പരിശുദ്ധമറിയത്തിന്റെ ഇന്നത്തെ പ്രവര്‍ത്തനങ്ങളും അതിനുള്ള കാരണങ്ങളും

~ വി. ലൂയിസ് ഡി മോൻറ് ഫോർട്ട്
    മരിയഭക്തി – 10

 

തന്റെ മാസ്റ്റര്‍പീസായ  പരിശുദ്ധമറിയത്തെ അന്ത്യകാലങ്ങളില്‍ വെളിപ്പെടുത്തുവാന്‍ ദൈവം ആഗ്രഹിക്കുന്നു. ഇതിനുള്ള കാരണങ്ങള്‍ :

1. ലോകത്തിന് അറിയപ്പെടാതിരിക്കുവാനുള്ള ആനുകൂല്യം ദൈവത്തില്‍ നിന്നും അപ്പസ്‌തോലന്മാരില്‍ നിന്നും സുവിശേഷകന്മാരില്‍നിന്നും പ്രാപിച്ചുകൊണ്ട്, പരിശുദ്ധ മറിയം തന്റെ ജീവിതകാലത്തു അഗാധമായ എളിമയാല്‍ തന്നെത്തന്നെ ധൂളിയെക്കാള്‍ നിസ്സാരയാക്കി.

2. സ്വര്‍ഗ്ഗത്തില്‍ മഹത്ത്വംവഴിയും ഭൂമിയില്‍ കൃപാവരത്താലും അവള്‍ ദൈവത്തിന്റെ മാസ്റ്റര്‍പീസായതുകൊണ്ട് അവളിലൂടെ മനുഷ്യര്‍ ദൈവത്തെ സ്തുതിക്കുവാനും മഹത്ത്വപ്പെടുത്തുവാനും അവിടുന്ന് ആഗ്രഹിക്കുന്നു.

3. നിത്യസൂര്യനായ ക്രിസ്തുവിന്റെ ഉദയത്തിനുമുന്‍പ് ഉദിച്ചുയര്‍ന്ന് അവിടുത്തേ വരവിനെ അറിയിക്കുന്ന ഉഷഃകാലനക്ഷത്രമാണ് പരിശുദ്ധ മറിയം. ആകയാല്‍, ക്രിസ്തു ദൃശ്യനാവുകയും അറിയപ്പെടുകയും ചെയ്യുവാന്‍ അവള്‍ ദൃശ്യയാവുകയും അറിയപ്പെടുകയും വേണം.

4. ക്രിസ്തു തന്റെ പ്രഥമാഗമനത്തിന് ഒരു മാര്‍ഗ്ഗം സ്വീകരിച്ചു. അതാണ്, പരിശുദ്ധ മറിയം. അവിടുത്തേ രണ്ടാം ആഗമനത്തിനും അതേ മാര്‍ഗ്ഗമായിരിക്കും അവിടുന്നു സ്വീകരിക്കുക. പക്ഷേ അതു മറ്റൊരു ഭാവത്തിലാണെന്നുമാത്രം.

5. ക്രിസ്തുവിനെ സമീപിക്കുവാനും അവിടുത്തെ പൂര്‍ണ്ണമായി കണ്ടെത്തുവാനുമുള്ള സുനിശ്ചിതവും പരിശുദ്ധവും സുഗമവും ഋജുവുമായ മാര്‍ഗ്ഗമാണ് പരിശുദ്ധ മറിയം. വിശുദ്ധിയില്‍ വളരേണ്ടവര്‍ അവള്‍ വഴി വേണം ക്രിസ്തുവിനെ സമീപിക്കുവാന്‍. പരിശുദ്ധ മറിയത്തെ കണ്ടെത്തുന്നവര്‍ ജീവനെ കണ്ടെത്തുന്നു. (സഭാ8:35. അതേ, ”ജീവനും സത്യവും വഴിയു” (യോഹ 14:6) മായ ക്രിസ്തുവിനെ കണ്ടെത്തുന്നു. പക്ഷേ പരിശുദ്ധ മറിയത്തെ അന്വേഷിക്കാതെ കണ്ടെത്തുക സാധ്യമല്ല. എന്നാല്‍, അറിയപ്പെടാത്തവയെ ആരും അന്വേഷിക്കാറില്ലല്ലോ. കാരണം, ആരും അറിയാത്ത ഒന്നിനെ സ്‌നേഹിക്കുകയോ സ്‌നേഹിക്കാത്ത ഒന്നിനെ തേടിപ്പുറപ്പെടുകയോ ചെയ്യാറില്ല. ആകയാല്‍, പരിശുദ്ധത്രിത്വം കൂടുതല്‍ അറിയപ്പെടുവാനും മഹത്ത്വപ്പെടുവാനും പരിശുദ്ധ മറിയം പൂര്‍വ്വാധികം അറിയപ്പെടണം.

6. അന്ത്യകാലങ്ങളില്‍ മാതൃസഹജമായ വാത്സല്യത്തോടെ പരിശുദ്ധ മറിയം കരുണയിലും ശക്തിയിലും കൃപാവരത്തിലും പൂര്‍വ്വാധികം ശോഭിതയാവണം. പാപികളെയും അപഥസഞ്ചാരികളെയും മാനസാന്തരപ്പെടുത്തുവാന്‍, കത്തോലിക്കാസഭയിലേക്കു പ്രത്യാഗമിപ്പിക്കുവാന്‍, അവള്‍ തന്റെ കരുണയിലും, ദൈവത്തെ ധിക്കാരത്തോടെ എതിര്‍ക്കുവാന്‍ പുറപ്പെടുന്ന തന്റെ ശത്രുക്കളെ-വിഗ്രഹാരാധകരെയും, ശീശ്മക്കാരെയും, മുഹമ്മദീയരെയും, യഹൂദന്മാരെയും, കഠിനഹൃദയരായ പാപികളെയും, തങ്ങളോട് എതിരിടുന്നവരെ ഭീഷണികൊണ്ടും വാഗ്ദാനംകൊണ്ടും പാട്ടിലാക്കി പിഴപ്പിക്കുവാന്‍ പണിപ്പെടുന്ന ഏവരെയും കീഴടക്കുവാന്‍ തീര്‍ച്ചയായും അവള്‍ തന്റെ ശക്തിയിലും പ്രത്യക്ഷയാകും. ക്രിസ്തുവിന്റെ ധീരയോദ്ധാക്കളെ ചൈതന്യപൂര്‍ണ്ണരാക്കുന്നതിനും അതില്‍ നിലനിര്‍ത്തുന്നതിനും അവള്‍ കൃപാവരം അഭൂതപൂര്‍വ്വമായി പ്രസരിപ്പിച്ചേ പറ്റൂ.

7. പിശാചിനും അവന്റെ സൈന്യങ്ങള്‍ക്കുമെതിരായി പോരാടുവാന്‍ യുദ്ധക്കളത്തില്‍ പൊരുതുന്ന ഒരു വമ്പിച്ച സൈന്യനിരയ്ക്കു സമാനം പരിശുദ്ധമറിയം പ്രത്യേകിച്ച്, അന്ത്യകാലഘട്ടങ്ങളില്‍ സുശക്തയായിരിക്കണം. പൂര്‍വ്വകാലങ്ങളെ അപേക്ഷിച്ച് ആത്മാക്കളെ നശിപ്പിക്കുവാന്‍, തനിക്കു കിട്ടുന്ന സമയം ചുരുക്കമാണെന്നു നന്നായി ഗ്രഹിച്ചിരിക്കുന്ന സാത്താന്‍ അന്ത്യകാലഘട്ടങ്ങളില്‍ തന്റെ സര്‍വ്വകഴിവുകളും ഉപയോഗിച്ചു തന്റെ പ്രവര്‍ത്തനങ്ങള്‍ ഇരട്ടിയായി ശക്തിപ്പെടുത്തും. പരിശുദ്ധ മറിയത്തിന്റെ വിശ്വസ്തദാസര്‍ക്കും മക്കള്‍ക്കും എതിരായി നിശിതമര്‍ദ്ദനവും ചതിയും ഉഗ്രപീഡനങ്ങളും അവന്‍ അഴിച്ചുവിടും. മേരിസുതരെ അടിപ്പെടുത്തുക വിഷമമാണെന്ന് അവനറിയാം.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles