പുണ്യപൂര്‍ണതയിലേക്ക് വിളിക്കപ്പെട്ടവര്‍ക്ക് മരിയഭക്തി കൂടുതല്‍ ആവശ്യമാണ്

~ വി. ലൂയിസ് ഡി മോൻറ് ഫോര്‍ട്ട് ~

യഥാര്‍ത്ഥ മരിയഭക്തി – 7

ആത്മരക്ഷ സാധിക്കുന്നതിനു മരിയഭക്തി ഏവനും ആവശ്യമെങ്കില്‍, പ്രത്യേകമാം വിധം പുണ്യപൂര്‍ണതയിലേക്ക് വിളിക്കപ്പെട്ടവര്‍ക്ക് മരിയഭക്തി അത്യാവശ്യമാണ്. നിത്യകന്യകയായ മറിയത്തോട് വലിയ ഐക്യവും അവളോട് വലിയ ആശ്രയബോധവും കൂടാതെ ഒരുവനും ക്രിസ്തുവുമായി ഐക്യം പ്രാപിക്കുവാനോ പരിശുദ്ധാത്മാവിനോട് പരിപൂര്‍ണ വിശ്വസ്തത പാലിക്കുവാനോ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.

മറിയം മാത്രമേ മറ്റൊരു സൃഷ്ടിയുടെയും സഹായം കൂടാതെ ദൈവസമക്ഷം കാരുണ്യം കണ്ടെത്തിയിട്ടുള്ളൂ. (ലൂക്ക 1. 30). അന്നു മുതല്‍ അവള്‍ വഴി മാത്രമാണ് മറ്റു സൃഷ്ടികള്‍ ദൈവതിരുമുമ്പില്‍ കാരുണ്യം കണ്ടെത്തുന്നതും. ഭാവിയിലും എല്ലാവരും അവള്‍ വഴി തന്നെ വേണം അത് സാധിക്കുവാന്‍. മുഖ്യദൂതനായ ഗബ്രിയേല്‍ അഭിവാദനം അര്‍പ്പിച്ചപ്പോള്‍ അവള്‍ കൃപാവരപൂര്‍ണയായിരുന്നു (ലൂക്ക 1. 28). അതിന് ശേഷം പരിശുദ്ധാത്മാവ് അവളുടെ മേല്‍ വസിച്ചു കൊണ്ട് അവളെ പൂര്‍വാധികം കൃപാവരപൂരിതയാക്കി(ലൂക്ക 1. 35).

ഈ ദ്വിവിധപൂര്‍ണതയും അവള്‍ ദൈനം ദിനം എന്നല്ല, അനുനിമിഷം വര്‍ദ്ധിപ്പിച്ചു കൊണ്ടിരുന്നു. അങ്ങനെ അവള്‍ അഗ്രാഹ്യമാം വിധം കൃപാവരപൂര്‍ണയായി തീര്‍ന്നു. തന്നിമിത്തം, അത്യുന്നതന്‍ അവളെ കൃപാവരങ്ങളുടെ ഏക കാവല്‍ക്കാരിയും വിതരണക്കാരിയുമായി നിയോഗിച്ചു. തനിക്കിഷ്ടമുളളവരെ അവള്‍ ശക്തരും ധന്യരും ശ്രേഷ്ഠരുമാക്കുന്നു. സ്വര്‍ഗത്തിലേക്കുള്ള ഇടുങ്ങിയ വഴിയിലൂടെ അവള്‍ തന്നെയാണ് അവരെ നയിക്കുക. പ്രതിബന്ധങ്ങള്‍ നിറഞ്ഞ ജീവിതത്തിന്റെ വാതായനങ്ങളിലൂടെ കടത്തി അവര്‍ക്ക് രാജകീയ സിംഹാസനവും കിരീടവും ചെങ്കോലും അവള്‍ നല്‍കുന്നു. ക്രിസ്തു എന്നും എവിടെയും മറിയത്തിന്റെ ഫലവും മകനുമാണ്. മറിയം എല്ലായിടത്തും ജീവന്റെ ഫലം പുറപ്പെടുവിക്കുന്ന യഥാര്‍ത്ഥ ജീവന്റെ വൃക്ഷവും ജീവന്റെ മാതാവുമാണ്.

ദിവ്യസനേഹം നിക്ഷേപിക്കപ്പെട്ടിരിക്കുന്ന കനകക്കലവറയുടെ താക്കോല്‍ (ഉത്തമഗീതം 1.3) മറിയത്തെ മാത്രമാണ് ദൈവം ഏല്‍പിച്ചിരിക്കുന്നത്. പുണ്യപൂര്‍ണതയുടെ ഏറ്റവും നിഗൂഢവും വിശിഷ്ടവുമായ മാര്‍ഗത്തില്‍ പ്രവേശിക്കുവാനും മറ്റുള്ളവരെ ഈ മാര്‍ഗത്തിലേക്ക് നയിക്കുവാനുമുള്ള അധികാരം മറിയത്തിന് മാത്രമാണ് നല്‍കപ്പെട്ടിരിക്കുന്നത്.അവിശ്വസ്തയായ ഹവ്വായുടെ ഹതഭാഗ്യരായ മക്കള്‍ക്ക് ഭൗമികപറുദീസായില്‍ പ്രവേശനം നേടിക്കൊടുത്തത് മറിയമാണ്. അവര്‍ സായാഹ്നങ്ങളില്‍ ദൈവത്തോടൊത്ത് ഉലാത്തുകയും ശത്രുക്കളുടെ ആക്രമണങ്ങളില്‍ നിന്ന് സുരക്ഷിതരായി കഴിയുകയും ചെയ്യുന്നു. മരണഭീതി ഇല്ലാതെ അവര്‍ക്കവിടെ ജീവന്റെയും നന്മതിന്മകളുടെയും വൃക്ഷങ്ങളില്‍ നിന്ന് മതിവരെ ഭുജിച്ച് ആനന്ദിക്കാം. നിറഞ്ഞു കവിഞ്ഞു കുതിച്ചു പായുന്ന ആ രമണീയമായ സ്വര്‍ഗീയ നദിയില്‍ നിന്ന് ആവോളം അവര്‍ പാനം ചെയ്യുന്നു. മറിയമാണ് ആ ഭൗമിക പറുദീസാ, ആ ഭൗമിക പറൂദീസയില്‍ നിന്നാണ് പാപികളായ ആദവും ഹവ്വയും പുറംതള്ളപ്പെട്ടത്. വിശുദ്ധിയിലേക്ക് ഉയര്‍ത്തുവാന്‍ അവള്‍ അഭിലഷിക്കുന്നവര്‍ക്കല്ലാതെ മറ്റാര്‍ക്കും അവിടെ പ്രവേശനം ഉണ്ടായിരിക്കുകയില്ല.

സകല സമ്പന്നരും (സങ്കീ 44. 13) നിന്നില്‍ അഭയം തേടും. വി. ബര്‍ണാര്‍ദിന്റെ അഭിപ്രായം അനുസരിച്ച് സകല സമ്പന്നരും എല്ലാക്കാലങ്ങളിലും പ്രത്യേകിച്ച് ലോകാവസാനം അടുക്കുമ്പോള്‍ നിന്നില്‍ ആശ്രയം തേടും. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ കൃപാവരത്തിലും സുകൃതത്തിലും സമ്പന്നരായ വലിയ വിശുദ്ധര്‍, തങ്ങള്‍ അനുകരിക്കേണ്ട ഏറ്റവും സമ്പൂര്‍ണമായ മാതൃകയായും ആവശ്യത്തില്‍ സഹായകയായും മറിയത്തെ ദര്‍ശിക്കുവാനും അവളോടൊത്ത് നിരന്തരം പ്രാര്‍ത്ഥിക്കുവാനും കഠിനമായി യത്‌നിക്കും.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles