പൂര്‍ണവളര്‍ച്ച പ്രാപിച്ച മനുഷ്യനായി അവതരിക്കാതെ യേശു എന്തു കൊണ്ട് ഈ ലോകത്തില്‍ ശിശുവായി അവതരിച്ചു?

~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~

യഥാർത്ഥ മരിയഭക്തി 43

രണ്ടാം ലക്ഷ്യം

ഈ ഭക്തിവഴി ക്രിസ്തുനാഥനും പരിശുദ്ധത്രിത്വംതന്നെയും നമുക്കു നല്കിയിട്ടുള്ള മാതൃകയെ നാം അനുകരിക്കുകയും എളിമ എന്ന സുകൃതം അഭ്യസിക്കുകയും ചെയ്യുന്നു.

തികച്ചും ക്രിസ്തുവിന്റേതായി മാറുവാന്‍ , ഈ ഭക്താഭ്യാസം വഴി നാം നമ്മെ പൂര്‍ണ്ണമായി മറിയത്തിനു സമര്‍പ്പിക്കണം. അതു നീതിയുക്തവും നമ്മുടെ ആത്മാക്കള്‍ക്ക് ഉപകാരപ്രദവുമാണ് എന്നു രണ്ടാം ലക്ഷ്യം വ്യക്തമാക്കുന്നു.

ഒരു തടവുകാരനെയും സ്‌നേഹമുള്ള അടിമയെയുംപോലെ മറിയത്തിന്റെ ഉദരത്തില്‍ വസിക്കുവാന്‍ ദിവ്യനാഥന്‍ വിസമ്മതിച്ചില്ല. മുപ്പ തുവത്സരക്കാലം അവിടുന്ന് അവള്‍ക്ക് കീഴ്വഴങ്ങി ജീവിച്ചു . മനുഷ്യര്‍ക്ക് തന്നെത്തന്നെ സ്വയം നല്കുവാന്‍ മനസ്സായ ‘മനുഷ്യനായ ജ്ഞാന ത്തിന്റെ ഈ പ്രവൃത്തിയുടെ മുമ്പില്‍, അതെ ഇവിടെയാണ് , ഞാന്‍ വീണ്ടും പറയുന്നു, മനുഷ്യമനസ്സു പ്രജ്ഞയറ്റതായി തീരുന്നത്. തന്നെ നേരിട്ടു മനുഷ്യകുലത്തിനു നല്കാമായിരുന്നിട്ടും അവിടുന്ന് അപ്രകാരം ചെയ്യുവാന്‍ തിരുമനസ്സായില്ല. മറിയം വഴി അതു നിര്‍വ്വഹിക്കണം, അതാ യിരുന്നു അവിടുത്തെ തിരുമനസ്സ്. പൂര്‍ണ്ണവളര്‍ച്ച പ്രാപിച്ച സ്വതന്ത്രപുരുഷനായി ലോകത്തില്‍ പ്രത്യക്ഷപ്പെടുവാനല്ല, ഒരു പാവപ്പെട്ട ശിശുവായി അവതരിച്ചു മറിയത്തിനു കീഴ്‌പ്പെട്ടു ജീവിച്ചു തന്റെ പിതാവിനെ മഹത്ത്വപ്പെടുത്തുവാനും മനുഷ്യകുലത്തെ ഉദ്ധരിക്കുവാനും അതിയായി ആഗ്രഹിച്ച അനന്തജ്ഞാനമായ അവിടുന്ന് ഇതിനെക്കാള്‍ എളുപ്പമായ മറ്റൊരു മാര്‍ഗ്ഗവും കണ്ടില്ല. മറ്റു കുട്ടികളെപ്പോലെ ബാല്യകാലം മാത്രമല്ല , മുപ്പതു നീണ്ടവര്‍ഷങ്ങള്‍ അപ്രകാരം ചെലവഴിക്കാന്‍ അവിടുന്നു തിരുമനസ്സായി. അക്കാലമെല്ലാം അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചും പ്രസംഗിച്ചും ലോകം മുഴുവന്‍ മാനസാന്തരപ്പെടുത്തിയിരുന്നുവെങ്കില്‍ നല്കാമായിരുന്നതിലും കൂടുതല്‍ മഹത്ത്വമാണ്, മാതാവിന് കീഴ്‌പ്പെട്ടും അവളെ ആശ്രയിച്ചുകൊണ്ടും അവിടുന്ന് പരമപിതാവിനു നല്കിയത്. ഹാ ! അവിടുത്തെ അനുകരിച്ച് നാമും മറിയത്തിനു നമ്മെത്തന്നെ സമര്‍പ്പി ക്കുമ്പോള്‍ ദൈവത്തെ എത്രയധികം മഹത്ത്വപ്പെടുത്തുകയാണ് ചെയ്യുന്നത്.

ഇപ്രകാരം സുവ്യക്തവും ലോകം മുഴുവന്‍ സുപ്രസിദ്ധവുമായ മാതൃക നമ്മുടെ മുമ്പിലിരിക്കെ അവിടുത്തെ മാതൃക അനുകരിച്ചു നമ്മെത്തന്നെ മറിയത്തിനു സമര്‍പ്പിച്ചു ദൈവമഹത്ത്വം സാധിക്കുന്നതിന് ഇതിനെക്കാള്‍ പൂര്‍ണ്ണവും ഹ്രസവുമായ വഴി സങ്കല്പിക്കുവാനാകുമെന്ന് കരുതാന്‍ മാത്രം ബുദ്ധിശൂന്യരാണോ നാം ?

നമുക്കു മറിയത്തില്‍ ഉണ്ടാകേണ്ട ആശ്രയഭാവത്തെപ്പറ്റി പിതാവും പുത്രനും പരിശുദ്ധാത്മാവും തരുന്നതും , ഈ ഗ്രന്ഥത്തിന്റെ ആദ്യഭാഗത്തു വിശദമാക്കിയിട്ടുള്ളതുമായ മാതൃകകള്‍ ഈ ആശ്രയഭാവത്തിന്റെ ആവശ്യകതയ്ക്ക് തെളിവായി സ്വീകരിക്കാവുന്നതാണ്. പിതാവ് തന്റെ പിയസുതനെ മറിയംവഴി മാത്രമേ ലോകത്തിനു നല്കിയുള്ളൂ . ഇപ്പോള്‍ നല്കുന്നതും അപ്രകാരം തന്നെ. അവിടുത്തേയ്ക്ക് അവളിലൂടെയല്ലാതെ മക്കളില്ല . അവള്‍ വഴിയല്ലാതെ കൃപാവരങ്ങള്‍ നല്കുന്നുമില്ല.

പുത്രന്‍ സമസ്ത ലോകത്തിനുമായി മറിയത്തിലൂടെ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്താലല്ലാതെ രൂപപ്പെടുന്നില്ല. കൂടാതെ, അവിടുന്ന് അനുദിനം അവളിലൂടെ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്താല്‍ നമ്മില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. തന്റെ സുകൃതങ്ങളും യോഗ്യതകളും അവ ളിലൂടെയത്രേ മറ്റുള്ളവരിലേക്ക് അവിടുന്നു ഒഴുക്കുന്നത്. പരിശുദ്ധാത്മാവ് ദിവ്യശിശുവിനു രൂപം നല്കിയത് മറിയത്തെ കൂടാതെയല്ല. അവിടുന്ന് അനുദിനം ക്രിസ്തുനാഥന്റെ മൗതികശരീരത്തിന്റെ മറ്റവയവങ്ങള്‍ക്കു രൂപം നല്കുന്നതും, ദാനങ്ങളും അനുഗ്രഹങ്ങളും വിതരണം ചെയ്യുന്നതും അവള്‍വഴി തന്നെയാണ്. പരിശുദ്ധ ത്രിത്വത്തിന്റെ മാതൃക മുമ്പിലിരിക്കെ, ദൈവത്തെ സമീപിക്കുന്നതിനും അവിടുത്തേക്കു നമ്മെ സമര്‍പ്പിക്കുന്നതിനും മറിയത്തെ മാര്‍ഗ്ഗമായി സ്വീകരിക്കുകയും അവള്‍ക്കു നമ്മെത്തന്നെ സമര്‍പ്പിക്കുകയും അവളില്‍ ആശ്രയിക്കുകയും ചെയ്യാതിരിക്കുവാന്‍ എങ്ങനെ കഴിയും? കടുത്ത അന്ധതയ്ക്കു മാത്രമേ നമ്മെ അതില്‍നിന്നു വ്യതിചലിപ്പിക്കുവാന്‍ സാധിക്കു.

നമുക്കു പ്രാര്‍ത്ഥിക്കാം

പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ മറ്റ് അപ്‌ഡേറ്റുകൾ ഈ ലേഖനത്തിനു താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles