്‍ ഉളവാക്കിയില്ല. അവിടുത്തോട് അടുക്കാന്‍ ബലംപിടിച്ചു പരിശ്രമിച്ചു. എന്നാല്‍, ഞാന്‍ വളരെ വലിയ പീഢ അനുഭവിച്ചു. കര്‍ത്താവിനെ പ്രകോപിപ്പിച്ച് കൂടുതല്‍ ദേഷ്യപ്പെടുത്തുന്നതായി എനിക്കു തോന്നി. പണ്ടു ധ്യാനിച്ചിരുന്നതുപോലെ ധ്യാനിക്കാന്‍ എനിക്ക് ഒട്ടുംതന്നെ സാധിച്ചിരുന്നില്ല. ഒരു വലിയ ശൂന്യത എന്റെ ആത്മാവില്‍ അനുഭവപ്പെട്ടു. ഒന്നുകൊണ്ടും ആ ശൂന്യത നികത്താന്‍ എനിക്കു സാധിച്ചില്ല. ദൈവത്തിനുവേണ്ടിയുള്ള വലിയ ദാഹവും അഭിവാഞ്ജയും എനിക്ക് അനുഭവപ്പെട്ടു. എന്നാല്‍, ഞാന്‍ തീര്‍ത്തും ബലഹീനയാണെന്നു മനസ്സിലാക്കി. സാവധാനം വരിവരിയായി വായിച്ച് ധ്യാനിക്കാന്‍ ഞാന്‍ ശ്രമിച്ചു. എന്നാല്‍, അതും പരാജയപ്പെട്ടു. ഞാന്‍ വായിച്ചതൊന്നും എനിക്കു മനസ്സിലായില്ല.

എന്റെ ദുരിതങ്ങളുടെ ഗര്‍ത്തം എപ്പോഴും എന്റെ കണ്‍മുമ്പിലുണ്ടായിരുന്നു. ഏതെങ്കിലും ആത്മീയ കാര്യങ്ങള്‍ക്ക് ഞാന്‍ ചാപ്പലില്‍ കയറുമ്പോഴെല്ലാം, എനിക്കു കൂടുതല്‍ പീഡകളും പ്രലോഭനങ്ങളും അനുഭവപ്പെട്ടിരുന്നു. ഒന്നില്‍കൂടുതല്‍ പ്രാവശ്യം, ദിവ്യബലിയുടെ സമയം മുഴുവന്‍ എന്റെ അധരങ്ങളിലേക്ക് കടന്നുവരുന്ന ദൈവദൂഷണപരമായ ചിന്തകളാല്‍ ഞാന്‍ വിഷമിച്ചു. വിശുദ്ധ കൂദാശകളോട് എനിക്കു വെറുപ്പായി. ഒരു വിധത്തിലും അതില്‍നിന്ന് എനിക്ക് ഒരു ഗുണവും ലഭിക്കുന്നില്ല എന്നു ഞാന്‍ കരുതി. ഞാന്‍ അവ സ്വീകരിച്ചിരുന്നത് എന്റെ കുമ്പസാരക്കാരനോടുള്ള അനുസരണമൂലം മാത്രമായിരുന്നു.

ഈ കണ്ണടച്ചുള്ള അുസരണം മാത്രമായിരുന്നു ഞാന്‍ സ്വീകരിക്കേണ്ട മാര്‍ഗ്ഗം, എന്റെ രക്ഷയുടെ അവസാന ആശ്രയം. ഇതെല്ലാം ദൈവം അയയ്ക്കുന്ന പരീക്ഷണങ്ങളാണെന്നും ഞാന്‍ ആയിരിക്കുന്ന അവസ്ഥയില്‍ ദൈവത്തെ അതൃപ്തിപ്പെടുത്തുകയല്ല, മറിച്ച് ഏറ്റം തൃപ്തിപ്പെടുത്തുകയാണെന്നും ആ വൈദികന്‍ എനിക്കു പറഞ്ഞുതന്നിരുന്നു. (33) അദ്ദേഹം പറഞ്ഞു: ‘ദൈവം നിന്നെ വളരെയധികം സ്‌നേഹിക്കുന്നതിന്റെയും, അവിടുത്തേക്ക് നിന്നില്‍ നല്ല വിശ്വാസമുള്ളതിന്റെയും അടയാളമാണിത്. അതുകൊണ്ടാണ് ഇപ്രകാരമുള്ള പരീക്ഷണങ്ങള്‍ അവിടുന്ന് നിനക്ക് അയയ്ക്കുന്നത.’ എന്നാല്‍, ഈ വാക്കുകള്‍ക്കൊന്നും എന്നെ സമാധാനിപ്പിക്കാന്‍ കഴിഞ്ഞില്ല. അതൊന്നും എന്നെ സംബന്ധിച്ചുള്ളതായി എനിക്കു തോന്നിയില്ല.

ഒരു കാര്യം എന്നെ അദ്ഭുതപ്പെടുത്തി. ഞാന്‍ വളരെയധികം വിഷമിക്കുമ്പോള്‍ ഞാന്‍ കുമ്പസാരക്കൂടിനെ സമീപിക്കുമ്പോള്‍ പെട്ടെന്ന് ഈ പീഢകള്‍ എന്നെ വിട്ടുപോവുകയും, കുമ്പസാരക്കൂട്ടില്‍ിന്നു മടങ്ങുമ്പോള്‍, വീണ്ടും അവ കൂടുതല്‍ ഭീകരതയോടെ എന്നെ ഗ്രസിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ പലപ്പോഴും സംഭവിച്ചു. ആ സമയത്ത് ദിവ്യകാരുണ്യാത്തിന്റെ മുമ്പില്‍ മുഖം നിലംചേര്‍ത്തുവച്ച് ഇപ്രകാരം ഞാന്‍ ഉരുവിട്ടുകൊണ്ടിരുന്നു. ‘അങ്ങ് എന്നെ കൊന്നാലും ഞാന്‍ അങ്ങയില്‍ ആശ്രയിക്കും!’ (ജോബ് 13:15) ഈ വ്യഥയാല്‍ മരിച്ചുപോകുമെന്ന് ഞാന്‍ കരുതി.

ദൈവം എന്നെ കൈവിട്ടു എന്ന ചിന്തയാണ് എന്നെ ഏറ്റവും അധികം പീഡിപ്പിച്ചിരുന്നത്. മറ്റുപല ചിന്തകളും എന്റെ മനസ്സിലേക്ക് കടന്നുവന്നു. എന്തിന് പുണ്യപ്രാപ്തിക്കായി പരിശ്രമിക്കണം? നന്മപ്രവൃത്തികള്‍ ചെയ്യണം? എന്തിനു പരിത്യാഗം ചെയ്ത് സ്വയം നശിക്കണം? വ്രതങ്ങളെടുക്കത്തതുകൊണ്ട് എന്തു ഗുണം? പ്രാര്‍ത്ഥിച്ചുകൊണ്ട് എന്തു ഫലം? ബലിയായതുകൊണ്ടും, സ്വയം എളിമപ്പെടുത്തുന്നതുകൊണ്ടും എ്തു പ്രയോജനം? എന്തിന് എല്ലാ സമയത്തും എന്നെത്തന്നെ ബലിയാക്കണം? ദൈവം എന്നെ കൈവിട്ടിരിക്കുന്നതിനാല്‍ എന്തുപ്രയോജനം? എന്തിന് ഈ പരിശ്രമങ്ങളെല്ലാം? എന്റെ ഹൃദയത്തില്‍ എന്തെല്ലാമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് ദൈവം മാത്രമേ അറിഞ്ഞിരുന്നുള്ളു.

നമുക്കു പ്രാര്‍ത്ഥിക്കാം

ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)

വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles