യാക്കോബിന് ഏസാവിന്റെ അനുഗ്രഹം ലഭിച്ചതെന്തു കൊണ്ട്?

~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~
യഥാർത്ഥ മരിയഭക്തി 59

ഏസാവ് തന്റെ ജന്മാവകാശം യാക്കോബിനു വിറ്റു. അവരിരുവരുടെയും മാതാവായ റബേക്കാ യാക്കോബിനെ ആര്‍ദ്രമായി സ്‌നേഹിച്ചിരുന്നു. പല കൊല്ലങ്ങള്‍ക്കുശേഷം, പരിശുദ്ധവും നിഗൂഢവുമായ ഒരു തന്ത്രം പ്രയോഗിച്ച് അവള്‍ ആ ജന്മാവകാശം യാക്കോബിനു നേടിക്കൊടുത്തു. അത്യന്തം നിഗൂഢത നിറഞ്ഞ പരിശുദ്ധതന്ത്രം! താന്‍ വൃദ്ധനായി എന്നു കണ്ട ഇസഹാക്ക് മരിക്കുന്നതിനു മുമ്പ് തന്റെ മക്കളെ അനുഗ്രഹിക്കുവാന്‍ ആഗ്രഹിച്ചു. അദ്ദേഹം കൂടുതല്‍ സ്‌നേഹിച്ചിരുന്ന ഏസാവിനെ വിളിച്ച്, നായാട്ടിനുപോയി തനിക്കു ഭക്ഷണമൊരുക്കുവാന്‍ ആവശ്യപ്പെട്ടു . ഭക്ഷണം കഴിച്ചു സംതൃപ്തനായി അവനെ അനുഗ്രഹിക്കുവാനായിരുന്നു അദ്ദേഹം അങ്ങനെ പറഞ്ഞത്.

റബേക്ക സംഭവഗതികളെ പറ്റി ഉടനെ യാക്കോബിന് മുന്നറിയിപ്പു കൊടുക്കുകയും ആട്ടിന്‍ പറ്റത്തില്‍ നിന്ന് രണ്ട് ആട്ടിന്‍ കുട്ടികളെ പിടിച്ചു കൊണ്ടുവരാന്‍ ആജ്ഞാപിക്കുകയും ചെയ്തു. അവന്‍ കൊണ്ടു വന്ന ആട്ടിന്‍ കുട്ടികളെ കൊണ്ട് ഇസഹാക്കിന് ഇഷ്ടമായ ഭക്ഷണം അവള്‍ തയ്യാറാക്കി. താന്‍ സൂക്ഷിച്ചിരുന്ന ഏസാവിന്റെ വസ്ത്രങ്ങള്‍ അവള്‍ യാക്കോബിനെ ധരിപ്പിച്ചു. അവന്റെ കഴുത്തും കൈകളും ആട്ടിന്‍കുട്ടികളുടെ തുകല്‍ കൊണ്ടു പൊതിയുകയും ചെയ്തു. അന്ധനായ പിതാവ് യാക്കോബിന്റെ ശബ്ദമാണ് കേള്‍ക്കുന്നതെങ്കിലും, അവന്റെ കരങ്ങളെ പൊതിഞ്ഞിട്ടുള്ള തുകലിനെ സ്പര്‍ശിച്ചുകൊണ്ട് ഏസാവാണെന്നു ധരിക്കണം. ഇതായിരുന്ന അവളുടെ ലക്ഷ്യം. സ്വരം കേട്ടപ്പോള്‍ അത് യാക്കോബിന്റേതെന്നു ധരിച്ചു വിസ്മയിച്ച് ഇസഹാക്ക് അവനോട് അടുത്തുചെല്ലുവാന്‍ ആജ്ഞാപിച്ചു. യാക്കോബിന്റെ കരങ്ങള്‍ മറിച്ചിരുന്ന രോമം നിറഞ്ഞ തുകലില്‍ തൊട്ടു കൊണ്ട് അദ്ദേഹം പറഞ്ഞു, സ്വരം യാക്കോബിന്റേതും കൈകള്‍ ഏസാവിന്റേതുമാകുന്നു.

അദ്ദേഹം ഭക്ഷണാനന്തരം യാക്കോബിനെ ചുംബിച്ചുകൊണ്ട് അവന്റെ വസ്ത്രങ്ങളുടെ സുഗന്ധം ഘ്രാണിക്കുകയും അവന് സ്വര്‍ഗ്ഗീയമഞ്ഞും ഭൂമിയുടെ പുഷ്ടിയും ലഭിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. അവനെ സഹോദരന്മാരുടെ നാഥനായി നിശ്ചയിച്ചിട്ട് , ഈ വാക്കുകളില്‍ അനുഗ്രഹം അവസാനിപ്പിച്ചു : ‘നിന്നെ ശപിക്കുന്നവന്‍ ശപിക്കപ്പെട്ടവനും നിന്നെ അനുഗ്രഹിക്കുന്നവന്‍ അനുഗ്രഹസമ്പൂര്‍ണ്ണനുമായിരിക്കട്ടെ ‘

ഇസഹാക്ക് ഈ ആശംസകള്‍ നല്കിക്കഴിഞ്ഞപ്പോള്‍ , നായാട്ടില്‍ ലഭിച്ച ഇരയുമായി ഏസാവ് തിരിച്ചെത്തി. പിതാവ് അതു ഭക്ഷിച്ചു സംതൃപ്തിയോടെ തന്നെ അനുഗ്രഹിക്കണമെന്നായിരുന്നു അവന്റെ ആഗ്രഹം. പൂര്‍വ്വപിതാവായ യാക്കോബ് സംഭവിച്ചതു മനസ്സിലാക്കിയപ്പോള്‍ അത്യധികം വിസ്മയിച്ചുപോയി . പക്ഷേ , ഈ സംഭവങ്ങളില്‍ അദ്ദേഹം ദൈവതൃക്കരം ദര്‍ശിച്ചു. തന്നിമിത്തം കൊടുത്തുകഴിഞ്ഞ അനുഗ്രഹം പിന്‍വലിക്കാതെ സ്ഥിരീകരിക്കുകയാണ് അദ്ദേഹം ചെയ്തത്. വേദപുസ്തകത്തില്‍ വായിക്കുന്നതുപോലെ, ഏസാവ് ഉഗ്രമായി ആക്രോശിക്കുവാന്‍ തുടങ്ങി. ഉച്ചത്തില്‍ സഹോദരന്റെമേല്‍ വഞ്ചന ആരോപിച്ചുകൊണ്ട് അവന്‍ പിതാവിനോടു ചോദിച്ചു : അങ്ങേക്ക് ഒരേ ഒരു ആശിസ്സുമാത്രമേയുളേളാ ?

സഭാപിതാക്കന്മാരുടെ അഭിപ്രായമനുസരിച്ച് , ദൈവത്തെയും ലോകത്തെയും സംയോജിപ്പിച്ചു ലൗകികാനന്ദങ്ങളും സ്വര്‍ഗീയാനന്ദങ്ങളും ആസ്വസിക്കാന്‍ ആഗ്രഹിക്കുന്നവരുടെ പ്രതിരുപമാണ് ഏസാവ്. അവന്റെ കരച്ചില്‍ കേട്ടു കരളലിഞ്ഞ ഇസഹാക്ക് അവസാനം ലൗകികാശിസ്സുകള്‍ നല്‍കി അവനെ അനുഗ്രഹിച്ചു. എങ്കിലും അവനെ അവന്റെ സഹോദരന് കീഴിലാക്കി. തന്മൂലം, എസാവിനു യാക്കോബിനോടു കടുത്ത അമര്‍ഷമായി. പിതാവ് മരിച്ചു കിട്ടിയിട്ടു വേണം അവനെ വധിക്കാന്‍ എന്നു കരുതി അവസരം പാര്‍ത്തിരുന്നു. എന്നാല്‍ , റബേക്കയുടെ നിസ്തന്ദ്രമായ പ്രയത്‌നങ്ങളും ഉപദേശങ്ങളുംമൂലം യാക്കോബ് രക്ഷപെട്ടു . അവന്‍ അവളുടെ ഉപദേശങ്ങള്‍ അനുവര്‍ത്തിക്കാന്‍ എപ്പോഴും സന്നദ്ധനായിരുന്നുതാനും.

നമുക്കു പ്രാര്‍ത്ഥിക്കാം

പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles