മരിയഭക്തി തെരഞ്ഞെടുക്കുമ്പോള്‍ ജാഗ്രത വേണം

~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~

യഥാര്‍ത്ഥ മരിയഭക്തി – 25

അഞ്ച് മൗലികസത്യങ്ങളെക്കുറിച്ച് ഞാന്‍ പ്രതിപാദിച്ചു കഴിഞ്ഞല്ലോ. ഇനി നമുക്ക് തുടരാം. ശരിയെന്നു തോന്നാവുന്ന അബദ്ധപൂര്‍ണ്ണമായ അനവധി ഭക്ത്യാഭ്യാസങ്ങള്‍ പണ്ടൊരിക്കലും കാണപ്പെട്ടില്ലാത്ത വിധം പ്രചാരത്തിലിരിക്കുന്ന കാലമാണിത്. അതുകൊണ്ട്, ഇക്കാലത്ത് യഥാര്‍ത്ഥ മരിയഭക്തി തെരെഞ്ഞെടുക്കുവാന്‍ നാം കഠിനാദ്ധ്വാനം ചെയ്യണം.

മിനുക്കു പണികളില്‍ അതീവ സമര്‍ത്ഥനും പരിചയസമ്പനുമായ ഒരു കളളനാണയനിര്‍മ്മാതാവിനെപോലെ കുടിലനും വഞ്ചകനുമായ പിശാച് പരിശുദ്ധ കന്യകയോടുളള അയഥാര്‍ത്ഥ ഭക്തി വഴി പലരെയും ചതിക്കുകയും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവന്‍ ആ കുടിലതന്ത്രം ഇന്നും പ്രയോഗിച്ചു കൊണ്ടിരിക്കുകയാണ്. അവന്‍ തന്നെ പ്രചോദിപ്പിക്കുന്ന ചില ബാഹ്യാചാരങ്ങള്‍കൊണ്ടും ഏകാഗ്രത ഇല്ലാതെ ചൊല്ലുന്ന പ്രാര്‍ത്ഥനകള്‍കൊണ്ടും അവരെ തൃപ്തരാക്കി വഞ്ചിക്കുന്നു. അങ്ങനെ പാപാവസ്ഥയില്‍ ഉറങ്ങുവാന്‍ വേണ്ടി അവന്‍ താരാട്ടുപാടുകയും അതില്‍ അവര്‍ക്ക് മൂഢമായ ഒരാഹ്ലാദം നല്കുകയും ചെയ്തു കൊണ്ട് അവരെ നിത്യനാശത്തിലേക്ക് വീഴ്ത്തുന്നു.

ഒരു കളളനാണയ നിര്‍മ്മാതാവ് പൊന്നോ വെളളിയോ അല്ലാത്ത നാണയങ്ങളില്‍ വളരെ ചുരുക്കമായേ തട്ടിപ്പു നടത്താറുളളൂ. കാരണം, അവയില്‍ കളവു കാണിക്കുക, മിക്കപ്പോഴും ലാഭകരമല്ല. അതുപോലെ, പിശാച് യേശുവിനോടും മറിയത്തോടുമുളള ഭക്തിയില്‍-ദിവ്യകാരുണ്യഭക്തിയിലും ദൈവമാതൃഭക്തിയിലും-മാത്രമേ സാധാരണയായി തന്റെ കാപട്യങ്ങള്‍ പ്രയോഗിക്കാറുളളൂ. മറ്റു ഭക്തകൃത്യങ്ങളെ കളങ്കപ്പെടുത്തുവാന്‍ മിക്കവാറും അവന്‍ ശ്രമിക്കാറില്ല. കാരണം, സ്വര്‍ണ്ണവും വെളൡും മറ്റു ലോഹങ്ങളെക്കാള്‍ വിലപിടിപ്പുളളതാകുന്നതുപോലെ, ദിവ്യകാരുണ്യഭക്തിയും മരിയ ഭക്തിയും മറ്റു ഭക്തകൃത്യങ്ങളെക്കാള്‍ വിശിഷ്ടതരമാണ്.

ആകയാല്‍, അയഥാര്‍ത്ഥഭക്തിയും യഥാര്‍ത്ഥഭക്തിയും വിവേചിച്ചറിയുക വളരെ അത്യാവശ്യമത്രേ. ഇതാണ്, കപടഭക്തിയില്‍ പെടാതിരിക്കുതിനും യഥാര്‍ത്ഥഭക്തിയെ സ്വീകരിക്കുന്നതിനും ആദ്യമായി വേണ്ടത്. രണ്ടാമത്, യഥാര്‍ത്ഥ മരിയഭക്തികളില്‍ ഉത്തമവും മാതാവിന് ഏറ്റവും പ്രിയങ്കരവും ദൈവത്തെ കൂടുതല്‍ മഹത്ത്വപ്പെടുത്തുന്നതിനും നമ്മെ കൂടുതല്‍ വിശുദ്ധീകരിക്കുന്നതിനും ഏതെന്നറിയണം. അതിനെയാണല്ലോ നാം സ്വീകരിക്കേണ്ടത്.

നമുക്കു പ്രാര്‍ത്ഥിക്കാം

പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles