മറിയം എല്ലാ ഹൃദയങ്ങളുടെയും രാജ്ഞി

~ വി. ലൂയിസ് ഡി മോൻറ് ഫോര്‍ട്ട് ~

യഥാര്‍ത്ഥ മരിയഭക്തി 6

തിരഞ്ഞെടുക്കപ്പെട്ടവരുടെ ആത്മാക്കളില്‍ മറിയത്തിനു വലിയ അധികാരമാണ് ലഭിച്ചിരിക്കുന്നത്. അവരില്‍ തന്റെ വാസം ഉറപ്പിക്കുവാന്‍ മറിയത്തിനു ഈ അധികാരം ആവശ്യമാണ്. ഇത് ഇല്ലെങ്കില്‍, മാതൃ സഹജമായ തീക്ഷണതയോടെ തന്റെ അവകാശം സ്ഥാപിക്കുവാനും തന്റെ സ്വന്തമായ അവര്‍ക്ക് രൂപം കൊടുത്തു പോറ്റിപുലര്‍ത്താനും അവരെ നിത്യ ജീവിതത്തിലേക്ക് ആനയിക്കുവാനും അവള്‍ക്കു സാധിക്കാതെ വരും. അത് പോലെ തന്നെ ക്രിസ്തുവില്‍ അവരെയും അവരില്‍ ക്രിസ്തുവിനെയും രൂപവല്‍ക്കരിക്കാനും അവരുടെ ഹൃദയങ്ങളില്‍ തന്റെ സുകൃതങ്ങളുടെ വേരുറപ്പിക്കാനും അതോടൊപ്പം അവിടത്തെ അവിഭക്ത മണവാട്ടി ആയിരിക്കാനും അവള്‍ക്ക് കഴിയുകയില്ല.

ദൈവത്തിന്റെ സവിശേഷമായ കൃപാവരം ലഭിച്ചില്ലായിരുന്നുവെങ്കില്‍ മറിയത്തിനു അവരുടെ മേല്‍ ആധിപത്യം ഉണ്ടാകുമായിരുന്നില്ല. തന്റെ ഏക ജാതന്റെ മേല്‍ അവള്‍ക്കു അധികാരം കൊടുത്ത പരമ പിതാവ് ദത്തു പുത്രരായ മനുഷ്യ മക്കളുടെ മേല്‍ അധികാരിയായി അവളെ നിശ്ചയിച്ചു. അങ്ങനെ അവരുടെ ശരീരങ്ങളുടെ മേല്‍ മാത്രമല്ല ആത്മാക്കളുടെ മേലും അധികാരം നല്‍കി.

യേശുവിന്റെ ജനനത്തിനു മറിയം ആവശ്യമായി വന്നത് പോലെ തന്നെ മനുഷ്യര്‍ക്ക് തങ്ങളുടെ അന്ത്യ പ്രാപ്തിക്കു അവള്‍ എത്ര മാത്രം  ആവശ്യമാണ്. പരിശുദ്ധ മറിയത്തോടുള്ള ഭക്തി മറ്റു വിശുദ്ധരോടുള്ള ഭക്തിയെക്കാള്‍ അതീവ ശ്രേഷ്ഠമാണെന്ന്‌ കരുതാതെ ഈ ഭക്തികളെ തമ്മില്‍ തെറ്റിദ്ധരിക്കരുത്. നിത്യ രക്ഷ പ്രാപിക്കുവാന്‍ മരിയ ഭക്തി ആവശ്യമാണ്. ഭക്തനും വിജ്ഞനുമായ സ്വാരസ് , എസ്. ജെ, ലൂവേയിന്‍ കോളേജിലെ ധര്‍മ്മിഷ്ടനും പണ്ഡിതനുമായ യുസ്ത്തസ് ലിപ്‌സിയൂസ് തുടങ്ങി പലരും ആത്മ രക്ഷയ്ക്ക് മരിയ ഭക്തി ആവശ്യകമെന്നു തെളിയിച്ചിട്ടുണ്ട്. വി. അഗസ്തീനോസ്, വി.അപ്രേം, ജെറുസലേമിലെ വി.സിറില്‍, വി. ജര്‍മ്മാനൂസ്, വി.ആന്‍സലേം, വി.തോമസ് അക്വിനാസ് തുടങ്ങിയവരുടെ ഉദ്ധരണികള്‍ നിരത്തിയാണ് തങ്ങളുടെ അഭിപ്രായങ്ങള്‍ ഉറപ്പിക്കുക. ഒയക്കൊലാംപാഡിയൂസ് തുടങ്ങിയ പാഷണ്ഡ വാദികള്‍ പോലും സമ്മതിക്കുന്നുണ്ട്,മറിയത്തോട് ആദരവും സ്‌നേഹവും ഇല്ലാതിരിക്കുക തിരസ്‌കൃതരുടെയും അവളോട് പൂര്‍ണ്ണവും യഥാര്‍ത്ഥവുമായ ഭക്തിയുണ്ടായിരിക്കുക തിരഞ്ഞെടുക്കപ്പെട്ടവരുടെയും പ്രമാദ രഹിതമായ അടയാളമാണെന്നു.

പുതിയ നിയമത്തിലെയും പഴയ നിയമത്തിലെയും പല പ്രതി രൂപങ്ങളും വാക്യങ്ങളും ഇതിനു തെളിവുകളായുണ്ട്.വിശുദ്ധരുടെ അഭിപ്രായങ്ങള്‍, മാതൃകകളും ഇതിനെ സ്ഥിരീകരിക്കുന്നു.യുക്തിയും പാരമ്പര്യവും ഇതിനെ ഉറപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. ഈ സത്യം തെളിയിക്കാന്‍ അനവധി വേദ പാരംഗതരുടേയും സഭാ പിതാക്കന്മാരുടെയും പ്രസ്താവനകള്‍ ലഭിച്ചിട്ടുണ്ട്. ആത്മരക്ഷ പ്രാപിക്കുവാന്‍ മരിയ ഭക്തി ഏതൊരുവനും ആവശ്യമെങ്കില്‍ പ്രത്യേകമാം വിധം പുണ്യപൂര്‍ണ്ണതയിലേക്ക് വിളിക്കപ്പെട്ടവര്‍ക്കു അത് ആവശ്യമത്രേ. മറിയം മാത്രമേ മറ്റൊരു സൃഷ്ടിയുടെയും സഹായം കൂടാതെ ദൈവ സമക്ഷം കാരുണ്യം കണ്ടെത്തിയിട്ടുള്ളൂ.അന്ന് മുതല്‍ അവള്‍ വഴി മാത്രമാണ് മറ്റു സൃഷ്ടികള്‍ ദൈവ തിരു മുന്‍പില്‍ കാരുണ്യം കണ്ടെത്തുന്നതും. ഭാവിയിലും എല്ലാവരും അവള്‍ വഴി തന്നെ വേണം അത് സാധിക്കുവാന്‍. അത്യുന്നതന്‍ അവളെ കൃപവരങ്ങളുടെ ഏക കാവല്‍ക്കാരിയും വിതരണക്കാരിയുമായി നിയോഗിച്ചു. തനിക്കിഷ്ടമുള്ളവരെ അവള്‍ ശക്തരും ധന്യരും ശ്രേഷ്ടരുമാക്കുന്നു. സ്വര്‍ഗ്ഗത്തിലേക്കുള്ള ഇടുങ്ങിയ വഴിയിലൂടെ അവള്‍ തന്നെയാണ് അവരെ നയിക്കുക. പ്രതിബന്ധങ്ങള്‍ നിറഞ്ഞ ജീവിതത്തിന്റെ വാതായനത്തിലൂടെ കടത്തി അവര്‍ക്ക് രാജകീയ സിംഹാസനവും കിരീടവും ചെങ്കോലും അവള്‍ നല്‍കുന്നു. മറിയം എല്ലായിടത്തും ജീവന്റെ ഫലം പുറപ്പെടുവിക്കുന്ന യഥാര്‍ത്ഥ ജീവന്റെ വൃക്ഷവും ജീവന്റെ മാതാവുമാണ്.

ദിവ്യ സ്‌നേഹം നിക്ഷേപിക്കപ്പെട്ടിരിക്കുന്ന കനക കലവറയുടെ താക്കോല്‍ മറിയത്തെ മാത്രമാണ് ദൈവം ഏല്‍പ്പിച്ചിരിക്കുന്നത്. പുണ്യ പൂര്‍ണതയുടെ മാര്‍ഗ്ഗത്തില്‍ പ്രവേശിക്കാനും അതിലേക്ക് ആനയിക്കുവാനുമുള്ള അധികാരം മറിയത്തിനു മാത്രമാണ് നല്‍കപ്പെട്ടിരിക്കുന്നത്. മറിയമാണ് ആ പറുദീസാ. വിശുദ്ധിയിലേക്ക് അവള്‍ അഭിലഷിക്കുന്നവര്‍ക്ക് അല്ലാതെ മറ്റാര്‍ക്കും അവിടെ പ്രവേശനം അനുവദിക്കുന്നില്ല. അവള്‍ സകല ഹൃദയങ്ങളുടെയും റാണി ആകുന്നതു അവിടെയാണ്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles