മരിയഭക്തി ഏറ്റവും പരിപൂര്‍ണമായ വഴി എന്നു പറയാന്‍ കാരണമെന്ത്?

~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~

യഥാർത്ഥ മരിയഭക്തി 48

ഈശോയോട് അടുക്കുവാനും ഒന്നിക്കുവാനും ഉത്തമമായ മാര്‍ഗ്ഗമാണ് മരിയഭക്തി. സൃഷ്ടികളില്‍ ഏറ്റവും പരിപൂര്‍ണ്ണയും ഏറ്റവും വിശുദ്ധയുമായ മറിയത്തിലൂടെയാണ് ഈശോമിശിഹാ നമ്മുടെ പക്കല്‍ വന്നത്. ഈശോ നമ്മിലേക്കു കടന്നുവരാന്‍, തന്റെ വിശിഷ്ടവും മഹത്വപൂര്‍ണ്ണവുമായ യാത്രയ്ക്ക് മറ്റൊരുവഴി സ്വീകരിച്ചില്ല. അഗ്രാഹ്യനും അപ്രാപ്യനും സ്വയംഭൂവുമായ അത്യുന്നതന്‍ ഒന്നുമല്ലാത്ത നിസ്സാര കീടങ്ങളായ നമ്മുടെ പക്കല്‍ വരുവാന്‍ തിരുമനസ്സായി!

ഇതെങ്ങനെ സംഭവിച്ചു? എളിമയുടെ മണിമകുടമായ മറിയംവഴി അത്യുന്നതന്‍ അതിശ്രേഷ്ഠമാംവിധം തന്റെ ദൈവത്വത്തിനും വിശുദ്ധിക്കും യാതൊരു കോട്ടവും വരുത്താതെ നമ്മുടെ പക്കലേക്കു വന്നു. അതുകൊണ്ട് , മറിയംവഴി തന്നെയാണ് എളിയവരായ നാമും ഉത്തമമാംവിധം , നിര്‍ഭയരായി അത്യുന്നതനെ സമീപിക്കേണ്ടതും. അഗ്രാഹ്യനായ ദൈവം തന്നെ അറിയുവാനും പരിപൂര്‍ണ്ണമായി തന്നെ ഉള്‍ക്കൊള്ളുവാനും മറിയത്തെ അനുവദിച്ചു . അത് അവിടുത്തെ അനന്തതയ്ക്ക് ഒരു കുറവും വരുത്തിയില്ലതാനും. അതുപോലെ നാം സ്വയം ഒന്നും സൂക്ഷിക്കാതെ നമ്മ പരിപൂര്‍ണ്ണമായി ഉള്‍ക്കൊള്ളുവാനും നയിക്കുവാനും മറിയത്തെ അനുവദിക്കണം. അപ്രാപ്യനായ ദൈവം തന്റെ ഔന്നത്യം ഒട്ടും തന്നെ നഷ്ടപ്പെടുത്താതെ മറിയം വഴി നമ്മെ സമീപിച്ചു. ഗാഢവും പൂര്‍ണ്ണവുമായി വ്യക്തിപരവുമായി അവിടുന്ന് സ്വയം മനുഷ്യത്വത്തോട് ഒട്ടിച്ചേര്‍ന്നു. ആകയാല്‍ തിരസ്‌കൃതരാകുമെന്ന് ഭയപ്പെടാതെ മറിയം വഴി ദൈവത്തെ സമീപിച്ച് ഗാഢവും പൂര്‍ണവുമായി നമ്മെ അവിടുത്തോട് യോജിപ്പിക്കണം.

‘ആകുന്നവനായ അവിടുന്ന്,’ അതെ , നിത്യനായ അവിടന്ന്് ഒന്നുമല്ലാത്ത അവസ്ഥയിലേക്കു കടന്നുവന്ന്, അതിനെ ആകുന്നവനെക്കൊണ്ടു നിറച്ചു. അവിടുന്നു സ്വയം പരിപൂര്‍ണ്ണമായി, കുമാരിയായ മറിയത്തിനു നല്കിക്കൊണ്ടും വിധേയനായിക്കൊണ്ടുമാണ് ഇതു നിര്‍ഹിച്ചത് . അങ്ങനെ, നിത്യനായ അവിടുന്നു സമയത്തിനു വിധേയവാന്‍ മടിച്ചില്ല. അതുപോലെ ഒന്നുമല്ലാത്ത നമുക്ക് ഭയലേശമെന്യെ യാതൊന്നും നമുക്കായി സൂക്ഷിക്കാതെ, നമ്മെത്തന്നെ ഉത്തമയും പൂര്‍ണ്ണവുമായ മറിയത്തിനു നല്കിക്കൊണ്ടു മറിയം വഴി കൃപാവരത്തിലും മഹത്ത്വത്തിലും ദൈവത്തെപ്പോലെ ആകാം.

ക്രിസ്തുനാഥന്റെ പക്കലേക്കു പോകുവാന്‍ നിങ്ങള്‍ ഒരു പുതിയ മാര്‍ഗ്ഗം തുറന്നു എന്നിരിക്കട്ടെ. വിശുദ്ധരുടെ എല്ലാ യോഗ്യതകള്‍ നിരത്തിയും , അവരുടെ വീരോചിതമായ സുകൃതങ്ങളാല്‍ അലംകൃതവും , മാലാഖമാരുടെ പ്രഭകൊണ്ടു ശോഭനവും സൗന്ദര്യംകൊണ്ട്, രമ്യവുമായ ഒരു പാത. അതിലേ സഞ്ചരിക്കുന്നവരെ നയിക്കുവാനും രക്ഷിക്കുവാനും താങ്ങുവാനും അകമ്പടി സേവിക്കുവാനും എല്ലാ മാലാഖമാരും പുണ്യവാന്‍മാരും ആ വഴിയിലുണ്ടെന്നും കരുതുക.

ഞാന്‍ ആയിരം പാവശ്യം ആണയിട്ടു തറപ്പിച്ചു പറയുന്നു, അത്ര ഉത്തമമായ ആ മാര്‍ഗ്ഗം ഉപേക്ഷിച്ച് മറിയത്തിന്റെ വിമലമാര്‍ഗ്ഗമേ ഞാന്‍ തെരഞ്ഞ ടുക്കൂ. ‘അവന്‍ എന്റെ പാത നിരപ്പാക്കി’ (സങ്കീ . 17:33). മാലിന്യമോ കറയോ ഇല്ലാത്തതാണ് ആ വഴി, ജന്മപാപമോ കര്‍മ്മപാപമോ അതിനെ മലിനമാക്കിയിട്ടില്ല. അന്ധകാരമോ നിഴലോ അവിടെയില്ല. സ്‌നേഹസ്വരൂപനായ ഈശോ മഹത്ത്വത്തോടെ ഭൂമിയെ ഭരിക്കുവാന്‍ വീണ്ടും വരു മ്പോള്‍ മറിയത്തിന്റെ മാര്‍ഗ്ഗമേ തെരഞ്ഞെടുക്കൂ. അവളെയാണല്ലോ ഏറ്റവും ശ്രേഷ്ഠമായ ആദ്യത്തെ വരവിന് അവിടുന്നു തെരഞ്ഞെടുത്തത്. ആദ്യത്തെയും അവസാനത്തെയും വരവുകള്‍ തമ്മില്‍ ഒന്നേയുള്ള വ്യത്യാസം. ആദ്യത്തേതു രഹസ്യവും നിഗൂഢവുമായിരുന്നുവെങ്കില്‍ അവസാനത്തേത് മഹത്വപൂര്‍ണവും ഉജ്ജ്വലപ്രഭാപൂരിതവും. രണ്ടും ഉത്തമമാണ്. എന്തെന്നാല്‍ രണ്ടും മറിയം വഴിയാണ്. കണ്ടാലും തീര്‍ത്തും അജ്ഞാതമായ ഒരു രഹസ്യമാണിത്. ‘ഇവിടെ എല്ലാ നാവും നിശബ്ദമായിരിക്കട്ടെ.’

നമുക്കു പ്രാര്‍ത്ഥിക്കാം

പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles