മരിയഭക്തി സുരക്ഷിതമായ മാര്‍ഗമാണോ?

~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~

യഥാർത്ഥ മരിയഭക്തി 49

നമുക്ക് ഈശോയെ സമീപിക്കുവാനും അവിടുത്തോടു ചേര്‍ന്നു പുണ്യപൂര്‍ണ്ണത കൈവരിക്കുവാനും ഏറ്റവും സുരക്ഷിതമായ ഒരു മാര്‍ഗ്ഗമാണ്, മറിയത്തോടുള്ള ഈ ഭക്തി. ഇതു സുരക്ഷിതമാണ്, എന്തുകൊണ്ടെന്നാല്‍ ഞാന്‍ പഠിപ്പിക്കുന്ന ഈ ഭക്തി പുതിയതല്ല, ഇതു വളരെ പുരാതനമാണ് . കുറച്ചു മുമ്പ്, പുണ്യമായി ജീവിച്ചു മൃതിയടഞ്ഞ ഫാ . ബുഡോന്‍ ഈ ഭക്തിയുടെ ആരംഭം എപ്പോഴെന്നു തീര്‍ത്തു പറയുക സാധ്യമല്ലാത്തവിധം അതിപുരാതനമാണ് എന്നു ഈ ഭക്തിയെക്കുറിച്ച് താന്‍ എഴുതിയ പുസ്തകത്തില്‍ പ്രസ്താവിച്ചിരിക്കുന്നു. തീര്‍ച്ചയായും എഴുനൂറില്‍പ്പരം കൊല്ലങ്ങള്‍ക്കുമുമ്പുമുതലേ ഈ ഭക്തിയുടെ അടയാളങ്ങള്‍ തിരുസ്സഭയില്‍ കാണാം.

ക്ലൂണി സന്യാസസമൂഹത്തിലെ ആബട്ടായിരുന്ന വി. ഓഡിലോണ്‍ ആയിരത്തിനാല്പതിനോടടുത്താണു ജീവിച്ചിരുന്നത്. അദ്ദേഹം ഫ്രാന്‍സില്‍ ഈ ഭക്തി പരസ്യമായി അഭ്യസിച്ചിരുന്നവരില്‍ ഒന്നാമനാണെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ കാണുന്നു.

വാഴ്ത്തപ്പെട്ട മരീനോ 1016 ല്‍ തന്റെ ആദ്ധ്യാത്മിക പിതാവിന്റെ മുമ്പില്‍വച്ചു മറിയത്തിന്റെ അടിമത്തം സ്വീകരിച്ചുവെന്ന് അദ്ദേഹത്തിന്റെ സഹോദരനായ കര്‍ദ്ദിനാള്‍ പീറ്റര്‍ ഡാമിയന്‍ പ്രസ്താവിക്കുന്നു. അദ്ദേഹം കഴുത്തില്‍ കയറുകെട്ടി, തന്നെത്തന്നെ ചമ്മട്ടികൊണ്ട് അടിച്ചു; ദിവ്യനാഥയോടുള്ള ഭക്തിയുടെയും വിധേയത്വത്തിന്റെയും അടയാളമായി കുറെ പണം അള്‍ത്താരയില്‍ സമര്‍പ്പിച്ചു. ഇങ്ങനെ, ഏറ്റവും സന്മാതൃകാപരമായ വിധത്തില്‍ അദ്ദേഹം ആ ഭക്തകൃത്യം നിര്‍വ്വഹിച്ചു. ഏറ്റവും വിശ്വസ്തുതാപൂര്‍വ്വം ഈ ഭക്തിയില്‍ നിലനില്ക്കുകയും ചെയ്തു. തത്ഫലമായി, മരണസമയത്ത് ആ സ്‌നേഹനാഥ അദ്ദേഹത്തെ സന്ദര്‍ശിച്ച് ആശ്വസിപ്പിച്ചു. തനിക്കു ചെയ്ത സേവനത്തിനു പ്രതിസമ്മാനമായി സ്വര്‍ഗ്ഗഭാഗ്യവും അവള്‍ വാഗ്ദാനം ചെയ്തു.

ലുവേയിനിലെ പ്രഭുവിന്റെ അടുത്ത ബന്ധുവായ വൗഷ്യര്‍ ഡി ബിര്‍ബാക്ക് എന്ന പ്രസിദ്ധ സൈന്യാധിപന്‍ 1300 നോടടുത്ത് പരിശുദ്ധ കന്യകയ്ക്ക് തന്നെത്തന്നെ പ്രതിഷ്ഠിച്ചതായി സെസാറിയുസ്് ബൊള്ളാന്‍ഡുസ് പറയുന്നു.

പതിനേഴാം നൂറ്റാണ്ടുവരെ പലരും ഈ ഭക്തി രഹസ്യമായി അഭ്യസിച്ചിരുന്നു. അന്നുമുതല്‍ അതു ക്രമേണ പ്രസിദ്ധമായിത്തുടങ്ങി.

അടിമകളുടെ മോചനം ലക്ഷ്യമാക്കിയുള്ള പരിശുദ്ധ ത്രിത്വത്തിന്റെ സഭയുടെ അംഗമായിരുന്നു ഫാ. സൈമണ്‍ ഡി. റോയിയാസ്. അദ്ദേഹമാണ് സ്‌പെയിനിലും ജര്‍മ്മനിയിലും ഈ ഭക്തി പ്രചരിപ്പിച്ചത്. ഫിലിപ്പു മൂന്നാമന്റെ രാജസഭയിലെ ധ്യാനപ്രസംഗകനായിരുന്ന അദ്ദേഹം രാജാവിന്റെ ശുപാര്‍ശവഴി, പതിനഞ്ചാം ഗ്രിഗറിയോസ് മാര്‍പ്പാപ്പയില്‍ നിന്ന് ഈ ഭക്തി അഭ്യസിക്കുന്നവര്‍ക്കായി ധാരാളം ദണ്ഡവിമോചനങ്ങള്‍ സമ്പാദിച്ചിട്ടുണ്ട്.

ഈ ഭക്തി സ്‌പെയിനിലും ജര്‍മ്മനിയിലും ഉപരിപ്രചരിപ്പിക്കുവാന്‍ , അഗസ്തീനിയന്‍ സഭയിലെ അംഗമായിരുന്ന ഫാ. ഡി ലോസ് റിയോസ് അദ്ദേഹത്തിന്റെ മിത്രമായ ഫാ. ഡി. റോയിയാസോടൊത്ത് വളരെയധികം പരിശ്രമിച്ചിട്ടുണ്ട്. പ്രസംഗവും ഗ്രന്ഥരചനയുമായിരുന്നു അവര്‍ സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ . ‘ Hierarchia Marianna ‘ എന്ന പേരില്‍ വളരെ വലിയ ഒരു ഗ്രന്ഥം അദ്ദേഹം രചിച്ചു. പാണ്ഡിത്യവും ഭക്തിയും ഒത്തിണങ്ങിയ ആ ഗ്രന്ഥകാരന്‍ ഈ ഭക്തിയുടെ പുരാതനത്വത്തെയും മേന്മയെയും അഗാധതയെയും പറ്റി പ്രതിപാദിക്കുന്നുണ്ട്. തിയറ്റൈന്‍ സന്യാസികളാണ്, പതിനേഴാം നൂറ്റാണ്ടില്‍ ഇറ്റലിയിലും സിസിലിയിലും സവോയിലും ഈ ഭക്തി പ്രചരിപ്പിച്ചത്.

നമുക്കു പ്രാര്‍ത്ഥിക്കാം

പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles