നിങ്ങള്‍ സ്വര്‍ഗത്തിലെത്തുമോ?

ഒരിക്കൽ ഒരു സ്ത്രീ വി.ജോൺ മരിയ വിയാനിയെ കാണുവാൻ വളരെയധികം ഹൃദയവേദനയോടെ ആർസിലെ (Ars) ദൈവാലയത്തിൽ ചെന്നു. അവരുടെ ഭർത്താവ് സ്ഥിരം മദ്യപാനിയും പാപത്തിൽ ജീവിച്ചവനും ദൈവവവിശ്വാസമില്ലാത്തവനും ആയിരുന്നു. അയാൾ ആ സ്ഥിതിയിൽ മരിച്ചാൽ, നരകത്തിൽപോകുമെന്ന് ആ സ്ത്രീയ്ക്ക് ഉറപ്പായിരുന്നതുകൊണ്ട്, അയാൾ മരിക്കുന്നതിനുമുമ്പ് പശ്ചാത്തപിച്ച്, കുമ്പസാരിച്ച് ആത്മാവ് രക്ഷപെടാനായി, ആ സ്ത്രീ ദിവസവും മുട്ടിപ്പായി പ്രാർത്ഥിച്ചിരുന്നു. പക്ഷേ അങ്ങനെ സംഭവിച്ചില്ല. കുടിച്ചു ബോധമില്ലാതെ സാത്താന്റെ പ്രേരണയാൽ ഒരു പാലത്തിൽനിന്ന് നദിയിലേയ്ക്ക് ചാടി അയാൾ മരിച്ചു. ദൈവം തന്റെ പ്രാർത്ഥന കേൾക്കാത്തതിന്റെ ഹൃദയഭാരം താങ്ങാൻ കഴിയാതെ, ഒരു ആശ്വാസം തേടിയാണ് ആ സ്ത്രീ ജോൺ മരിയ വിയാനിഅച്ചനെ കാണുവാൻ വന്നത്. പക്ഷേ വിയാനിഅച്ചന്റെ അടുത്ത് കുമ്പസാരിക്കുവാൻ വന്ന ആളുകളുടെ തിരക്കു കാരണം പള്ളിയിൽ അവർക്കു ദീർഘ സമയം കാത്തിരിക്കേണ്ടിവന്നു.

ആ സമയത്ത് വിയാനിഅച്ചൻ അവരുടെ സമീപത്തുകൂടി നടന്നുപോയി. പരിശുദ്ധാത്മാവ് പ്രചോദിപ്പിച്ചതനുസരിച്ച്, “നിങ്ങളുടെ ഭർത്താവ് നശിച്ചുപോയിട്ടില്ല” വിയാനിഅച്ചൻ ആ സ്ത്രീയോടു പറഞ്ഞെങ്കിലും ആ സ്ത്രീയ്ക്ക്, അതു തന്നോടാണ് പറഞ്ഞതെന്നുപോലും വിശ്വസിക്കാൻ തോന്നിയില്ല. കാരണം ഭർത്താവ് നശിച്ചു എന്ന് ആ സ്ത്രീയ്ക്ക് അത്ര ഉറപ്പായിരുന്നു. മെയ് മാസത്തിലെ പൂക്കൾ ആലോചിക്കുവാൻ അപ്പോൾ അച്ചൻ ആ സ്ത്രീയോടു പറഞ്ഞു. മെയ് മാസം- മാതാവിന്റെ വണക്കമാസത്തിൽ മാതാവിന്റെ മുൻപിൽ വയ്ക്കുവാൻ ആ സ്ത്രീ മരത്തിൽനിന്നും പൂക്കൾ ശേഖരിക്കുമായിരുന്നു. ആ സമയത്ത് പൂക്കൾ ശേഖരിക്കുവാൻ ഭർത്താവ് അവരെ സഹായിച്ചിരുന്നു. ഈ പുണ്യപ്രവൃത്തിമൂലം, പാലത്തിനും വെള്ളത്തിനുമിടയിൽവച്ച്, “ദൈവമേ…” എന്നു വിളിക്കുവാനുള്ള കൃപ അയാൾക്കു പരിശുദ്ധ കന്യകാമറിയം, ദൈവത്തിൽനിന്നും വാങ്ങികൊടുക്കുകയും, ആ വിളിയുടെ ഫലമായി അയാൾ നരകത്തിൽപോകാതെ ശുദ്ധീകരണസ്ഥലത്തിന്റെ ഏറ്റവും അടിത്തട്ടിൽ കിടക്കുകയാണെന്നും വിയാനിഅച്ചൻ ആ സ്ത്രീയോടു വെളിപ്പെടുത്തി.

ഇതാണ് നമ്മുടെ ദൈവം!!! ഒരാത്മാവ് നിത്യനാശത്തിലേയ്ക്ക് പോകാതിരിക്കാനായി ദൈവം, തനിക്കു സാധ്യമായ ഏറ്റവും ചെറിയ വഴികൾപോലും ഉപയോഗിക്കുന്നു. ‘നശിച്ചേ അടങ്ങൂ’ എന്നു വാശി പിടിക്കാത്ത ആർക്കും നശിക്കാൻ പറ്റാത്ത രീതിയിലാണ് ദൈവം നമ്മുടെ രക്ഷ ഒരുക്കിയിരിക്കുന്നത്. “ഇതുപോലെ, ഈ ചെറിയവരില്‍ ഒരുവൻ പോലും നശിച്ചുപോകാൻ` എന്റെ സ്വര്‍ഗസ്ഥനായ പിതാവ് ഇഷ്ടപ്പെടുന്നില്ല.”(മത്തായി 18 :14)

1.) അപ്പോൾ പാപം ചെയ്താലും കുഴപ്പമില്ല, ഇടയ്ക്കിടെ കുമ്പസരിച്ചാൽ മതിയല്ലോ എന്നു ചിന്തിക്കുന്നവരുണ്ടാകും. ശരിയായ പശ്ചാത്താപമില്ലാത്ത കുമ്പസാരത്തിന് പാപമോചനമില്ല എന്ന സത്യം മനസ്സിലാക്കുക. ആത്മാർത്ഥമായി കുമ്പസാരിക്കുകയും, ആ പാപത്തെ ജയിക്കുവാൻ അതിനുശേഷം ശ്രമിക്കുകയും ചെയ്‌താൽ, വിശുദ്ധിയിൽ ജീവിക്കുവാനുള്ള കൃപ ദൈവം നമ്മിൽ ചൊരിയും.

ബഹുമാനപ്പെട്ട ജെയിംസ് മഞ്ഞാക്കൽ അച്ചൻ അപകടത്തിൽപ്പെട്ടു മരിച്ചു എന്ന് ഡോക്ടർമാർ വിധിയെഴുതിയ സമയത്ത്, അദ്ദേഹത്തെ ശുദ്ധീകരണസ്ഥലവും സ്വർഗ്ഗവും സ്വന്തം പാപ-പുണ്യങ്ങൾ എഴുതിയ ജീവന്റെ പുസ്തകവും ഈശോ കാണിച്ചുകൊടുത്തിരുന്നു. ശരിയായ പശ്ചാത്താപമില്ലാതെ ചടങ്ങു തീർക്കുവാൻ കുമ്പസാരിച്ച സമയത്തെ അച്ചന്റെ പാപങ്ങളെല്ലാം മോചിക്കപ്പെടാതെ ജീവന്റെ പുസ്തകത്തിൽ പാപമായി രേഖപ്പെടുത്തിയിരിക്കുന്നതായി അച്ചൻ കാണുകയുണ്ടായി. അതായത് അതിന്റെ ശിക്ഷകളെല്ലാം അച്ചനെ കാത്തിരിക്കുന്നുണ്ടായിരുന്നു. (അതെല്ലാം അച്ചൻ വീണ്ടും കുമ്പസാരിച്ചു മോചനം നേടി) അതുകൊണ്ട്, കുറുക്കുവഴിയിൽ സ്വർഗ്ഗത്തിലെത്താമെന്ന് ആരും വിചാരിക്കേണ്ട.

2.) അപ്പോൾ നമ്മിൽ പലരും വീണ്ടും ആശ്വസിക്കും- കുറച്ചുനാൾ ശുദ്ധീകരണസ്ഥലത്തു കിടന്നിട്ടാണെങ്കിലും സ്വർഗ്ഗത്തിലെത്താമല്ലോ എന്ന്.

വി. ഫൗസ്റ്റീനയോട് ഈശോ പറഞ്ഞു: ഒന്നുകിൽ ഒരു ദിവസം ശുദ്ധീകരണസ്ഥലത്തുകിടന്നതിനുശേഷം നിനക്ക് സ്വർഗ്ഗത്തിലെത്താം. അല്ലെങ്കിൽ അതിനുപകരമായി മറ്റുള്ള ആത്മാക്കളുടെ രക്ഷയ്ക്കായി സഹനങ്ങൾ സ്വമനസ്സാലേ ഏറ്റെടുക്കുക. (വിശുദ്ധ രണ്ടാമത്തെ കാര്യം ഏറ്റെടുത്തു) വിശുദ്ധയ്ക്കുപോലും ഒരു ദിവസത്തെ ശുദ്ധീകരണസ്ഥലമെങ്കിൽ നമ്മുടെ അവസ്ഥ എന്തായിരിക്കും!!??

ശുദ്ധീകരണസ്ഥലത്തെ ഏറ്റവും വലിയ പീഢ എന്താണ്? ദൈവത്തോടുള്ള ബന്ധം പൂണ്ണമായും നഷ്ടപ്പെടുന്ന അവസ്ഥയാണ് ഏറ്റവും ഭീകരമായ പീഢ. ആ അവസ്ഥ എന്താണെന്ന് മനുഷ്യബുദ്ധിയിൽ ആലോചിച്ചാൽ മനസ്സിലാവില്ല. കാരണം ഈ പ്രപഞ്ചം മുഴുവൻ സദാസമയവും ദൈവവുമായി അദൃശ്യബന്ധത്തിലാണ്. നമ്മുടെ ജീവൻ, വായുവുമായി ബന്ധപ്പെട്ടിരിക്കുന്നതുപോലെ സാത്താൻ ആരാധകരും കൊടുംപാപികളും പോലും ദൈവവുമായുള്ള ഈ അദൃശ്യബന്ധത്തിലാണ്. പലരും അതറിയുന്നില്ലെന്നുമാത്രം.

ദൈവവുമായുള്ള ബന്ധം ശുദ്ധീകരണാത്മാക്കൾക്കു നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന അവസ്ഥയുടെ ഒരംശം മനസ്സിലാക്കുവാൻ ഈ ചെറിയ ഉദാഹരണം ഉപകാരപ്പെട്ടേക്കും. നിങ്ങൾ വെള്ളത്തിന്റെ അടിത്തട്ടിൽ പെട്ടുപോയെന്നു വിചാരിക്കുക. ജീവവായു കിട്ടാതെ വരുമ്പോൾ, ജലപ്പരപ്പിലെത്താൻ മരണവെപ്രാളത്തോടെ നിങ്ങൾ ശ്രമിക്കുന്നു. പക്ഷേ എത്ര ശ്രമിച്ചിട്ടും മുകളിലെത്തുന്നില്ല. ഒടുവിൽ ശ്വാസം കിട്ടാതെ, കണ്ണുകൾ തുറിച്ച്, ശരീരം കുഴഞ്ഞു നിങ്ങൾ മരിക്കാറാകുന്നു. പക്ഷേ നിങ്ങൾ മരിക്കുന്നില്ല; ബോധം പോകുന്നുമില്ല. ഈ അവസ്ഥയിൽ ജലപ്പരപ്പിലെത്തി ജീവവായു സ്വീകരിക്കുവാൻ നിങ്ങൾ എത്രമാത്രം ആഗ്രഹിക്കും? ഈ അവസ്ഥയിലൂടെയാണ് ശുദ്ധീകരണാത്മാക്കൾ കടന്നുപോകുന്നത്. ജലപ്പരപ്പിലെത്താൻ ആഗ്രഹിക്കുകയും, എന്നാൽ എത്താതിരിക്കുകയും ചെയ്യുന്ന ഭീകരമായ അവസ്ഥയിൽ 24 മണിക്കൂർ തള്ളിനീക്കുവാൻ നിങ്ങൾക്കു സാധിക്കുമോ? അതുകൊണ്ട്, ഒരു ദിവസത്തെ ശുദ്ധീകരണസ്ഥലം പോലും നിസ്സാരമല്ല.

ഫാത്തിമയിൽ മൂന്നു കുട്ടികൾക്ക് മാതാവ് പ്രത്യക്ഷപ്പെട്ടപ്പോൾ, പാപാവസ്ഥയിൽ ജീവിച്ചുമരിച്ച അവരുടെ സുഹൃത്ത് ഇപ്പോൾ എവിടെയാണെന്ന് അവർ മാതാവിനോടു ചോദിച്ചു. അവൾ ശുദ്ധീകരണസ്ഥലത്താണെന്ന് മാതാവ് വിഷമത്തോടെ മറുപടി പറഞ്ഞു. അവൾ എത്രനാൾ അവിടെ കിടക്കേണ്ടിവരുമെന്നു കുട്ടികൾ ചോദിച്ചപ്പോൾ, “അന്ത്യവിധി വരെ” എന്നായിരുന്നു സങ്കടത്തോടെയുള്ള മാതാവിന്റെ മറുപടി.

ഇനി ചിന്തിക്കുക…ശുദ്ധീകരണസ്ഥലത്ത് ഒരുപാടുനാൾ കിടക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? പേരിനുള്ള കുമ്പസാരമല്ലേ നമ്മിൽ പലരും നടത്തുന്നത്? അതേ പാപങ്ങൾ വീണ്ടും ചെയ്യാതിരിക്കാൻ നിങ്ങൾ ശ്രമിക്കാറുണ്ടോ? ഇല്ലെങ്കിൽ, പാപമോചനം ലഭിക്കാത്ത ആ പാപങ്ങൾക്കുള്ള ശിക്ഷ നിങ്ങളെ കാത്തിരിക്കുന്നു. സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുക വളരെ ദുഷ്ക്കരം എന്നു കർത്താവ് പറഞ്ഞതിന്റെ കാരണം ഇതൊക്കെത്തന്നെ.

3.) നമ്മുടെ ഈശോ, കരുണയും സ്നേഹവുമായതുകൊണ്ട്, എങ്ങനെ ജീവിച്ചാലും ഈശോയുടെ കരുണ നമ്മെ സ്വർഗ്ഗത്തിലെത്തിക്കും എന്നു
വിചാരിക്കുന്നവരുണ്ട്. പശ്ചാത്തപിക്കാതെ പാപത്തിൽ മരിക്കുന്നവരും സ്വർഗ്ഗത്തിനാവകാശികളാകുമെന്ന് ഈശോ പറഞ്ഞിട്ടില്ല. അംങ്ങനെയെങ്കിൽ നരകം ആവശ്യമില്ലായിരുന്നല്ലോ. പാപത്തിൽ ജീവിക്കുന്നവരോട് ഈശോ വളരെ പരുഷമായ ഭാഷയാണ് ഉപയോഗിക്കുന്നതെന്ന് ബൈബിളിൽ കാണാം.
യേശു അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടും മാനസാന്തരപ്പെടാത്ത കൊറോസീൻ, ബെത്സയ്‌ദാ, കഫർണാം എന്നീ നഗരങ്ങളെ വിധിക്കുന്നത് മത്തായി 11: 20-24 ൽ കാണാം. വിധി ദിനത്തിൽ സോദോമിന്റെ (ജനത്തിന്റെ പാപം മൂലം ദൈവം അഗ്നിയിറക്കി നശിപ്പിച്ച നഗരം) സ്ഥിതി ഇവരേക്കാളും സഹനീയമായിരിക്കും എന്നാണ് യേശു ഇവിടെ പറയുന്നത്. അതായത്, ക്രിസ്തുവിനെ അറിയുകയും ക്രിസ്തുവിന്റെ സുവിശേഷം കേൾക്കുകയും ചെയ്തിട്ടും മാനസാന്തരപ്പെടാത്ത പുതിയനിയമജനതയ്ക്കുള്ള ശിക്ഷ പഴയനിയമജനതയേക്കാളും കഠിനമായിരിക്കുമെന്ന്‌ യേശു മുൻകൂട്ടി പറയുന്നു.

അനീതി പ്രവർത്തിക്കുകയും കപടനാട്യക്കാരുമായ ഫരിസേയർക്കും നിയമജ്ഞർക്കുമെതിരെ കടുത്ത ഭാഷ ഉപയോഗിക്കുന്ന യേശു, അവർക്കു കടുത്ത ശിക്ഷ എന്നും പറയുന്നു.- “സര്‍പ്പങ്ങളേ, അണലി സന്തതികളേ, നരകവിധിയില്‍ നിന്നൊഴിഞ്ഞുമാറാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയും?”(മത്തായി 23 :33)
കുരിശിൽ കിടക്കുമ്പോൾ യേശു ക്ഷമിച്ചത്, പശ്ചാത്തപിച്ച ഒരു കള്ളനോട് മാത്രം.

സിസ്റ്റർ മരിയയ്ക്ക് അന്ത്യവിധിയെകുറിച്ചുള്ള ദർശനം ഈശോ കാണിച്ചുകൊടുത്തിരുന്നു. അതിൽ സിസ്റ്റർ പറയുന്ന ഒരു കാര്യമുണ്ട്. വിധിയുടെ സമയത്ത് ഈശോയ്ക്ക് കരുണയുടെ മുഖമില്ല. ഈശോയുടെ കരുണയുള്ള മുഖം മാത്രം ഭൂമിയിൽ കണ്ടുശീലിച്ച സിസ്റ്റർ മരിയ, ‘മനുഷ്യനെ കണ്ടിട്ടേയില്ല’ എന്ന രീതിയിലുള്ള ഗാംഭീര്യമുള്ള നീതിവിധിയാളന്റെ മുഖം കണ്ട് അമ്പരന്നു പോയി. ആ സമയത്ത് ഈശോ സിസ്റ്ററിനോടു പറയുന്നു; അവസാനശ്വാസം നമ്മിൽ നിലയ്ക്കുന്നതുവരെ ഈശോയുടെ കരുണയ്ക്ക് നാം എല്ലാവരും( ഏതു കൊടുംപാപിയും) അർഹരാണ്. അതുകഴിഞ്ഞാൽ നീതിയുടെ വിധി മാത്രം, അവിടെ കരുണയില്ല, നീതി മാത്രം!!! മനുഷ്യർ പറയുന്ന ഓരോ വ്യർത്ഥവാക്കിനുപോലും ആ സമയത്ത് കണക്കുകൊടുക്കേണ്ടിവരും എന്ന് യേശു പറഞ്ഞതും ഈ സമയം ഓർക്കുക.

“എന്റെ അടുക്കല്‍ വരുന്നവനെ ഞാൻ ഒരിക്കലും തള്ളിക്കളയുകയുമില്ല.”(യോഹന്നാൻ 6:37) അതിനാൽ എത്രയും പെട്ടെന്ന് ഈശോയുടെ കരുണയിൽ അഭയം തേടുക; അടുത്ത നിമിഷം നീ മരിക്കുമോ എന്ന് നിനക്കറിയില്ല. മറ്റുള്ളവരെയും ആ കരുണയിലേയ്ക്ക് ആകർഷിച്ചു കൊണ്ടുവരിക, പ്രത്യേകിച്ച് പാപികളെ. വിലയേറിയ ഒരു സ്വർണ്ണമാല ദുർഗന്ധം വമിക്കുന്ന അഴുക്കിൽ വീണുപോയാൽ, ആ സ്വർണ്ണമാല തിരിച്ചെടുക്കാൻ ശ്രമിക്കാത്ത ആരുണ്ട്? ആ അഴുക്കിനെ നിങ്ങൾ വെറുക്കുന്നുവെങ്കിലും അതിൽ വീണുകിടക്കുന്ന വസ്തുവിനെ നിങ്ങൾ സ്നേഹിക്കുന്നു. പാപമാകുന്ന അഴുക്കിൽ വീണുകിടക്കുന്ന ഒരു പാപിയെ ഈശോ സ്വർണ്ണത്തേക്കാളും എത്രയോ അധികമായി വിലമതിക്കുന്നു!!! ഈശോയുടെ ഇഷ്ടമാകട്ടെ നമ്മുടെ ഇഷ്ടവും. അതിനാൽ പാപത്തെ വെറുക്കുക; പാപിയെ സ്‌നേഹിക്കുക. പാപിയെ വെറുക്കുന്നത് ഈശോയുടെ വഴിയല്ല.

പാപികൾ ഈശോയെ അന്വേഷിക്കുന്നില്ലേ? പശ്ചാത്തപിക്കുന്നില്ലേ? കരുണയിൽ ആശ്രയിക്കുന്നില്ലേ? അതിനൊരു പരിഹാരമായി ഈശോ, വി. ഫൗസ്റ്റീന വഴി ലോകത്തിന് കരുണയുടെ ജപമാല സമ്മാനിച്ചു. കോടിക്കണക്കിന് കരുണകൊന്ത ദിവസവും ആത്മാർത്ഥമായി ഉയർന്നാൽ ഒരു പാപി പോലും നശിച്ചുപോകില്ല. മരണത്തിനുമുമ്പ് ദൈവത്തെ വിളിക്കുവാനുള്ള കൃപ അവർക്കു ലഭിച്ചിരിക്കും. പല നിരീശ്വരവാദികളും മരണത്തിനു തൊട്ടുമുൻപ്, ദൈവത്തോടു മാപ്പുചോദിച്ചു മരിക്കുന്നതിന്റെ കാരണം ആരുടെയൊക്കെയോ പ്രാർത്ഥനകളുടെ ബലമാണെന്ന കാര്യം വിസ്മരിക്കരുത്.

ഭൂമിയിൽ ജീവിച്ചു മരിക്കുന്ന ഒരാൾ പോലും നരകത്തിൽ പോകരുത്. ശുദ്ധീകരണസ്ഥലത്തുള്ള ഓരോരുത്തരുടെയും സമയം വളരെ കുറയുകയും വേണം; പറ്റുമെങ്കിൽ ശുദ്ധീകരണസ്ഥലത്തുകിടക്കാതെതന്നെ സ്വർഗ്ഗത്തിലെത്തണം.. അതാവട്ടെ നമ്മുടെ ജീവിത ലക്‌ഷ്യം.

“വിശുദ്ധികൂടാതെ ആര്‍ക്കും കര്‍ത്താവിനെ ദര്‍ശിക്കാൻ സാധിക്കുകയില്ല.” (ഹെബ്രായർ 12 :14) അതിനാൽ, കർത്താവിനെ കാണുവാൻ നമുക്ക് വിശുദ്ധിയിൽ ജീവിക്കാം; അങ്ങനെ ജീവിക്കുവാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യാം. കരുണയുടെ ജപമാല, നമുക്കുവേണ്ടിയും ലോകം മുഴുവനുംവേണ്ടി ആവോളം ചൊല്ലി എല്ലാ ആത്മാക്കളെയും നമുക്ക് യേശുവിനുവേണ്ടി നേടാം.

നമ്മുടെ ഓരോ പ്രാർത്ഥനയും സഹനങ്ങളും ഈശോയെപ്രതി ഏറ്റെടുത്ത്, ശുദ്ധീകരണാത്മാക്കളുടെ മോചനത്തിനായും പാപികളുടെ മാനസാന്തരത്തിനായും സമർപ്പിക്കുമ്പോൾ, നമ്മുടെ ശുദ്ധീകരണവും അതോടൊപ്പം നടക്കുകയും ശുദ്ധീകരണസ്ഥലത്തെ നമ്മുടെ കാലയളവ് കുറഞ്ഞുകിട്ടുകയും ചെയ്യുമെന്നുള്ളതും ഓർക്കുക. ഒരാത്മാവ് നാം മൂലം രക്ഷപ്പെട്ടാൽ, അതിനു ദൈവം കൽപ്പിക്കുന്ന വില വളരെ വലുതാണ്.

മോനിക്ക എന്ന അമ്മയുടെ പ്രാർത്ഥന, അഗസ്റ്റിനോസ് എന്ന ദൈവനിഷേധിയായ മഹാപാപിയെ വിശുദ്ധ അഗസ്റ്റിനോസ് ആക്കി മാറ്റി. 26 വർഷം സാത്താൻ പുരോഹിതനും മഹാമാന്ത്രികനുമായ സഖാരി കിംഗ് (Zachary King) ആരുടെയൊക്കെയോ പ്രാർത്ഥനയുടെ ഫലമായി പരിശുദ്ധ അമ്മയുടെ നേരിട്ടുള്ള ഇടപെടൽമൂലം ഇപ്പോൾ അറിയപ്പെടുന്ന സുവിശേഷ പ്രഘോഷകനായി മാറിയിരിക്കുന്നു !!!

ഈശോയുടെ കരുണയിൽ അഭയം തേടാൻ വരുമ്പോൾ, പാപിനിയായ സ്ത്രീയുടെ മനസ്സ് നമുക്കുണ്ടാകട്ടെ…ചുങ്കക്കാരനായ സക്കേവൂസിന്റെ മനസ്സ് നമുക്കുണ്ടാകട്ടെ. പാപികൾക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ, പാപിയായ അഗസ്റ്റിനോസിൽ നിന്നും ‘വിശുദ്ധ’ അഗസ്റ്റിനോസ് ഉണ്ടാകുന്നതിനൊപ്പം ‘വിശുദ്ധ’ മോനിക്കയും ഉണ്ടാകുന്നു എന്ന കാര്യവും സന്തോഷത്തോടെ ഓർക്കുക.

ഈശോയെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർ പാപത്തെ വെറുക്കട്ടെ; യേശുവിനെപ്പോലെ പാപിയെ സ്നേഹിക്കട്ടെ; വിശുദ്ധരാകുവാൻ ശ്രമിക്കട്ടെ.. ദൈവത്തിന്റെയും പരിശുദ്ധ അമ്മയുടെയും വിശുദ്ധരുടെയും മാലാഖാമാരുടെയും അടുത്ത് അത്തരക്കാർ പെട്ടെന്നെത്തും..

ഈശോയുടെ കരുണയാൽ ആരൊക്കെ സ്വർഗ്ഗത്തിൽ പോകും…? മനസ്സുവെച്ചാൽ സകലരും!!!

“കര്‍ത്താവ് അരുളിച്ചെയ്യുന്നു: വരുവിന്‍, നമുക്കു രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങൾ കടുംചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്‍മയുള്ളതായിത്തീരും. അവ രക്തവര്‍ണമെങ്കിലും കമ്പിളിപോലെ വെളുക്കും.”(ഏശയ്യ 1 :18)

~ റെനിറ്റ് അലക്സ് ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles